Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ലീറ്റർ ഡീസലിന് 262 രൂപ, പെട്രോളിന് 249; ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ; ഗോതമ്പിന് 200 രൂപ ഉള്ളിക്ക് 220; പച്ചക്കറിക്ക് 500 ശതമാനം വിലക്കയറ്റം; രാത്രി 8.3നുശേഷം വൈദ്യുതിയില്ല; വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു; ജനം തെരുവിലേക്ക്; ആഗോള ഭിക്ഷക്കാരായി പാക്ക് ജനത

ഒരു ലീറ്റർ ഡീസലിന് 262 രൂപ, പെട്രോളിന് 249; ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ; ഗോതമ്പിന് 200 രൂപ ഉള്ളിക്ക് 220; പച്ചക്കറിക്ക് 500 ശതമാനം വിലക്കയറ്റം; രാത്രി 8.3നുശേഷം വൈദ്യുതിയില്ല; വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു; ജനം തെരുവിലേക്ക്; ആഗോള ഭിക്ഷക്കാരായി പാക്ക് ജനത

എം റിജു

ലാഹോർ: ആഗോള ഭിക്ഷക്കാരനെന്ന് വാക്ക് മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനെ അന്നത്തെ പ്രതിപക്ഷം പരിഹസിക്കാൻ ഉപയോഗിച്ച വാക്കാണ്. പക്ഷേ ഇപ്പോൾ ഇമ്രാൻ ഭരണം അവസാനിച്ചിട്ടും അതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ് പാക്കിസ്ഥാൻ. ഇപ്പോൾ പാക് ജനത തന്നെ ആഗോള ഭിക്ഷക്കാർ ആയിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യക്ഷാമം നേരിട്ട് ലോകത്തിന് മുമ്പാകെ കൈ നീട്ടുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഇതോടെ ആട്ടക്കും ഗോതമ്പിനും വരെ കരിഞ്ചന്തയായിരിക്കയാണ്. ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപവരെ ആയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐഎംഎഫിനോടും, അമേരിക്കയും, റഷ്യയും, ചൈനയും, യുഎഇയും, സൗദി അടക്കമുള്ള രാജ്യങ്ങളോടും, കാശിനായി യാചിക്കുന്ന നിലയിലാണ്, ജിന്നയുടെ വിശുദ്ധനാട് തരം താഴുന്നത്. ഒടുവിൽ ശ്രീലങ്കക്ക് സമാനമായി ജനം കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് പാക്കിസ്ഥാനിൽ കാണാൻ കഴിയുന്നത്. റഷ്യയും ചൈനയും സൗദി അറേബ്യയും യുഎഇയും നൽകിയ സാമ്പത്തിക സഹകരണത്തിലാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. പക്ഷേ അതും ഒന്നിനും തികയുന്നില്ല. പണപ്പെരുപ്പം 27 ശതമാനം ഉയർന്നു. പാക്കിസ്ഥാന്റെ ട്രഷറിയിൽ ഇനി അവശേഷിക്കുന്നത് 375 കോടി രൂപമാത്രം. കഷ്ടിച്ച് രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള പണം മാത്രമാണ്. ഇറക്കുമതി ചെയ്യാൻ പണമില്ലാത്തതുകൊണ്ട് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നിറച്ച 8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.

കലാപ സമാനമായ അവസ്ഥ

ഭക്ഷ്യ പ്രതിസന്ധി കലാപത്തിന് സമാനമമായ പ്രശ്നങ്ങളിലേക്ക് പാക്കിസ്ഥാനെ കൊണ്ട് എത്തിക്കുമെന്നാണ്് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പറയുന്നത്.
ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുകയാണ് ജനം. വടക്കൻ മേഖലയിൽ പലയിടത്തും ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപയാണ് വില. ഗോതമ്പ് കിലോയ്ക്ക് 200 രൂപ. സവാള വില 500 ശതമാനം വർധിച്ച് 220 രൂപയിലെത്തി. ഇന്ധനത്തിന് തീവിലയായി. ഒരു ലീറ്റർ ഡീസലിന് 262 രൂപ. പെട്രോൾ 249 രൂപ. കെറോസീൻ ഓയിൽ 189 രൂപ. ഒരു ഡോളർ കിട്ടാൻ 260 പാക്കിസ്ഥാനി രൂപ നൽകണം. ചെലവ് നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഊർജവും ഇന്ധനവും ലാഭിക്കാൻ ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 8.30 ക്ക് ശേഷം പ്രവർത്തിക്കരുതെന്ന് നിർദേശിച്ചു. ഇറക്കുമതി മുടങ്ങിയത് വിപണിയെ ആകെ ബാധിച്ചു. പ്രധാന വ്യവസായമായ ടെക്സ്റ്റൈൽ ഉൾപ്പെടെ അടച്ചുപൂട്ടി. നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചു. ഒരു നേരത്തെ അന്നം യാചിച്ചിറങ്ങുന്നവരുടെ എണ്ണമേറി. രണ്ടുനേരം തികത്ത് കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു.

കടുത്ത തണുപ്പുള്ള ജനുവരി 23ന് രാവിലെ പാക്കിസ്ഥാൻ കണ്ണുതുറന്നത് ഇരുട്ടിലേക്കാണ്. ഊർജ പ്രതിസന്ധി പരിഹരിക്കാനും കുറയ്ക്കാനും സർക്കാർ നടത്തിയ സാങ്കേതിക പരിഷ്‌കാരം തിരിച്ചടിച്ചു. 22 മണിക്കൂറാണ് ഒരു രാജ്യം മുഴുവൻ വൈദ്യുതിയില്ലാതെ കഴിഞ്ഞത്. ജനസാന്ദ്രതയേറിയ കറാച്ചി, ഇസ്ലാമാബാദ്, പെഷവാർ, ലാഹോർ തുടങ്ങിയ നഗരങ്ങളിലൊക്കെ ജനജീവിതം സ്തംഭനത്തിലായി. ഇതോടെയാണ് ജനം തെരുവിലറങ്ങിയത്.

ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വാടകക്ക് കൊടുക്കുന്നതിനെപറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ!എന്നാൽ അത്തരത്തിലുള്ള ഒരു കടുംവെട്ടിനാണ് കഴിഞ്ഞവർഷം പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കി മാതൃകകാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്. തീറ്റകൊടുക്കാൻ വകയില്ലാത്തത്തിനാൽ മൃഗശാലകളിലെ സിംഹങ്ങളെപ്പോലും ഇപ്പോൾ വിറ്റുകഴിഞ്ഞു. മൃഗങ്ങളെ തുറന്ന് വിടുകയാണ്.

ക്ലിയറൻസ് ലക്ഷ്വറി കാറുകൾക്ക് മാത്രം

8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. എന്നാൽ ഇതിൽ ലക്ഷ്വറി കാറുകൾക്ക് മാത്രം ക്ലിയറൻസ് കിട്ടി. രാജ്യം ഇത്രവലിയ പ്രതിസന്ധിയിൽ തുടരുമ്പോഴും, ജനം ഭക്ഷണമില്ലാതെ വലയുമ്പോഴുമാണ് ഇതെന്ന് ഓർക്കണം. മിലിട്ടറി ഉദ്യോഗസ്ഥർക്ക് ടാക്സില്ലാതെ ലക്ഷ്വറി കാറുകൾ ഇറക്കുമതി ചെയ്യാൻ നിയമമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ചെലവ് കുറയ്ക്കലിന്റെ ഭാരം മുഴുവൻ സാധാരണക്കാരന്റെ ചുമലിൽ വച്ച് സമ്പന്നരായ വിഭാഗം സുഖമായി ജീവിക്കുന്നു. ടാക്സ് പരിധി വർധിപ്പിക്കുന്നതിൽ പാക്കിസ്ഥാന് തടസം ഇവരിൽ നിന്നുള്ള സമ്മർധമാണ്. ഒരു ശതമാനം പാക്കിസ്ഥാനികൾ മാത്രമാണ് ടാക്സ് നൽകുന്നത്. ലോകത്തിൽ ടാക്സ് ടു ജിഡിപി റേഷ്യോ ഏറ്റവും കുറവുള്ള രാജ്യമാണ് പാക്കിസ്ഥാൻ. മൂലധന നിക്ഷേപത്തിനും വരുമാനം കൂട്ടാനുമുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് പാക്കിസ്ഥാൻ കണ്ടില്ലെന്ന് നടിക്കുന്നത്. രാജ്യത്തെ ബജറ്റിന്റെ 18 ശതമാനവും സൈന്യത്തിനുള്ള നീക്കിയിരിപ്പാണ്. മൂന്ന് മൂന്ന് ഈ രണ്ടു പ്രതിസന്ധികൾക്കും മുകളിലേക്ക് കഴിഞ്ഞ മൺസൂണിൽ പെയ്തിറങിയ മഴയും പ്രളയവും.

1739 പേരുടെ ജീവനെടുത്ത പ്രളയം. മൂന്നരക്കോടി ജനങ്ങളെ മുക്കി. 1490 കോടിയുടെ നാശനഷ്ടം. 80 ലക്ഷം ഏക്കറുകളിൽ വിളനാശമുണ്ടായി. ദക്ഷിണ കാർഷികമേഖല തകർന്നടിഞ്ഞു. സിന്ധ് പ്രൊവിൻസ്, പഞ്ചാബ്, ബലൂചിസ്ഥാൻ തുടങ്ങിയ മേഖലകൾ വെള്ളക്കെട്ടിൽ മുങ്ങി. പാക്കിസ്ഥാന്റെ ഭക്ഷണമേശയിൽ എന്നും വേണ്ട വാഴപ്പഴം, ഗോതമ്പ്, ഉള്ളി, ഈന്തപ്പഴം എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന മേഖലകളായിരുന്നു ഇതൊക്കെ. കൃഷി പൂർണമായി നശിച്ചു. പ്രളയമുണ്ടായ പല പ്രദേശങ്ങളും ഒരു തുരുത്തായി മാറി. അവിടെ ജീവീച്ചിരുന്ന ഒരു ജനത തുടച്ചുമാറ്റപ്പെട്ടും. പാക്കിസ്ഥാൻ ജനസംഖ്യയുടെ മൂന്നിലൊന്നും പ്രളയക്കെടുതിക്ക് ഇരയായി. യുണിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലക്ഷക്കണക്കിന് കുട്ടികൾ ഇവിടെ പോഷകാഹാരാമില്ലാതെ കഷ്ടപ്പെടുന്നു. മലിനജലത്തിൽ കഴിയേണ്ടിവന്നവരിൽ രോഗബാധ കൂടി. പ്രളയബാധിത മേഖലകളിൽ മരുന്നില്ല, ഭക്ഷണമില്ല, വീടില്ല. ഒന്നുമില്ലാതായിപ്പോയ ഒരു ജനതയുടെ ദാരിദ്രനിർമ്മാർജനത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനും ഊന്നൽ നൽകേണ്ട ചെയ്ത ഭരണകൂടം ആദ്യം ചെയ്തത് പുറത്ത് കൂടുതൽ കയ്യടി കിട്ടുന്ന പരിപാടിയായിരുന്നു. പുനരധിവാസവും പുനർനിർമ്മാണവും. കാർഷികമേഖലയിൽ അതുവരെ സ്വന്തമായി ഉൽപ്പാദിപ്പിച്ചതെല്ലാം പാക്കിസ്ഥാന് ഇറക്കുമതി ചെയ്യേണ്ടി വന്നു.

ചായ കുടിക്കാൻ പോലും ഗതിയില്ല!

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ,ജനങ്ങൾ ചായ കുടിക്കുന്നത് കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാക്കിസ്ഥാന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിർന്ന മന്ത്രി അഹ്‌സൻ ഇക്‌ബാലിന്റെ അഭിപ്രായപ്പെട്ടത് ഈയിടെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇത്. ഇതുതന്നെയാണ് ചായകുടി കുറയ്ക്കണമെന്ന് മന്ത്രിയെക്കൊണ്ട് പറയിപ്പിച്ചതും. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതിലധികവും വായ്പയെടുത്താണ് വാങ്ങിയതും. ഇതോടെയാണ് ഒരു ദിവസം ഒരു കപ്പ് ചായ കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാമെന്നും ഗത്യന്തരമില്ലാതെ മന്ത്രിക്ക് പറയേണ്ടിവന്നത്.

ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാക്കിസ്ഥാനിൽ. പാചകവാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാൻ ജനത. ഗ്യാസ് ക്ഷാമം വർധിച്ചതോടെ സിലണ്ടറുകൾക്കും ഡിമാൻഡ് ഏറിയിരുന്നു. ഈ സാഹചര്യത്തിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് ഗ്രാമീണജനങ്ങളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വൈദ്യുതി കൂടുതൽ ആവശ്യമുള്ള ഫിലമെന്റ് ബൾബുകളുടെ ഉത്പാദനം ഫെബ്രുവരി ഒന്നുമുതൽ നിർത്തിയിട്ടുണ്ട്. കറന്റ് കൂടുതൽ വേണ്ടിവരുന്ന ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിർത്തും. ഇതുവഴി 2200 കോടി രൂപ ലഭിക്കാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. എല്ലാ സർക്കാർ മന്ദിരങ്ങളും ഓഫീസുകളും ഊർജഉപയോഗം കുറയ്ക്കാനും പദ്ധതിയുണ്ട്.

പാക്കിസ്ഥാന്റരൂപയുടെ മൂല്യം വൻതോതിൽ ഇടിയുകയാണ്. വെള്ളിയാഴ്ച ഇന്റർ ബാങ്ക്, ഓപ്പൺ മാർക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. അതായത് ഇപ്പോൾ ഒരു ഇന്ത്യൻരുപകൊടുത്താൽ മൂന്നേകാൽ പാക്ക് രൂപ കിട്ടും! ഇരട്ടിയിൽ അധികം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. സർക്കാർ ജീവനക്കാരുടെ ശമ്പളം 10 ശതാമനം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും എണ്ണമടക്കം കുറച്ച്, മന്ത്രാലയങ്ങളുടെ ചെലവുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കണമെന്നും നാഷനൽ ഓസ്റ്ററിറ്റി കമ്മിറ്റി (എൻഎസി) നൽകിയ ശുപാർശകളിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP