Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇനി ആടുതോമമാർ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ; സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥം'; അദ്ധ്യാപികയുടെ വാക്കുകൾ പങ്കുവെച്ച് സംവിധായകൻ ഭദ്രൻ

'ഇനി ആടുതോമമാർ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ; സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥം'; അദ്ധ്യാപികയുടെ വാക്കുകൾ പങ്കുവെച്ച് സംവിധായകൻ ഭദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധകരുടെ ഹൃദയം കീഴടക്കിയ സ്ഫടികം സിനിമയുടെ റി റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. ഫെബ്രുവരി ഒൻപതിനാണ് സിനിമയുടെ ഫോർ കെ പതിപ്പ് തിയറ്ററുകളിലെത്തുന്നത്. റെയ്ബാൻ ഗ്ലാസ് വെച്ച് ഉടുമുണ്ടും ചുഴറ്റി എത്തിയ ആടുതോമ കീഴടക്കിയത് എണ്ണമറ്റ പ്രേക്ഷക ഹൃദയങ്ങളെയായിരുന്നു. എക്കാലത്തെയും എവർഗ്രീൻ ചിത്രം 'സ്ഫടികം' വീണ്ടും റിലീസിനെത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ. 28 വർഷങ്ങൾക്ക് ശേഷം സിനിമ എത്തുന്നത് 4k ദൃശ്യമികവോടെയാണ്.

സിനിമയുടെ വരവറിയിച്ചെത്തിയ മോഷൻ പോസ്റ്ററിനും, ടീസറിനും ക്യാരക്ടർ പോസ്റ്ററുകൾക്കുമുള്ള സ്വീകരണത്തിന് നന്ദിയറിയിച്ച് സംവിധായകൻ ഭദ്രൻ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെ സിനിമയുടെ ഈ കാലത്തെ പ്രാധാന്യത്തെ കുറിച്ച് ഒരു അദ്ധ്യാപിക പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഒരു കുറിപ്പിനോടൊപ്പമാണ് ഭദ്രൻ വീഡിയോ ഫേസ്‌ബുക്കിൽ പങ്കിട്ടിരിക്കുന്നത്. 'സ്ഫടികം' അനേകം അധ്യായങ്ങൾ ഉൾക്കൊള്ളുന്നൊരു ബൃഹത് ഗ്രന്ഥമാണെന്നാണ് അദ്ധ്യാപിക വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ഭദ്രന്റെ കുറിപ്പ് ചുവടെ:

''സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അദ്ധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാർ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ', പറയുന്നത് ഒരു ടീച്ചറാണ്. ഞാൻ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്, യാദൃശ്ചികമായി കഴിഞ്ഞ ദിവസം ആ വീഡിയോ എനിക്ക് മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറെ പ്രണാമം''.

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിന്റെ 19-ാം വാർഷിക ദിന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സ്‌കൂളിലെ മലയാളം അദ്ധ്യാപികയായ സലില 'സ്ഫടികം' സിനിമയെ കുറിച്ച് പറയുകയുണ്ടായത്. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനായി സംവിധായകൻ ഭദ്രനെ ക്ഷണിക്കുന്നതിനിടയിൽ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു 'സ്ഫടികം' സിനിമയുടെ ഈ കാലത്തുള്ള പ്രസക്തിയെ കുറിച്ച് അവർ പറഞ്ഞത്. 28 വർഷങ്ങൾക്ക് ശേഷം 4ഗ ദൃശ്യമികവിൽ 'സ്ഫടികം' ഫെബ്രുവരി 9ന് തിയറ്ററുകളിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് അവർ ആശംസകൾ നേരുകയുമുണ്ടായി. നടൻ നന്ദു, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ് തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമായിരുന്നു

ചിത്രം റീ-റിലീസിന് എത്തുമ്പോൾ ചില സർപ്രൈസുകൾ കാത്തിരിപ്പുണ്ടെന്നും പറയുന്നു സംവിധായകൻ. 'ആടുതോമ നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും. അതിനായുള്ള വിവരങ്ങൾ വൈകാതെ അപ്‌ഡേറ്റ് ചെയ്യം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കു'മെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.

''നിങ്ങളേവരും നെഞ്ചുംകൂടിൽ നിണമുദ്രണം ചെയ്ത, ആടുതോമ ആടിതിമിർത്ത 'സ്ഫടികം' 4 കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. പാതയുണർത്തുന്ന ആ ബുള്ളറ്റിന്റെ വരവും ലോറിയുടെ ഇരമ്പലും കരിമ്പാറ പൊട്ടിചിതറുന്ന സ്‌ഫോടന ശബ്ദവുമൊക്കെ ഫെബ്രുവരി 9 മുതൽ നിങ്ങളുടെ കർണപുടങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യയുടെ തികവോടെ വിസ്മയാവേശത്തിൽ പതിയുന്ന ആ നിമിഷങ്ങളെ ഓർത്തുള്ള ആകാംക്ഷയിലാണ് ഞാൻ.

സിനിമയുടെ വരവറിയിച്ചെത്തിയ മോഷൻ പോസ്റ്ററിനും, ടീസറിനും, ക്യാരക്ടർ പോസ്റ്ററുകൾക്കും നിങ്ങൾ തന്ന അത്ഭുതപൂർവ്വമായ സ്വീകരണത്തിന് മനസ്സിൽ തട്ടിയുള്ള നന്ദി സ്‌നേഹം. 4കെ ദൃശ്യമികവിൽ 'സ്ഫടികം' നിങ്ങൾക്ക് മുന്നിൽ തെളിയുമ്പോൾ കൂട്ടിച്ചേർത്ത ചില പുതിയ ഷോട്ടുകൾ ഉണ്ടാകുമെന്ന് ഞാൻ കൊച്ചിയിൽ പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിങ്ങൾ പുതിയ ഷോട്ടുകൾ ഏവയെന്ന് നോക്കിയിരിക്കുമ്പോൾ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിന്റെ രസതന്ത്രം മുറിഞ്ഞു പോയാലോ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ 'സ്ഫടിക'ത്തെ നെഞ്ചോടു ചേർത്ത് സ്‌നേഹിക്കുന്ന പലരുടേയും പല കോണിൽ നിന്നുള്ള അഭിപ്രായങ്ങൾ മാനിച്ച് അതിൽ ഒരു വ്യത്യാസം വരുത്തുകയാണ്.

ആ സമ്മാനം നിങ്ങൾക്ക് ലഭ്യമാക്കാൻ മറ്റൊരു രീതി ഞങ്ങൾ അവലംബിക്കുകയാണ്. 28 കൊല്ലം സ്‌നേഹം തന്നതിന്റെ സമ്മാനമായി, ഇനി ആടുതോമ നിങ്ങൾക്ക് നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും. അതിന് വേണ്ടിയുള്ള #SpadikamContest ന്റെ details വൈകാതെ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കും.''-ഭദ്രൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP