Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൗളിങ്ങിന് പിന്നാലെ ബാറ്റുകൊണ്ടും തിളങ്ങിയിട്ടും വാഷിങ്ങ്ടൺ സുന്ദറിന്റെ പോരാട്ടം പാഴായി; റാഞ്ചി പിച്ചിൽ തിളങ്ങി ന്യൂസീലൻഡ് സ്പിന്നർമാർ; ഒന്നാം ടി 20 യിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി

ബൗളിങ്ങിന് പിന്നാലെ ബാറ്റുകൊണ്ടും തിളങ്ങിയിട്ടും വാഷിങ്ങ്ടൺ സുന്ദറിന്റെ പോരാട്ടം പാഴായി; റാഞ്ചി പിച്ചിൽ തിളങ്ങി ന്യൂസീലൻഡ് സ്പിന്നർമാർ; ഒന്നാം ടി 20 യിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി

സ്പോർട്സ് ഡെസ്ക്

റാഞ്ചി: ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി. റാഞ്ചിയിൽ 177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൺ എന്നിവരാണ് ന്യൂസിലൻഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. സൂര്യകുമാർ യാദവ് (34 പന്തിൽ 47), വാഷിങ്ടൺ സുന്ദർ (28 പന്തിൽ 50) എന്നിവർ ആവോളം പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി (10).

28 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. സുന്ദറാണ് ഇന്ത്യൻനിരയിലെ ടോപ് സ്‌കോറർ.ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും അടക്കമുള്ള ഇന്ത്യൻ ബാറ്റിങ് നിരയെ സ്പിന്നർമാരുടെ മികവിൽ കിവീസ് പിടിച്ചുകെട്ടുകയായിരുന്നു.

സ്പിന്നർമാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചിൽ നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് കിവീസിനായി തിളങ്ങിയത്. സൂര്യകുമാർ ക്രീസിലുള്ളപ്പോൾ ഒരു ഓവർ മെയ്ഡനാക്കാനും സാന്റ്നർക്കായി. മൈക്കൽ ബ്രെയ്സ്വെല്ലും ലോക്കി ഫെർഗൂസനും രണ്ട് വിക്കറ്റെടുത്തു.

177 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ഞെട്ടിച്ചാണ് ന്യൂസീലൻഡ് ബൗളിങ് തുടങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷനെ (4) മടക്കി ബ്രെയ്സ്വെൽ ആദ്യ വെടിപൊട്ടിച്ചു. മൂന്നാം ഓവറിൽ രാഹുൽ ത്രിപാഠിയെ (0) ജേക്കബ് ഡുഫി പുറത്താക്കി. നാലാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ (7) സാന്റ്നറും പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 15 റൺസെന്ന ദയനീയ സ്ഥിതിയിലായി.

എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - ഹാർദിക് പാണ്ഡ്യ സഖ്യം പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് ലഭിക്കുന്ന പിന്തുണ മനസിലാക്കി ശ്രദ്ധയോടെ ബാറ്റ് വീശി. 68 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച ഘട്ടത്തിൽ 12-ാം ഓവറിൽ ഇഷ് സോദി സൂര്യകുമാർ യാദവിനെ മടക്കി.34 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 47 റൺസെടുത്താണ് സൂര്യ പുറത്തായത്.

തൊട്ടടുത്ത ഓവറിൽ ഹാർദിക്, ബ്രെയ്സ്വെല്ലിന് മുന്നിൽ വീണതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. 20 പന്തിൽ നിന്ന് 21 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.ദീപക് ഹൂഡയും (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ശിവം മാവി (2), കുൽദീപ് യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് അർധ സെഞ്ചുറി നേടിയ ഡെവോൺ കോൺവെയുടെയും ഡാരിൽ മിച്ചലിന്റെയും ഇന്നിങ്സുകളുടെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തിരുന്നു.

30 പന്തിൽ നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 59 റൺസോടെ പുറത്താകാതെ നിന്ന ഡാരിൽ മിച്ചലാണ് കിവീസ് സ്‌കോർ 176-ൽ എത്തിച്ചത്. അർഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ മിച്ചൽ ക്രീസിൽ നിൽക്കേ 27 റൺസാണ് കിവീസ് അടിച്ചെടുത്തത്. 35 പന്തുകൾ നേരിട്ട കോൺവെ ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റൺസെടുത്ത് പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP