Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോളി അങ്ങനെ എളുപ്പത്തിൽ ഊരിപ്പോരില്ല; കേന്ദ്ര ഫോറൻസിക് ലാബ് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല; സയനൈഡിന്റെ സാന്നിധ്യം അപ്രത്യക്ഷമായത് കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നത്; സംസ്ഥാനത്ത് പരിശോധിച്ചപ്പോഴും സമാനഫലം ആയിരുന്നെന്നും റിട്ട.എസ്‌പി കെ ജി സൈമൺ

ജോളി അങ്ങനെ എളുപ്പത്തിൽ ഊരിപ്പോരില്ല; കേന്ദ്ര ഫോറൻസിക് ലാബ് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല; സയനൈഡിന്റെ സാന്നിധ്യം അപ്രത്യക്ഷമായത് കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നത്; സംസ്ഥാനത്ത് പരിശോധിച്ചപ്പോഴും സമാനഫലം ആയിരുന്നെന്നും റിട്ട.എസ്‌പി കെ ജി സൈമൺ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക കേസിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കേന്ദ്ര ഫോറൻസിക് ലാബ് റിപ്പോർട്ട് മുഖ്യപ്രതി ജോളിക്ക് തുണയാകുമെന്ന ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ, കേസിനെ കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധനാഫലം ബാധിക്കില്ലെന്ന് റിട്ട. എസ്‌പി കെ.ജി സൈമൺ പറഞ്ഞു. സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാല് മൃതദേഹങ്ങളിൽനിന്ന് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കംകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്.

ഇത് മനസിലാക്കി ഈ നാലുപേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്ടർമാരുടെ ഒരു പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമൺ പറഞ്ഞു.

കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. അതേസമയം റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് മറ്റു പ്രതികളായ എം.എസ്.മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലം പ്രതി മനോജിനെതിരായ കുറ്റം

കേസ് ഇങ്ങനെയാണ്: സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു.

ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മൂന്നു വർഷത്തിനു ശേഷം ഇവരുടെ മകൻ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ മരിച്ചു. 2016ൽ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു. ഇതിൽ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്‌പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു.

റൂറൽ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവിൽ കല്ലറകൾ തുറന്നു മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ്.മാത്യു. സയനൈഡ് നൽകിയ സ്വർണ്ണപ്പണിക്കാരൻ പ്രിജുകുമാർ എന്നിവരും അറസ്റ്റിലായി. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തിൽനിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണു കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP