Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി; ത്രിപുര തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഐപിഎഫ്ടിയെ ഒപ്പം നിർത്താനായത് ബിജെപിക്ക് നേട്ടം; ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ സിപിഎമ്മും കോൺഗ്രസും

സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി; ത്രിപുര തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഐപിഎഫ്ടിയെ ഒപ്പം നിർത്താനായത് ബിജെപിക്ക് നേട്ടം; ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ സിപിഎമ്മും കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഏകദേശം പൂർത്തിയായി മത്സരം ചിത്രം തെളിഞ്ഞതോടെ ത്രിപുര തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അടുത്ത 16നാണ് നിയമസഭയിലെ 60 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.

ത്രിപുരയിൽ 55 സീറ്റിൽ മത്സരിക്കുന്ന ബിജെപി 54 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബിജെപിക്ക് ഒരു സീറ്റിൽ കൂടി മാത്രമേ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ളു. 5 സീറ്റ് സഖ്യകക്ഷിയും ഗോത്രവർഗ സംഘടനയുമായ ഐപിഎഫ്ടിക്ക് നൽകാൻ ധാരണയായിരുന്നു. കഴിഞ്ഞ തവണ ഐപിഎഫ്ടിക്ക് 9 സീറ്റ് നൽകിയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അവസാന നിമിഷം പിടിച്ച് നിർത്താനായത് ബിജെപിക്ക് നേട്ടമായി.

നാല് സീറ്റുകളിൽ സൗഹൃദമത്സരമുണ്ടെങ്കിലും ധാരണ ഉലയില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം കോൺഗ്രസ് പാർട്ടികൾ.നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ കഴിയാനിരിക്കെ പ്രമുഖ പാർട്ടികളെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി മണിക് സാഹയ്ക്കു പുറമേ കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി പ്രതിമ ഭൗമിക്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീബ് ഭട്ടാചാര്യ, വെള്ളിയാഴ്ച സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎ മുബഷർ അലി എന്നിവർ പട്ടികയിലുണ്ട്.

മന്ത്രിമാർക്കെല്ലാം സീറ്റ് നൽകി. 6 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി. 11 വനിതകൾ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം ബിപ്ലബ് ദേവിനെ മാറ്റി മുഖ്യമന്ത്രിയായ മണിക് സാഹ ബൊർദോവാലി ടൗൺ സീറ്റിൽത്തന്നെ മത്സരിക്കും. ബിപ്ലബ് ദേവ് ഇപ്പോൾ രാജ്യസഭാംഗമാണ്. ബിപ്ലബിന്റെ മണ്ഡലമായിരുന്ന ബനമാലിപുരിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ഭട്ടാചാര്യയാണ് സ്ഥാനാർത്ഥി.

2018 ൽ സിപിഎം മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനോടു തോറ്റ ധൻപുരിൽ തന്നെ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് വീണ്ടും ജനവിധി തേടും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിപുര മണ്ഡലത്തിൽ നിന്ന് പ്രതിമ ജയിച്ചിരുന്നു. മൊബഷിർ അലി സിപിഎം ടിക്കറ്റിൽ വിജയിച്ച കൈലാഷഹർ മണ്ഡലത്തിൽ നിന്നു തന്നെ മത്സരിക്കും.

സഖ്യമുണ്ടാക്കിയെങ്കിലും ഐപിഎഫ്ടിയുടെ ആവശ്യമായ പ്രത്യേക ടിപ്രലാൻഡ് സംസ്ഥാനം അംഗീകരിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. സഖ്യകക്ഷിയായ ഗ്രോത വിഭാഗത്തിൽ നിന്നുള്ള ഐപിഎഫ്ടി തിപ്ര മോതയിൽ ലയിക്കാനുള്ള ശ്രമം പരാജയപ്പെടുത്താനായത് ബിജെപിക്ക് നേട്ടമായി.

അഞ്ച് സീറ്റുകളാണ് എൻഡിഎ സഖ്യത്തിൽ മത്സരിക്കുന്ന ഐപിഎഫ്ടിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഐപിഎഫ്ടി നേരിടുന്ന തകർച്ച ഗോത്ര മേഖലയിൽ ബിജെപിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയയണം. മുഖ്യമന്ത്രി മണിക സാഹ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് എന്നിവർ മത്സരരംഗത്തുള്ളത് ഊർജ്ജമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

അറുപതംഗ നിയമസഭയിലെ 47 സീറ്റുകളിൽ ഇടത് പാർട്ടികളും പതിനേഴ് ഇടത്ത് കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട് . 56 സീറ്റുകളിൽ ധാരണയോടെ മത്സരിക്കുമ്പോൾ നാല് സീറ്റുകളിൽ സൗഹൃദമത്സരമാണ്. ഭരണവിരുദ്ധവികാരവും സംസ്ഥാനത്തെ അക്രമപ്രശ്‌നങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇരു പാർട്ടികളും. സംസ്ഥാനത്തെ നിർണായക ശക്തിയായി മാറിയ പ്രത്യുദ് ദേബ്ബർമെന്റെ തിപ്ര മോത പാർട്ടി ഗോത്രവിഭാഗങ്ങൾക്ക് മുൻതൂക്കുമുള്ള ഇരുപത് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മുപ്പത്തിയഞ്ച് നാൽപ്പതോ സീറ്റുകളിൽ മത്സരിക്കാനാണ് തിപ്രമോതയുടെ നീക്കം . സിപിഎം കോൺഗ്രസ് പാർട്ടികൾക്ക് ശക്തിയുള്ള സീറ്റുകളിൽ തിപ്രമോത മത്സരിച്ചേക്കില്ലെന്ന് നേരത്തെ പ്രത്യുദ് ദേബ് ബർമെൻ സൂചിപ്പിച്ചിരുന്നു. ഗ്രേറ്റർ തിപ്രലാന്റെന്ന പ്രത്യക സംസ്ഥാന പദവിക്കായി വാദിക്കുന്ന തിപ്രമോതയുമായി സഖ്യമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസ് സിപിഎം പാർട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP