Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; പരേഡ് റിഹേഴ്‌സൽ പൂർത്തിയായി; ഈജിപ്ഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി; കർത്തവ്യപഥും പരിസരവും കനത്ത സുരക്ഷ വലയത്തിൽ; കർശന ഗതാഗത നിയന്ത്രണം

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; പരേഡ് റിഹേഴ്‌സൽ പൂർത്തിയായി; ഈജിപ്ഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി; കർത്തവ്യപഥും പരിസരവും കനത്ത സുരക്ഷ വലയത്തിൽ; കർശന ഗതാഗത നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഡൽഹിയിൽ ഒരുക്കം പൂർത്തിയായി. കർത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്‌സൽ പൂർത്തിയായി. രാവിലെ 6 മണിമുതൽ ഡൽഹിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുൾപ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും.

ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.

ജൻ ഭാഗിദാരി എന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്.

രാജ്യത്താകെ 901 പൊലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്. കേരള പൊലീസിലെ എസ്‌പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു. സ്തുത്യർഹ സേവനത്തിനുള്ള മെഡൽ കേരളത്തിലെ പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്, അഗ്‌നിശമന സേനാംഗങ്ങൾക്കുള്ള മെഡൽ അഞ്ചു മലയാളി ഉദ്യോഗസ്ഥർക്കാണ് പ്രഖ്യാപിച്ചത്.

കർത്തവ്യപഥിന്റേയും പുതിയ പാർലമെന്റ് മന്ദിരത്തിന്റേയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.

1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനമാണ് റിപ്പബ്ലിക് ദിനം. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി ഭരണഘടന സൃഷ്ടിക്കുകയും അംഗീകരിക്കുകയും ചെയ്തു.
ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് നടന്നത് 1950-ലാണ്. ഇർവിൻ ആംഫി തിയേറ്ററിൽ (നിലവിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയം) വച്ചായിരുന്നു പരേഡ്. മൂവായിരം ഇന്ത്യൻ സൈനികരും നൂറിലധികം വിമാനങ്ങളും പരേഡിൽ പങ്കെടുത്തു.

ആദ്യ നാല് വർഷങ്ങളിൽ, ഈ പരേഡുകളുടെ വേദികൾ ഇർവിൻ സ്റ്റേഡിയം, റെഡ് ഫോർട്ട്, രാംലീല ഗ്രൗണ്ട് എന്നിവയായിരുന്നു. രാജ്പഥിലെ ആദ്യ പരേഡ് 1955-ലാണ് സംഘടിപ്പിച്ചത്. പാക്കിസ്ഥാൻ ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

എല്ലാ വർഷവും ജനുവരി 29 ന് ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉത്ഭവം 1600 കളിലെ ഒരു പാരമ്പര്യത്തിൽ നിന്നാണ്. സൈനികരുടെ മടങ്ങിവരവ് പ്രഖ്യാപിക്കുന്ന ബീറ്റിങ് റിട്രീറ്റ് ആരംഭിച്ചത് ജെയിംസ് രണ്ടാമനാണ്. രാജാവ് തന്റെ സൈനികരോട് ഡ്രം അടിക്കാനും പതാകകൾ താഴ്‌ത്താനും ഒരു പരേഡ് സംഘടിപ്പിക്കാനും ഒരു യുദ്ധദിനം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടതോടെയാണ് ഇത് ആരംഭിച്ചത്. 2018 ലെ റിപ്പബ്ലിക് ദിന പരേഡിലാണ് ആദ്യത്തെ വിദേശ സൈനിക സംഘമായ ഫ്രഞ്ച് ആർമി സൈനികർ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP