Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരാവസ്തു തട്ടിപ്പുകാരൻ മോൻസണുമായുള്ള ചങ്ങാത്തത്തിന് സസ്പെൻഷനിലുള്ള ഐ.ജി ലക്ഷ്മണിനെ തിരിച്ചെടുക്കാൻ നീക്കം; സസ്പെൻഷൻ റദ്ദാക്കണമെന്ന് പിണറായിയോട് ആവശ്യപ്പെട്ടത് തെലങ്കാന മുഖ്യമന്ത്രി; കെ.സി.ആറിന്റെ അടുപ്പക്കാരൻ കാക്കിയില്ലാതെ വലയുന്നത് പിണറായിക്കും സഹിക്കാനാവില്ല; എ.ഡി.ജി.പിയായി പ്രൊമോഷൻ കൊടുത്ത് ജയിൽ മേധാവിയാക്കാനുള്ള നീക്കങ്ങൾ സജീവം

പുരാവസ്തു തട്ടിപ്പുകാരൻ മോൻസണുമായുള്ള ചങ്ങാത്തത്തിന് സസ്പെൻഷനിലുള്ള ഐ.ജി ലക്ഷ്മണിനെ തിരിച്ചെടുക്കാൻ നീക്കം; സസ്പെൻഷൻ റദ്ദാക്കണമെന്ന് പിണറായിയോട് ആവശ്യപ്പെട്ടത് തെലങ്കാന മുഖ്യമന്ത്രി; കെ.സി.ആറിന്റെ അടുപ്പക്കാരൻ കാക്കിയില്ലാതെ വലയുന്നത് പിണറായിക്കും സഹിക്കാനാവില്ല; എ.ഡി.ജി.പിയായി പ്രൊമോഷൻ കൊടുത്ത് ജയിൽ മേധാവിയാക്കാനുള്ള നീക്കങ്ങൾ സജീവം

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കൾ ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്തതിന് സസ്പെൻഷനിലായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ തിരിച്ചെടുത്ത് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ തിരക്കിട്ട നീക്കം. മോൻസണിന് ഒത്താശ ചെയ്തതിന് 2021 നവംബർ 10മുതൽ സസ്പെൻഷനിലാണ് ലക്ഷ്മൺ. ട്രാഫിക്, സോഷ്യൽ പൊലീസിങ് ഐ.ജിയായിരിക്കെയാണ് സസ്പെൻഡ് ചെയ്തത്. പലവട്ടം സസ്പെൻഷൻ പുനപരിശോധിച്ചെങ്കിലും എതിർപ്പ് ഭയന്ന് തിരിച്ചെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ആവശ്യപ്രകാരമാണ് സസ്പെൻഷൻ റദ്ദാക്കി ലക്ഷ്മണിനെ തിരിച്ചെടുക്കാനുള്ള നീക്കം. അടുത്തിടെ തെലങ്കാനയിലെ രാഷ്ട്രീയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചന്ദ്രശേഖർ റാവുവിനൊപ്പം പങ്കെടുത്തിരുന്നു. അവിടെ ഖമ്മത്തു വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവിടെ വച്ചാണ് ചന്ദ്രശേഖർ റാവു ഈ ആവശ്യം ഉന്നയിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ.

14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു ലക്ഷ്മണിന്റെ ആ ചടുലനീക്കം. 14വർഷം സർവീസ് ശേഷിക്കവേയാണ് 46കാരനായ ലക്ഷ്മൺ രാഷ്ട്രീയകളരിയിലിറങ്ങാൻ കരുക്കൾ നീക്കിയത്. തെലങ്കാനയിൽ തനിക്ക് ലഭിക്കാനിടയുള്ള വകുപ്പും ലക്ഷ്മൺ അന്ന് നിശ്ചയിച്ചിരുന്നു- ഇൻഫർമേഷൻ ടെക്നോളജി. പക്ഷേ, ഐ.പി.എസിൽ നിന്ന് രാജിവച്ച് മന്ത്രിയാവാനുള്ള ലക്ഷ്മണിന്റെ നീക്കം പാളിപ്പോവുകയായിരുന്നു.

തെലങ്കാനയിൽ ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്മണിനെ മന്ത്രിയാക്കുമെന്നായിരുന്നു ധാരണ. രാഷ്ട്രീയ ചർച്ചയ്ക്കായി ലക്ഷ്മൺ ഹൈദരാബാദിലേക്ക് പറന്നെത്തി. തെലങ്കാന രാഷ്ട്രീയത്തിൽ സജീവമായുള്ള ലക്ഷ്മണിന്റെ ബന്ധുക്കളായിരുന്നു കരുനീക്കങ്ങൾ നടത്തിയത്. മൂന്നുമാസത്തെ ശമ്പളം കേന്ദ്ര സർക്കാരിലേക്ക് തിരികെ അടച്ച് ഐ.പി.എസിൽ നിന്ന് ഉടൻ വിരമിക്കൽ നേടാനും ആലോചനയുണ്ടായിരുന്നു. ലക്ഷ്മണിന്റെ രാജിക്കത്ത് അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

മന്ത്രിസ്ഥാനത്തേക്കുള്ള ലക്ഷ്മണിന്റെ വഴി തെലങ്കാനയിലെ രാഷ്ട്രീയക്കാർ അടച്ചെങ്കിലും ലക്ഷ്മണിന് അവിടെ നിർണായക രാഷ്ട്രീയ സ്വാധീനമുണ്ട്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫറുണ്ടായിരുന്നെങ്കിലും ലക്ഷ്മൺ സ്വീകരിച്ചിരുന്നില്ല. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുഗുലോത്ത് ലക്ഷ്മൺ ഖമ്മം ജില്ലക്കാരനാണ്. ആന്ധ്റാപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണു ഭാര്യ. ആലപ്പുഴ എ.എസ്‌പിയായി ജോലിയിൽ പ്രവേശിച്ച ലക്ഷ്മൺ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിൽ പ്രവർത്തിച്ചു. നാലു വർഷം മുംബയ് സ്റ്റോക്ക് എക്സ്‌ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് ഒടുവിൽ മൂന്നുമാസത്തേക്ക് ലക്ഷ്മണിന്റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് നീട്ടിയത്. ഫെബ്രുവരിയിൽ സസ്പെൻഷൻ പുനപരിശോധിച്ച് റദ്ദാക്കി, തിരിച്ചെടുക്കുകയും എ.ഡി.ജി.പി റാങ്ക് നൽകി ജയിൽ മേധാവിയാക്കാനുമാണ് നീക്കം. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കിയിരുന്നെങ്കിലും സസ്പെൻഷനിലായ ലക്ഷ്മണിനെ പരിഗണിച്ചിരുന്നില്ല. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. തിരിച്ചെടുത്താലുടൻ ലക്ഷ്മണിന് സ്ഥാനക്കയറ്റം നൽകും. പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്.

മൂന്നുവർഷമായി ഐജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് ഇടനിലക്കാരനായെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തിയതും ലക്ഷ്മണാണ്. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ എന്നിവ ഇവർ വിൽക്കാൻ ശ്രമിച്ചെന്നും മൂവരും പേരൂർക്കട പൊലീസ് ക്ലബിലടക്കം കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.

പിന്നീട് ഉന്നതതല ഇടപെടലുണ്ടായതോടെ ലക്ഷ്മണിനെ കേസിൽ പ്രതിയാക്കിയില്ല. വകുപ്പുതല അന്വേഷണവും തുടങ്ങിയില്ല. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് തെളിവുണ്ടെന്ന് ആദ്യം പറഞ്ഞ ക്രൈംബ്രാഞ്ച്, ഉന്നതഇടപെടലോടെ തെളിവില്ലെന്ന് നിലപാടെടുത്തു. സസ്പെൻഷനിലായി രണ്ടുമാസമായപ്പോൾ മുതൽ പുനഃപരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP