Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു

അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: അനിൽ ആന്റണിയാണ് ശരിയെന്നു കാലം കൈയോടെ തെളിയിക്കുകയാണോ? ഈ സംശയം ബലപ്പെടുത്തുന്ന വാർത്ത അവതരണവുമാണ് ബിബിസി തിങ്കളാഴ്ച വൈകിട്ട് ലോകത്തിനു മുന്നിലേക്ക് എത്തിയത്. ബ്രക്സിറ്റ് മൂന്നു വർഷമെത്തിയ സാഹചര്യത്തിൽ വിശകലന റിപ്പോർട്ട് നൽകുമ്പോൾ ലോക രാജ്യങ്ങളുമായുള്ള കച്ചവടം പരാമർശിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയെ തലയില്ലാത്ത നിലയിൽ ബിബിസി ഒരിക്കൽ കൂടി പ്രദർശിപ്പിച്ചത്.

ഇന്ത്യയെ എന്നും കുശാഗ്ര ബുദ്ധിയോടെ കാണുന്ന ബിബിസിയെ കുറിച്ചാണ് അനിൽ തുറന്നു പറഞ്ഞത്. അത് അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസിന് ഇഷ്ടമായില്ല. പാർട്ടിക്കാർ സോഷ്യൽ മീഡിയയിൽ അനിലിനെതിരെ കലാപമായെത്തി. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് പറഞ്ഞ് അനിൽ പാർട്ടി സ്ഥാനങ്ങൾ രാജി വച്ചു. തുടർന്നും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ അനിൽ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഇപ്പോൾ തിങ്കളാഴ്ചത്തെ ബിബിസി വാർത്ത ചൂണ്ടിക്കാട്ടി അനിലിന് തല ഉയർത്തി തന്റെ വിമർശകരോടും സ്വന്തം പാർട്ടിയോടും ചോദിക്കാം, ഇപ്പോൾ ഞാൻ പറഞ്ഞത് എന്തായി?

ഗുജറാത്ത് കലാപത്തിന്റെ കാരണം തേടിപ്പോയ ബിബിസി കണ്ടെത്തിയ ഉള്ളടക്കം ഡോക്യൂമെന്ററി രൂപത്തിൽ എത്തിയതിന്റെ പേരിൽ രൂപം കൊണ്ട കാറും കോളും ഇപ്പോഴും ഇന്ത്യയിൽ ശമിച്ചിട്ടില്ല. ബ്രിട്ടീഷ് പാർലിമെന്റിൽ പ്രധാനമന്ത്രി ഋഷി സുനകിന് വിശദീകരണം നൽകേണ്ടി വന്നു, ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ മോദിക്കെന്ന് പറയേണ്ടി വന്നു. ബിബിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യൻ തെരുവുകൾ സംഘർഷ ഭരിതമായി. യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥികൾ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഡോക്യൂമെന്ററി പ്രദർശനം തടയാൻ വൈദ്യുതി നൽകാൻ അധികൃതർ തയ്യാറായില്ല. സർക്കാർ ഡോക്യൂമെന്ററിക്കു വിലക്ക് ഏർപ്പെടുത്തി. എന്നിട്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വന്തം ചെലവിൽ പലയിടത്തായി, പ്രാദേശിക ഭാഷയിൽ ഈ ഡോക്യൂമെന്ററി സംപ്രേഷണം തുടരുകയാണ്.

ഈ ഘട്ടത്തിലാണ് ബിബിസി എന്നും സങ്കുചിത താൽപര്യമാണ് ലോകമെങ്ങും വളർത്തുന്നത് എന്ന് അനിൽ ആന്റണി വാദിച്ചത്. ഇതിനായി ഇറാക്ക് യുദ്ധം യാഥാർഥ്യമാക്കാൻ ബിബിസി ചെയ്ത കാര്യങ്ങളും അനിൽ തുറന്ന ചർച്ചയ്ക്കായി എടുത്തിട്ടു. എന്നാൽ നിർഭാഗ്യവശാൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ ചോരയ്ക്കായാണ് സ്വന്തം പാർട്ടിക്കാർ പോലും ദാഹിച്ചത്. കേരളത്തിലെ യുവതുർക്കികൾ എന്നറിയപ്പെടുന്ന നേതാക്കൾ വരെ അതിനായി രംഗത്തെത്തി.

ഒരുത്തൻ പോയാൽ ആ കസേര സ്വന്തമാക്കാം എന്ന കോൺഗ്രസ് ശൈലി തന്നെയാകും നേതാക്കളെ ആനിലിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. രാജ്യ താൽപര്യമായിരുന്നു അനിലിന്റെ വിമർശകർക്ക് ഉണ്ടായിരുന്നതെങ്കിൽ തീർച്ചയായും ഡോക്യൂമെന്ററിയുടെ ഗുണദോഷത്തിനൊപ്പം ബിബിസിയുടെ പ്രേരണയും താൽപര്യവും കൂടി ചർച്ച ചെയ്യാനുള്ള സുവർണ അവസരമാണ് കോൺഗ്രസ് നഷ്ടപ്പെടുത്തിയത്.

എന്നാൽ കാലം കയ്യോടെ എന്തിനും മറുപടി നൽകുന്ന ശീലം ബിബിസിയുടെ കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുന്നു. മുൻപ് പലവട്ടം ആവർത്തിച്ച തെറ്റാണ് അവർ മിനിഞ്ഞാന്ന് വീണ്ടും ലോകത്തിനു മുന്നിൽ തുറന്നിട്ടത്. തിങ്കളാഴ്ച സീനിയർ ഇക്കണോമിക് കറസ്‌പോണ്ടന്റ് ദർശിനി ഡേവിഡ് തയ്യാറാക്കിയ ബ്രക്സിറ്റ് റിപ്പോർട്ടിലാണ് ബിബിസി പിഴവ് ആവർത്തിച്ചത്. വെറും നാലു മിനിട്ടുള്ള ബ്രക്സിറ്റ് റിപ്പോർട്ടിൽ ഏതാനും സെക്കന്റ് മാത്രമാണ് ഇന്ത്യയുടെ കാര്യത്തിനായി മാറ്റിവച്ചത്.

ഇന്നലെ ഔദ്യോഗികമായി ബ്രക്സിറ്റ് മൂന്നു വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇതുവഴി സമ്പദ് രംഗത്ത് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചിന്തിക്കാൻ ബിബിസി തയ്യാറായതും ഇന്ത്യയെ കുത്താൻ വിമർശം വിളിച്ചു വരുത്തുന്ന ഭൂപടം വാർത്തയിൽ ഉപയോഗിച്ചതും. റിപ്പോർട്ടിൽ ചൈനയെ പരാമർശിക്കുന്ന ഭാഗം എത്തിയപ്പോഴും ഇന്ത്യയ്ക്ക് തലയില്ലാതെ നിൽക്കുന്നതാണ് നല്ലതെന്നു ബിബിസിക്ക് തോന്നി എന്ന് വ്യക്തമാക്കുകയാണ് പ്രത്യേക നിറം നൽകി സംപ്രേഷണം ചെയ്ത രംഗം.

മുൻപ് കാശ്മീർ വിഷയം ചർച്ച ചെയ്യുമ്പോഴും ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചയിലും ലോക കാര്യം ചർച്ചയ്ക്ക് വരുമ്പോൾ ഇന്ത്യയെ തലവെട്ടി കാണിക്കുന്ന പതിവ് തന്നെയാണ് ഇത്തവണയും ബിബിസി ആവർത്തിച്ചത്. ഓരോ തവണ തെറ്റായ ഭൂപടം കാണിക്കുമ്പോഴും ജനരോഷം ഉയരുകയും ദിവസങ്ങൾ കഴിഞ്ഞു ഭൂപടത്തിൽ മാറ്റം വരുത്തുകയുമാണ് ബിബിസിയുടെ രീതി. ഇതോടെ തികച്ചും നിർദോഷമായ തെറ്റല്ല ബിബിസി ചെയ്യുന്നത് എന്ന ആരോപണം ശക്തമാകുകയാണ്.

മനഃപൂർവം കാശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്ന വാദത്തിനു വേര് പിടിക്കാൻ കിട്ടുന്ന സന്ദർഭം വേണ്ട വിധം പ്രയോജനപ്പെടുത്തുകയാണ് ബിബിസിയുടെ പണി എന്നാണ് തെറ്റായ ഭൂപടം ഫയലിൽ സൂക്ഷിച്ചു ഇന്ത്യയെ പരാമർശിക്കുമ്പോൾ ലോകത്തിനു കാണിച്ചു നൽകുന്ന പണിയിലൂടെ ബിബിസി അവർത്തിക്കുന്നത് എന്നും വിമർശകർ ഒരിക്കൽ കൂടി ആരോപണം ഉയർത്തുന്നു. ഒരേ തെറ്റ് ആവർത്തിച്ച് സംഭവിക്കുന്ന ബിബിസിക്ക് എങ്ങനെയാണ് ഇക്കാര്യത്തിൽ ന്യായീകരണം നൽകാനാകുക എന്നും ചാനൽ നിഷ്പക്ഷം അല്ല വാദിക്കുന്നവരുടെ ശക്തമായ പോയിന്റാണ്. അവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് പൊതു സമൂഹത്തെക്കൊണ്ടും തോന്നിപ്പിക്കുകയാണ് ഇപ്പോൾ ബിബിസി.

അതിനിടെ ബിബിസി മുൻപ് പലവട്ടം ചെയ്ത വാർത്തകളുടെ സ്‌ക്രീൻ ഷോട്ടാണ് ഇപ്പോൾ ട്വിറ്റർ പോരിന് സൈബർ ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നത്. ഇതേച്ചൊല്ലി ഇരു വിഭാഗമായി തിരിഞ്ഞു ഇന്ത്യക്കാർ ട്വിറ്ററിൽ പോർവിളി നടത്തുന്നുമുണ്ട്. ബിബിസി വീണ്ടും പ്രകോപനപരമായി ഇന്ത്യയെ ചിത്രീകരിച്ച വാർത്ത സംപ്രേഷണം ചെയ്‌തെന്ന വിവരം ഇനിയും സൈബർ ലോകത്തു കാര്യമായി എത്തിയിട്ടില്ല. അതുകൊണ്ടാകാം മുൻപ് ചെയ്ത വാർത്തകൾ എടുത്തു സൈബർ ലോകം ബിബിസിയെ ആക്രമിക്കാൻ തയ്യാറാകുന്നതും. പുതിയ സംഭവം പുറം ലോകം തിരിച്ചറിയുന്നതോടെ ഈ പോർവിളിയും കൂടുതൽ ശക്തമാകും എന്നുറപ്പ്.

വായനക്കാരുടെ ശ്രദ്ധയ്ക്ക്: വാർത്തയുടെ ലിങ്ക് ചുവടെ
https://www.bbc.co.uk/iplayer/episode/m001hr76/bbc-news-at-six-30012023

ഈ വീഡിയോയിൽ 23 മിനിറ്റ് മുതൽ 27 മിനിറ്റ് വരെയാണ് വിവാദ റിപ്പോർട്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP