Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നത്? വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്': എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കണക്ക് നിരത്തി ഗണേശിന് മറുപടിയുമായി മുഖ്യമന്ത്രി

'പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നത്? വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്': എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കണക്ക് നിരത്തി ഗണേശിന് മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിൽ വികസനമെത്തുന്നില്ലെന്ന ഗണേശ് കുമാർ എംഎൽഎയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്താനാപുരം മണ്ഡലത്തിന് സർക്കാർ പണം നൽകിയിട്ടുണ്ട്. അതിന്റെ കണക്കുമുണ്ട്. വാർത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങൾ പറയേണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. യോഗത്തിൽ ഗണേശ് കുമാർ പങ്കെടുത്തില്ല.

മുന്നണിക്കകത്ത് പ്രശ്നങ്ങളുണ്ടാകും. അത് ഉന്നയിക്കേണ്ട രീതിയുണ്ട്. അത് പാലിക്കണം. സർക്കാർ പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താനപുരം മണ്ഡലത്തിൽ സർക്കാർ അനുവദിച്ച പദ്ധതികളുടെ പട്ടികയും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എൽഡിഎഫ് നിയമസഭകക്ഷി യോഗത്തിൽ മന്ത്രിമാർക്കും സർക്കാരിനും എതിരെ ഗണേശ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനം. എംഎൽഎമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാർ തുറന്നു പറഞ്ഞിരുന്നു.

ഭരണപക്ഷ എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നായിരുന്നു ഗണേശ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേശ് വേദി വിടുകയും ചെയ്തു.

''കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദ്ദേശം. കിഫ്ബിയുടെ പേരിൽ ഫ്‌ളെക്‌സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്'' എന്നായിരുന്നു രോഷത്തോടെ ഗണേശ് പറഞ്ഞത്.

കഴിഞ്ഞ യോഗത്തിൽ മന്ത്രിമാർക്കെതിരെ ഗണേശ്‌കുമാർ ഉന്നയിച്ച വിമർശനങ്ങൾക്കാണ് മുഖ്യമന്ത്രി അക്കമിട്ട് മറുപടി നൽകിയത്. എന്നാൽ യോഗത്തിൽ ഗണേശ് കുമാർ പങ്കെടുത്തിരുന്നില്ല. ഗണേശ് കുമാറിന്റെ പരസ്യപ്രതികരണത്തിൽ അസംതൃപ്തനാണെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞയാഴ്ച ചേർന്ന പാർലമെന്റ് പാർട്ടിയോഗത്തിലായിരുന്നു ഗണേശ് കുമാർ മന്ത്രിമാർക്കെതിരെ തിരിഞ്ഞത്.

മന്ത്രിമാരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നായിരുന്നു ഗണേശ് കുമാർ പറഞ്ഞത്. പിന്നീട് വാർത്താസമ്മേളനം നടത്തി അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ഈ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ബജറ്റ് സമ്മേളനത്തിൽ സംസാരിക്കവെ ഇന്ധനസെസ് കുറക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം വരുന്നത് എന്നതും ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP