Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രചാരണം കോടതികളും പൊലീസ്റ്റേഷനും അടഞ്ഞു കിടക്കുന്നെന്ന്; ക്രൈം റേറ്റ് പൂജ്യമെന്നും തള്ളുകൾ; എം പിയും ജയിലിൽ കിടന്നു; തീവ്രവാദവും കള്ളക്കടത്തും തടയാനായി 17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞു; എ പി- ഇ കെ തർക്കത്തിനൊപ്പം കോൺഗ്രസ്- എൻസിപി സംഘർഷവും; ലക്ഷദ്വീപ് മാവേലിനാടോ?

പ്രചാരണം കോടതികളും പൊലീസ്റ്റേഷനും അടഞ്ഞു കിടക്കുന്നെന്ന്; ക്രൈം റേറ്റ് പൂജ്യമെന്നും തള്ളുകൾ; എം പിയും ജയിലിൽ കിടന്നു; തീവ്രവാദവും കള്ളക്കടത്തും തടയാനായി 17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞു; എ പി- ഇ കെ തർക്കത്തിനൊപ്പം കോൺഗ്രസ്- എൻസിപി സംഘർഷവും; ലക്ഷദ്വീപ് മാവേലിനാടോ?

എം റിജു

കൊച്ചി: ലക്ഷദ്വീപിലെ 2021 ലെ അഡ്‌മിനിസ്ട്രേറ്റർ ഭരണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടർന്നുണ്ടായ ചർച്ചകളിൽ ഉയർന്നുകേട്ട ഒരു വാദം, ഇവിടെ ക്രൈം റേറ്റ് പൂജ്യമാണെന്നും, പൊലീസ് സ്റ്റേഷനുകളും കോടതിയുമൊക്കെ അടിച്ചിട്ടിരിക്കയാണെന്നും ആയിരുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു കൊച്ച് ദ്വീപിൽ സംഘപരിവാറും, കേന്ദ്രസർക്കാറും കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്നാണ് അന്ന് കേരളത്തിൽ അടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

എന്നാൽ ക്രൈം റേറ്റ് പൂജ്യമായ ഒരു ജനവാസകേന്ദ്രവും ഇന്ത്യയിൽ ഇല്ലെന്നും, മറ്റെവിടെയും ഉള്ളപോലെ കുറ്റകൃത്യങ്ങൾ ലക്ഷദ്വീപിലുമുണ്ടെന്ന് അന്ന് തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. 2019 ൽ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. ദേശീയ ശരാശരിയാവട്ടെ 385 ആയിരുന്നു. ഈ കാലയളവിൽ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ 248 ആയിരുന്നു ക്രൈം റേറ്റ്. അതുവെച്ച് നോക്കുമ്പോൾ മോശമില്ലാത്ത കുറ്റകൃത്യങ്ങൾ ലക്ഷദ്വീപിൽ നടക്കുന്നുണ്ടെന്ന് വ്യക്തമാണ്.

ഇത് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടാവുന്നത്. വധശ്രമക്കേസിൽ ശിക്ഷപ്പെട്ടതിനെ തുടർന്ന്, ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ തന്നെ ജയിലായി. ശിക്ഷക്കപ്പെട്ടതിനെ തുടർന്ന് റദ്ദാക്കപ്പെട്ട ഇദ്ദേഹത്തിന്റെ എം പി സ്ഥാനം, ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വധിയെ തുടർന്നാണ് പുനഃസ്ഥാപിക്കപ്പെട്ടത്. എം പി പോലും കേസിൽ പെട്ട് അകത്തായതോടെ കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടാണ് ലക്ഷദ്വീപ് എന്ന പ്രചാരണം പൊളിയുകയാണ്. അതേസമയം വർധിക്കുന്ന കുറ്റകൃത്യങ്ങൾ തടയിടനായി, ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

എം പി തന്നെ ജയിലിൽ ആവുമ്പോൾ

രണ്ടു ക്രമസമാധനപ്രശ്നങ്ങളാണ് നൂറുശതമാനവും ഇസ്ലാംമത വിശ്വാസികൾ ഉണ്ടായിരുന്ന ഈ ദ്വീപിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് കേരളത്തിലേത് പോലെ എ.പി- ഇ.കെ സുന്നി തർക്കം. ഇതിന്റെ പേരിൽ കേരളത്തിലെപ്പോലെ മദ്രസകൾ അടഞ്ഞുകിടക്കലും കോടതിയും കേസും ഒക്കെ ഇവിടെയും പതിവായിരുന്നു. രണ്ടാമത്തേത് കോൺഗ്രസും എൻസിപിയും തമ്മിലുള്ള തർക്കം. കോൺഗ്രസിന്റെ പരമ്പാഗത വോട്ട ബാങ്ക് തകർത്തുകൊണ്ട് ഇവിടെ എൻസിപി വളർന്നപ്പോൾ പ്രശ്നം കൈയാങ്കളിയിലെത്തി. ഈ പ്രശ്നമാണ് ലക്ഷദ്വീപ് എം പിയെ കണ്ണുർ സെൻട്രൽ ജയിലിൽ എത്തിച്ചത്.

കോൺഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭർത്താവിനെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2009ൽ വധിക്കാൻ ശ്രമിച്ചുവെന്നാണ് മുഹമ്മദ് ഫൈസലിനെതിരൊയ കേസ്.കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയുടെതായിരുന്നു ഉത്തരവ്. ഫൈസലിനൊപ്പം സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. കവരത്തി ജില്ലാ സെഷൻസ് കോടതിയുടെതായിരുന്നു ഉത്തരവ്.

ഈ വിധിയാണ ഹൈക്കോടതി ഇന്നലെ സസ്പെൻഡ്ചെയ്തത്. 10 വർഷം കഠിനതടവിന് ശിക്ഷിച്ചതും എംപി.സ്ഥാനം അസാധുവാക്കിയതും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പും ഒഴിവായേക്കും. കവരത്തി സെഷൻസ് കോടതി വിധിക്കെതിരേ നൽകിയ അപ്പീലിൽ തീർപ്പുണ്ടാകുംവരെയാണിത്.

2024-ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്കായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതമടക്കം കണക്കിലെടുത്താണ് വിധിയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. അപ്പീലിൽ വിശദവാദം പിന്നീടു കേൾക്കും. ഹൈക്കോടതി ഉത്തരവിനെതിരേ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകിയേക്കും. പിഴത്തുകയായ ഒരുലക്ഷംരൂപ എല്ലാവരും കെട്ടിവെക്കണം. ജാമ്യത്തിനായി 50,000 രൂപയും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വേണം.

എം പി സ്ഥാനം തിരികെ ലഭിക്കും

ജനുവരി 11-നാണ് പ്രതികളെ ശിക്ഷിച്ച സെഷൻസ് കോടതിയുടെ ഉത്തരവ്. ഇതിനെതിരേ 12-നുതന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഹമ്മദ് ഫൈസലിന്റെ എംപി.സ്ഥാനം അയോഗ്യനാക്കി 13-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കി. പിന്നാലെ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ അപ്പീലുംനൽകിയിട്ടുണ്ട്. 27-നാണ് ഈ ഹരജി പരിഗണിക്കുക.

കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലയിരുത്തി. 15 മാസത്തേക്കുമാത്രം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാരിച്ച സാമ്പത്തിക ചെലവടക്കം കോടതി കണക്കിലെടുത്തു.സർക്കാരിന്റെ ഈ ബാധ്യത പരോക്ഷമായി ജനങ്ങളിലേക്കെത്തും. സെഷൻസ് കോടതി ഉത്തരവ് സസ്പെൻഡ് ചെയ്യാനുള്ള അസാധാരണ സാഹചര്യമാണ് ഉണ്ടായതെന്നും കോടതി വിലിയിരുത്തി. വധശ്രമക്കേസിലാണ് ശിക്ഷിച്ചതെങ്കിലും മുറിവുകൾ ഗുരുതരമല്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.

ഉത്തരവ് സസ്പെൻഡ് ചെയ്താലും എംപി.സ്ഥാനം തിരികെലഭിക്കില്ലെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം കോടതി തള്ളി. ഇക്കാര്യത്തിൽ വ്യക്തതവരുത്തി ലില്ലി തോമസും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലടക്കം സുപ്രീംകോടതിയുടെ ഉത്തരവുകൾ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്രൈം റേറ്റ് കർണാടകക്ക് മുകളിൽ

ഒരു പ്രദേശത്ത് ഒരു വർഷം ഒരു ലക്ഷം പേർക്ക് എത്ര കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന കണക്കാണ് ക്രൈം റേറ്റ്. ഒരു കോടി ആളുകൾ താമസിക്കുന്ന സ്ഥലത്ത് 10,000 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താൽ 100 ആയിരിക്കും ക്രൈം റേറ്റ്. ഒരു ലക്ഷത്തിന് 100 എന്ന കണക്കിൽ. 2019 വരെയുള്ള ക്രൈം റേറ്റിന്റെ കണക്ക് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ കിട്ടും. 2019 ൽ ആണ് അവസാനമായി റിപ്പോർട്ട് ഇറങ്ങിയത്. ആയിരത്തിൽ അധികം പേജുകൾ വരുന്നതും അനേകം സ്ഥിതിവിവര കണക്കുകൾ അടങ്ങിയതുമായ റിപ്പോർട്ട് ഒന്നു രണ്ടു വർഷം വൈകിയാണ് ഇറങ്ങാറ്.

2019 ൽ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. പൂജ്യം അല്ല!ഐ.പി.സി പ്രകാരമോ പ്രത്യേക നിയമങ്ങൾ പ്രകാരമോ ഉള്ള ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇത്. പെറ്റിയടിച്ച കണക്കല്ല. ഈ കാലയളവിൽ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ 248 ആയിരുന്നു ക്രൈം റേറ്റ്. കർണാടകത്തിലെ ക്രൈം റേറ്റിനെക്കാൾ അൽപം കൂടുതൽ ആണ് ലക്ഷദ്വീപിൽ. ദേശീയ ശരാശരിയാവട്ടെ 385 ആയിരുന്നു.

കേരളത്തിൽ ഇത് 1288 ആയിരുന്നു. പൊലീസിന്റെ ശുഷ്‌കാന്തിയും നാട്ടുകാർക്ക് പരാതി കൊടുക്കാനുള്ള സാധ്യതയും കൂടുന്തോറും ക്രൈം രെജിസ്ടേഷനും കൂടും. ലക്ഷദ്വീപിനെക്കാൾ ക്രൈം റേറ്റ് കുറഞ്ഞിരിക്കുന്ന ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കാം. ബിഹാർ (224), ഗോവ (241), ജമ്മു കാശ്മീർ (188), പഞ്ചാബ് (243), ത്രിപുര (150), പശ്ചിമ ബംഗാൾ (194). നമ്മുടെ അടുത്തു കിടക്കുന്ന മറ്റൊരു കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ 264 ആയിരുന്നു ക്രൈം റേറ്റ്. പൊടിക്ക് താഴ്ന്നു നിൽക്കുന്നു. ഉത്തർപ്രദേശിൽ 278 ആയിരുന്നു.

പെർസെന്റേജ് ഷെയർ ഓഫ് സ്റ്റേറ്റ് എന്ന വേറൊരു കണക്കുമുണ്ട്. രാജ്യത്ത് മുഴുവൻ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എത്ര ശതമാനമാണ് ഒരു സംസ്ഥാനത്ത് ഉണ്ടായത് എന്നതിന്റെ കണക്കാണ് ഇത്. ജനസംഖ്യ കുറഞ്ഞ പ്രദേശത്ത് ക്രൈം എണ്ണം കുറവായിരിക്കും. ഷെയറും കുറവായിരിക്കും. ശതകോടിയിൽ ജനസംഖ്യയുള്ള രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എത്ര ശതമാനമായിരിക്കും പതിനായിരങ്ങളിൽ ജനസംഖ്യയുള്ള പ്രദേശത്തേത്? 0.1% ത്തിനും താഴെ ആയിരിക്കും. അത് സൗകര്യത്തിന് 0% എന്നങ്ങ് പറയും. ഇതാണ് ലക്ഷദ്വീപിലും സംഭവിച്ചത്. നാഗാലാന്റിലും സിക്കിമിലും, പിന്നെ ഡാമൻഡ്യൂ, ദാദ്ര നാഗർഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും ഈ കണക്ക് 0% ആണ്. 0.1% ഉള്ള 9 പ്രദേശങ്ങൾ വേറെയും ഉണ്ട്. ജനസംഖ്യ കുറവായതു തന്നെ കാരണം. പക്ഷേ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 0% എന്നത് നുണ പ്രചരണം ആണ്.

കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം

വർധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ 17 ദ്വീപുകളിലേക്ക് പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം തടഞ്ഞിരിക്കയാണ്. തീവ്രവാദവും കള്ളക്കടത്തും തടയാനെന്ന് വിശദീകരണം. ലക്ഷദ്വീപിന്റെ ഭാഗമായ ആൾപാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ചത്. 144-ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നാണ് നിർദ്ദേശം.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദവും കള്ളക്കടത്തും തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. മറ്റുദ്വീപുകളിൽനിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികൾക്ക് താമസിക്കാൻ തയ്യാറാക്കിയ താത്കാലിക നിർമ്മിതികളാണ് ഈ ദ്വീപുകളിൽ പ്രധാനമായും ഉള്ളത്.

ജോലിക്കായെത്തുന്ന തൊഴിലാളികളിൽ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇവർ കള്ളക്കടത്തിനും ആയുധവും ലഹരി മരുന്നുകളും ഒളിപ്പിച്ചുവെക്കാനും ദ്വീപിനെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP