Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പാക്കിസ്ഥാനിൽ വന്നിട്ട് തോറ്റുപോയാൽ ഇന്ത്യൻ ജനത സഹിക്കില്ലായിരിക്കും; പാക്കിസ്ഥാനിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകൂ'; ഏഷ്യാകപ്പ് വേദിയിൽ ബിസിസിഐ നിലപാടിൽ പൊട്ടിത്തെറിച്ച് മിയാൻദാദ്

'പാക്കിസ്ഥാനിൽ വന്നിട്ട് തോറ്റുപോയാൽ ഇന്ത്യൻ ജനത സഹിക്കില്ലായിരിക്കും; പാക്കിസ്ഥാനിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകൂ'; ഏഷ്യാകപ്പ് വേദിയിൽ ബിസിസിഐ നിലപാടിൽ പൊട്ടിത്തെറിച്ച് മിയാൻദാദ്

സ്പോർട്സ് ഡെസ്ക്

ഇസ്‌ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാക്കിസ്ഥാനിലാണ് നടത്തുന്നതെങ്കിൽ കളിക്കാനില്ലെന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിലപാടിനെതിരെ നിശിത വിമർശനവുമായി പാക്കിസ്ഥാൻ മുൻ നായകൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനിലേക്കു വരാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെയെന്ന് മിയാൻദാദ് വിമർശിച്ചു. ഇന്ത്യ ഏഷ്യാകപ്പിന് വരുന്നുണ്ടോ എന്നത് പാക്കിസ്ഥാനെ ബാധിക്കുന്ന കാര്യമല്ല. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചുമതലയാണെന്നും മിയാൻദാദ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ എസിസി പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ പാക്കിസ്ഥാനിലാണെങ്കിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇ അടക്കമുള്ള പൊതു വേദിയിൽ നടത്തുക അല്ലെങ്കിൽ ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ മാറ്റുക തുടങ്ങിയ വിഷയങ്ങളും പരിഗണനയ്ക്കു വന്നു.

ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് തങ്ങൾ ബഹിഷ്‌കരിക്കും എന്നായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. വിവാദം കത്തി നിൽക്കെ വിഷയത്തിൽ മാർച്ചിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് എസിസി തീരുമാനം. ഇതിനിടെയാണ് മിയാൻദാദ് രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. ഇന്ത്യയുടെ പിന്തുണയൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്നാണ് മിയാൻദാദ് പറയുന്നത്. പാക്കിസ്ഥാനിലേക്കില്ലെന്ന നിലപാട് സ്വീകരിച്ച ഇന്ത്യക്കെതിരെ ഐസിസി നടപടി എടുക്കാത്തതിനെയും മിയാൻദാദ് ചോദ്യം ചെയ്തു.

'ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ്. പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെ. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ ഐസിസിക്ക് നിയന്ത്രണമില്ലെങ്കിൽ പിന്നെന്തിനാണ് അങ്ങനെയൊരു സംഘടന?' മിയാൻദാദ് ചോദിച്ചു.

''നിയമം എല്ലാ ടീമിനും ഒരുപോലെ ബാധകമാണ്. എത്ര ശക്തരാണെങ്കിലും നിയമം അനുസരിച്ചേ തീരൂ. ഇന്ത്യയല്ല ലോകത്ത് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. സ്വന്തം രാജ്യത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ സംഭവമായിരിക്കാം. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ഈ ലോകത്തുള്ള മറ്റു ടീമുകൾക്കും അങ്ങനെയല്ല. ധൈര്യമായി പാക്കിസ്ഥാനിലേക്കു വരൂ. ഇവിടെ ക്രിക്കറ്റ് കളിക്കൂ. എന്തിനാണ് മടിക്കുന്നത്? പാക്കിസ്ഥാനിൽ വന്നിട്ട് തോറ്റുപോയാൽ ഇന്ത്യൻ ജനത സഹിക്കില്ല എന്നതായിരിക്കാം കാരണം' മിയാൻദാദ് ചൂണ്ടിക്കാട്ടി.

''ഇക്കാര്യത്തിൽ ഐസിസി ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണമില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സംഘടന? ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനമാക്കിയേ തീരൂ. ഇത്തരം പ്രശ്‌നങ്ങൾ ഐസിസി എത്രയും വേഗം പരിഹരിക്കണം' മിയാൻദാദ് പറഞ്ഞു.

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐയുടെ നിലപാട്. എസിസി യോഗത്തിൽ ജയ് ഷായും ഇതേ നിലപാട് ആവർത്തിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂർണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

യുഎഇയിൽ ഏഷ്യാ കപ്പ് നടത്താനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജയ് ഷായുടെ മറുപടി. മാർച്ചിൽ നടക്കുന്ന എക്‌സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരിക്കും ഏഷ്യാകപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP