Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർത്താവിന് പിന്നാലെ മകനെയും നഷ്ടമായി; ദുർമന്ത്രവാദിനിയെന്ന് പരിഹസിച്ചു; നാട്ടുകാർ ഒറ്റപ്പെടുത്തി; എന്നിട്ടും മകളെ ഇന്ത്യൻ ക്രിക്കറ്റ് താരമാക്കാൻ പോരാടിയ അമ്മ; അർച്ചനയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിൽ അമ്മ സാവിത്രി ദേവി

ഭർത്താവിന് പിന്നാലെ മകനെയും നഷ്ടമായി; ദുർമന്ത്രവാദിനിയെന്ന് പരിഹസിച്ചു; നാട്ടുകാർ ഒറ്റപ്പെടുത്തി; എന്നിട്ടും മകളെ ഇന്ത്യൻ ക്രിക്കറ്റ് താരമാക്കാൻ പോരാടിയ അമ്മ; അർച്ചനയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിൽ അമ്മ സാവിത്രി ദേവി

മറുനാടൻ മലയാളി ബ്യൂറോ

ഉന്നാവ്: ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത് ബൗളർമാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലായിരുന്നു. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ കൗമാരനിര കിരീടം സ്വന്തമാക്കിയത്. രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തിയ അർച്ചന ദേവിയും ടിറ്റാസ് സദ്ധുവും പർഷവി ചോപ്രയും ഓരോവിക്കറ്റ് വീഴ്‌ത്തിയ മന്നത് കാശ്യപും ഷെഫാലിയും സോനം യാദവും ചേർന്നാണ് ഇംഗ്ലണ്ടിനെ 17.1 ഓവറിൽ എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ വിജയത്തിൽ മുഖ്യപങ്കാളിയായവരിൽ ഒരാളായ അർച്ചന ദേവി ലോകകപ്പ് കൈയിലേന്തി നിൽക്കുന്നതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരത്തിലേക്കും ലോകകപ്പ് കിരീട ജേതാവിലേക്കുമുള്ള അർച്ചന ദേവിയുടെ വളർച്ചയിൽ ഏറെ സന്തോഷിക്കുന്നത് അവളുടെ അമ്മ സാവിത്രി ദേവി തന്നെയാണ്. മകളെ ക്രിക്കറ്റ് താരമാക്കാൻ വേണ്ടി ഒരമ്മ സഹിക്കേണ്ടി വന്ന ത്യാഗവും കേട്ട പഴിയുടെയും കുത്തുവാക്കുകളുടെയും മുറിവുമാണ് അർച്ചനയുടെ ലോകകപ്പ് കിരീട നേട്ടത്തിലേക്കുള്ള ജൈത്രയാത്രയിലെ ഉൾക്കരുത്ത്.

ഉത്തർപ്രദേശിലെ ഉന്നാവ് സ്വദേശിയാണ് അർച്ചന. ഉന്നാവിലെ രതയ്പുർവ ഗ്രാമത്തിലെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല അർച്ചനയ്ക്ക്. 2008ൽ അർച്ചനയുടെ പിതാവ് ശിവറാം ക്യാൻസർ ബാധിച്ച് മരിച്ചു. ഭർത്താവിന്റെ മരണശേഷം ദുരിതപൂർണമായ ജീവിതത്തിനിടയിലും മൂന്ന് മക്കളുടെ നല്ല ഭാവിയായിരുന്നു അർച്ചനയുടെ അമ്മ സാവിത്രി ദേവിയുടെ സ്വപ്നം. ഒരു മകളും രണ്ട് ആൺമക്കളും അടങ്ങുന്ന കുടുംബത്തെ ഒറ്റയ്ക്ക് പോറ്റി.2017ൽ രണ്ടാമത്തെ മകനായ ബുദ്ധിമാൻ പാമ്പുകടിയേറ്റ് മരണപ്പെട്ടതോടെ ആളുകൾ സാവിത്രിയെ പഴിക്കാൻ തുടങ്ങി.

കുടുംബത്തിലെ മരണങ്ങൾക്ക് കാരണം സാവിത്രിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ദുർമന്ത്രവാദിനിയെന്ന് വിളിച്ചു. കുടുംബത്തെ മുഴുവനായും ഒറ്റപ്പെടുത്തി. എന്നാൽ ഇതിലൊന്നും സാവിത്രി തളർന്നില്ല. ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കസ്തൂർബ ഗാന്ധി ആവാസിയ ബാലിയ വിദ്യാലയ സ്‌കൂളിൽ അർച്ചനയെ ചേർത്തു. മകളെ ക്രിക്കറ്റ് കളിക്കാരിയാക്കണമെന്നായിരുന്നു ലക്ഷ്യം.

അതിനും കുറേയേറെ കുത്തുവാക്കുകൾ സഹിക്കേണ്ടി വന്നിരുന്നു സാവിത്രിക്ക്. മകളെ തെറ്റായ മാർഗത്തിൽ വിട്ടുവെന്നും മകളെ വിറ്റുവെന്നും കുടുംബക്കാർ ആക്ഷേപിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനിടെ അർച്ചന അടിച്ച പന്തെടുക്കാൻ പോകവേയാണ് രണ്ടാമത്തെ സഹോദരനായ ബുദ്ധിമാന് പാമ്പുകടിയേൽക്കുന്നത്.

അർച്ചനയെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നായിരുന്നു ബുദ്ധിമാൻ അവസാനമായി പറഞ്ഞതെന്ന് മൂത്ത സഹോദരനായ രോഹിത് കുമാർ പറയുന്നു. മകന്റെ അവസാന ആഗ്രഹം നിറവേറ്റാൻ പോരാടിയ സാവിത്രി ദേവിക്ക് മകൾ നൽകിയ സമ്മാനമായിരുന്നു ലോകകപ്പിലെ വിജയം.

ബിരുദധാരിയായ രോഹിത്തിന് ആദ്യ ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടിരുന്നു. വീട്ടിലുള്ള എരുമയുടെയും പശുവിന്റെയും പാല് വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് അർച്ചനയുടെ കുടുംബം കഴിഞ്ഞുപോകുന്നത്. ദുരിതപൂർവമായ ജീവിതത്തിനിടയിലും മകൾ ലോകകപ്പ് നേടിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് സാവിത്രി ദേവി.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ പരിശീലകൻ കപിൽ പാണ്ഡെ ആണ് അർച്ചനയുടെ പരിശീലകൻ. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ റയാന മക്ഡൊണാൾഡ് ഗേയെ പുറത്താക്കാൻ അവിശ്വസനീയമായ ഒറ്റക്കൈ ക്യാച്ച് എടുത്ത അർച്ചന ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയമായി കൂടി മാറിയിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP