Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേസ് ഒതുക്കി തീർക്കാൻ ഐ ഫോൺ 14 ഉം മൂന്നര ലക്ഷവും; കറുത്ത ഐ ഫോൺ കൊടുത്തപ്പോൾ മുന്തിയ നീല ഇനം വേണമെന്ന് വാശി; മലപ്പുറത്തെ ടീമിനെ അറിയിക്കാതെ ശരണം പ്രാപിച്ചത് മനോജ് എബ്രഹാമിനെ; ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈലിനെ പിടികൂടിയത് വിജിലൻസ് ഡയറക്ടറുടെ ആസൂത്രിത നീക്കത്തിലൂടെ

കേസ് ഒതുക്കി തീർക്കാൻ ഐ ഫോൺ 14 ഉം മൂന്നര ലക്ഷവും; കറുത്ത ഐ ഫോൺ കൊടുത്തപ്പോൾ മുന്തിയ നീല ഇനം വേണമെന്ന് വാശി; മലപ്പുറത്തെ ടീമിനെ അറിയിക്കാതെ ശരണം പ്രാപിച്ചത് മനോജ് എബ്രഹാമിനെ; ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈലിനെ പിടികൂടിയത് വിജിലൻസ് ഡയറക്ടറുടെ ആസൂത്രിത നീക്കത്തിലൂടെ

ജംഷാദ് മലപ്പുറം

മലപ്പുറം: വഞ്ചനാ കേസ് ഒതുക്കിത്തീർക്കാൻ ഐഫോൺ 14 മോഡലും പണവും വാങ്ങിച്ച പരാതിയിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ സുഹൈലിനെ വിജിലൻസ് പിടികൂടിയത് ആസൂത്രിതമായ നീക്കത്തിലൂടെ. പരാതിക്കാരൻ നേരെ തിരുവനന്തപുരത്തുപോയി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നൽകിയതും ഇതിന്റെ ഭാഗമായാണ്. മലപ്പുറത്തുപരാതി നൽകിയാൽ പൊലീസ് തന്നെ കുറ്റക്കാരനാക്കി കേസ് തേയ്ച്ചുമായ്ച്ചുകളയുമെന്നും കൂടുതൽ കേസുകൾ തന്റെ മേൽ കെട്ടിച്ചമക്കുമെന്നും ഭയന്നു. തന്നോട് മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ കൈക്കൂലി ആവശ്യപ്പെട്ട തെളിവുകൾ സഹിതമാണ് വിജിലൻസ് ഡറയക്ടറെ കണ്ടത്. തുടർന്നു തന്റെ ആധിയും പരാതിക്കാരൻ വിജിലൻസ് ഡയറക്ടറോട് പറഞ്ഞു.

പ്രതി പൊലീസുകാരൻ തന്നെയായതിനാൽ വിഷയം ചോരുമെന്നും തെളിവുസഹിതം പിടികൂടാൻ സാധിച്ചില്ലെങ്കിൽ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും കണ്ട വിജിലൻസ് മനോജ് എബ്രഹാം തന്റെ വിശ്വസ്തനായ കോഴിക്കോട്ടെ വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെയാണ് കേസ് ഏൽപിച്ചത്. സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും കൂടുതൽ പേരെ വിവരം അറിയിക്കേണ്ടെന്നും നിർദ്ദേശം നൽകി. മറ്റു കേസുകളായിരുന്നെങ്കിൽ മലപ്പുറം വിജിലൻസ് ഡി.വൈ.എസ്‌പിക്കു കൈമാറാമായിരുന്ന കേസ് ഇതിനാൽ തന്നെ നേരിട്ട് എസ്‌പി ഇടപെട്ടു നടത്തുകയായിരുന്നു..

തുടർന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ സുഹൈൽ ആവശ്യപ്പെട്ട ഫോൺ വാങ്ങിച്ചു നൽകിയതും പണം കൈമാറിയതും എല്ലാ തെളിവോടെ പിടികൂടിയത്. അരീക്കോട്ടുകാരൻ സുഹൈലിനെ അറസ്റ്റ് ചെയ്ത ശേഷമാണു സംഭവം മലപ്പുറം വിജലൻസിനെ അറിയിക്കുന്നത്. തുടർന്നു ഇന്നലെ വൈകിട്ടു നാലോടെ കോഴിക്കോടുനിന്നു വന്ന ഉദ്യോഗസ്ഥരും മലപ്പുറത്തെ സംഘവും സംയുക്തമായി അരീക്കോട്ടെ സുഹൈലിന്റെ വീട്ടിൽ പരിശോധന നടത്തി.

അന്വേഷണം നടന്നുവരുന്ന വഞ്ചനാ കേസിലെ പ്രതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലി വാങ്ങിയത്. സംഭവത്തിൽ ഇടനിലക്കാരൻ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും വിജിലൻസ് പിടികൂടിയിരുന്നു. 2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരൻ. ഈ കേസിൽ 2019ൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ ഇദ്ദേഹം ബംഗളുരുവിൽനിന്ന് അറസ്റ്റിലായിരുന്നു. വളരെ വേഗം ജാമ്യം ലഭിച്ചെങ്കിലും, കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുഹൈൽ പരാതിക്കാരനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കൂടുതൽ വാറണ്ടുകളുണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ കേസിൽനിന്ന് ഊരാൻ സഹായിക്കാമെന്നും പറഞ്ഞു. മൂന്നര ലക്ഷം രൂപയും ഐഫോൺ 14 മോഡലും വാങ്ങി നൽകണമെന്നതായിരുന്നു സുഹൈലിന്റെ ആവശ്യം.

സുഹൈൽ പറഞ്ഞപ്രകാരം, കറുത്ത ഐഫോൺ 14 വാങ്ങി ഇടനിലക്കാരനായ മുഹമ്മദ് ബഷീറിനെ ഏൽപ്പിച്ചു. എന്നാൽ തനിക്ക് നീല നിറത്തിലുള്ള മുന്തിയ മോഡൽ ഐഫോൺ(256 ജിബി) വേണമെന്ന ആവശ്യം സുഹൈൽ ഉന്നയിച്ചു. ഇതനുസരിച്ച് 2023 ജനുവരി 23ന് കറുത്ത ഐഫോൺ ഇടനിലക്കാരൻ വഴി തിരികെ നൽകുകയും ചെയ്തു. പണവും ആവശ്യപ്പെട്ട ഐഫോണും എത്രയും വേഗം നൽകണമെന്നും, ഇല്ലെങ്കിൽ കേസ് ബലപ്പെടുത്തുമെന്നും സുഹൈൽ നിരന്തരം പരാതിക്കാരനെ ഭീഷണിപ്പെടുത്തി. സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും കുറച്ചു സാവകാശം വേണമെന്നും സുഹൈലിനെ പരാതിക്കാരൻ അറിയിച്ചു.

എസ്‌ഐയുടെ ഭീഷണി അസഹനീയമായതോടെ യുവാവ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നൽകുകയായിരുന്നു. ഇതോടെ കൈക്കൂലി ആവശ്യപ്പെട്ട എസ്‌ഐയെ പിടികൂടാൻ വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന് മനോജ് എബ്രഹാം നിർദ്ദേശം നൽകി. വിജിലൻസ് സംഘത്തിന്റെ നിർദ്ദേശാനുസരണം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോൺ 14 (256 ജിബി) വാങ്ങി സബ് ഇൻസ്പെക്ടർ സുഹൈൽ നിർദ്ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഇടനിലക്കാരൻ ഹാഷിമിനെ ഏൽപ്പിച്ചു. ഇതോടെ നേരത്തെ ആവശ്യപ്പെട്ട 3.5 ലക്ഷം രൂപ ഗഡുക്കളായി നൽകിയാൽ മതിയെന്ന് സുഹൈൽ പരാതിക്കാരനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡു 50000 രൂപ സുഹൈൽ ആവശ്യപ്പെട്ട പ്രകാരം ആദ്യ ഇടനിലക്കാരനായിരുന്ന മുഹമ്മദ് ബഷീറിനെ ഇന്ന് ഉച്ചയോടെ ഏൽപ്പിച്ചു. മുഹമ്മദ് ബഷീറിനെ പിന്തുടർന്ന വിജിലൻസ് സംഘം, സുഹൈലിന് പണം കൈമാറുന്ന സമയം ഇരുവരെയും പിടികൂടുകയായിരുന്നു ഇവരെ ഇന്നു വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP