Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഹമ്മദബാദ് 1289 കോടിക്ക് അദാനി ഗ്രൂപ്പിന്; മുംബൈ 912 കോടിക്ക് മുംബൈ ഇന്ത്യൻസിന്; ബാംഗ്ലൂർ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്; കോടികൾക്ക് ഡൽഹിയും ലക്‌നൗവും; ആദ്യ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളിലൂടെ ബിസിസിഐ സ്വന്തമാക്കിയത് 4670 കോടി

അഹമ്മദബാദ് 1289 കോടിക്ക് അദാനി ഗ്രൂപ്പിന്; മുംബൈ 912 കോടിക്ക്  മുംബൈ ഇന്ത്യൻസിന്; ബാംഗ്ലൂർ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്; കോടികൾക്ക് ഡൽഹിയും ലക്‌നൗവും; ആദ്യ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളിലൂടെ ബിസിസിഐ സ്വന്തമാക്കിയത് 4670 കോടി

സ്പോർട്സ് ഡെസ്ക്

മുംബൈ: പ്രഥമ വനിത ഐപിഎൽ ഫ്രാഞ്ചൈസികളിലൂടെ 4669.99 കോടി സ്വന്തമാക്കി ബിസിസിഐ. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡൽഹി, ലക്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത് അഹമ്മദബാദ് ടീമിനായി 1289 കോടി മുടക്കിയാണ് അദാനി സ്പോർട്സ്ലൈൻ പ്രൈവറ്റ് ലിമിറ്റഡ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. മുംബൈ ടീമിനെ 912.99 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിനായി  ഇന്ത്യ വിൻ സ്പോർട്സ് ലിമിറ്റഡ് സ്വന്തമാക്കി. ബംഗളുരു ഫ്രാഞ്ചൈസി 901 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി.

ഡൽഹി ഫ്രാഞ്ചൈസി 810 കോടിക്ക് ജെ എസ് ഡബ്ലു ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും ലക്‌നൗ ഫ്രാഞ്ചൈസി 757 കോടി രൂപയ്ക്ക് കപ്രി ഗ്ലോബൽ ഹോൽഡിങ് പ്രൈവറ്റ് ലിമിറ്റഡും സ്വന്തമാക്കി. വനിതാ ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത് 17 കമ്പനികളായിരുന്നു. അഹമ്മദബാദ്, ബംഗളുരു, ഡൽഹി, മുംബൈ, ലക്‌നൗ എന്നിങ്ങനെ ആകെ അഞ്ച് ടീമുകളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക.

2008ലെ ആദ്യ പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ലേലത്തേക്കാൾ ഉയർന്ന തുകയാണിത്. വനിതാ പ്രീമിയർ ലീഗ് എന്നാകും ടൂർണമെന്റ് അറിയപ്പെടുക. വനിതാ പ്രീമിയർ ലീഗ് വലിയ വിപ്ലവമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിൽ എഴ് എണ്ണം വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളായിരുന്നു. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ഐപിഎൽ ഫ്രാഞ്ചൈസികൾ വനിതാ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നു. ലക്‌നൗ സൂപ്പർ ജയന്റ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ഫ്രാഞ്ചൈസികൾ വനിതാ ടീമിൽ താത്പര്യം കാണിച്ചിരുന്നില്ല. അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ജെകെ സിമന്റ്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ കമ്പനികളും വനിതാ ടീമിനായി രംഗത്തുണ്ടായിരുന്നു.

ലേലത്തിനായി താരങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്ഡ്, അൺക്യാപ്ഡ് താരങ്ങൾക്ക് ലേലത്തിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ക്യാപ്ഡ് താരങ്ങളിൽ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അൺ ക്യാപ്ഡ് താരങ്ങൾക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താനാവുക.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.

ഈ വർഷം മാർച്ച് 4ന് ടൂർണമെന്റ് ആരംഭിക്കുമെന്നാണ് വിവരം. 26ന് ഫൈനൽ നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും നേവി മുംബൈ സ്റ്റേഡിയത്തിലുമായാവും മത്സരങ്ങൾ. ആദ്യ സീസണിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാവുക. ലീഗ് വിജയിക്കുന്ന ടീമിന് 6 കോടി രൂപയും ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 3 കോടി രൂപയും പ്രൈസ് മണി ലഭിക്കും. മൂന്നാം സ്ഥാനത്തുള്ള ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുക.

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിന്റെ വയാകോം 18 സ്വന്തമാക്കിയിരുന്നു. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP