Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ നെഞ്ചു തകർത്തു; ഓഹരി വിപണിയിൽ അദാനിക്ക് നഷ്ടം 46,000 കോടി രൂപ; റിപ്പോർട്ട് വസ്തുത വിരുദ്ധമെന്ന് വാദിച്ചിട്ടും തിരിച്ചു കയറാൻ സാധിച്ചില്ല; ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ് വീണ്ടും മൂന്നാം സ്ഥാനത്ത്

ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ നെഞ്ചു തകർത്തു; ഓഹരി വിപണിയിൽ അദാനിക്ക് നഷ്ടം 46,000 കോടി രൂപ; റിപ്പോർട്ട് വസ്തുത വിരുദ്ധമെന്ന് വാദിച്ചിട്ടും തിരിച്ചു കയറാൻ സാധിച്ചില്ല; ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ് വീണ്ടും മൂന്നാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അദാനി എന്റർപ്രൈസസ് ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണത്തിന് ഒരുങ്ങിയതോടെ ഓഹരിവിപണിയിൽ കൂപ്പുകുത്തി വീണു. അന്താരാഷ്ട്ര തലത്തിലെ ഏറ്റമും മികച്ച ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടാണ് അദാനിക്ക് വൻ ആഘാതം സമ്മാവിച്ചത്. അദാനി ഗ്രൂപ്പിനെ സംശയനിഴലിലാക്കുന്ന റിപ്പോർട്ടുകൾ അക്കമിട്ടു നിരത്തി കൊണ്ട് ഹിൻഡൻബർഗ് രംഗത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയിൽ വൻ ഇടിവു രേഖപ്പെടുത്തി.

46000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്ന് കമ്പനിക്ക് അഞ്ച് ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. അദാനി വിൽമർ, അദാനി പോർട്‌സ്, അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, എസിസി, അംബുജ സിമന്റ് ഓഹരികൾ നഷ്ടത്തിലാണ്. അദാനി പോർട്‌സ് 7.3 ശതമാനം, അദാനി എന്റർപ്രൈസസ് 3.7 ശതമാനം, അദാനി ട്രാൻസ്മിഷൻ 8.75 ശതമാനം, അദാനി ഗ്രീൻ എനർജി 3.40 ശതമാനം, എസിസി 7.2 ശതമാനം, അംബുജ സിമന്റ് 9.7 ശതമാനം, അദാനി വിൽമർ 4.99 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.

അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. വില ഇനിയും ഇടിയുമെന്ന കണക്കുകൂട്ടലിൽ ഓഹരികൾ വിറ്റും ഡെറിവേറ്റീവുകളിൽ ഷോർട്ട് പൊസിഷനുകൾ എടുത്തും നീങ്ങുകയാണെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി.

ഹിൻഡൻബർഗിന്റെ ഈ പ്രസ്താവനയും അദാനി ഓഹരികളുടെ വില ഇടിയാൻ കാരണമാണ്. അതേ സമയം റിപ്പോർട്ട് നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തുവന്നു. കടബാധ്യയെ കുറിച്ചുള്ള വാർത്തകൾ തള്ളിക്കളയുകയാണ് അദാനി ഗ്രൂപ്പിന്റെ ചെയ്തത്. റിപ്പോർട്ട് വസ്തുത വിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി എന്റർപ്രൈസസിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിന്റെ സമയത്ത് റിപ്പോർട്ട് വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദാനി ഗ്രൂപ് ചൂണ്ടിക്കാട്ടി.

ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന് കഴിഞ്ഞാൽ, അത് രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആയി മാറും. 2020 ജൂലൈയിൽ എഫ്പിഒ വഴി 15,000 കോടി രൂപ സമാഹരിച്ച യെസ് ബാങ്കിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത്. നിക്ഷേപത്തിന് മാത്രമല്ല, കടബാധ്യത കുറയ്ക്കാൻ കൂടിയാണ് എഫ്പിഒയിലൂടെ സമാഹരിക്കുന്ന തുക അദാനി വിനിയോഗിക്കുക. ആകെ കടത്തിന്റെ തോത് കുറയ്ക്കുന്നത് കമ്പനിക്ക് നേട്ടമാണ്. പക്ഷെ നിക്ഷേപകരിൽ ഇത് ആശങ്ക സൃഷ്ടിച്ചേക്കാം. കഴിഞ്ഞ സാമ്പത്തിക വർഷം അദാനി ഗ്രൂപ്പിന്റെ ആകെ കടം 40 ശതമാനം ഉയർന്ന് 2.2 ട്രില്യൺ രൂപയിലെത്തിയിരുന്നു.

ഭാവി വികസന പദ്ധതികൾക്കുള്ള മൂലധനത്തിനു വേണ്ടിയും കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് 20,000 കോടിയുടെ എഫ്പിഒയുമായി അദാനി എന്റർപ്രൈസസ് രംഗത്തെത്തിയത്. എഫ്പിഒയിലേക്ക് കൂടുതൽ റീട്ടെയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഓഹരിയുടെ ഇഷ്യൂവിന് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, വിഭവ സമാഹരണത്തിനായി റൈറ്റ്‌സ് ഇഷ്യൂവിന് (അവകാശ ഓഹരി) പകരം എഫ്പിഒ എന്ന മാർഗം സ്വീകരിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുമായി അദാനി എന്റർപ്രൈസസിന്റെ നേതൃത്വം രംഗത്തെത്തിയിരുന്നു.

അവകാശ ഓഹരിക്ക് പകരം എഫ്പിഒ മാർഗം തിരഞ്ഞെടുക്കുന്നതിനു പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒയായ ജുഗേഷീന്ദർ സിങ് പ്രതികരിച്ചു. ഒന്നാമതായി, പുതിയൊരു കൂട്ടം ഓഹരിയുടമകളെ ലഭിക്കും. ഇതിലൂടെ ഇന്ത്യയിൽ നിന്നുള്ള ഓഹരിയുടമകളുടെ ശരാശരി പങ്കാളിത്തം വർധിപ്പിക്കാനുമാകും. രണ്ടാമതായി ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരെ സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ ഭാഗമാകുന്നതിനും ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനുമാണെന്നും ജുഗേഷീന്ദർ സിങ് വ്യക്തമാക്കി. കൂടാതെ ഇതുവരെ കണ്ടത് ചെറിയൊരു ഘട്ടം മാത്രമാണെന്നും അദാനി എന്റർപ്രൈസസിന്റെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

അതിനിടെ ഓഹരി വിപണയിൽ വൻ ഇടിവു നേരിട്ടതോടെ ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ് വീണടും മൂന്നാമനാി. നിലവിൽ 120 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 121 ശതകോടി ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്.

188 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ബെർണാഡ് അർണോൾട്ട് ആണ് ശതകോടീശ്വരന്മാരിൽ ഒന്നാമൻ. രണ്ടാം സ്ഥാനം ടെസ് ല സിഇഒ ഇലോൺ മസ്‌കിനാണ് (145 ബില്യൺ ഡോളർ ആസ്തി). റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ പന്ത്രണ്ടാമതാണ്. അതേ സമയം ഫോബ്സിന്റെ ശതകോടീശ്വ പട്ടികയിൽ അദാനി തന്നെയാണ് മുന്നാം സ്ഥാനത്ത്. ഫോബ്സിന്റെ കണക്കുകൾ അനുസരിച്ച് 126.6 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 120.7 ബില്യൺ ഡോളറും. ഫോബ്സിന്റെ പട്ടികയിൽ ഒമ്പതാം സ്ഥാനമാണ് അംബാനിക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP