Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർ ഇന്ത്യയോട് മത്സരിക്കാൻ ബ്രിട്ടീഷ് എയർവേയ്‌സ്; ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ സർവീസുകൾക്ക് 'ബ്രാൻഡ് ന്യൂ' വിമാനങ്ങൾ; ഈ വേനലവധി മത്സര പറക്കലിന്റേതെന്നു സൂചന; കയ്യിലൊതുങ്ങുന്ന പണത്തിനു നാട്ടിലെത്താനാകുമെന്നു പ്രതീക്ഷ; കൊച്ചിയിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ പ്രതീക്ഷയോടെ മലയാളികൾ

എയർ ഇന്ത്യയോട് മത്സരിക്കാൻ ബ്രിട്ടീഷ് എയർവേയ്‌സ്; ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ സർവീസുകൾക്ക് 'ബ്രാൻഡ് ന്യൂ' വിമാനങ്ങൾ; ഈ വേനലവധി മത്സര പറക്കലിന്റേതെന്നു സൂചന; കയ്യിലൊതുങ്ങുന്ന പണത്തിനു നാട്ടിലെത്താനാകുമെന്നു പ്രതീക്ഷ; കൊച്ചിയിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ പ്രതീക്ഷയോടെ മലയാളികൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടു പറക്കാനുള്ള എയർ ഇന്ത്യയുടെ ഏക വിമാനം ഇല്ലാതാകുന്നുവെന്ന ആശങ്ക മാറ്റി പുതിയ സർവീസുകൾ ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നും പറന്നു തുടങ്ങും എന്ന വാർത്ത ഏറെ ആശ്വാസത്തോടെയാണ് ആഴ്ചകൾക്ക് മുൻപ് യുകെ മലയാളികളെ തേടി എത്തിയത്. പത്തു മണിക്കൂറിൽ നേരിട്ട് നാട്ടിൽ എത്താൻ കഴിയുന്ന വിമാനത്തിന്റെ നിരക്ക് കൂടുതൽ ആണെങ്കിലും ഈ വിമാനം തന്നെ ആശ്രയിച്ചു പറക്കാനാണ് കഴിഞ്ഞ രണ്ടര വർഷമായി യുകെ മലയാളികൾ ആഗ്രഹിക്കുന്നതും.

ആദ്യം ആഴ്ചയിൽ ഒരൊറ്റ സർവീസുമായി എത്തിയ എയർ ഇന്ത്യ പിന്നീടത് ആഴ്ചയിൽ മൂന്നു സർവീസാക്കി മാറ്റുക ആയിരുന്നു. ലണ്ടനിലേക്ക് ഇന്ത്യയിൽ നിന്നും ഉള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ റൂട്ടുകളിലേക്കു കൂടി പറന്നു ഇന്ത്യയിലെ ഒൻപതു നഗരങ്ങളുമായി ബ്രിട്ടനെ ബന്ധിപ്പിക്കാനും എയർ ഇന്ത്യക്കായി. ലണ്ടൻ ഹീത്രോവിൽ നിന്നും പറക്കുന്നതിനു പുറമെ ശക്തമായ പഞ്ചാബി സമൂഹത്തിന്റെ സമ്മർദ്ദത്തിൽ ബിർമിൻഹാമിൽ നിന്നും അമൃത്സർ റൂട്ടിലും എയർ ഇന്ത്യ പറന്നെത്തി.

എയർ ഇന്ത്യയുടെ ബ്രിട്ടനിലേക്ക് ഉള്ള സർവീസുകൾ അത്ഭുതകരമായ ലാഭം നേടിത്തുടങ്ങിയതോടെ വ്യോമയാന രംഗത്തെ എതിരാളികളും ഈ റൂട്ടുകളെ കുറിച്ച് പഠിക്കാൻ തയ്യാറാവുക ആയിരുന്നു. എയർ ഇന്ത്യക്കും ബ്രിട്ടീഷ് എയർ വെയ്‌സിനും വിർജിൻ എയർ ലൈൻസിനും മാത്രം കുത്തകയാക്കാൻ കഴിയുന്ന റൂട്ടുകളിൽ ഗൾഫ് എയർലൈനുകൾ അപ്രസക്തരാണ് എന്ന് വ്യക്തമാക്കി ഇപ്പോൾ ഇന്ത്യയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ തയ്യാറാവുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ്. അതും പുതു പുത്തൻ വിമാനങ്ങൾ തന്നെ റൂട്ടിലിറക്കി പരമാവധി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. പുതിയ സർവീസുകൾ എത്തുന്നതോടെ ഈ മേഖലയിലെ മത്സരം ശക്തമാകുന്നത് യാത്രക്കാർക്കും ഗുണകരമാകും എന്നാണ് പ്രതീക്ഷ.

പ്രതിദിനം മുംബൈയിലേക്ക് ഒരു വിമാനം കൂടി, സമ്മർ ടിക്കറ്റുകൾ പോക്കറ്റിൽ ഒതുങ്ങും

ലണ്ടനിൽ നിന്നും മുംബൈയിലേക്കു പ്രതിദിനം രണ്ടു സർവീസുകൾ നടത്തിയിരുന്ന ബ്രിട്ടീഷ് എയർവേസ് സർവീസുകളുടെ എണ്ണം മൂന്നാക്കി ഉയർത്തുകയാണ്. ഇതോടെ ആഴ്ചയിൽ ഏഴു വിമാനങ്ങളാണ് അധികമായി ഈ റൂട്ടിലെ യാത്രക്കാരെ തേടി എത്തുക. ഇതുവഴി കൂടുതൽ മത്സരബുദ്ധിയോടെ യാത്രക്കാരെ പിടിക്കാൻ എയർ ഇന്ത്യക്കും ട്രാൻസിറ്റ് സർവീസുകൾ നടത്തുന്ന ഗൾഫ് എയർലൈനുകളും നിർബന്ധിതരാകും എന്നാണ് സൂചന. തൽഫലമായി യാത്രാനിരക്കിൽ ഉള്ള ഇളവുകളാണ് യാത്രക്കാരുടെ പ്രതീക്ഷ. ഇളവുകൾ കാര്യമായി എത്തിയില്ലെങ്കിൽ പോലും കൊള്ള ലാഭം എടുത്തുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക് അറുതിയാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഇപ്പോൾ ആഴ്ചയിൽ 56 സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്‌സ് നടത്തുന്നത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് റൂട്ടുകൾ. ബ്രിട്ടീഷ് എയർവേയ്‌സ് യുകെയിലെ യാത്രക്കാർക്ക് പ്രയോജനപ്പെടും വിധമാണ് പുതിയ സർവീസിന്റെ സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. രാവിലെ എട്ടിന് ഹീത്രോവിൽ നിന്നും മുംബൈക്ക് പറക്കുന്ന വിമാനം ഹീത്രോവിൽ മടങ്ങി എത്തുക ഉച്ചക്ക് ഒരു മണിയോടെയാണ്.

ഇതോടെ യുകെയുടെ ദൂര ദിക്കുകളിൽ നിന്നും പോലും അനായാസമായി ഈ വിമാനത്തെ ആശ്രയിക്കാനാകും. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള തങ്ങളുടെ സാന്നിധ്യം ഗാറ്റ്‌വിക്കിലേക്കു മാറ്റിയ എയർ ഇന്ത്യ ഡൽഹിക്കും മുംബൈക്കും പറക്കാൻ ഹീത്രോവിൽ നിന്നും അധിക സർവീസുകൾ പ്രാഖ്യാപിച്ചതോടെ ഈ റൂട്ടിൽ കടുത്ത മത്സര സാധ്യത നിലനിൽക്കുകയാണ്. രണ്ടു സ്ഥലത്തേക്കുമായി അഞ്ചു വിമാനങ്ങളാണ് അനുമതി കിട്ടിയാൽ എയർ ഇന്ത്യ എത്തിക്കുക. ഡൽഹിക്കു മൂന്നും മുംബൈക്ക് രണ്ടും.

ഇതിന്റെ ഗുണഫലം ഈ വർഷം മധ്യവേനൽ അവധിക്കു പറക്കാൻ തയ്യാറാകുന്ന കുടുംബങ്ങൾക്ക് ലഭിക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ 1500 പൗണ്ടിന് മുകളിൽ വേനൽക്കാല യാത്രക്ക് മുടക്കിയ യാത്രക്കാർക്ക് ഈ വർഷം ആയിരം പൗണ്ടിൽ ടിക്കറ്റ് ലഭിച്ചേക്കാം. കൂടുതൽ സർവീസുകൾ എത്തുന്ന സാഹചര്യത്തിൽ യാത്രക്കാരെ പിടിക്കാൻ നിരക്കിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എയർലൈനുകൾക്കാവില്ല എന്നതാണ് സാഹചര്യം. ഇന്ത്യയിൽ നേരിട്ടെത്താൻ എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ എയർലൈൻസ് എന്നിവ ഉള്ളപ്പോൾ ഗൾഫിലെത്തി യാത്ര തുടരാൻ യാത്രക്കാർ തയ്യാറാകണം എങ്കിൽ കുറഞ്ഞ വിലയ്ക്ക് ടിക്കറ്റുകൾ വിൽക്കാൻ ഗൾഫ് എയർലൈനുകൾ തയ്യാറായേ മതിയാകൂ എന്ന സാഹചര്യമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നത്.

കൊച്ചിയിലേക്കുള്ള വരവ് ''വായുവിൽ തന്നെ'', ഇരു പക്ഷത്തും നിശബ്ദത

അതിനിടെ എയർ ഇന്ത്യ ലണ്ടൻ - കൊച്ചി റൂട്ട് ഉപേക്ഷിച്ചേക്കും എന്ന വാർത്ത പരന്നപ്പോൾ പ്രതീക്ഷയോടെ നിരവധി യുകെ മലയാളികളാണ് ബ്രിട്ടീഷ് എയർവേയ്സിനെ ഈ റൂട്ടിലെ സാധ്യതകൾ ഉപയോഗിക്കാൻ ബന്ധപ്പെട്ടത്. ഇതിനോട് അനുഭാവപൂർണമായ മറുപടിയാണ് ബ്രിട്ടീഷ് എയർവേയ്‌സ് നൽകിയതെങ്കിലും കൂടുതൽ ശുഭ സൂചനകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എയർ ഇന്ത്യക്കു കൊച്ചി വിമാനത്താവളം നൽകുന്ന ആനുകൂല്യങ്ങൾ ബ്രിട്ടീഷ് എയർവേയ്‌സ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാലങ്ങളായി തൊട്ടടുത്തുള്ള ചെന്നൈ വിമാനത്താവളത്തിലേക്ക് പറക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് യാത്രക്കാരെ കൊച്ചി റൂട്ടിൽ ലഭിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ബ്രിട്ടീഷ് എയർവേയ്‌സിനുണ്ട്.

ബ്രിട്ടനിൽ നിന്നും എയർ ഇന്ത്യ ഒൻപത് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുമ്പോൾ അഞ്ചു കേന്ദ്രങ്ങളിലെക്കാണ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിമാനങ്ങൾ എത്തുന്നത്. അതേസമയം കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ കണ്ണ് വയ്ക്കുന്ന ബ്രിട്ടീഷ് എയർവെയ്സിന് കൊച്ചിയിൽ നിന്നും സമ്മർദ്ദം ഉണ്ടായാൽ അവഗണിക്കാൻ കഴിയില്ലെന്നാണ് ബ്രിട്ടനിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നതും. ഇക്കാര്യത്തിൽ പലവട്ടം സിയാൽ അധികൃതർ ബ്രിട്ടീഷ് എയർവേയ്‌സമായി ബന്ധപെട്ടതുമാണ്, എന്നാൽ തുടർ ചർച്ചകൾ ഇപ്പോൾ നിലച്ചിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP