Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്‌തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കും

വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്‌തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിൽ തീ കോരിയിടുന്ന തീരുമാനത്തിലേക്ക് ബ്രിട്ടൻ. ഉന്നത പഠനത്തിനു എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠന കാലത്തിനു ശേഷം തൊഴിൽ കണ്ടെത്താൻ സഹായിക്കും വിധം രണ്ടു വർഷം തുടരാൻ യുകെയിൽ അനുവദിക്കുന്ന തീരുമാനം മൂന്നു വർഷം കൊണ്ട് ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികളെയാണ് യുകെയിൽ എത്തിച്ചത്. എന്നാൽ ഈ പദ്ധതി വഴി വളരെ കുറച്ചു മിടുമിടുക്കരായ വിദ്യാർത്ഥികൾക്കാണ് യുകെയിൽ തൊഴിൽ കണ്ടെത്താൻ സാധിച്ചതെന്നു സർക്കാരിനും വ്യക്തമായിട്ടുണ്ട്. പക്ഷെ നല്ലൊരു ശതമാനം വിദ്യാർത്ഥികളും തിരികെ വന്ന നാട്ടിലേക്കു മടങ്ങിപോകാതെ യുകെയിൽ കുടിയേറാൻ ഉള്ള കുറുക്കു വഴികളാണ് തേടിയത്.

ഇതിൽ കെയർ ഹോമുകളിൽ ഇടനിലക്കാർക്കു പണം കൊടുത്തു കെയർ അസിസ്റ്റന്റ് വിസ സംഘടിപ്പിച്ചവർ മുതൽ അഭയാർത്ഥി വിസക്കു അപേക്ഷിച്ചവർ വരെയുണ്ട്. ഇതോടെ യുകെയിലേക്കു കുടിയേറാനുള്ള വഴിയായി സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യപ്പെടുക ആണെന്ന് സർക്കാരിന് ബോധ്യപ്പെടുക ആയിരുന്നു. ഇതോടെ പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കണം എന്ന ആവശ്യം ഉയരുകയും ഇന്ത്യയുടേയും മറ്റും പിണക്കം സമ്പാദിക്കേണ്ട എന്ന ചിന്തയിൽ തീരുമാനം വൈകിക്കുകയും ആയിരുന്നു. യുകെ ഡിപ്പാർട്മെന്റ് ഓഫ് എജ്യൂക്കേഷൻ നൽകിയ തീരുമാനം ചോർത്തിയെടുത്താണ് ഈ വിവരം ഇന്നലെ ''ദി ടൈംസ്'' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ ബ്രിട്ടൻ ഉദ്ദേശിച്ചതിനു നേർ വിപരീതമായാണ് ഈ രംഗത്തെ ട്രെന്റ് വളർന്നതെന്നു വ്യക്തമായതോടെയാണ് യു ടേൺ അടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മികച്ച വിദ്യാർത്ഥികൾ എത്തും എന്ന് കരുതിയിരുന്നിടത്തു താരതമെന്യേ കാലഹരണപ്പെട്ട കോഴ്‌സുകളും നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികളും തേടിയാണ് വിദേശ വിദ്യാർത്ഥികൾ എത്തിയത്. പലരുടെയും ലക്ഷ്യം മികച്ച പഠനം എന്നതിൽ ഉപരി യുകെയിൽ കഴിയുക എന്നതായിരുന്നു. നിലവാരം തീരെ കുറഞ്ഞ യൂണിവേഴ്സിറ്റികളാണ് ഭൂരിഭാഗം മലയാളി വിദ്യാർത്ഥികളും ഏജൻസികളുടെ ഉപദേശത്തിൽ വഴങ്ങി തിരഞ്ഞെടുത്തത്.

ഫീസ് കുറവും ജീവിത ചെലവ് കൈയിൽ ഒതുങ്ങുന്നതും ജോലികൾ കണ്ടെത്താൻ എളുപ്പവും ആയ വഴികൾ തേടി പോയ മലയാളികൾ അടക്കമുള്ളവർ എന്താണ് പഠിക്കേണ്ടത് എന്നതിൽ മാത്രം ശ്രദ്ധ നൽകിയില്ല. പലപ്പോഴും ഏജൻസികൾ പറഞ്ഞ കോഴ്സ് പഠിക്കാൻ വന്നവരും ഏറെയാണ് .സൈക്കോളജി പഠിച്ചവർ ബിസിനെസ് സ്റ്റഡീസും ഡെന്റിസ്ട്രി പഠിച്ചവർ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് തിരഞ്ഞെടുത്തതും ഒക്കെ മലയാളികൾക്കിടയിൽ തന്നെയാണ്. എന്തിനു ഈ കൂടുമാറ്റം നടത്തി എന്ന ചോദ്യത്തിന് ഏജൻസികൾ പറഞ്ഞത് അത്തരം കോഴ്‌സിന് സ്‌കോപ്പുണ്ട് എന്നാണ്.

പക്ഷെ ഏജൻസികൾക്ക് ശുപാർശ ചെയ്യാനുള്ള യൂണിവേഴ്‌സിറ്റിയിൽ എല്ലാ കോഴ്‌സും ഇല്ലെന്ന തിരിച്ചറിവ് കേരളത്തിലെ വിദ്യാഭ്യസം കൊണ്ട് വിദ്യാർത്ഥികൾ നേടിയിട്ടില്ല എന്നാണ് ഉന്നത പഠനത്തിന് ഏതെങ്കിലും ഏജൻസി നൽകുന്ന ശുപാർശ സ്വീകരിക്കാൻ തയാറാകുന്ന വിദ്യാർത്ഥികൾ തെളിയിക്കുന്നത്. യുകെയിൽ എത്തിയ ഇത്തരക്കാർ കെയർ ഹോം വിസയ്ക്കും മറ്റും അപേക്ഷിച്ചപ്പോൾ സംശയം തോന്നിയ ഹോം ഓഫിസ് ജീവനക്കാർ പഠിക്കാൻ വന്നിട്ട് കോഴ്സ് ഉപേക്ഷിച്ചു ജോലി തേടുന്നത് എന്തിനു എന്ന ചോദ്യം ചെയ്തപ്പോഴാണ് പല വിദ്യാർത്ഥികളും തങ്ങളുടെ ഗ്രാജുഷൻ കോഴ്സ് മറ്റൊന്നാണ് എന്ന് വെളിപ്പെടുത്തിയത്.

ഇതോടെയാണ് ഈ രംഗത്തെ ചതിക്കുഴികൾ ഹോം ഓഫീസിനും ബോധ്യപ്പെടുന്നത്. ഇതോടെ സ്റ്റുടന്റ് വിസ ദുരുപയോഗം തടഞ്ഞേ മതിയാകൂ എന്ന് സർക്കാരിന് നിർദ്ദേശം ലഭിക്കുക ആയിരുന്നു.

ഇരിക്കുന്ന കൊമ്പു മുറിച്ചവരിൽ നല്ല പങ്കു മലയാളികളും

സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന സംശയത്തെ തുടർന്ന് ഇത്തരക്കാരുടെ കുടുംബം യുകെയിൽ എത്തുമ്പോൾ നോ വർക്ക് നോ ബിസ്നസ് എന്ന മുദ്ര സ്റ്റാമ്പ് ചെയ്തു അനേകം പേർക്ക് ഡിപെൻഡന്റ് വിസ നൽകിയിട്ടുണ്ട്. പിന്നീട് മാസങ്ങൾ സമയമെടുത്താണ് ഹോം ഓഫിസ് ഇത് തിരുത്തി നൽകുക. അനേകം മലയാളി വിദ്യാർത്ഥികളുടെ ഡിപെൻഡന്റ് ആയിട്ടുള്ള ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഈ കെണിയിൽ വീഴേണ്ടി വന്നിട്ടുമുണ്ട്.

യുകെയിൽ തൊഴിലും ജീവിതവും തേടിയെത്താൻ സ്റ്റുഡന്റ്റ് വിസ കാരണമാക്കരുത് എന്ന ചിന്തയാണ് ഹോം ഓഫിസിനെ കൊണ്ട് ഇത്തരം ബിആർപി കാർഡുകൾ പുറത്തു വിടാൻ പ്രേരിപ്പിച്ചത് എന്നും വിലയിരുത്തപ്പെടുന്നു. അടുത്തകാലത്ത് എത്തിയ മലയാളി വിദ്യാർത്ഥികളിൽ നല്ലൊരു പങ്കിനെ യുകെയിൽ എത്തിയാൽ ആവശ്യം പോലെ ജോലി ചെയ്യാം, ആവശ്യം പോലെ സമ്പാദിക്കാം എന്ന മോഹ വാഗ്ദാനം നൽകി വിസ ഏജൻസികൾ കബളിപ്പിക്കുക ആയിരുന്നു എന്നും വ്യക്തമാണ്. ഇപ്പോൾ വിദ്യാർത്ഥികളെ പോലെ കൈനനയാതെ മീൻ പിടിക്കാൻ ശ്രമിച്ച ഇത്തരം വ്യാജ ഏജൻസികളുടെ കൂടി നെഞ്ചിലാണ് ഹോം ഓഫിസ് തീ കോരിയിട്ടിരിക്കുന്നത്. പക്ഷെ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കോടാനുകോടി രൂപ സമ്പാദിച്ചവരാണ് കേരളത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് ഏജൻസികളും യുകെയിലെ ഇടനിലക്കാരും. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്യാർത്തിയാണ് ഇക്കാര്യത്തിൽ ഏജൻസികൾ ചെയ്തത്.

പക്ഷെ ലിസ് ട്രേസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയ സ്യുവേല ബ്രെവർമാൻ സ്റ്റുഡന്റ് വിസ രംഗത്തെ ദുഷ്പ്രവണത അവസാനിപ്പിക്കും എന്ന് വ്യക്തമാക്കിയിരുന്നതാണ്. പക്ഷെ സർക്കാർ താഴെ വീണതോടെ സ്യുവെല്ല ഉയർത്തിയ ഭീക്ഷണി ഒഴിവായെന്നു ആശ്വസിക്കുമ്പോഴാണ് പകരം എത്തിയ റിഷി സുനക്ക് മന്ത്രിസഭയിലും സ്യുവെല്ല മടങ്ങി എത്തിയത്. ഇതോടെ പോസ്റ്റ് സ്റ്റഡി വിസ സംബന്ധിച്ച തിരിച്ചടി എത്രയും വേഗത്തിൽ സംഭവിച്ചേക്കാം എന്ന ആശങ്കയും ശക്തമായിരുന്നു. ഈ തീരുമാനത്തോട് പ്രധാനമന്ത്രി റിഷി സുനക്കും അനുകൂല നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ഇതും പദ്ധതിയുമായി മുന്നോട്ടു പോകാൻ സ്യുവേലയ്ക്ക് ധൈര്യം നൽകുക ആയിരുന്നു.

പോസ്റ്റ് സ്റ്റഡി വിസയുടെ ആനുകൂല്യം മുതലെടുക്കാൻ പതിനായിരക്കണക്കിന് മലയാളി യുവതീ യുവാക്കളാണ് കഴിഞ്ഞ മൂന്നു വർഷമായി ശ്രമിച്ചത്. രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ കാലത്തും ജോലി കണ്ടെത്താനായില്ലെങ്കിലും കിട്ടിയ ജോലികൾ ചെയ്തു പഠിക്കാൻ മുടക്കിയ പണം കണ്ടെത്താനാകും എന്നതായിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും ആശ്വാസം. ഏതെങ്കിലും കാരണവശാൽ ഭാഗ്യം കടാക്ഷിച്ചാൽ യുകെയിൽ തുടരാനായാൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്ന ചിന്തയാണ് പഠിക്കാൻ സമർത്ഥർ അല്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളെ കൂടി യുകെയിൽ എത്തിച്ചത്.

ബിസിനസ് സ്റ്റഡീസ്, മാനേജ്‌മെന്റ് കോഴ്‌സുകൾ, ഹോസ്പിറ്റാലിറ്റി കോഴ്‌സുകൾ എന്നിവയൊക്കെ പഠിക്കാൻ വന്ന വിദ്യാർത്ഥികൾക്ക് ഇതിലൊന്നും യുകെയിൽ തൊഴിൽ കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായിട്ടും കെയർ ഹോമുകളിൽ കയറിക്കൂടാം എന്ന പ്രതീക്ഷയാണ് ബ്രിട്ടനിൽ എത്താൻ ധൈര്യം നൽകിയത്.

'ചവിട്ട് സ്‌കീമിൽ'' ചതിക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഹോം ഓഫിസിന്

ആരോഗ്യ രംഗവും ആയി ഒരു പരിചയവും ഇല്ലാത്തവർ കെയർ ഹോമുകളിൽ ജോലി തേടി തുടങ്ങിയതോടെ പരാതികളും വ്യാപകമായി. വലിയ തുക നൽകി ഇത്തരം ജോലി സമ്പാദിച്ച അനേകം മലയാളി യുവതീ യുവാക്കളാണ് ഇപ്പോൾ തൊഴിൽ നഷ്ടമായി യുകെയിൽ കഴിയുന്നത്. ഇടനിലക്കാർ ഒരുക്കിയ ചതിയിൽ കുടുങ്ങിയവരും ഏറെയാണ്. ഒരാളെ നിസാര കാരണം കണ്ടെത്തി ജോലി നഷ്ടപ്പെടുത്തി ആ ഒഴിവിൽ മറ്റൊരാളെ തള്ളിക്കയറ്റുന്ന ''ചവിട്ട് സ്‌കീം'' നു ഇരയായവർ പ്രതികരിക്കാൻ പോലും കഴിയാത്ത നിലയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി ബ്രിട്ടീഷ് മലയാളി തുടർച്ചയായി നൽകിയ ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് നൂറോളം മലയാളി വിദ്യാർത്ഥികൾ ചതിക്കപ്പെട്ട വിവരം ഹോം ഓഫിസിനു ഇതിനകം ലഭ്യമായിട്ടുണ്ട്.

ഇക്കാര്യത്തിൽ സംഘടനകൾ അപലപനീയമായ മൗനം തുടർന്നപ്പോൾ സാമൂഹ്യ പ്രവർത്തകരായ വ്യക്തികളുടെ ഇടപെടലാണ് ഈ രംഗത്തെ ചതിയെക്കുറിച്ചു ഹോം ഓഫിസിനു വിവരം നൽകിയത്. പഠനത്തിന്റെ ഭാഗമായി ഹോം ഓഫിസിൽ മാനേജ്‌മെന്റ് ലെവലിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച യുകെ മലയാളി രണ്ടാം തലമുറയിൽ പെട്ട യുവതി നടത്തിയ ഇടപെടലും പ്രശംസനീയമാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വളരെ രഹസ്യമായാണ് ഹോം ഓഫിസിലേക്ക് കൈമാറിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP