Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ രാജ്യത്തോട് മാപ്പു പറയേണ്ടി വരും; രാജ്യതാൽപ്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്; ബിജെപിയിൽ ചേരില്ല, ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനുമാവില്ല; നിലപാടുകൾ തുറന്നു പറഞ്ഞ് അനിൽ ആന്റണി

എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ രാജ്യത്തോട് മാപ്പു പറയേണ്ടി വരും; രാജ്യതാൽപ്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്; ബിജെപിയിൽ ചേരില്ല, ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനുമാവില്ല; നിലപാടുകൾ തുറന്നു പറഞ്ഞ് അനിൽ ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയം ചർച്ചയായപ്പോൾ കോൺഗ്രസിനുള്ളിലാണ് വിവാദം ഉണ്ടായത്. കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തു നിന്നും ഈ വിവാദത്തിന്റെ പേരിൽ അദ്ദേഹത്തിന് പടിയിറങ്ങേണ്ടിയും വന്നും. അതേസമയം ഈ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് അനിൽ ആന്റണി.

ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആന്റണി പറഞ്ഞു. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന് ഇന്ത്യയെന്ന രാജ്യത്തിന്റെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമാണിവർ. ഇന്ത്യൻ ജനതയോട് ഇന്നലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനിൽ തന്റെ നിലപാട് ആവർത്തിച്ചത്. അതേസമയം താൻ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന പ്രചരണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

ബിബിസി വിഷയത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണെന്നു വ്യക്തമാക്കി. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു.

അതേസമയം നിലവിലെ ശശി തരൂരിന്റെ നിലപാടുകളെ പിന്തുണക്കാനും അനിൽ മറന്നില്ല. 2026 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ശശി തരൂരിന് അർഹതയും യോഗ്യനുമാണെന്നും പക്ഷേ തരൂരിനോട് പാർട്ടി കാട്ടുന്ന നിലപാടിൽ താൻ നിരാശനാണെന്നും അനിൽ പറഞ്ഞു. നേരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ച വേളയിൽ ശശി തരൂരിന് താൻ പിന്തുണ പ്രഖ്യാപിച്ചതിൽ ചിലർക്കെല്ലാം അതൃപ്തിയുണ്ടായിട്ടുണ്ട്. തരൂരിനൊപ്പം 2019 മുതലാണ് പ്രവർത്തിച്ച് തുടങ്ങിയത്.

അതിനും പത്ത് വർഷം മുമ്പ് മുതൽ തന്നെ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. ഞാനേറ്റവും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. നരേന്ദ്ര മോദിക്ക് ബദലായി കോൺഗ്രസിനെ സജീകരിക്കാൻ തരൂരിന് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് കോൺഗ്രസിനെ നവീകരിക്കാൻ കഴിയുമായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം വിജയിച്ചില്ല. എന്നിരുന്നാലും അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അദ്ദേഹം എല്ലാ പദവിക്കും അർഹനാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അനിൽ ഏഷ്യാനെറ്റ് അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തുവന്നിരുന്നു. തെറ്റ് ആർക്കും പറ്റാവാമെന്നും തനിക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമർശിച്ചുള്ള ബി.ബി.സിയുടെ 'ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിക്കും ബി.ബി.സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമർശങ്ങൾ എന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. ബി.ബി.സിയേക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്റണിയുടെ ട്വീറ്റ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനിൽ ആന്റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സ്ഥാനം രാജിവെച്ചു. ദിവസങ്ങൾക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനിൽ രംഗത്തെത്തിയിരുന്നു. വിവാദത്തിൽ അനിൽ ആന്റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ യൂത്ത് കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP