Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം: നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ; പോളണ്ട് പൊലീസ് അറസ്റ്റ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം:  നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ; പോളണ്ട് പൊലീസ് അറസ്റ്റ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു;  മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

പോളണ്ട്: പോളണ്ടിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയൻ പൗരന്മാരും മലയാളി യുവാക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂർ ഒല്ലൂർ സ്വദേശി സൂരജ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

മലയാളി യുവാക്കളും ജോർജിയൻ പൗരന്മാരും തമ്മിൽ തർക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേൽക്കുന്നത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്റെ സുഹൃത്തുക്കളെ മരണ വിവരം അറിയിക്കുന്നത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കൾ അറിയിച്ചു.

അറയ്ക്കൽ വീട്ടിൽ മുരളീധരന്റെയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളന്റിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയിൽ സൂപ്പർവൈസറായിരുന്നു. ശനിയാഴ്‌ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്.

ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓൺലൈനിലുണ്ടായിരുന്നു. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ തുടങ്ങി. കേന്ദ്രമന്ത്രി വി.മുരളീധരനുമായും പോളണ്ട് മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്. അച്ഛൻ മുരളീധരൻ വർക്ക്ഷോപ്പ് ഉടമയാണ്. സഹോദരി സൗമ്യ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിലെ ജീവനക്കാരിയാണ്.

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയായതോടെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുപത്തിമൂന്നുകാരനായ സൂരജിനെ കുത്തേറ്റത്. അഞ്ച് ദിവസത്തിനിടെ പോളണ്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് സൂരജ്. 24ന് പാലക്കാട് സ്വദേശി ഇബ്രാഹിമും കൊല്ലപ്പെട്ടിരുന്നു. സൂരജിന്റെ ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റിരുന്നു.. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

പടിഞ്ഞാറൻ പോളണ്ടിലെ സ്ലുബിസിൽ സൂരജ് ജോലി ചെയ്യുന്ന കമ്പനിയുടെ അപ്പാർട്ട്മെന്റിൽ വാരാന്ത്യത്തിലെ ആഘോഷപരിപാടിക്കിടെ, ജോർജിയ സ്വദേശികൾ സിഗരറ്റ് വലിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. കൈയാങ്കളിയായതോടെ ഇടപെട്ട സൂരജിനേയും മറ്റ്‌നാല് മലയാളികളേയും ജോർജിയൻ പൗരന്മാരിൽ ഒരാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

സൂരജിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള കുത്തേറ്റു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെട്ടിടം പൊലീസ് സീൽ ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സൂരജ് കൊല്ലപ്പെട്ടെന്ന വിവരം സുഹൃത്ത് ആഷിഖ് ബന്ധുക്കളെ വിളിച്ചറിയിക്കുന്നത്.

ഐ.ടി.ഐ പാസായ സൂരജ് കഴിഞ്ഞ സെപ്റ്റംബറിലാണ് പോളണ്ടിലേക്ക് പോയത്. കുറച്ചുനാൾ കെ.എസ്.ഇ.ബിയിൽ കരാർ തൊഴിലാളിയായിരുന്നു. പോളണ്ടിൽ ഷിപ്പ്‌മെയിന്റനൻസ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു ആദ്യം. അവിടെ ബുദ്ധിമുട്ടായതിനെ തുടർന്ന് പോളണ്ടിലുള്ള തൃശൂർ മരത്താക്കര സ്വദേശി സ്‌ളുബിസിലെ മീറ്റ് പ്രൊസസിങ് ഫാക്ടറിയിൽ ജോലി ശരിയാക്കി. ഈ ഫാക്ടറിയുടെ അപ്പാർട്ട്മെന്റിലായിരുന്നു അക്രമം.

പാലക്കാട് സ്വദേശി ഇബ്രാഹിം ഷെരീഫ് കഴിഞ്ഞ 24ന് കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ സൂരജും കൊല്ലപ്പെട്ടത് പോളണ്ടിലെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കി. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇബ്രാഹിമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP