Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

ജംഷാദ് മലപ്പുറം

കൊച്ചി: ആദിവാസി മേഖലയിലെ ആതുരസേവനം കൊണ്ട് ശ്രദ്ധേയനായ ഡോ.പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തിലും ആത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തേടി.

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മനോജിനു വേണ്ടി അഡ്വ. സി.എം മുഹമ്മദ് ഇഖ്ബാൽ ഹാജരായി.

മരണസമയത്ത് കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്പാട് സ്വദേശി എ.കെ അനീഷ് സ്ത്രീപീഡനക്കേസിൽ 10 വർഷവും 3 മാസവും കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. ഷാനവാസിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനത്തിനെന്ന പേരിൽ സുഹൃത്തുക്കൾ ലക്ഷങ്ങൾ പിരിച്ചെടുത്തതായി ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരം ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാഞ്ഞതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

2015 ഫെബ്രുവരി 13 ന് അർധരാത്രി കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിനിടെയാണ് ഷാനവാസിന്റെ മരണം. നിലമ്പൂരിൽ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും മൂന്നുമാസത്തിനിടെ ശിരുവാണിയിലേക്കും സ്ഥലം മാറ്റിയതിനെ തുടർന്നുള്ള മനോവേദനയിൽ അധികൃതർക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ഷാനവാസ് ജീവൻ വെടിഞ്ഞു എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

എന്നാൽ ഷാനവാസിന്റെ മരണം ആത്മഹത്യയല്ലെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. മദ്യത്തിന്റെ അംശവും ശ്വാസ നാളത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഷാനവാസ് മരണപ്പെട്ടിട്ടും രണ്ടു മണിക്കൂർ നേരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കാറോടിച്ചു പോവുകയും കുളിപ്പിച്ച് വസ്ത്രം മാറ്റി തൊട്ടടുത്ത നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിക്കാതെ എടവണ്ണയിലെ ക്ലിനിക്കിലെത്തിച്ചതും ഉത്തരം കിട്ടാത്ത സമസ്യകളാണ്.

മദ്യലഹരിയിൽ ഛർദ്ദിച്ചപ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ ശ്വാസ നാളത്തിൽ കുടുങ്ങിയതാവാം മരണകാരണമെന്നായിരുന്നു പൊലീസ് നിഗമനം. ഛർദ്ദിക്കുമ്പോൾ വായും മൂക്കും ബലമായി അമർത്തിപ്പിടിച്ചാലാണ് ഭക്ഷണാവശിഷ്ടങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങാൻ സാധ്യതയേറുക. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ എന്തു കൊണ്ട് ഷാനവാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചില്ല. മരണപ്പെട്ടശേഷം കുളിപ്പിച്ച് വസ്ത്രം മാറ്റിയ ശേഷം നിലമ്പൂർ ജില്ലാശുപത്രിക്കുപകരം എന്തിനാണ് അത്യാഹിത ചികിത്സാസംവിധാനങ്ങളൊന്നുമില്ലാത്ത ക്ലിനിക്കിൽ കൊണ്ടുപോയത്. ദുരൂഹമരണത്തിനു ശേഷം സോഷ്യൽ മീഡിയയിൽ അധികൃതർക്കെതിരെ പ്രചാരണം നടത്തി മരണ കാരണം മറച്ചുവെച്ചു എന്നതെല്ലാം ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

ഷാനവാസിന്റെ മരണശേഷം ഷാനവാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആത്മ ട്രസ്റ്റിന്റെ നേതൃത്വം സുഹൃത്തുക്കൾ ഏറ്റെടുത്ത് ദിവസങ്ങൾകൊണ്ട് ലക്ഷങ്ങൾ സമാഹരിച്ചു. ഷാനവാസിന്റെ മരണശേഷം ദുബായിൽ അനുശോചനയോഗത്തിൽ പങ്കെടുത്ത എഴുപതോളം മലയാളികൾ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവർത്തനം ഏറ്റെടുത്ത, മരണസമയത്ത് ഷാനവാസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും സംഘത്തിനും നൽകാൻ തീരുമാനിച്ചു. ഏഴു ലക്ഷത്തോളം രൂപയാണ് ദുബായിയിൽ നിന്നു മാത്രം ലഭിച്ചത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ലക്ഷങ്ങൾ സമാഹരിച്ചു. പിന്നീട് അനീഷ് പീഡനക്കേസിൽ ശിക്ഷിക്കപ്പെടുകയായിരുന്നു.

ഷാനവാസിന്റെ ജീവകാരുണ്യ പ്രവർത്തനത്തിൽ ആകൃഷ്ടയായി ഫേസ്‌ബുക്കിലൂടെയാണു യുവതി സംഘടനയുമായും അനീഷുമായും അടുത്തത്. എൻജിനീയറിങ് ബിരുദധാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടർന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മമ്പാട്ടെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്ത സാമ്പത്തികബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു.

തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം യുവതി സന്ദർശന വിസയിൽ ദുബായിലെത്തി ജോലി ചെയ്യുകയായിരുന്നു. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ മറ്റൊരു വിസയിൽ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പൊലീസിൽ പരാതിപ്പെട്ടു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടുകാരനായ അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയിരുന്നു. 14 തവണ പൊലീസ് ആവശ്യപ്പെട്ടിട്ടും അഭിഭാഷകൻ മൊഴി നൽകാൻ പോലും എത്തിയില്ല.
ഷാനവാസിന്റെ പിതാവും കുടുംബവും ആദ്യഘട്ടത്തിൽ ഷാനവാസിന്റെ സുഹൃത്തുക്കളുടെ ആത്മ ട്രസ്റ്റുമായി സഹകരിച്ചെങ്കിലും പിന്നീട് വിട്ടു നിന്നു.

അനധികൃതമായി പണം പിരിക്കുന്നതിനെതിരെ പ്രതികരിക്കുകയും ചെയ്തു. എന്നാൽ ഷാനവാസിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കോടതിയെ സമീപിക്കാനോ നിയമനടപടികൾക്കോ കുടുംബവും രംഗത്തിറങ്ങിയില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഷാനവാസിന്റെ ദുരൂഹമരണവും സുഹൃത്തുക്കളുടെ സാമ്പത്തിക തട്ടിപ്പുകളും അട്ടിമറിച്ച സാഹചര്യത്തിലാണ് നീതിക്കായി മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP