Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയും വിശ്വാസികൾക്കൊപ്പം: ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന ചോദ്യം കൂടുതൽ അവകാശ തർക്കങ്ങൾക്ക് കാരണമായേക്കാം; ശബരിമല അടക്കം വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്ന ചർച്ചകളുമായി പരിവാർ സംഘടനകൾ എത്തിയേക്കും; കേരളത്തിലെ 'ദേവസ്വം' ബോർഡുകൾക്ക് ഭരിക്കാൻ ക്ഷേത്രം ഇല്ലാതെയാകുമോ?

സുപ്രീംകോടതിയും വിശ്വാസികൾക്കൊപ്പം: ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന ചോദ്യം കൂടുതൽ അവകാശ തർക്കങ്ങൾക്ക് കാരണമായേക്കാം; ശബരിമല അടക്കം വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്ന ചർച്ചകളുമായി പരിവാർ സംഘടനകൾ എത്തിയേക്കും; കേരളത്തിലെ 'ദേവസ്വം' ബോർഡുകൾക്ക് ഭരിക്കാൻ ക്ഷേത്രം ഇല്ലാതെയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്നു ചോദിച്ച സുപ്രീം കോടതി, വിശ്വാസവുമായി ബന്ധപ്പെട്ട ഇടത്തിന്റെ കാര്യങ്ങൾ വിശ്വാസികൾക്കു വിട്ടു നൽകാനും വാക്കാൽ നിർദേശിച്ചതിൽ വിശ്വാസ ചർ്ച്ച തുടരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മറവിൽ സർക്കാരാണ് നിയന്ത്രിക്കുന്നത്. ശബരിമല അടക്കമുള്ള ക്ഷേത്ര നടത്തിപ്പിൽ ചില കോണുകൾ പ്രതിഷേധവും ചർച്ചയും ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്ഷേത്രങ്ങൾ വിശ്വാസികൾക്കെന്ന പൊതു ചർച്ചയ്ക്ക് വീണ്ടും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടക്കമാവുകയാണ്.

ആന്ധ്രപ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചതു തെറ്റാണെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ആന്ധ്ര സർക്കാർ നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. അഹോബിലം ക്ഷേത്ര ഭരണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അവിടത്തെ മഠാധിപന്റെ അവകാശങ്ങളെ ബാധിക്കുമെന്നായിരുന്നു ആന്ധ്ര ഹൈക്കോടതി വിധി. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാൽ ഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളും സർക്കാർ ഏറ്റെടുക്കാൻ ശ്രമിച്ചത് സമീപകാല വിവാദങ്ങളാണ്. കണ്ണൂരിലും മറ്റും ഇത് വ്യാപക പ്രതിഷേധവുമുണ്ടാക്കി. സംഘപരിവാർ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഈ വിഷയം വീണ്ടും പരിവാർ കേന്ദ്രങ്ങൾ സജീവ ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടു വരും.

മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 26ാം വകുപ്പിലെ ഡി ഉപവകുപ്പിനെതിരാണ് (നിയമപരമായ നടത്തിപ്പവകാശം) സർക്കാർ നടപടി. ഇക്കാര്യങ്ങളിൽ സർക്കാർ കൈകടത്തുന്നത് എന്തിനാണെന്നു അപ്പീൽ ഹർജി ഹർജി പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരയ സഞ്ജയ് കിഷൻ കൗളും അഭയ് എസ്.ഓക്കയും ചോദിച്ചു. ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ കേരളത്തിലെ ക്ഷേത്ര ചർച്ചകളുമായി ബന്ധമില്ലാത്ത കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എങ്കിലും ക്ഷേത്ര വിഷയങ്ങൾ സുപ്രീംകോടതിയിലേക്കോ മറ്റ് കോടതികളിലേക്കോ എത്തിയാൽ എന്തു സംഭവിക്കുമെന്ന ചോദ്യം സർക്കാരിന് മുമ്പിലുമുണ്ട്.

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന് സുപ്രീം കോടതി പറയുന്നത് ക്ഷേത്ര ഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നുവെന്ന ചോദ്യത്തോടെയാണ് എന്നതാണ് നിർണ്ണായകം. എന്തിനാണ് സർക്കാർ ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നതെന്ന് ആന്ധ്ര സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിരഞ്ജൻ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു. ഇതിന് വ്യക്തമായ മറുപടിയുണ്ടായില്ല. ഇതോടെയാണ് വിശ്വാസികൾക്ക് ഭരണം വിട്ടുകൊടുക്കണമെന്ന നിർദ്ദേശം എത്തിയത്.

അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

അഹോബിലം മഠത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ സതീഷ് പ്രസരൻ, അഭിഭാഷകരായ സി. ശ്രീധരൻ, പി. ബി സുരേഷ്, വിപിൻ നായർ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. നേരത്തെ സംസ്ഥാനത്തെ 38,000 ക്ഷേത്രങ്ങളുടെ ഭരണനിർവഹണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇൻഡിക് കളക്ടീവ് ട്രസ്റ്റ് എന്ന എൻജിഒയാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത്. ഇതിനിടെയാണ് മറ്റൊരു കേസിൽ സുപ്രീംകോടതിയുടെ വിധി വരുന്നത്.

അതുകൊണ്ട് തന്നെ തമിഴ്‌നാട് കേസിലെ വിധിയും ഏറെ നിർണ്ണായകവും പ്രസക്തവുമാകും. ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം തമിഴ്‌നാട് സർക്കാർ വിലക്കിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എക്‌സിക്യുട്ടീവ് ഓഫീസർമാരെ നിയമിച്ച് ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുക മാത്രമല്ല, ക്ഷേത്രങ്ങളുടെ ഭീമമായ ഫണ്ട് വൻതോതിൽ ദുരുപയോഗം ചെയ്യുകയാണ് .എക്‌സിക്യുട്ടീവ് ഓഫീസർമാരുടെ നിയമന ചട്ടം-2015ൽ പരമാവധി 5 വർഷത്തേക്ക് നിയമിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു ഉപാധിയും കൂടാതെ സംസ്ഥാന സർക്കാർ ഈ ഉദ്യോഗസ്ഥരെ അനിശ്ചിതകാലത്തേക്ക് നിയമിച്ചതായി ഹർജിയിൽ പറയുന്നു. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു ആക്ഷേപം. സമാന വിഷയം തന്നെയാണ് അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടിയിലും നിറയുന്നത്.

തമിഴ്‌നാട്ടിൽ വരുമാനം തീരെ കുറവും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുമായ ക്ഷേത്രങ്ങളിൽ പോലും എക്‌സിക്യൂട്ടീവ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതുവഴി യാതൊരു കാരണവുമില്ലാതെ സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളെ നിയന്ത്രിക്കുകയാണ്. ഇത്തരത്തിൽ ക്ഷേത്ര ഭരണം കൈക്കലാക്കുന്നത് ന്യായമല്ല. ക്ഷേത്രങ്ങളിലെ ഫണ്ട് എക്‌സിക്യുട്ടീവ് ഓഫീസർമാർ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഭക്തർ നൽകിയ സംഭാവനയിൽ നിന്നാണ് ഈ ഫണ്ട് രൂപീകരിച്ചത്

ഇത്തരം 36,627 ക്ഷേത്രങ്ങളുണ്ട്. . ഇതിൽ 57 എണ്ണം ആശ്രമങ്ങളുമായി ബന്ധപ്പെട്ടവയും 17 എണ്ണം ജൈന വിഭാഗത്തിന് കീഴിലുമാണ്. ഈ ക്ഷേത്രങ്ങളിൽ 88.22 ശതമാനവും സർക്കാരിന്റെ നിയന്ത്രണത്തിലാണ്, അവയുടെ വാർഷിക വരുമാനം 10,000 രൂപയിൽ താഴെയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP