Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ; സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും കുറിപ്പും പങ്കുവച്ച് ക്ലബ് അധികൃതർ; സഞ്ജു ഒരു ദേശീയ പ്രതീകമെന്ന് നിഖിൽ ഭരദ്വാജ്

സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ; സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും കുറിപ്പും പങ്കുവച്ച് ക്ലബ് അധികൃതർ; സഞ്ജു ഒരു ദേശീയ പ്രതീകമെന്ന് നിഖിൽ ഭരദ്വാജ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടികളിലൂടെ ബ്ലാസ്റ്റേഴ്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 'ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു' എന്ന കുറിപ്പോടെ സഞ്ജു മഞ്ഞ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 'മഞ്ഞപ്പട, നമ്മുടെ ബ്രാൻഡ് അംബാസിഡറായെത്തുന്ന സഞ്ജു സാംസന് ഹാർദമായി സ്വാഗതമോതാം' ഇംഗ്ലീഷിലുള്ള കുറിപ്പിൽ പറയുന്നു.

സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുകയാണ്. ക്ലബ്ബിന്റെ ഗ്രാസ്‌റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിന്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡർ റോളിൽ സഞ്ജുവിനൊപ്പം പ്രവർത്തിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ ഫുട്‌ബോൾ ഇക്കോസിസ്റ്റത്തിന്റെ വളർച്ചയോടുള്ള ഞങ്ങളുടെ അഭിനിവേശവും പ്രതിബദ്ധതയും അചഞ്ചലമാണ്. അതോടൊപ്പം കേരളത്തിന്റെ ക്ലബ് എന്ന നിലയിൽ, ഈ ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും വളർത്തുന്നതിന് ഞങ്ങളുടെ 110% നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ എപ്പോഴും ഒരു ഫുട്‌ബോൾ ആരാധകനാണെന്നും, അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനായതിനാൽ ഫുട്‌ബോൾ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാൻഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസൺ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ പദവി ഒരു ആദരമാണ്. ഫുട്‌ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ക്ലബ്ബ് അതിന്റെ തുടക്കം മുതൽ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയിൽ, അവർ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. കലൂർ സ്റ്റേഡിയത്തിൽ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല. സ്പോർട്സിന് എല്ലായ്‌പ്പോഴും അതിന്റെ പ്രേക്ഷകരിൽ വലിയ സ്വാധീനമുണ്ട്, ഒപ്പം ഒരുമിച്ച് സ്പോർട്സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ അംബാസഡർ എന്ന നിലയിലുള്ള എന്റെ കർത്തവ്യം നിർവഹിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു- സഞ്ജു കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററാണ്. നിലവിൽ പരിക്ക് മൂലം ടീമിന് പുറത്താണ്. ഐ.പി.എല്ലിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനും നിരവധി ആരാധകരുണ്ട്. ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് കാൽമുട്ടിന് പരിക്കേറ്റത്. ഇതോടെ ചികിത്സയിലായിരുന്ന താരം ഇപ്പോൾ ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിച്ചിട്ടുണ്ട്. ഇതോടെ മാർച്ചിൽ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരമ്പരയിലെ ബാക്കിയുള്ള രണ്ടു ട്വന്റി 20 മത്സരങ്ങളിലും ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

എൻ.സി.എയിൽ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായത്. ഇന്ത്യയിലെത്തുന്ന ഓസീസ് നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾ ഫെബ്രുവരി 9 നാണ് ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങൾ മാർച്ച് 17 നും.

തുടർച്ചയായ രണ്ടാം വർഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ചൊവ്വാഴ്ച നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്സിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 26ന് സീസണിലെ അവസാന മത്സരത്തിൽ ക്ലബ് ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോൾ ബ്രാൻഡ് അംബാസഡറെന്ന നിലയിൽ ആദ്യമായി സഞ്ജു സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐ.എസ്.എല്ലിൽ 43 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളാ ബ്ലാസ്റ്റേഴ്സുണ്ട്. 16 മത്സരങ്ങളിൽനിന്ന് ഒൻപത് ജയവും ഒരു സമനിലയും ആറ് തോൽവിയുമായി 28 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. 15 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി എ.ടി.കെ മോഹൻ ബഗാനും 16 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ഗോവയും തൊട്ടുപിന്നിലുണ്ട്. മാർച്ച് 18നാണ് ഐ.എസ്.എൽ ഫൈനൽ. മത്സരവേദി പുറത്തുവിട്ടിട്ടില്ല.

മാർച്ച് ഏഴിന് ആദ്യ പാദ സെമി ഫൈനൽ നടക്കും. 12നാണ് രണ്ടാം പാദ സെമി. മാർച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങൾക്കു തുടക്കമാകും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീം നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള രണ്ടു ടീമുകളാകും സെമിയിലെ മറ്റ് ടീമുകൾ.

കേരള ബ്ലാസ്റ്റേഴ്സ്(28 പോയിന്റ്), എ.ടി.കെ മോഹൻ ബഗാൻ (27), എഫ്.സി ഗോവ(26), ഒഡിഷ എഫ്.സി (23), ബംഗളൂരു എഫ്.സി (22), ചെന്നൈയിൻ എഫ്.സി (18) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP