Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്‌സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?

കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്‌സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിനെതിരേ ഘടകകക്ഷി നേതാവ് കെ.ബി. ഗണേശ്‌കുമാറിന്റെ വിമർശനം പുതിയ ചർച്ചകളിലേക്ക്. ഗണേശും സിപിഎമ്മും തമ്മിൽ കൂടുതൽ അകലുകയാണ്. വിമർശനം സിപിഎം. കാര്യമായെടുക്കുന്നില്ല. പരസ്യമായി മറുപടി പറയേണ്ട കാര്യമില്ലെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. മുന്നണി യോഗത്തിൽ വിമർശനം ഉന്നയിച്ചാൽ അപ്പോൾ മറുപടി നൽകും. ഏതായാലും ഇടത് യോഗത്തിൽ ഗണേശിനെ താക്കീത് ചെയ്യാനും സാധ്യതയുണ്ട്. മുന്നണി മര്യാധ പാലിച്ചാൽ മാത്രമേ ഇടതു പക്ഷത്ത് നിൽക്കാനാകൂവെന്ന് ഗണേശിനെ സിപിഎം അറിയിക്കും.

വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്നും എംഎ‍ൽഎ.മാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നു ഇടതുമുന്നണി നിയമസഭാ കക്ഷി യോഗത്തിൽ ഗണേശ്‌കുമാറിന്റെ വിമർശനം. സമാന പരാതി കേരള കോൺഗ്രസ്(ബി.) നേതൃയോഗത്തിനുശേഷം പത്രസമ്മേളനത്തിലും ആവർത്തിച്ചു. ഇതിൽ പൊതുമരമാത്ത് വകുപ്പിനെ പ്രത്യേകം വിമർശിച്ചു. ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിക്കലാണെന്ന് സിപിഎം വിലയിരുത്തുന്നു. പിണറായിയുടെ മരുമകൻ കൂടിയായ റിയാസാണ് പൊതുമരാമത്ത് വകുപ്പ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഗണേശ് വ്യക്തമായ പദ്ധതികളുമായാണ് നീങ്ങുന്നതെന്ന് സിപിഎം കരുതുന്നു.

മന്ത്രിസ്ഥാനം മനസ്സിൽവെച്ച് അതിനുള്ള സാഹചര്യമൊരുക്കുന്നതിന് ഗണേശ് പയറ്റുന്ന തന്ത്രമായാണ് വിമർശനത്തെ മുന്നണി കാണുന്നത്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരോ എംഎ‍ൽഎ.മാരുള്ള എല്ലാ കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാൻ കഴിഞ്ഞില്ല. ജനാധിപത്യകേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച് ആന്റണി രാജുവും ഐ.എൻ.എല്ലിനെ പ്രതിനിധീകരിച്ച് അഹമ്മദ് ദേവർകോവിലും മന്ത്രിമാരായി. ഇവർ രണ്ടര വർഷമാകുമ്പോൾ മാറി ഗണേശ്‌കുമാറും കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പിള്ളിയും മന്ത്രിമാരാകുമെന്നാണ് ധാരണ. എന്നാൽ പുനഃസംഘടനയ്ക്ക് മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല. രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ല. ഇതും ഗണേശിന് വിനയാണ്.

വിഴിഞ്ഞം സമരത്തിന്റെ ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭ ആന്റണി രാജു മന്ത്രിസഭയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ അഹമ്മദ് ദേവർകോവിലിന്റെ മാറ്റവും സിപിഎമ്മിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഒരു മന്ത്രിയേയും പിണറായി മാറ്റില്ല. ജാതി-മത സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്. ഈ സാഹചര്യത്തിലാണ് ഗണേശിന്റെ വിമർശനമെന്നാണ് സിപിഎം വിലയിരുത്തൽ. കൊട്ടാരക്കര നഗരസഭയിൽ മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് (ബി.) അംഗം രാജിവെച്ച് സിപിഎം. അംഗം കഴിഞ്ഞദിവസം നഗരസഭാ ചെയർമാനായി. പ്രാദേശിക തലത്തിൽ ഇരുപാർട്ടികളും തമ്മിലുള്ളബന്ധം ഉലഞ്ഞിട്ടില്ല. എന്നാൽ, പത്തനാപുരത്ത് സിപിഐ.യുമായി കേരള കോൺഗ്രസിന് പ്രശ്‌നങ്ങളുണ്ട്.

രണ്ടാം പിണറായിസർക്കാരിൽ ആദ്യതവണയായിത്തന്നെ ഗണേശ്‌കുമാറിനെ പരിഗണിച്ചെങ്കിലും കുടുംബപ്രശ്‌നങ്ങളുയർത്തി സഹോദരി ഇടതുമുന്നണി നേതൃത്വത്തെ സമീപിച്ചതോടെ ആന്റണി രാജുവിന് ആദ്യ നറുക്കുവീണു. ആ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഇതും ഗണേശിനെ മന്ത്രിയാക്കാതിരിക്കാൻ ചർച്ചയാക്കും. യു.ഡി.എഫ്. ക്യാമ്പ് ലക്ഷ്യംവച്ചാണ് ഗണേശിന്റെ നീക്കങ്ങളെന്ന വ്യാഖ്യാനം വന്നിരുന്നു. എന്നാൽ, സോളാർ കേസിലും മറ്റും ഗണേശിന്റെ നിലപാടുകളോട് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്ക് എതിർപ്പുള്ളതിനാൽ കേരള കോൺഗ്രസ് (ബി)യെ മടക്കികൊണ്ടുവരുന്നതിനോട് അവർ താത്പര്യപ്പെടുന്നില്ല.

ഇടതുമുന്നണിയെ പരസ്യമായി വിമർശിച്ച് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ്കുമാർ എംഎൽഎ. ചർച്ചകളിൽ നിറയുന്നതിൽ സിപിഎമ്മിന് കടുത്ത അതൃപ്തിയിലാണ്. പാർട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് പ്രവർത്തിക്കില്ല. സ്ഥാനമാനങ്ങൾക്കുവേണ്ടി പറയാനുള്ളത് പറയാതിരിക്കുകയുമില്ല. മുന്നണിയിൽ കൂടിയാലോചനകളോ വികസനമേഖലയിൽ ഉൾപ്പെടെ ആരോഗ്യകരമായ ചർച്ചകളോ ഇല്ല. അജൻഡയ്ക്കുപുറത്തുള്ള കാര്യങ്ങളിലും ചർച്ചയുണ്ടാകണമെന്നും ഗണേശ് പറഞ്ഞു. എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചമാണെന്നുപറയാൻ അദ്ദേഹം മടിച്ചില്ല. റബ്ബർക്കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലംതലത്തിൽ പ്രതിഷേധപരിപാടികളാരംഭിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നേരത്തേയും എൽഡിഎഫുമായി ഗണേശ് കുമാറിന് പ്രശ്നങ്ങളുണ്ടായിരുന്നു. വിമർശനം തുടർന്നാൽ പിണറായിയുടെ രണ്ടാം സർക്കാർ രണ്ടരക്കൊല്ലം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം നൽകില്ലെന്ന് ഗണേശിനെ സിപിഎം അറിയിക്കും. ഗണേശിനെതിരെ സഹോദരി നൽകിയ സ്വത്ത് തർക്ക കേസ് കോടതിക്ക് മുമ്പിലുണ്ട്. ഗണേശിനെ മന്ത്രിയാക്കരുതെന്ന് സഹോദരി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

മുന്നണിയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുൻ മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആർ ബാലകൃഷ്ണപിള്ളയുടെ കാലത്ത് കഴിഞ്ഞ 15 വർഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോൺ.ബി. എന്നാൽ മുന്നണിയിൽ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോൺഗ്രസ്. ഇനിയും ഇത് അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് താൻ കാര്യങ്ങൾ പറയുന്നതെന്നും പറയാൻ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാൽ സിപിഎം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP