Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; ലക്കിടി ജവഹർ നവോദയ സ്‌കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടി; രോഗം പകർന്നത് സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസിലൂടെ

വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; ലക്കിടി ജവഹർ നവോദയ സ്‌കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടി; രോഗം പകർന്നത് സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

വൈത്തിരി: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോഗം പകർന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ജവഹർ നവോദയ വിദ്യാലയത്തിലെ 122ഓളം വിദ്യാർത്ഥികൾ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

കുട്ടികളിൽ അസ്വസ്ഥത കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പരിശോധന റിപ്പോർട്ട് വന്നതോടെയാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളും പരിസരവും ചൊവ്വാഴ്ച സന്ദർശിക്കുകയും ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തികൾ നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം കൊച്ചിയിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചി കാക്കനാട്ടെ സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലെ 19 വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് രോഗബാധയുണ്ടായത്. രോഗബാധയുള്ള കുട്ടി സ്‌കൂളിലെത്തിയതോടെയാണ് നോറോ വൈറസ് പടർന്നുപിടിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞിരുന്നു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP