Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെടിക്കെട്ട് ബാറ്റിങ്; മിന്നും സെഞ്ചുറി; ഗില്ലിന്റെ വീരോചിത പോരാട്ടത്തിന് സാക്ഷിയായി സച്ചിനും; സാറയ്ക്കുവേണ്ടി 'ഇംപ്രസ്' ചെയ്യാനെന്ന് ആരാധകർ; ഇരുവരും പ്രണയത്തിലെന്ന ഗോസിപ്പുകൾ ചർച്ചയാക്കി സൈബർ ലോകം

വെടിക്കെട്ട് ബാറ്റിങ്; മിന്നും സെഞ്ചുറി; ഗില്ലിന്റെ വീരോചിത പോരാട്ടത്തിന് സാക്ഷിയായി സച്ചിനും; സാറയ്ക്കുവേണ്ടി 'ഇംപ്രസ്' ചെയ്യാനെന്ന് ആരാധകർ; ഇരുവരും പ്രണയത്തിലെന്ന ഗോസിപ്പുകൾ ചർച്ചയാക്കി സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയും സെഞ്ചുറികളുമായി ബാറ്റിങ് വെടിക്കെട്ട് തുടരുമ്പോഴും ട്വന്റി 20യിൽ മികച്ച സ്‌കോർ കണ്ടെത്താത്തിന്റെ പേരിൽ കടുത്ത വിമർശനമാണ് ശുഭ്മാൻ ഗിൽ നേരിട്ടത്. എന്നാൽ ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി വിമർശനകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകാൻ യുവതാരത്തിന് കഴിഞ്ഞു. ട്വന്റി 20 ഫോർമാറ്റിനു ചേർന്ന കളിക്കാരനല്ലെന്ന വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയായിരുന്നു ഇന്ത്യൻ ഓപ്പണറുടേത്.

63 പന്തിൽ പുറത്താകാതെ 126 റൺസുമായി ശുഭ്മൻ ഗിൽ തിളങ്ങിയ മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2 - 1ന് സ്വന്തമാക്കുകയും ചെയ്തു. മൂന്നാം ടി20യിൽ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ ഇന്ത്യൻ പേസർമാർ 66 റൺസിനു പുറത്താക്കി.

ഈ വർഷം ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെ ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച ഗില്ലിന് ആദ്യ അഞ്ച് മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല. ന്യൂസീലൻഡിനെതിരായ ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടിയതിന്റെ തിളക്കത്തിൽ എത്തിയിട്ടും ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങളിലും ഗില്ലിന് ഫോം കണ്ടെത്താൻ കഴിയാതെ പോയതിൽ കടുത്ത വിമർശനം ഉയരുകയും ചെയ്തു. യഥാക്രമം 7, 11 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ട്വന്റി20കളിൽ ഗില്ലിന്റെ സ്‌കോർ. എന്നാൽ മൂന്നാം മത്സരത്തിൽ, നിറഞ്ഞാടി വിമർശകരുടെ വായടപ്പിക്കാൻ താരത്തിനു സാധിച്ചു.

ഹൈദരാബാദിൽ നടന്ന ഒന്നാം ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചറി നേടിയ ഇന്നിങ്‌സിന്റെ തനിയാവർത്തനം പോലെയായിരുന്നു അഹമ്മദാബാദിൽ ഗില്ലിന്റെ ബാറ്റിങ്. 35 പന്തിൽ കരിയറിലെ ആദ്യ ട്വന്റി20 അർധ സെഞ്ചറി പിന്നിട്ട താരം തുടർന്ന് സെഞ്ചറി നേടാനെടുത്തത് വെറും 19 പന്തുകൾ. 12 ഫോറും 7 സിക്‌സും ആ ബാറ്റിൽ നിന്നു പറന്നു. സ്പിന്നർമാർക്കെതിരെ 22 പന്തുകളിൽ 29 റൺസ് മാത്രം നേടിയ ഗില്ലിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞത് കിവീസ് പേസർമാരാണ്; 38 പന്തിൽ 94 റൺസ്!

കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറിക്കൊപ്പം ട്വന്റി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോറും സ്വന്തമാക്കിയ ശുഭ്മൻ ഗിൽ ഇന്നലെ അപരാജിതനായാണ് ക്രീസിൽനിന്നു മടങ്ങിയത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമായി ഈ ഇരുപത്തിമൂന്നുകാരൻ. സുരേഷ് റെയ്‌ന, രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേർ.

എന്നാൽ ക്രീസിൽ ഗിൽ വെടിക്കെട്ട് തീർക്കുമ്പോൾ സമൂഹമാധ്യമങ്ങളും മിന്നും പ്രകടനം ആഘോഷമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ സാക്ഷിയാക്കിയായിരുന്നു ഗില്ലിന്റെ മാസ്മരിക പ്രകടനമെന്നതാണ് സൈബർ ലോകം ആഘോഷിച്ചത്. ഗില്ലും സച്ചിന്റെ മകൾ സാറ തെൻഡുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളുടെ പശ്ചാത്തലത്തിലാണ് ട്രോളുകൾ നിറഞ്ഞത്.

മത്സരത്തിന് മുൻപ്, അണ്ടർ 19 വനിതാ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ ആദരിക്കുന്ന ചടങ്ങിനായാണ് സച്ചിൻ തെൻഡുൽക്കർ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയത്. സാറയ്ക്കുവേണ്ടി സച്ചിനെ ഇംപ്രസ് ചെയ്യിക്കാനായിരുന്നു ഗില്ലിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനമെന്നാണ് ആരാധകർ പറയുന്നത്. തന്റെ ആദ്യ അഞ്ച് ട്വന്റി20 മത്സരത്തിലും തിളങ്ങാനാകാതെ പോയെങ്കിലും സച്ചിൻ എത്തിയതോടെ പ്രത്യേക ഊർജം ഗില്ലിനു ലഭിച്ചതായും ചിലർ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പരസ്പരം പോസ്റ്റുകൾ ലൈക്ക് ചെയ്യുകയും കമന്റു ചെയ്യുകയും ചെയ്തതോടെയാണ് ശുഭ്മാൻ ഗില്ലും സാറ തെൻഡുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന് ആദ്യം ഗോസിപ്പുകൾ വന്നത്. ഇൻസ്റ്റ്ഗ്രാമിൽ ഗില്ലിന്റെ സഹോദരിമാരെ ഉൾപ്പെടെ സാറ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഇരുവരും ഇതു സംബന്ധിച്ച് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

അതേസമയം, ബോളിവുഡ് താരം സാറ അലി ഖാനുമായി ചേർന്നും ഗില്ലിന്റെ പേര് ഗോസിപ്പ് കോളങ്ങളിലുണ്ട്. കഴിഞ്ഞവർഷം പഞ്ചാബി നടി സോനം ബജ്വയ്ക്കൊപ്പം ശുഭ്മാൻ ഒരു ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, പ്രണയ ജീവിതത്തെക്കുറിച്ച് ഗില്ലിനോടു സോനം വളരെ രസകരമായ ചില ചോദ്യങ്ങൾ ചോദിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സാറ അലി ഖാന്റെ പേരാണ് ഗിൽ പറഞ്ഞത്.

ബോളിവുഡ് താരവുമായി ഡേറ്റിങ് നടത്തുമോ എന്നു ചോദിച്ചപ്പോൾ 'ഒരുപക്ഷേ' എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഇതോടെയാണ് സാറ അലി ഖാൻ ഗിൽ ഗോസിപ്പുകൾക്ക് തുടക്കമായത്. ഒരിക്കൽ ഇരുവരെയും ഒന്നിച്ച് ഒരു അത്താഴവിരുന്നതിന് കാണുകയും ചെയ്തു. ഇക്കാര്യത്തിലും ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP