Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കഥപറയുന്ന കഥകൾ

കഥപറയുന്ന കഥകൾ

ഷാജി ജേക്കബ്‌

'There's no greater agony than bearing an untold story inside you'

- Maya Angelou

ജീവിതത്തെ ഒരു കിളിമുട്ടയായി സങ്കല്പിക്കൂ. അതുടച്ച് രണ്ടു തരത്തിൽ കഥയെഴുതുന്ന രീതിയുണ്ട് മലയാളത്തിൽ. ഒന്ന്, ഒറ്റയടിക്കു തുറന്ന്, വൈകാരികമായി ചിതറിപ്പോകാതെ ഒരുതരം ആന്തരസംഘർഷബലം സദാ നിലനിർത്തി, എത്രയും വേഗം കഥ പറഞ്ഞ് തീർക്കാൻ ശ്രമിക്കുന്നവ. തൊട്ടാൽ പൊട്ടും എന്നു തോന്നിക്കുന്ന 'ബുൾസ് ഐ' പോലെയാണ് അവയുടെ ടെൻഷൻ നിലനിർത്തപ്പെടുന്നത്. കാല്പനിക കഥയുടെ കലാവിദ്യ പൊതുവിൽ ഇതാണ്. 1940കൾ തൊട്ട് ഇന്നുവരെ ഇതിനു വലിയ മാറ്റമൊന്നുമില്ല.

          രണ്ട്, ധൃതിയൊന്നുമില്ലാതെ, ചട്ടവട്ടങ്ങളെല്ലാം പറഞ്ഞ്, കൂട്ടുകൾ പലതും ചേർത്ത്, സംഗതികൾ വിശദീകരിച്ച്, ഉടനെയൊന്നും തീരില്ല എന്ന പ്രതീതി ജനിപ്പിച്ച് സ്വച്ഛവും ശാന്തവുമായി പറഞ്ഞുപോകുന്ന കഥകൾ. ഉടച്ച് പതപ്പിച്ച് പരത്തിയൊഴിച്ച് പൊരിച്ചെടുക്കുന്ന നിരവധി ചേരുവകളുള്ള ഓംലറ്റ് പോലെയാണ് അവയുടെ സ്വരൂപം. വൈകാരികതക്കൊപ്പം വൈചാരികതയിലും ഊന്നുന്ന, ആധുനികതാവാദകഥയുടെ ലാവണ്യകല പൊതുവിൽ ഇതാണ്. എൻ.എസ്. മാധവനു ശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥാകൃത്തായ ഇ. സന്തോഷ്‌കുമാർ ഈ വിഭാഗത്തിൽ പെടുന്നു. ജീവിതമരണങ്ങളെ മുഖാമുഖം നിർത്തിയെഴുതപ്പെടുന്ന മനുഷ്യാസ്തിത്വത്തിന്റെ കാവ്യപാഠങ്ങളാണ് സന്തോഷ്‌കുമാറിന്റെ കഥകൾ.

          കഥയെ വായനാക്ഷമവും ജീവിതബദ്ധവുമായ ഒരു സുന്ദര കലാവസ്തുവായി കാണുന്ന ഭാവുകത്വത്തിന്റെ ഇരട്ടധാരയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതുരണ്ടുമല്ലാതെ ചീമുട്ട കൊണ്ടുണ്ടാക്കുന്ന മുട്ടക്കറിപോലെ കഥകൊണ്ട് നടത്തുന്ന വാചകസർക്കസുകളുടെയും യാന്ത്രികവ്യായാമങ്ങളുടെയും മൂന്നാം മുറയും നിലവിലുണ്ട് എന്നതു മറക്കുന്നില്ല. അത് സ്വയം ഒരു കഥാധാരയായി ഏതു തലമുറയിലും മലയാളത്തിൽ സജീവമാണ് എന്നതും.

         

ചെറുകഥയുടെ ഘടനയ്ക്കുള്ളിൽ അതിനാടകീയമായി സന്നിവേശിപ്പിക്കപ്പെടുന്ന കഥപറച്ചിലിന്റെ (Story telling) കലയിലാണ് സന്തോഷ്‌കുമാറിന്റെ രചനകൾ അവയുടെ ആഖ്യാനപരമായ മൗലികത തെളിയിക്കുന്നത്. സംശയരഹിതമായിത്തന്നെ പറയാം, കഥയുടെ കലയും പ്രത്യയശാസ്ത്രവും കൈവരിച്ചിട്ടുള്ള ലാവണ്യരാഷ്ട്രീയത്തിന്റെ ഘടനാപരവും ആഖ്യാനപരവും രൂപപരവുമായ തലങ്ങളിൽ മലയാളം ഇനിയും സന്തോഷ്‌കുമാറിനെ മറികടന്നിട്ടില്ല. ഭാവപരവും ഭാഷണപരവും രാഷ്ട്രീയവുമായ തലങ്ങളിലും അതങ്ങനെതന്നെ. ഹരീഷ് മുതൽ വിനോയി വരെയുള്ളവരുടെ മികച്ച കഥകൾ പ്രകടിപ്പിക്കുന്ന ഭാവപദ്ധതിയുടെ സമാന്തരമാർഗങ്ങൾ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ബൗദ്ധികവ്യായാമങ്ങളോ വാചകക്കസർത്തുകളോ യാന്ത്രികസങ്കേതങ്ങളോ കൃത്രിമ ഭാവങ്ങളോ ഊഷരഭാവങ്ങളോ സൂത്രപ്പണികളോ ഇല്ലാത്ത കഥകൾ. ജീവിതത്തെ തൃഷ്ണാഭരിതവും അനുഭൂതിസമ്പന്നവുമായി പുനരാവിഷ്‌ക്കരിക്കുന്ന രചനകൾ. റെയ്മണ്ട് കാൽവറുടെയും ആനന്ദിന്റെയും കഥാഖ്യാനരീതികളുടെ അതിസൂക്ഷ്മമായ സ്വാംശീകരണം തന്റെ സാംസ്‌കാരിക മൂലധനമാക്കുമ്പോഴും മൗലികത തരിമ്പും നഷ്ടപ്പെടുത്താത്ത ഒരു രചനാലോകത്തിന്റെ സർഗാത്മക മാതൃകകളാണ് സന്തോഷ്‌കുമാറിന്റെ ഓരോ കഥയും.

          നിരവധിയായ അസ്തിത്വസന്ദർഭങ്ങളെ മൂർത്തമായി ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും പിതാപുത്രബന്ധത്തിൽ തീക്കാറ്റുപോലെ വീശിയടിക്കുന്ന, മരണത്തെക്കാൾ ദുരന്തപൂർണമായ ജീവിതത്തിന്റെ ഉഷ്ണമേഖലകളെക്കുറിച്ചെഴുതുമ്പോഴാണ് സന്തോഷിന്റെ കഥകൾ അവയുടെ കലാപദവിയുടെ ഉയരങ്ങളിലെത്തുന്നത്. ഭാവസാന്ദ്രതയും ജീവിതബദ്ധതയും സമാസമം ചേർന്നിണങ്ങുന്ന, അനുഭൂതികളുടെ ചരിത്രപാഠങ്ങളാണ് അവ. മറ്റൊരുതരത്തിൽ പറഞ്ഞാൽ, മനുഷ്യബന്ധങ്ങളിലെ അതിസൂക്ഷ്മവും പ്രാണബന്ധുരവുമായ ആന്തരസംഘർഷങ്ങളിൽ നിന്ന് സ്ഫടികതുല്യം വേർതിരിച്ചെടുക്കുന്ന ഭാവസത്തയുടെ ഭാഷാരൂപമാണ് സന്തോഷ്‌കുമാറിന്റെ കഥകൾ. പറ്റമനുഷ്യന്റെ അന്തർവൈയക്തികമായ അസ്തിത്വസന്ധികൾ പോലെതന്നെ ഭാവസംപൃക്തമാണ് അവയിലെ ഒറ്റമനുഷ്യന്റെ ആത്മപ്രതിസന്ധികളും. ഒരേസമയം മുഴുവൻ ലോകത്തോടും തന്നോടുതന്നെയും ബൗദ്ധികവും വൈകാരികവുമായി കലഹിക്കുന്ന മനുഷ്യരുടെ കഥകളാണ് സന്തോഷിന്റെ കലാലോകത്തുള്ളത്.

          'മരണക്കുറി' മുതൽ 'ജ്ഞാനോദയം' വരെയുള്ള ഏഴുകഥകളുടെ സമാഹാരമായ 'പാവകളുടെ വീട്' മേല്പറഞ്ഞ നിരീക്ഷണങ്ങൾ നന്നായിണങ്ങുന്ന പാഠപുസ്തകമാണ്. 'പാവകളുടെ വീട്' ഉൾപ്പെടെ, ഈ സമാഹാരത്തിലെ നാലു കഥകൾ കേരളത്തിലല്ല ഭാവന ചെയ്യപ്പെടുന്നത്. രണ്ടെണ്ണം (പാവകളുടെ വീട്, വ്യാഘ്രവധു) ബംഗാളിലും കൽക്കത്തയിലും രൂപംകൊള്ളുമ്പോൾ രണ്ടെണ്ണം (ഊഴം, വിശുദ്ധന്റെ ചോര) ബോംബെ നഗരത്തിന്റെ പ്രാന്തങ്ങളിൽ സങ്കല്പിക്കപ്പെടുന്നു. നാലും 'പറച്ചിലിന്റെ കല'യിൽ ചിറകുമുളയ്ക്കുന്ന കഥകൾ. 'പൂതപ്പാറ'യെന്ന കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ടവയാണ് രണ്ടെണ്ണം. 'മരണക്കുറി'യും 'ജ്ഞാനോദയ'വും. ചരിത്രവും കാലവും മനുഷ്യരുടെ അനുഭവലോകവും ഒന്നായിഴുകി, മരുഭൂമിയിലെ നെടുമ്പാതപോലെ ചുട്ടുപഴുത്തു നീളുന്ന രചനകൾ. മൃതിയുടെയും തമസ്സിന്റെയും ഇരട്ട നുകം വച്ച ജീവിതസഞ്ചാരങ്ങൾ. ഭൗതികവാദരാഷ്ട്രീയത്തിന്റെയും ആത്മീയമതത്തിന്റെയും ആന്തരവൈരുധ്യങ്ങളുടെ അമ്ലപരീക്ഷണങ്ങൾ. ഇരട്ടകളായ പെൺകുട്ടികളുടെ അകംപുറം നിറയുന്ന ഭാവവിപരീതങ്ങൾക്കും ജീവിതവൈരുധ്യങ്ങൾക്കും ലഭിക്കുന്ന അസാധാരണമായ ഭാവാവിഷ്‌ക്കാരമാണ് 'മഞ്ഞച്ചേരയുടെ പകൽ'.

          കഥകൾ ഒന്നൊന്നായി വിശദീകരിക്കാം. ഈ സമാഹാരത്തിലെയെന്നല്ല സമീപകാല മലയാളഭാവനയിലെതന്നെ ഏറ്റവും മികച്ച കഥകളിലൊന്നാണ് 'പാവകളുടെ വീട്'. 1879ൽ വില്യം ഹെന്റിക് ഇബ്‌സൻ എഴുതിയ വിഖ്യാതനാടകം, A Doll's House (Doll house എന്നും പറയും)മായി യാതൊരു പ്രത്യക്ഷ സമാനതയും ഈ കഥയ്ക്കില്ല. എന്നു മാത്രമല്ല മനുഷ്യർ പാവകളായി മാറുന്ന അവസ്ഥയായിരുന്നു ഇബ്‌സന്റെ പ്രമേയമെങ്കിൽ പാവകൾ മനുഷ്യരായി മാറുന്ന അവസ്ഥയാണ് സന്തോഷിന്റെ പ്രമേയം എന്നുപോലും പറയാം. പക്ഷെ പരോക്ഷമായി ഇരുരചനകളും പങ്കുവയ്ക്കുന്നത് മനുഷ്യരെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചുമുള്ള ഉത്കണ്ഠകൾ തന്നെയാണ്. വിശേഷിച്ചും കുടുംബ, ദാമ്പത്യ വ്യവസ്ഥകൾ വ്യക്തികളെ അജൈവരൂപങ്ങളാക്കി മാറ്റുന്നതിന്റെ രൂക്ഷവ്യഥകൾ. അതേസമയംതന്നെ രാഷ്ട്രങ്ങളും പൗരരും തമ്മിലുള്ള ബന്ധത്തിലും രാഷ്ട്രങ്ങളുടെ അഴിഞ്ഞുപോക്ക് സ്വപ്നം കാണുന്ന ആഗോളവൽകൃത തലമുറകളുടെ അസ്തിത്വത്തിലും സംഭവിക്കുന്ന അപൂർവമായ ജൈവരാഷ്ട്രീയങ്ങളുടെ കഥാപാഠമെന്ന നിലയിലും 'പാവകളുടെ വീട്' ശ്രദ്ധേയമാകുന്നു.

ഉദ്യോഗസംബന്ധമായി താൻ സന്ദർശിച്ച അൻപത്തഞ്ചു രാജ്യങ്ങളിൽ നിന്ന് കാളീചരൺ മുഖർജി ശേഖരിച്ച അൻപത്തഞ്ച് ജോടി പാവകളാണ് വാർധക്യത്തിൽ മുഖർജിക്കും ഭാര്യക്കും കൂട്ട്. ആണും പെണ്ണുമായി ഓരോ രാജ്യത്തെയും പാവകൾ തങ്ങളുടെ സ്വന്തം റിപ്പബ്ലിക്കുകൾ സൃഷ്ടിച്ച് സ്വച്ഛമായി കഴിയുമ്പോഴാണ് മുഖർജിയുടെ മകന്റെ പേരക്കുട്ടികൾ കാനഡയിൽ നിന്നെത്തുന്നത്. അവർ ആ പാവകളെ തമ്മിൽ തമ്മിൽ ഇണപിരിച്ചും ഇടങ്ങൾ ഇളക്കിപ്രതിഷ്ഠിച്ചും ജോടി തെറ്റിച്ചും അവയിലുണ്ടായിരുന്ന രാജ്യങ്ങളുടെ പേരെഴുതിയ ലേബലുകൾ പരസ്പരം മാറ്റിയൊട്ടിച്ചും പാവഭൂപടം തലകീഴ് മറിച്ചു. മുഖർജിയും ഭാര്യയും തങ്ങളുടെ ലോകം ആകെ കുഴമറിയുന്നതുകണ്ട് അമ്പരന്നുനിൽക്കവെ, സ്ഥലകാലങ്ങൾ അപ്പാടെ തകിടം മറിച്ച് കുട്ടികൾ പാവകളെ മനുഷ്യരെപ്പോലെ സ്വയം ചലിക്കുന്നവരാക്കി മാറ്റി. ഒടുവിൽ വൃദ്ധനും ഭാര്യയും രണ്ടു പാവകളെപ്പോലെ തങ്ങളുടെ അസ്തിത്വത്തെ ഒരു ദശാസന്ധിയിലെത്തിച്ച് രാഷ്ട്രങ്ങൾക്കും വ്യവസ്ഥകൾക്കുമതീതമായി തങ്ങൾ എത്തിപ്പെടാൻ പോകുന്ന അവസ്ഥകളുടെ ഊഴവും കാത്ത് കുഴങ്ങുന്നു.

വൃദ്ധനും വൃദ്ധയും ഒരുപോലെ പങ്കിടുന്ന താതദുഃഖത്തിന്റെ കണ്ണീരും ചോരയും ഘനീഭൂതമായ ഭാവ, കാവ്യ പാഠമാണ് 'പാവകളുടെ വീട്'. രാഷ്ട്രങ്ങളുടെയും ദേശീയതകളുടെയും നിരർഥകതയും അസംബന്ധവും വെളിപ്പെടുത്തുന്ന ഒരു ഉപകഥയായി മുഖർജിയുടെ ഭൂതകാലം ഈ കഥയിൽ കടന്നുവരുന്നുണ്ട്. അയാൾ പറയുന്ന കഥയായി എഴുതപ്പെടുന്ന ആ ജീവിതം വിഭജനത്തിന്റെ ഇരകളായി ഇന്ത്യയിലേക്കു പലായനം ചെയ്ത തന്റെ കുടുംബത്തിന്റെ വേരുകൾ തേടി ലാഹോറിലെത്തിയതിന്റെ ഓർമ്മയാണ്. അവിടെ, പതിനെട്ടുവയസ്സുവരെ താൻ ജീവിച്ച വീടിന്റെയും അന്നുണ്ടായിരുന്ന ചില അയൽക്കാരുടെയും സാന്നിധ്യത്തിൽ അയാൾ അതിർത്തികളുടെയും വിഭജനങ്ങളുടെയും അയുക്തികൾ ഒരിക്കൽ കൂടി തിരിച്ചറിയുന്നു.

          കഥയ്ക്കുള്ളിലെ കഥയായി ഭാവനചെയ്യപ്പെടുന്ന ഈ രണ്ടടരുകൾ മാത്രമല്ല 'പാവകളുടെ വീടി'ന്റെ കലാപദ്ധതിയിലുള്ളത്. ചരിത്രകാരനായ ആഖ്യാതാവ് മുഖർജി പണിയെടുത്ത കമ്പനിയുടെ കഥയെഴുതാനാണ് ഒരു കരാർപ്രകാരം അയാളെ സമീപിക്കുന്നത്. ചരിത്രത്തിനുള്ളിലെ കഥകളായും കഥക്കുള്ളിലെ ചരിത്രങ്ങളായും രാഷ്ട്രങ്ങളും അതിർത്തികളും വീടുകളും പാവകളും മനുഷ്യരും എല്ലാറ്റിനും മുകളിൽ ജീവിതവും അടരടരായി വിന്യസിക്കപ്പെടുകയാണിവിടെ. ഇത്രമേൽ അനുഭവതീക്ഷ്ണതയോടെ, ഇത്രമേൽ മാനവികപ്രജ്ഞയോടെ, ഇത്രമേൽ ജീവിതാർദ്രതയോടെ, വിഭജനത്തിന്റെ രാഷ്ട്രീയം കഥകളിലാവിഷ്‌കൃതമാകുന്ന സന്ദർഭങ്ങൾ മലയാളത്തിൽ വിരളമാണ്. ബഷീറോ, കോവിലനോ, പത്മനാഭനോ, ശ്രീരാമനോ, ആനന്ദോ, മാധവനോ എഴുതിയ ശ്രദ്ധേയങ്ങളായ വിഭജനകഥകളെക്കാൾ ഭാവതീവ്രതയോടെ 'പാവകളുടെ വീട്' മലയാളഭാവനയിൽ ഈ രാഷ്ട്രീയാനുഭവത്തിന്റെ ലാവണ്യാഘാതം പുനഃസൃഷ്ടിക്കുന്നു.

          ബംഗാളിലെ സുന്ദർബനങ്ങളിലെ കണ്ടൽക്കാടുകൾ നിറഞ്ഞ ദ്വീപുകളിൽ, കടുവകളുടെയും മുതലകളുടെയും ഇരകളായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥകളന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ, തനിക്കു മുന്നിൽ ചോരചാറിച്ചുവന്നുനിൽക്കുന്ന, കിടിലം കൊള്ളിക്കുന്ന അനുഭവങ്ങളവതരിപ്പിക്കുന്ന 'വ്യാഘ്രവധു' പോലൊരു രചന മലയാളത്തിൽ മറ്റൊന്നില്ല. നാലുദിവസം. അഞ്ച് മനുഷ്യരുടെ കഥകൾ. ദിബാകർ വിശ്വാസ് എന്ന സഹായിയോടൊപ്പം ദ്വീപുകളിലും ഗ്രാമങ്ങളിലും കരയിലും വെള്ളത്തിലും കടുവയുടെയും മുതലയുടെയും ഇരകളായി ചത്തും ജീവിച്ചും കഴിയുന്ന മനുഷ്യരെ തേടിയിറങ്ങുന്നു, ആഖ്യാതാവ്.

         

മനോരഞ്ജൻ മൊണ്ടൽ. തലയുടെ ഒരുഭാഗം കടുവ മാന്തിപ്പൊളിച്ചതിനാൽ ചെവികേൾക്കില്ല അയാൾക്ക്. വായിക്കൂ:

          '' 'എനിക്ക് കുറച്ചു ഭൂമിയുണ്ടായിരുന്നു'. തെല്ലിട കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു. 'നെൽവയൽ. അതിനു നടുക്കായി ഒരു കുളം. ഇപ്പോഴും അവിടെ കുറച്ചു വെള്ളമുണ്ട്.' അയാൾ ചൂണ്ടിക്കാണിച്ചു. 'മീനുകളുണ്ടായിരുന്നു നിറച്ചും. ഓരുവെള്ളം കയറി വയൽ നശിച്ചുപോയി. കുളം വിഷമയമായി. മീനുകൾ ത്തുപൊങ്ങി. പിന്നീടൊരിക്കലും വയലിൽ ചെടി കുരുത്തിട്ടില്ല. കുളത്തിൽ മീൻ വളർന്നിട്ടില്ല. കൊണ്ടിട്ടാലും അടുത്ത ദിവസത്തിനകം അവ ചത്തുമലയ്ക്കുന്നു. എന്താണ് പറ്റിയതെന്നു മനസ്സിലാവുന്നില്ല'.

          'കടുവ പിടിച്ച കഥ പറയൂ'. ഞാൻ ആംഗ്യം കാണിച്ചുകൊണ്ട് ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് എന്റെ വിഷയത്തിന്റെ പരിധിയിലില്ലായിരുന്നു.

          'അതുതന്നെയാണ് പറഞ്ഞുവരുന്നത്'. അയാൾ പറഞ്ഞു. 'അന്നു ഞാനും എന്റെ മകനും മാത്രമായിരുന്നു താമസം. അമ്മയില്ലാത്ത കുഞ്ഞിനെ വളർത്തണം'.

          'നിങ്ങളുടെ ഭാര്യ എവിടെ?' ഞാൻ ചോദിക്കുന്നതു മനസ്സിലാവാതെ അയാൾ തെല്ലിട നിന്നു.

          'അവൾ പട്ടണത്തിലേക്ക് വീട്ടുപണിക്കെന്നു പറഞ്ഞു പോയതാണ്. പിന്നെ കണ്ടിട്ടില്ല'. ദിബാകർ ബിശ്വാസ് പറഞ്ഞു. 'ചിലപ്പോൾ മരിച്ചുപോയിക്കാണും, അല്ലേ? അല്ലെങ്കിൽ ഇത്രയും ചെറിയ കുഞ്ഞിനെ കാണാൻ ഒരിക്കലെങ്കിലും വരുമായിരുന്നില്ലേ? അങ്ങേയ്‌ക്കെന്തു തോന്നുന്നു?'.

          ഞാൻ അതിനു മറുപടി പറഞ്ഞില്ല.

          'കൊടുങ്കാറ്റിനു ശേഷം ഒന്നുമില്ലാതായി. കൃഷിയില്ല, മീനില്ല. എല്ലാവരും പട്ടിണിയായിരുന്നു. വിശന്നപ്പോൾ നദി കടന്ന് കാട്ടിലേക്കു ഞണ്ടുപിടിക്കാനായി പോയി. കുട്ടിയെ കുടിലിനുള്ളിൽ ഉറക്കിക്കിടത്തും. ഉണർന്നാലും അവനു പുറത്തു പോകാൻ പറ്റാത്ത വിധത്തിൽ മുളകൾകൊണ്ടു തടസ്സം വയ്ക്കുമായിരുന്നു. അങ്ങനെ പല ദിവസങ്ങളിലും പുലർച്ചയ്ക്കു തന്നെ ഞങ്ങൾ കുറച്ചുപേർ ഒരു തോണിയിൽ കാട്ടിനടുത്തേക്കു പോകും. കരയിൽ ഒരു മരത്തോടു ചേർന്ന് തോണി കെട്ടിയശേഷം ഉള്ളിലേക്കു നടക്കും. ഓരോ തവണ ചെല്ലുമ്പോഴും ഞണ്ടുകൾ കൂടുതൽക്കൂടുതൽ ഉള്ളിലേക്കു മാറിപ്പോവുകയാണെന്നു കണ്ടു. അത്രത്തോളം ഞങ്ങളും ഉള്ളിൽപ്പോയി. ഒടുവിൽ കാട്ടിന്റെ ഏറ്റവും നടുക്ക്. നട്ടുച്ചയിലും സൂര്യനെക്കാണാൻ വയ്യാത്തിടത്തേക്ക് ഞങ്ങൾ എത്തി. തങ്ങൾ ചുറ്റപ്പെട്ടുകഴിഞ്ഞു എന്ന് ഞണ്ടുകൾ മനസ്സിലാക്കിക്കാണും.

         

പിടിച്ച ഞണ്ടുകളെ പങ്കുവയ്ക്കാൻ വേണ്ടി, ഇലകൾ പറിക്കാൻ പോയതായിരുന്നു ഞാൻ, ഞങ്ങൾ ആറുപേരുണ്ടായിരുന്നു. അതിനാൽ വീതിയുള്ള ആറ് വലിയ ഇലകൾ പറിച്ചെടുത്തു. ആ അഞ്ചു ചങ്ങാതിമാരിൽനിന്നും കുറച്ചു ദൂരെയായിരുന്നു ഞാൻ. അപ്പോഴാണ് ആ മുരൾച്ച കേട്ടത്. കാടു മുരളുന്നതു പോലെ. ഞാൻ തിരിഞ്ഞതും ആ ജന്തു എന്റെ നേർക്കു ചാടി. ഒരു കൊടുങ്കാറ്റു വീശുന്നതുപോലെയുണ്ടായിരുന്നു. ഒരു നിമിഷം എന്റെ ശ്വാസം നിന്നു, ഹൃദയം നിലച്ചു. ഒരു വേള, അതു വായുവിൽ തൂങ്ങിനില്ക്കുകയാണെന്നു തോന്നി. പത്തടിയെങ്കിലും നീളമുള്ള ഒരു കൂറ്റൻ മൃഗം. ഞാൻ തെന്നി ഇടതുവശത്തേക്കു ചാടി. അതുകൊണ്ട് അതിന് എന്റെ കഴുത്തിൽ പിടികിട്ടിയില്ല. പക്ഷേ, അതിന്റെ നഖങ്ങൾ എന്റെ തലയിൽ ഇരുവശത്തും ഉരസിക്കൊണ്ടുപോയി. വേദനയോടെ ഞാൻ നിലത്തുവീണു.

          വീണിടത്തുനിന്നും ഞാൻ കൈകൾ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. അടിതെറ്റിയ കടുവ തിരിഞ്ഞ് വീണ്ടും എന്റെ അടുത്തേക്കു ചാടി. എന്റെ അരയിൽ നിന്നും മുണ്ടഴിഞ്ഞു പോയിരുന്നു. ഭാഗ്യംതന്നെ, അത് ആ ജന്തുവിന്റെ മുഖത്തു കുടുങ്ങി. അതിന്റെ കണ്ണുകൾ മറഞ്ഞു. ആ ചെറിയ സമയം കൊണ്ട് ഞാൻ ഓടി ഒരു മരത്തിന്റെ പിന്നിൽ ഒളിച്ചു. കുറച്ചു ദൂരത്തുനിന്നും എന്റെ കൂട്ടുകാർ അലറിവിളിക്കുന്നുണ്ടായിരുന്നു. അവർ കല്ലും കമ്പുകളുമെടുത്ത് എറിയാൻ തുടങ്ങി. മുഖത്തുനിന്നും മുണ്ട് കുതറിക്കളഞ്ഞുകൊണ്ട് കടുവ ചുറ്റുപാടും നോക്കി. ഇര കൈവിട്ടുപോയതിന്റെ കോപം അതിന്റെ മുഖത്തു ജ്വലിച്ചുകണ്ടു. ശ്വാസമടക്കി, വിറയലോടെ ഞാൻ നിന്നു. മുഖത്തു മുഴുവൻ ചോരയായിരുന്നു. മുറിഞ്ഞ ചെവികൾ തൂങ്ങിനിന്നിരുന്നു. അങ്ങനെ കുറച്ചുനേരം കഴിഞ്ഞു. പതുക്കെപ്പതുക്കെ എന്റെ കാഴ്ച മാഞ്ഞുതുടങ്ങി. പിന്നെ ഒന്നും ഓർമ്മയില്ല.

ആ സമയംകൊണ്ട് അവരിലൊരാൾ തന്റെ വസ്ത്രം ഉരിഞ്ഞെടുത്തു തീകൊളുത്തി ഒരു പന്തമാക്കിക്കാണിച്ചുകൊണ്ട് മൃഗത്തിന്റെ അടുത്തേക്കു ചെന്നുവെന്നു പറഞ്ഞുകേട്ടു. എന്തൊരു ധൈര്യം! അതു കണ്ടു ഭയന്നിട്ടാണ് കടുവ ഓടിപ്പോയത്'.''

മൊണ്ടൽ അതിജീവിച്ചു. കാണാതായ മകൻ തഥാഗതിനെ കടുവ പിടിച്ചുവെന്നാണ് അയാൾ കരുതുന്നത്. തഥാഗതിന്റെ വീട്ടിലെത്തിയ കഥാകാരൻ അയാളുടെ വിധവ-വ്യാഘ്രവിധവകളെ ബാഘ് ബിധോബ് എന്നാണ് വിളിക്കുക. അവർ താമസിക്കുന്ന ഇടം ബിധോബ് പാരയും-ബനലത മൊണ്ടലിന്റെ കഥ കേൾക്കുന്നു. തഥാഗതിനെ കടുവ പിടിച്ചതാണെന്ന് അവൾ കരുതുന്നില്ല. അത്രമേൽ കള്ളനും നിർഗുണനുമായിരുന്നു അയാൾ. തന്റെ വിധിയിൽ ആരെയും പഴിക്കാതെ ശിഷ്ടജീവിതം കടുവകളെക്കാൾ ക്രൂരരായ മനുഷ്യരെ മാത്രം ഭയന്ന് അവൾ മുന്നോട്ടു നീക്കുകയാണ്.

''അയാൾ വീട്ടിൽത്തന്നെ ഇരിപ്പായപ്പോൾ കുട്ടിയെ കിടത്തിയുറക്കി ഞാൻ തൊഴിൽ തേടി പോയിത്തുടങ്ങി. ഒരു ദിവസം രാത്രി തിരിച്ചുവരുമ്പോൾ കുഞ്ഞ് കരഞ്ഞു തളർന്നിരിക്കുന്നു. തഥാഗതനെ കാണാനില്ല.'

          'അയാൾ തേനെടുക്കാൻ പോയതായിരിക്കും അല്ലേ?' ദിബാകർ ചോദിച്ചു.

          'എന്നു ഞാനും വിചാരിച്ചു. വീട്ടിൽ കൂട കാണാനില്ലായിരുന്നു. അതേ സമയം നദിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അയാൾ കടവിനടുത്തായി നില്ക്കുന്നതു കണ്ടുവെന്നും ചിലർ പറഞ്ഞു. എനിക്കറിയില്ല സർ. സത്യത്തിൽ ഞാൻ അന്വേഷിക്കാൻ പോയിട്ടില്ല. എന്നെ സംബന്ധിച്ച് എത്രയോ നാൾ മുമ്പു തന്നെ ജീവിതത്തിൽനിന്നും കാണാതായ ഒരാളായിരുന്നു തഥാഗതൻ.

          എന്നാലും എനിക്കു വെറുപ്പില്ലായിരുന്നു. അയാൾ വീടു വിട്ടുപോകും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നല്ലോ. ഇനി ചിലപ്പോൾ രാത്രിയിൽ അയാൾ വന്നുകയറിയാലോ എന്നു വിചാരിച്ചുകൊണ്ട് ഞാൻ വാതിൽ ചാരിയതേയില്ല. അതൊരു സൂചനയാണെന്നു കരുതി രാത്രിയിൽ ആണുങ്ങൾ വരും. എല്ലാവരേയും ഞാൻ ആട്ടിപ്പായിക്കും.

തോറ്റുപോവരുതെന്നു ഞാൻ വിചാരിച്ചു. തരിശിട്ട നിലങ്ങൾ പാട്ടത്തിനു വാങ്ങി. വിതച്ചു. വിളഞ്ഞാൽ പാതി ജന്മിക്കും പാതി എനിക്കും. വളർത്തിയ കോഴികൾ പെറ്റുപെരുകി പത്തും നൂറും അതിലധികവുമായി മാറി. അതിലേറെ കുഞ്ഞുങ്ങൾ. കുളത്തിൽ മീനുകൾ. എന്റെ കുഞ്ഞ് അവർക്കൊപ്പം കളിച്ചു, വിശപ്പറിയാതെ വളർന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം രാത്രിയിൽ ദൂരെനിന്നും ഒരു മുരൾച്ച കേട്ടു. കാടുകൾ അലറിവിളിക്കുന്നതുപോലെ. കൊടുങ്കാറ്റായിരുന്നു. പഴയതു പോലെത്തന്നെ എല്ലാം. കൊടുങ്കാറ്റ് മേൽക്കൂരയെ അടർത്തിയെടുത്തു. വിളകളെ നശിപ്പിച്ചു, പക്ഷികളെ കൊന്നുകളഞ്ഞു. കുളത്തിൽ ഉപ്പുവെള്ളം നിറച്ചു. കരയാൻ പോലുമാവാതെ ഞാൻ തളർന്നു കിടന്നു. ചുറ്റുപാടുമുള്ളവർ നിർബ്ബന്ധിച്ചിട്ടും ഞാൻ എങ്ങോട്ടും പോയില്ല. കുഞ്ഞിനേയും കെട്ടിപ്പിടിച്ചു കിടന്നു.

          പിറ്റേന്നു പുലർച്ചയ്ക്ക് മയക്കം വിട്ടുണർന്നു. ഇരുട്ടുവിട്ടു പോയിരുന്നില്ല. അടർന്നുപോയ മേൽക്കൂരയ്ക്കുമേൽ തെളിഞ്ഞ മാനം. മഴ നിന്നിരിക്കുന്നു. നനഞ്ഞുകുതിർന്ന ആകാശം നോക്കിയിരുന്നു. കുഞ്ഞ് ദേഹത്തോടൊട്ടി കിടക്കുകയായിരുന്നു. അപ്പോൾ വീണ്ടും ആ ശബ്ദം കേട്ടു. ദൂരെദൂരെ നിന്നുമുള്ള കാടിന്റെ മുരൾച്ച. കുഞ്ഞിനെ ഇറക്കിക്കിടത്തി ഞാൻ എഴുന്നേറ്റു.

          അപ്പോൾ പുറത്ത് രണ്ടു കണ്ണുകൾ ഞാൻ കണ്ടു. ഇരുട്ടിനു കണ്ണുകൾ തുന്നിയതുപോലെ തിളങ്ങുന്ന, തീക്കനൽ പോലത്തെ കണ്ണുകൾ.

         

അതൊരു കടുവയായിരുന്നു. കൂറ്റൻ കടുവ. ഒറ്റക്കുതിപ്പിന് അതിനെന്നെ കൈക്കലാക്കാവുന്നതേയുള്ളൂ. പക്ഷേ, അത് അനങ്ങിയതേയില്ല. ഞങ്ങൾ നേർത്ത ആ ഇരുട്ടിൽ, അനാഥരെപ്പോലെ പരസ്പരം നോക്കി നിന്നു. അനങ്ങാതെ, ഒന്നും ഉരിയാടാതെ. എന്നാൽ പലതും സംസാരിക്കുന്നതുപോലെ. നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല സർ, പക്ഷേ, സത്യം അതാണ്; എനിക്കൊട്ടും ഭയം തോന്നിയതേയില്ല. കുറേ നേരം അങ്ങനെ നിന്ന ശേഷം അതു പിന്തിരിഞ്ഞു'.

          'ഒരിക്കൽ നീയതെന്നോടു പറഞ്ഞിട്ടുണ്ട്'. ദിബാകർ ബിശ്വാസ് പറഞ്ഞു.

          'അതെ. പലരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരും അതു വിശ്വസിച്ചതേയില്ല. എന്നാലും കടുവ വന്നതു ഭാഗ്യമായി. പിന്നെ രാത്രിയിൽ ആണുങ്ങളാരും അന്വേഷിച്ചുവന്നതേയില്ല'.

          'എത്ര കാലം കഴിഞ്ഞു! ഞാൻ പറഞ്ഞില്ലേ, തഥാഗതനെ കാണാതായി എന്നതു മാത്രമാണ് സത്യം. ഓരോരുത്തരും അവരുടേതായി ഉത്തരങ്ങൾ അന്വേഷിക്കുന്നു. മാഞ്ഞുപോകുന്നതിന് ഓരോ മനുഷ്യനും ഒരു കാരണം വേണമെന്നുണ്ടല്ലോ. അയാൾ ചിലപ്പോൾ തന്റെ കടുവയെ കണ്ടെത്തിക്കാണണം'.

          'നിനക്കെന്തെങ്കിലും സഹായം കിട്ടിയിരുന്നോ?' ദിബാകർ പറഞ്ഞു.

          'സർക്കാരിൽനിന്നും പണം കിട്ടുമെന്ന് എല്ലാവരും പറയുന്നു. എനിക്കറിയില്ല സാർ, ഞാൻ അന്വേഷിച്ചിട്ടേയില്ല. ഞാൻ വിധവയാണോ? ആവാം. അവർ അങ്ങനെ പറയുന്നു. പക്ഷേ, എന്താണ് ഒരു വിധവയുടെ ലക്ഷണം?'

          ഞങ്ങൾ അതിനു മറുപടി പറഞ്ഞില്ല. ബനലതയുടെ മകൾ പാഠം വായിച്ചതിനു ശേഷം പുസ്തകം അടച്ചുവച്ച് പുറത്തേക്കിറങ്ങിപ്പോയി.

          'ഒന്നാലോചിച്ചാൽ വിധവകളും കടുവകളും ഒരേപോലെ അനാഥരാണ്'. ബനലത തുടർന്നു.

          'ബനലതാ, നിന്റെ വിലാസം കൊടുക്കൂ. ഇദ്ദേഹം സഹായിക്കും'. ദിബാകർ പറഞ്ഞു.                    'ആർക്കും ആരേയും സഹായിക്കാനാവില്ല സാർ. ഒരു കൊടുങ്കാറ്റിനെ തടയാൻ നിങ്ങൾക്കു സാധിക്കുമോ? അരുത്, ദയവു ചെയ്ത് എന്റെയോ മകളുടെയോ പടം പിടിക്കരുത്'.''

         

നാഥുൻ ഹീരയെന്നയാൾ, കടുവപിടിച്ച അയാളുടെ ഭാര്യ ഗൗരിയുടെ കഥ പറയുന്നു. പക്ഷെ ഗൗരിയെ കടുവപിടിച്ചതല്ല, നാഥുൻതന്നെ കൊന്ന് പുഴയിൽ തള്ളിയതാണെന്നാണ് അയാളുടെ അയൽക്കാരനായ സുശാന്തന്റെ വാദം. സുശാന്തന്റെ ഒരു കൈ മുതല കടിച്ചുകൊണ്ടുപോയിരുന്നു.

          ഒട്ടും ഭിന്നമായിരുന്നില്ല ദിബാകറിന്റെ ജീവിതവും കഥയും. പട്ടാളത്തിലായിരുന്നു അയാൾ. ശത്രുസൈന്യത്തിലെ ഒരംഗം, ഒരപകടത്തിൽപെട്ട ദിബാകറിനെ രക്ഷിച്ചുവെങ്കിലും ഇന്ത്യൻ സൈന്യം അയാളെ വെടിവച്ചു കൊന്നു. ദുഃഖത്തിന്റെ പാരമ്യത്തിൽ കരച്ചിൽ മറന്ന ദിബാകറിന് അന്നു മുതൽ ചിരിക്കാൻ മാത്രമേ കഴിയൂ. ഒന്നു പൊട്ടിക്കരയാൻ കഴിയാത്ത ജീവിതം എന്തുജീവിതമാണു സാർ? എന്ന് അയാൾ ചോദിക്കുന്നുണ്ട്.

          ദ്വീപുകളിൽനിന്നു മടങ്ങുന്ന ദിവസം ഒരു വിവാഹസംഘത്തെ കഥാകൃത്ത് കണ്ടുമുട്ടുന്നു. ദ്വീപിലേക്ക് ഒരു വധുവിനെ കൊണ്ടുവരികയാണ്. അവളുടേതും കടുവകളുള്ള ദ്വീപ്തന്നെ. വ്യാഘ്രവധുവാണവൾ. എന്നാണവൾ വ്യാഘ്രവിധവയാകുക? അസാധ്യമായ ഭാവഗംഭീരതകൊണ്ട് നിങ്ങളെ അടിമുടി, അകംപുറം ഉലച്ചുകളയുന്നു, ഈ കഥ.

         

ബോംബെ പശ്ചാത്തലമായെഴുതപ്പെട്ട ആദ്യകഥ 'വിശുദ്ധന്റെ ചോര'യാണ്. ഫിലിപ്പോസ് എന്ന അപ്പാർട്ട്‌മെന്റ് കാവൽക്കാരൻ അയാളുടെ ജീവിതം പറയുന്ന കഥ. മദ്യം തുറന്നുവിട്ട നിമിഷങ്ങളിൽ ഫിലിപ്പോസ് തന്റെ ബാല്യകാലം ഓർത്തെടുക്കുകയും കഥാകൃത്തിനോട് അതു പറയുകയും ചെയ്യുന്നു. തൃശൂരിനടുത്തുള്ള ആറാട്ടുകുന്ന് എന്ന ഗ്രാമത്തിലെ പള്ളിപ്പെരുന്നാളും അമ്മയും അമ്മാമ്മയുമൊത്തുള്ള ജീവിതവും. വട്ടപ്പാത്രത്തിലെ വെള്ളത്തിൽ നിൽക്കാതെയോടുന്ന കളിബോട്ട് സ്വന്തമാക്കാൻ കാത്തുവച്ച നാണയത്തുട്ടുകൾ കുടുക്ക പൊട്ടിച്ചെടുത്ത് മീൻ വാങ്ങിയ അമ്മയോടുള്ള പകയിൽ പിന്നെ ജീവിതത്തിലൊരിക്കലും ഫിലിപ്പോസ് മീൻ കൂട്ടിയിട്ടില്ല. വില്ലേജോഫീസിൽ ഭൂമി അളക്കുന്നയാൾക്ക് വീട്ടിൽ ഭക്ഷണം നൽകിയ അമ്മക്ക് അയാളുമായി ബന്ധമുണ്ടായത് അയാൾ വൈകിയാണറിയുന്നത്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കുമ്പോൾ. പഴയ പുണ്യാളന്റെ പ്രതിമ പള്ളിക്കാർക്കു കുന്നിൻ മുകളിൽ ഉപേക്ഷിച്ച കുറ്റിക്കാട്ടിൽ വിശ്വാസികളുടെ ആദരവേറ്റുവാങ്ങി അനാഥമായി കിടക്കുകയായിരുന്നു. തന്റെ കണ്ണീരും നിലവിളിയും കണ്ടിട്ടും കേട്ടിട്ടും പുണ്യാളന്റെ കണ്ണിൽനിന്നു ചോരവരുന്നില്ലെന്നറിഞ്ഞ് അവർ നിരാശയായി കുന്നിറങ്ങിയെങ്കിലും അമ്മയോടയാൾക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല. ഫിലിപ്പോസ് പിന്നെ വീട്ടിൽ നിന്നില്ല. കുപ്പിച്ചില്ലുകൊണ്ട് സ്വന്തം കാലിൽ വലിയൊരു മുറിവുണ്ടാക്കി തന്റെ പകയും ദുഃഖവും നിരാശയും സങ്കടവും ചോരയായൊഴുക്കി. അയാൾ നാടുവിട്ടു.

          'ഊഴം' എന്ന കഥ മതവെറിയുടെയും ദേശഭക്തിയുടെയും ഇരട്ടനുകം വെച്ചുകെട്ടി ചരിത്രം ഉഴുതുമറിക്കുന്ന ഇന്ത്യൻ ഹിന്ദുവിന്റെ അയോധ്യാനന്തര ജീവിതത്തിന്റെ പരിച്ഛേദമാണ്. അജ്മൽ എന്ന ലൈബ്രറി ജീവനക്കാരന്റെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്താതെ മതവും സ്വത്വവും മുൻനിർത്തി അയാളെ ഒറ്റപ്പെടുത്തുന്ന ഒരു സ്ഥാപനത്തിന്റെ കഥകൂടിയാണിത്. മൂന്നു ഹിന്ദു ഉദ്യോഗസ്ഥരും അവരുടെ ദയ കാത്തുനിൽക്കുന്ന അജ്മലും. ആത്മനിന്ദകൊണ്ട് നീറുന്നവരും ഭാര്യയെ പുലഭ്യം പറഞ്ഞ് ആനന്ദം കണ്ടെത്തുന്നവരും മുസ്ലിം വിരോധം ജീവവായുപോലെ ശ്വസിക്കുന്നവരുമൊക്കെയായ മനുഷ്യർ. ഗസലും സംസ്‌കൃതവും ജനപ്പെരുപ്പവും സസ്യഭക്ഷണവും സഞ്ജയ്ഗാന്ധിയും ദേശീയഗാനവും വന്ദേമാതരവും ദേശഭക്തിയും...

          ''അല്പം കഴിഞ്ഞപ്പോൾ ദേശീയഗാനം ആലപിക്കുന്നതു കേട്ടു. ആനിവേഴ്‌സറി പരിപാടികൾ തീരുകയാണ്.

          'ഓ! കഴിഞ്ഞു സംഗതി.' സന്ദീപ് പറഞ്ഞു. അയാളുടെ വാക്കുകളിൽ ആശ്വാസമുണ്ടായിരുന്നു. 'അഞ്ചുമിനിട്ടു കഴിഞ്ഞാൽ നമുക്കിറങ്ങാം.'

          ഞാനും സന്ദീപും ചേർന്ന് കുപ്പിയും ഗ്ലാസ്സുകളും ഒതുക്കി. കുനിഞ്ഞ് നിലത്തുവീണ ഭക്ഷണത്തുണ്ടുകൾ പെറുക്കിയെടുത്തു. നിവരുമ്പോൾ ഞാൻ അജ്മലിനെ പാളിനോക്കി. അത്ഭുതം! അയാൾ മാത്രം നിവർന്ന് അറ്റൻഷനായി നിന്ന് ദേശീയഗാനം ഉരുവിടുകയാണ്.

          'അജ്മൽ', ഞാൻ വിളിച്ചു. അയാൾ കേട്ടില്ല.

          'ഏയ്, അജ്മൽ!' സന്ദീപ് വിളിച്ചു. മറുപടിയുണ്ടായില്ല.

          ഞാൻ പതുക്കെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു. അവന്റെ കൂടെ അറ്റൻഷനായി നില്ക്കണോ എന്നൊരു സംശയം എനിക്കും ഉണ്ടായി. ഞാൻ അഭയ്കുമാർ പട്‌നായിക്കിന്റെ മുഖത്തേക്കു നോക്കി.

          'ഓ! ഇതാ നമ്മുടെ അജ്മൽ കസബ് അറ്റൻഷനായല്ലോ! എക്‌സ്‌ലന്റ്!' വാഷ് റൂമിൽനിന്നും വരുമ്പോൾ ഞങ്ങളെ നോക്കിക്കൊണ്ട് അഭയ്കുമാർ പട്‌നായിക് പറഞ്ഞു.

          അജ്മൽ അതു കേട്ടിട്ടുണ്ടാവില്ലെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു.

          'വെള്ളമടിച്ചിരിക്കുമ്പോൾ ദേശീയഗാനത്തിന് എഴുന്നേറ്റു നില്ക്കണം എന്നു നിർബ്ബന്ധമില്ല'. പട്‌നായിക്ക് പതുക്കെ പറഞ്ഞു. 'അല്ലെങ്കിൽത്തന്നെ നമ്മൾ ദേശസ്‌നേഹികളാണെന്ന്, ഇങ്ങനെ എഴുന്നേറ്റുനിന്നിട്ട് ആരോടെങ്കിലും തെളിയിക്കേണ്ടതുണ്ടോ? ഇറ്റീസ് എ ഗിവൺ. എല്ലാവർക്കും അതറിയാം'.

          'പെഴ്‌സണലി, ഐ വിൽ പ്രിഫർ ബങ്കിം ചന്ദ്ര'. സന്ദീപ് പിറുപിറുത്തു.

          'യേസ്, യേസ്. ടാഗോർ വാസ് സ്റ്റുപ്പിഡ്. പിന്നെ, എന്തായാലും ദേശീയഗാനമായിപ്പോയില്ലേ?' പട്‌നായിക് ചിരിച്ചു.

          അജ്മൽ ഞങ്ങളെയാരേയും ശ്രദ്ധിക്കാതെ, അപ്പോഴും അതേപടി നില്ക്കുകയായിരുന്നു. തോൾ ഒരല്പം കുനിച്ച് കൈകൾ ശരീരത്തോടു ചേർത്തുവച്ച് അങ്ങനെ നില്ക്കുമ്പോൾ അയാൾ വലിയൊരു ഭാരം ചുമക്കുകയാണെന്ന് എനിക്കു തോന്നി.

          ജനഗണമനയുടെ അവസാനത്തെ പാദങ്ങളിലേക്കു കടക്കുമ്പോൾ ഹൈവേയിൽനിന്നും വാഹനങ്ങളുടെ ഒച്ച കേട്ടു. ഭാരമുള്ള വണ്ടികൾ സാവധാനം കടന്നുപോകുന്നതുപോലെ തോന്നി.

          'ഇനി ആർക്കെങ്കിലും കഴിക്കണോ?' ദേശീയഗാനം ചൊല്ലിത്തീർന്നപ്പോൾ അഭയ്കുമാർ പട്‌നായിക് ചോദിച്ചു. ഞാനും സന്ദീപും വേണ്ടെന്നു പറഞ്ഞു. ഒന്നും സംഭവിക്കാത്ത മട്ടിൽ അജ്മൽ സോഫയിൽ ഇരുന്നു.

          'എന്നാൽ ഞാൻ പറയാം. ഇപ്പോൾ ഇറങ്ങണ്ട. അവിടത്തെ തിരക്കൊന്ന് ഒഴിയട്ടെ. ചുരുങ്ങിയത് പത്തുപതിനഞ്ചു മിനിട്ടു സമയമെടുക്കും. അപ്പോൾ ഓരോ സ്‌മോൾ കൂടിയാവാം. ജസ്റ്റ് തേട്ടി മില്ലി ഈച്ച്. വൺ ഫോർ ദ റോഡ്.' അയാൾ വീണ്ടും കുപ്പിയെടുത്തുകൊണ്ടുവന്ന് ചെറിയ അളവിൽ മദ്യം ഞങ്ങൾ രണ്ടു പേർക്കും ഒഴിച്ചു. പിന്നെ വെള്ളം ചേർക്കാതെ കുപ്പിയിൽനിന്നുതന്നെ കുറച്ചു സ്വന്തം വായിലേക്കൊഴിച്ചു.

          ഞാൻ സാവധാനം എന്റെ ഗ്ലാസ്സിൽ പാതിയോളം വെള്ളം ചേർത്തു.

          പിന്നെ, പുറത്തു വളർന്നുവലുതായി വരുന്ന ഇരുട്ടിലേക്കു നോക്കി സാവധാനം കുടിച്ചു.''

          അജ്മലിനെ സ്ഥാപനം സ്ഥിരപ്പെടുത്തിയില്ല. താൻ ജീവിതത്തിലൊരിക്കലും ചിക്കൻ കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് അയാൾ താനുൾപ്പെടുന്ന മനുഷ്യരുടെ ഇന്ത്യൻ വിധി സൂചിപ്പിക്കുന്നു. പിതാവിന്റെ തെരുവ് സർക്കസ് കമ്പനി പൊളിഞ്ഞപ്പോൾ ഒരു കോഴിക്കടയിൽ കുറെക്കാലം പണിയെടുത്തിരുന്നു അയാൾ. ഇറച്ചിക്കടക്കാരന്റെ കണ്ണിൽ ഉറ്റുനോക്കി സ്വന്തം ഊഴം കാത്തിരിക്കുന്ന കോഴികളുടെ അവസ്ഥയിൽ അയാൾ തന്റെ ജീവിതം കണ്ടു. ഇന്ത്യൻ മുസ്ലിമിന്റെ ഭീതിദവും നിസ്വവുമായ ദുരവസ്ഥകൾ അപനിർമ്മിക്കുന്ന ഒന്നാന്തരം രാഷ്ട്രീയകഥ.

          'മരണക്കുറി'യും 'ജ്ഞാനോദയ'വും പൂതപ്പാറയെന്ന ഗ്രാമത്തിന്റെ ചരിത്രജീവിതത്തെ രണ്ടു ഘട്ടങ്ങളിൽ അഭിസംബോധന ചെയ്യുന്നു. ഒന്നിൽ ലൈഫ് ഇൻഷ്വറൻസ് ഏജന്റായി പ്രവർത്തിക്കുന്ന മുരിക്കൻ മാണി അജ്ഞരായ ഗ്രാമീണർക്കിടയിൽ 'മരണക്കുറി'യിൽ ആളെച്ചേർക്കാൻ നടത്തുന്ന പെടാപ്പാടും ഒടുവിൽ കമ്യൂണിസം പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് പിടിയിലായതുമാണ് കഥയുടെ അച്ചുതണ്ട്. കാലം 1940കളുടെ അന്ത്യം. ജീവിതം ഇൻഷ്വർ ചെയ്യുകയാണ് എന്ന് കമ്പനി പറയുമ്പോഴും മരണച്ചിട്ടിയെന്നാണ് ജനങ്ങൾ അതിനെ വിളിച്ചത്. മരണം കൊണ്ടുവരുന്ന ഭാഗ്യമെന്ന നിലയിലാണ് അവരതിനെ കണ്ടത്. ജീവിതം നെടുനീളം ഒരു വലിയ ദുരന്തമായതിനാൽ തന്റെ മരണത്തിലെങ്കിലും കുടുംബം രക്ഷപെടട്ടെ എന്നു കരുതി കുറിയിൽ ചേർന്ന് ആത്മഹത്യ ചെയ്ത അയ്യപ്പൻനായരും ഭാര്യയുടെ പേരിൽ കുറി ചേർന്ന് അവളെ കൊന്ന് വൻതുക കൈക്കലാക്കിയ കടപ്പൂര് പാപ്പച്ചനും അപ്പന്റെ പ്രായം തെറ്റായി നൽകി പോളിസിയെടുത്ത് കമ്പനിയെ കബളിപ്പിച്ച് കേസിൽ കുടുങ്ങിയ ഇത്താപ്പിരി ലോനയുമൊക്കെ സ്വന്തം സ്വന്തം കഥകളുമായി മുരിക്കന്മാണിക്കൊപ്പമുണ്ട്. ജീവിതത്തിന്റെ വിപരീത ധ്രുവങ്ങളിലേക്ക് എരണ്ടകളെപ്പോലെ പറന്നുപോകുന്നവർ. നിസ്സഹായതയുടെ പരമപദം പ്രാപിച്ച അയ്യപ്പൻനായരുടെ മരണത്തിലും ദുഷ്ടതയുടെ വ്യാഘ്രമുഖം പ്രദർശിപ്പിക്കുന്ന പാപ്പച്ചനിലും അപ്പന്റെ മരണം ലാഭക്കച്ചവടമാക്കാൻ ശ്രമിക്കുന്ന ലോനയിലും അതുകാണാം. മുൻരചനകളിലെന്നതുപോലെതന്നെ അടരുകളോ പാളികളോ  ഇതളുകളോ ചുരുളുകളോ ആയി ഭാവനചെയ്യപ്പെടുന്ന കഥകളുടെ പടലമാണ് 'മരണക്കുറി'യും. 

          'ജ്ഞാനോദയ'ത്തിന്റെ ഘടനയും കലയും സമാനമാണ്. 'മരണക്കുറി'യിൽ കമ്യൂണിസം വളർത്താനുള്ള ശ്രമത്തിലാണ് മുരിക്കന്റെ ജീവിതം ചോരകക്കിത്തീരുന്നതെങ്കിൽ 'ജ്ഞാനോദയ'ത്തിൽ യുക്തിവാദം പ്രചരിക്കാനുള്ള ശ്രമത്തിലാണ് പാതാലിൽ വക്കച്ചന്റെ ജീവിതം പൊള്ളിക്കുമിളക്കുന്നത്. 1960-70കളാണ് കാലം. സത്യവിശ്വാസിയും കുടിയേറ്റക്കർഷകനുമായ വർക്കിച്ചൻ തപാൽമാർഗം വരുത്തിയ പുസ്തകങ്ങൾ വായിച്ച് യുക്തിവാദിയായി മാറുന്നു. ഒരിക്കൽ പട്ടണത്തിൽ പോയപ്പോൾ ഒറ്റലക്കം മാത്രം അച്ചടിച്ച 'ജ്ഞാനോദയം' എന്ന മാസികയും അതിന്റെ പത്രാധിപരായ ഭാസ്‌കരനും അയാളുടെ ജീവിതത്തെ തലകീഴ്മറിച്ചു. പൂതപ്പാറയിൽ ആശ്രമം തുടങ്ങി അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്ന സ്വാമിയെ ഭാസ്‌കരന്റെ സഹായത്തോടെ വർക്കിച്ചനും കൂട്ടുകാരും ചേർന്ന് തുരത്തുന്നതാണ് കഥ. 'പ്രബുദ്ധലോകം' എന്ന പേരിൽ പുതിയ മാസിക തുടങ്ങാൻ ഭാസ്‌കരൻ പദ്ധതിയിട്ടുവെങ്കിലും പിന്നീടയാളെ ആരും കണ്ടിട്ടില്ല. ദൈവവിശ്വാസവും യുക്തിവാദവും ഒരുപോലെ സംവഹിക്കുന്ന ആന്തരവൈരുധ്യങ്ങളെയും അയുക്തികളെയും നോക്കിയുള്ള നീണ്ട ഒരു ചിരിയാണ് ഈ കഥ. 'മരണക്കുറി'യുടെ കാലപരവും സ്ഥലപരവും ആശയപരവും ജീവിതപരവുമായ തുടർച്ചയായി 'ജ്ഞാനോദ'യത്തെ കാണാം. ദൈവവിശ്വാസികളും കമ്യൂണിസ്റ്റുകളും നിരീശ്വരവാദികളും ശാസ്ത്രവാദികളും ദേശീയവാദികളും കരുതുന്നതുപോലെ ഏകദിശയിൽ, ഒരൊറ്റ ചാലിലൊഴുകുന്ന പുഴയല്ല മനുഷ്യജീവിതം. ഏതുവാദവും, അതിൽ മാത്രം മുറുകെപ്പിടിക്കുമ്പോൾ യാന്ത്രികവും കൃത്രിമവും ആധിപത്യപരവുമായിത്തീരുന്നു. പൂതപ്പാറ, നവോത്ഥാന കേരളത്തിന്റെ പരീക്ഷണോന്മുഖ സാംസ്‌കാരിക ഭൂപടമായി ഭാവനചെയ്യപ്പെടുന്ന സാഹചര്യമിതാണ്.

          ആദ്യം മജിഷ്യനും പിന്നെ കള്ളനുമായി മാറിയ ലാസറിന്റെ ഇരട്ടപ്പെൺകുട്ടികളാണ് പത്മിനിയും രാഗിണിയും. അയാൾ മരിച്ചപ്പോൾ ദാനം നൽകിയ ഹൃദയവുമായി ജീവിക്കുന്ന ധനികനെ കാണാൻ പെൺകുട്ടികളെ കൊണ്ടുപോകുന്ന ഒരു മാസികയുടെ പത്രാധിപരാണ് കഥയിലെ നിർണായക കഥാപാത്രം. ധനികൻ മരണാസന്നനായി കിടക്കുകയാണ്. യാത്രക്കും ഫോട്ടോസെഷനും കിട്ടിയ പ്രതിഫലവുമായി ഷോപ്പിങ് മാളിൽ കയറുന്ന പെൺകുട്ടികൾ വീട്ടിൽ തളർന്നുകിടക്കുന്ന അമ്മയെയും മുറ്റത്ത് രാവിലെ കണ്ട സർപ്പത്തെയും മറന്നു. തിരികെ വീട്ടിലെത്തുമ്പോൾ വാതിലിനു പുറത്ത് പാമ്പ് പൊഴിച്ച പടം അവർ കാണുന്നു. മരണം അമ്മയെ കൊണ്ടുപോകാനെത്തിയതാണ് എന്നവർക്കു മനസ്സിലായി. ആയുസ്സിന്റെ പടം പൊഴിച്ച് അമ്മ യാത്രയായി. സമാന്തരമായി രൂപപ്പെടുന്ന മൂന്നു കഥകളുടെ പടലമാണ് 'മഞ്ഞച്ചേരയുടെ പകൽ'.

          'പാവകളുടെ വീട്ടി'ലെ ഏഴു രചനകളും ഒരുപോലെയവശേഷിപ്പിക്കുന്ന കഥയുടെ കലയും പ്രത്യയശാസ്ത്രവും, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, മലയാളത്തിൽ ഈ സാഹിത്യരൂപം കൈയെത്തിപ്പിടിച്ചിരിക്കുന്ന ഭാവലോകശൃംഗങ്ങളുടെ മികച്ച പാഠമാതൃകകളാണ്. മനുഷ്യജീവിതത്തെ അതിന്റെ നൈതികമൂല്യങ്ങളിലും ചരിത്രാനുഭവങ്ങളിലും സാമൂഹ്യവിതാനങ്ങളിലും രാഷ്ട്രീയാബോധങ്ങളിലും കാമനാഭൂപടങ്ങളിലും പുനരാനയിക്കുന്ന രചനകൾ. വിഖ്യാതചലച്ചിത്രകാരൻ ഗൊദാർദ് പറഞ്ഞതുപോലെ, 'അതിസങ്കീർണമായ (ജീവിത) യാഥാർഥ്യങ്ങൾക്ക് നിയതരൂപം നൽകുന്ന ഭാവബന്ധങ്ങൾ'.

കഥയിൽനിന്ന്

''ഒരുപാടു യാത്രകൾ ചെയ്തു എന്നു പറഞ്ഞല്ലോ. ഏതു സ്ഥലത്തുപോയതാണ് ഏറ്റവും ഓർമ്മയിൽ നില്ക്കുന്നത്?' സംഭാഷണം തുടരുന്നതിനായി ഞാൻ ചോദിച്ചു.

'ഓ! അതു ലാഹോറിൽത്തന്നെ. സംശയമില്ല.' ഒട്ടും സമയമെടുക്കാതെ മുഖർജി പറഞ്ഞു.

'ലാഹോർ?' ഞാൻ ചോദിച്ചു.

'അതേ. അതു പക്ഷേ, യാത്ര എന്നും പറഞ്ഞുകൂടാ. വീട്ടിലേക്കു പോകുമ്പോൾ ശരിക്കും യാത്ര എന്നു പറയുമോ?'

          'വീടോ? ലാഹോറിൽ ആരുടെ വീടാണ്?'

          'ഞങ്ങളുടെ വീട് ലാഹോറിലായിരുന്നു. ഞാൻ ജനിച്ചു വളർന്നത് ആ നഗരത്തിലാണ്. എന്റെ അച്ഛൻ അവിടെ വടക്കു പടിഞ്ഞാറൻ റെയിൽവേയിൽ ഒരുയർന്ന ഉദ്യോഗസ്ഥനായിരുന്നു. എല്ലാം വിട്ടിട്ടാണ് ഞങ്ങൾ ഇങ്ങോട്ടു പോരുന്നത്. നാല്പത്തേഴിൽ. അന്നെനിക്കു പതിനെട്ടു വയസ്സോ മറ്റോ ആണ്.' മുഖർജി ഓർക്കാൻ ശ്രമിച്ചു.

          'നിങ്ങൾ പറയുന്ന, ആ പഴയ സ്ഥാപനമാണ് എന്നെ പിന്നീടു ലാഹോറിലേക്കയച്ചത്. അവർക്കപ്പോഴും അവിടെ വലിയ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു'. അദ്ദേഹം പറഞ്ഞു.

          'ലാഹോറിൽ ചെന്ന് ജോലിസംബന്ധമായ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ വൈകി. ഇരുട്ടായിക്കഴിഞ്ഞു. പൊടുന്നനെ, ഞങ്ങൾ താമസിച്ചിരുന്ന വീടു കാണണമെന്നൊരു മോഹം എനിക്കപ്പോളുണ്ടായി. എത്രയോ കാലം ജീവിച്ച പട്ടണമാണ്. ദേവാലയങ്ങളും സ്‌കൂളും കോളേജും ലൈബ്രറിയും അങ്ങാടിയും പരിസരവും തെരുവുകളുമൊക്കെ ഓർമ്മയുണ്ടായിരുന്നു. ഹോട്ടലിൽനിന്നും പുറത്തിറങ്ങി നടക്കുമ്പോൾ വല്ലാത്തൊരു മോഹഭംഗമുണ്ടായി. ഗൃഹാതുരത്വം എന്നൊക്കെ അതിനെ വിളിക്കാമെന്നു തോന്നുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ഉറ്റ ബന്ധുവിനെ വളരെ വർഷങ്ങൾക്കു ശേഷം കാണാൻ പോകുന്നതുപോലെ... പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷം ലാഹോറിന്റെ വഴികളിലൂടെ നടക്കുകയായിരുന്നു. വലിയ പള്ളിക്കും വിശ്രുതമായ ഗുരുദ്വാരയ്ക്കും അടുത്തുകൂടെ, നിരവധി ഹവേലികൾ നിലകൊള്ളുന്ന തെരുവുകളിലൂടെ നടന്നു വേണം വീട്ടിലേക്കു പോകാൻ. എത്രയോ കാലം യാത്ര ചെയ്ത പാതകൾ. വഴിവിളക്കുകളിൽനിന്നും നേരിയ മഞ്ഞിലൂടെ വന്നെത്തുന്ന വെളിച്ചം, പച്ചമരുന്നുകളുടേതെന്നു തോന്നിക്കുന്ന ഒരു നേർത്ത ഗന്ധം... ഞാൻ എന്റെ കുട്ടിക്കാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒരു വീട്ടിന്റെയുള്ളിൽ ആരോ ഒരു സംഗീതോപകരണം മീട്ടുന്നുണ്ടായിരുന്നു. ഒരീണം തെരുവുകളിലേക്കൊഴുകി വരുന്നു.. അതിന്റെ അലകൾ എന്നെ ഉയർത്തിയെടുക്കുന്നതുപോലെ തോന്നി. തണുപ്പുകാലമായിരുന്നതുകൊണ്ട് ആളുകളെല്ലാം മൂടിപ്പുതച്ച വസ്ത്രങ്ങളിലായിരുന്നു. അച്ഛന്റെയൊപ്പം പോകുമ്പോൾ ചെയ്യാറുള്ളതു പോലെ തെരുവിലെ കച്ചവടക്കാരിൽനിന്നും മൺപാത്രത്തിൽ ഒരു ചായ വാങ്ങിക്കഴിച്ചു. അങ്ങനെ എരിവുള്ളൊരു ചായ കുടിച്ചിട്ടും കുറേ വർഷങ്ങളായി. ഇപ്പോഴില്ലാത്ത, ഇനി സാധ്യവുമല്ലാത്ത ഒരു ജീവിതത്തിന്റെ രുചി അതിൽ അലിഞ്ഞുചേർന്നിട്ടുണ്ടായിരുന്നുവെന്നു തോന്നി.

          ഞങ്ങൾ താമസിച്ചിരുന്ന തെരുവിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ചില വീടുകളും പൊളിച്ചു കളഞ്ഞു പുതിയ എടുപ്പുകൾ വന്നു. ചില വഴികൾ പുതിയ കെട്ടിടങ്ങൾക്കൊപ്പം തുണപോയി. എന്നിരുന്നാലും അത്രയും വർഷങ്ങൾക്കു ശേഷവും പഴയ മുഖച്ഛായ മാറിയിട്ടില്ലാത്ത വിധത്തിൽ തന്നെയായിരുന്നു ആ തെരുവ്. ഒരു സൂക്ഷിച്ചുനോക്കിയാൽ പുതിയ എടുപ്പുകൾക്കു പിന്നിൽ പഴയവയുടെ നിഴൽ കാണാം. കുട്ടികളുടെ മുഖങ്ങളിൽ അച്ഛനമ്മമാരെ വായിക്കാവുന്നതുപോലെ. തെരുവിന്റെ അറ്റത്ത്, വലിയ മാറ്റമൊന്നുമില്ലാതെ ഞങ്ങളുടെ വീട് നില്ക്കുന്നുണ്ടായിരുന്നു. അതിനുള്ളിൽ വിളക്കുകൾ കണ്ടു. അവിടെ പുതിയ ആളുകൾ താമസിക്കുന്നുണ്ടെന്നുറപ്പായി, ചെറിയൊരു വേദന തോന്നി, ദേഷ്യവും. നമ്മുടേതു മാത്രമെന്നു വിചാരിക്കുന്ന ചിലർ മറ്റു സുഹൃത്തുക്കളിലേക്കും ബന്ധങ്ങളിലേക്കും പടർന്നു പോകുമ്പോൾ തോന്നാറുള്ള ആ ഒരു സങ്കടമില്ലേ-വാസ്തവത്തിൽ വിഷാദത്തിൽ പൊതിഞ്ഞ അസൂയ മാത്രമാണത്-അതുതന്നെ എനിക്കും അനുഭവപ്പെട്ടു. നാം ഉണ്ടിരുന്ന, ഉറങ്ങിയിരുന്ന അകത്തളങ്ങൾ, കളിച്ചു വളർന്ന ഇടനാഴികൾ, തെന്നിവീണ മുറ്റം, നമുക്കുവേണ്ടി മാത്രം പുഷ്പിച്ച ചെടികൾ, കാലത്തെഴുന്നേറ്റു ജാലകങ്ങളിലൂടെ നോക്കുമ്പോൾ നമുക്കുവേണ്ടി നേരത്തെ ഉണർന്നു കാത്തിരുന്ന തെരുവുകൾ...

          ആ പരിസരങ്ങളിലൊക്കെ നടന്നു നോക്കിയതിനു ശേഷം തിരിച്ചു ഹോട്ടലിലേക്കു പോകാം എന്നായിരുന്നു എന്റെ വിചാരം. പക്ഷേ, അന്നു രാത്രിയിൽ അവിടെ ചെന്നപ്പോൾ, എന്തെന്നറിയില്ല- ആ വീട്ടിനുള്ളിൽ ഒന്നു കയറണമെന്നും കുറച്ചുനേരം ചെലവഴിക്കണമെന്നും വെറുതേ തോന്നി. അതല്ലെങ്കിൽ എന്റെ ശരീരം അവിടെനിന്നും പോരാൻ കൂട്ടാക്കിയില്ല എന്നു പറയണം. മുമ്പു നമ്മുടേ തായിരുന്നുവെങ്കിലും, ഇത്രയും സമയം വൈകിയ ശേഷം ഒരു വീട്ടിൽ ചെന്നു കയറുന്നതിൽ അസ്വാഭാവികതയുണ്ടായിരുന്നു. തന്നെയുമല്ല, ഇപ്പോൾ അവിടെയുള്ള മനുഷ്യർ ഏതു വിധത്തിൽ എടുക്കും എന്നും അറിഞ്ഞുകൂടാ. അക്കാലത്ത് അസഹിഷ്ണുതയെക്കുറിച്ചുള്ള അത്തരം നിരവധി കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ടായിരുന്നു. ഒടുവിൽ രണ്ടും കല്പിച്ച് ഞാൻ വാതിൽക്കൽ ചെന്നു മുട്ടി.

          പത്തുപന്ത്രണ്ടു വയസ്സുള്ള ഒരു പയ്യനാണ് വന്നു വാതിൽ തുറന്നത്. എന്താണ് പറയുക എന്നറിയാതെ ഞാൻ അവിടെ നിന്നു.

          'ബാബയെ കാണാനാണെങ്കിൽ വൈകും. അദ്ദേഹം പ്രാർത്ഥിക്കുകയാണ്. നാളെ രാവിലെ വരൂ'. അവൻ പറഞ്ഞു.

          ഞാൻ ഒന്നും പറയാതെ അവനെ നോക്കുക മാത്രം ചെയ്തു.

          വീട്ടിനുള്ളിൽ വെളിച്ചം കുറവായിരുന്നു. പണ്ടു ഞങ്ങൾ താമസിക്കുന്ന കാലത്തുമതേ, വെളിച്ചം മുറികൾക്കുള്ളിൽ ആരെയോ ഭയപ്പെടുന്നതുപോലെ പരുങ്ങിനില്ക്കുമായിരുന്നു.              'ആരാണ്?' ഞാൻ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അവൻ തിരക്കി.

          'ആരുമല്ല'. ഞാൻ പറഞ്ഞു.

          ആരോ ഒരാൾ, ഒരു സ്ത്രീയായിരിക്കണം, വാതിലിനു പിറകിൽനിന്നും മിന്നിമറയുന്നതു പോലെ തോന്നി. അതിനു ശേഷം അടുക്കളയിൽ പാത്രങ്ങൾ കലമ്പുന്ന ഒച്ചയുണ്ടായി.

          'ആരാണ്?' ഉള്ളിൽനിന്നും ആ സ്ത്രീതന്നെയായിരിക്കണം, വിളിച്ചുചോദിച്ചു. ഇടയിൽ ടാപ്പിൽനിന്നും വെള്ളം വീഴുന്നതിന്റെ ശബ്ദം കേട്ടു.

          'ഞാൻ...ഞാൻ...' വാക്കുകൾ മറന്നുപോയതുപോല ഞാൻ വിക്കി: 'ഞാൻ ആരുമല്ല... പക്ഷേ, ഇവിടെ ജനിച്ചു വളർന്ന ആളാണ്. ഈ വീട്, സത്യത്തിൽ... ഇത്... ഇതെന്റെ വീടായിരുന്നു'.

          പെട്ടെന്ന് എല്ലാ ശബ്ദങ്ങളും നിലച്ചു.

          കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നുപോയി. ഞാൻ അവിടെത്തന്നെ ഉള്ളിലേക്കു നോക്കിനില്ക്കുകയായിരുന്നു. അങ്ങനെ എത്ര നേരം നിന്നു എന്നറിഞ്ഞുകൂടാ. സ്വന്തം വീട്ടിൽ ഒരു കടന്നുകയറ്റക്കാരനെപ്പോലെ നില്‌ക്കേണ്ടിവരുന്നതിന്റെ വേദന അനുഭവിച്ചറിയണം. ഏതു നിമിഷത്തിലാണ് ഹോട്ടലിൽ നിന്നും ഇങ്ങോട്ടു നടക്കാൻ തോന്നിയതെന്ന് ഞാൻ സ്വയം ശപിച്ചു.              അപ്പോൾ ഉള്ളിൽനിന്നും ആജാനുബാഹുവായ ഒരു മധ്യവയസ്‌കൻ ധൃതിയിൽ നടന്ന് ഉമ്മറത്തേക്കു വന്നു.

          'വരൂ, വരൂ, ആരാ വന്നിരിക്കുന്നത് എന്നു നോക്കൂ! അപ്പോൾ ഇതാണ് നമ്മുടെ വീട്ടുകാരൻ! കാളീചരൺ അല്ലേ? എല്ലാവരേയും എനിക്കറിയാം'. എത്രയോനാൾ പരിചയമുള്ള ഒരാളെപ്പോലെ, ചിരിച്ചുകൊണ്ടാണ് അയാൾ വന്നത്. അയാൾ എന്നെ ആ വലിയ കൈകൾക്കുള്ളിൽ ചേർത്തു പിടിച്ചുകൊണ്ട് അകത്തേക്കു കൊണ്ടുപോയി. കുടുംബത്തിലെ എല്ലാവരും ചുറ്റും കൂടി.

കുറച്ചു സമയത്തിനുള്ളിൽത്തന്നെ അയൽപക്കങ്ങളിൽ നിന്നും ഒട്ടേറെ പേർ എന്നെത്തേടി വന്നു. അവരിൽ ചിലരെയെല്ലാം എനിക്കു പരിചയമുണ്ടായിരുന്നു. എല്ലാവരും പരസ്പരം പറഞ്ഞു പറഞ്ഞ് നാടുമുഴുവൻ അറിഞ്ഞതുപോലെ. സകലരും വലിയ ആഹ്ലാദത്തിലായിരുന്നു. കുട്ടികൾ എന്റെ ഉടുപ്പുകളിൽ പിടിച്ചുനോക്കി. മുതിർന്നവർ അച്ഛനേയും അമ്മയേയും കുറിച്ചു ചോദിച്ചു. ചെറുപ്പത്തിൽ ഞാൻ കഴിച്ച തരം പലഹാരങ്ങൾ കൊണ്ടുവന്നു തന്നു. കഴിക്കാൻ നിർബ്ബന്ധിച്ചു. പെട്ടെന്നുതന്നെ അവരുടെ കൂട്ടത്തിലെ ഏതോ ഒരു വിശിഷ്ട അതിഥിയായി ഞാൻ മാറി.

അന്നു കഴിച്ച ഭക്ഷണത്തെക്കാൾ രുചിയുള്ള ഒന്നും പിന്നീടു ഞാൻ കഴിച്ചിട്ടില്ല. അഞ്ചു ഭൂഖണ്ഡങ്ങളിൽ പോയപ്പോഴോ, അമ്പത്തഞ്ചു രാജ്യങ്ങളിൽ താമസിച്ചപ്പോഴോ ഒന്നും. എനിക്കു ഭക്ഷണം കഴിച്ചുകഴിച്ചു വീർപ്പുമുട്ടി എന്നുപറയാം. ഇടയിൽ ആതിഥേയൻ രഹസ്യമായി എന്നെ വിളിച്ചുകൊണ്ടുപോയി അയാളുടെ മുറിയിൽ വച്ച് വിസ്‌ക്കിയൊഴിച്ചു തന്നു. അയാളും കഴിച്ചു. അന്നൊരു സവിശേഷദിവസമാണെന്നും അതുകൊണ്ട് തിരിച്ചൊന്നും പറയരുതെന്നും അയാൾ വിലക്കി. 'നിങ്ങൾ ഇന്നു രാത്രി എവിടേക്കും പോകുന്നില്ല. ഇവിടെ, ഈ വീട്ടിലെ മുകളിലെ മുറിയിൽ താമസിക്കും'. അയാൾ പ്രഖ്യാപിച്ചു.

അതിനു ശേഷം പണ്ട് വിട്ടുപോന്നപ്പോൾ ധൃതിയിൽ ഞങ്ങൾ മറന്നുവച്ച ചില ചിത്രങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്നത് അയാൾ എന്നെ കാണിച്ചു. 'ഒന്നും കളഞ്ഞിട്ടില്ല. എപ്പോഴെങ്കിലും നിങ്ങൾ വന്നാൽ തരണം എന്നു കരുതി'. അയാൾ പറഞ്ഞു. ആ ചിത്രങ്ങൾ ഞാനെടുത്തു.

അങ്ങനെ വർഷങ്ങൾക്കു ശേഷം, അന്നു രാത്രി ഞാൻ ആ വീട്ടിൽ എന്റെ പഴയ മുറിയിൽ താമസിച്ചു. ഒരു അതിഥിയായിട്ട്. രാത്രിയിൽ ആതിഥേയനുമായി കുറേനേരം സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചു പിരിയുമ്പോൾ വളരെ വൈകിയിരുന്നു. അതിനു ശേഷവും ഉറങ്ങാൻ കഴിയാതെ ഞാൻ വിഷമിച്ചു. ഓർമ്മകൾ എന്നെ വല്ലാതെ ഉലച്ചിരുന്നു. തലയണയിൽ മുഖമമർത്തി ഞാൻ കരഞ്ഞു.'' 

പാവകളുടെ വീട്
ഇ. സന്തോഷ്‌കുമാർ
ഡി.സി. ബുക്‌സ്
2022, 220 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP