Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങി; പീഡനക്കേസിൽ നിർമ്മാതാവിന് ചെലവായത് 25 ലക്ഷം; ആകെ കിട്ടിയത് 72 ലക്ഷം; വക്കീലിന്റെ കക്ഷികളിൽ കൂടുതലും സിനിമാക്കാർ; ബാർ കൗൺസിലിന്റെ അച്ചടക്ക നടപടിക്കും സാധ്യത; അഡ്വക്കേറ്റ് ആക്ട് പ്രയോഗിക്കണമെന്ന് ഹൈക്കോടതി വിജിലൻസ്; അഡ്വ സൈബി ജോസ് കിടങ്ങൂരിനെ കുടുക്കി മൊഴികൾ

ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങി; പീഡനക്കേസിൽ നിർമ്മാതാവിന് ചെലവായത് 25 ലക്ഷം; ആകെ കിട്ടിയത് 72 ലക്ഷം; വക്കീലിന്റെ കക്ഷികളിൽ കൂടുതലും സിനിമാക്കാർ; ബാർ കൗൺസിലിന്റെ അച്ചടക്ക നടപടിക്കും സാധ്യത; അഡ്വക്കേറ്റ് ആക്ട് പ്രയോഗിക്കണമെന്ന് ഹൈക്കോടതി വിജിലൻസ്; അഡ്വ സൈബി ജോസ് കിടങ്ങൂരിനെ കുടുക്കി മൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. അഡ്വക്കേറ്റിനെതിരെ പൊലീസ് കേസെടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഹൈക്കോടതി ഉറച്ച നിലപാടിലാണ്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയിരുന്നു. ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമ്മാതാവിന് 25 ലക്ഷം ചെലവായി .15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി ലഭിച്ചിട്ടുണ്ട്. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണ്. ഇയാൾ ആഡംബര ജീവിതമാണ് നയിച്ചത്. മൂന്ന് ലക്ഷ്വറി കാറുകൾ സ്വന്തമായുണ്ട്. സെബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

ജഡ്ജികളുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദ്ദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്. അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയുടെ ഫുൾ കോർട്ട് തീരുമാന പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തിയത്.

കേരള ഹൈക്കോർട്ട് അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന പുസ്തകപ്രകാശന ചടങ്ങിലെ അധ്യക്ഷസ്ഥാനത്തുനിന്ന് ആരോപണ വിധേയനായ അഭിഭാഷകനെ മാറ്റിയിരുന്നു. ഈ ചടങ്ങിൽ ആദ്യം അധ്യക്ഷനായി നിശ്ചയിച്ചത് അടുത്തിടെ സംഘടനയുടെ മുഖ്യ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെയായിരുന്നു. അദ്ദേഹത്തെ അധ്യക്ഷനായി നിശ്ചയിച്ച് പരിപാടിയുടെ ബ്രോഷർ അടക്കം അച്ചടിച്ച് നൽകുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കക്ഷിയുടെ പക്കൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം പുറത്തുവന്നത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകുകയും ചെയ്തു. പൊലീസ് അന്വേഷണവും തുടങ്ങി. മാധ്യമങ്ങളിൽ ഇത് വാർത്തയാകുകയും ചെയ്തു. തുടർന്നാണ് ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് അഭിഭാഷകനെ മാറ്റിയത്.

അതിനിടെ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂർ തൽസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഓൾ കേരള ലോയേഴ്സ് യൂണിയൻ കേരള ഹൈക്കോടതി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ പണം വാങ്ങിയെന്ന ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേൽപ്പിക്കുന്നതാണ് - എ.ഐ.എൽ.യു. ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി.എം. നാസർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ആരോപണത്തിൽ വസ്തുതകൾ പുറത്തു കൊണ്ടു വരാൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. സംശയത്തിന് അതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാർ യോഗം ചേർന്നാണ് അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാർഹമാണെന്നും ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റിലും ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചയായതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. ഇതിൽ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകണ്ടെത്തിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഒരു ജഡ്ജിതന്നെ ചീഫ് ജസ്റ്റിസിന് കത്തും നൽകി.

കേരളത്തെ ഞെട്ടിച്ച് ഹൈക്കോടതി അഴിമതിയിൽ നിർണ്ണായക വിവരങ്ങൾ നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. ജസ്റ്റീസുമാരുടെ പേരു പറഞ്ഞ് കേസിൽ ഇടപെടലിന് പണം തട്ടുന്ന മാഫിസാ സംഘമാണ് ചർച്ചകളിൽ എത്തുന്നത്. ഹൈക്കോടതിയുടെ തന്നെ വിജിലൻസാണ് ഇത് കണ്ടെത്തുന്നത്. നവസിനിമാക്കാരനിൽ നിന്ന് കേസൊതുക്കാൻ ലക്ഷങ്ങൾ കോഴയായി വാങ്ങിയെന്ന ആക്ഷേപമാണ് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെടലുകൾ നടത്തി. അങ്ങനെ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ പരിഗണനയിലും വന്നു. കേസിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തി ഞെട്ടിക്കുന്ന വസ്തുതകൾ കണ്ടെത്തി.

ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിന് എതിരെയായിരുന്നു റിപ്പോർട്ട്. ഈയിടെ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ എതിരാളിക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടിന് ജയിച്ച വ്യക്തിയാണ് സൈബി. അഭിഭാഷക സംഘടനാ നേതാവെന്ന നിലയിൽ തിളങ്ങുന്ന സൈബിക്കെതിരെ ഹൈക്കോടതി ഫുൾ കോർട്ട് എന്തു നടപടി എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഡിസംബർ 16നായിരുന്നു സൈബി അസോസിയേഷന്റെ പ്രസിഡന്റായത്. തെരഞ്ഞെടുപ്പ് കാലത്താണ് കോഴ ആരോപണം ഉയരുന്നത്. ഇത് ഹൈക്കോടതിയിലെ മറ്റൊരു വക്കീൽ പരോക്ഷ സൂചനകളുമായി ഫെയ്സ് ബുക്കിൽ പോസ്റ്റാക്കി. ഈ പോസ്റ്റോടെയാണ് വിഷയം ഹൈക്കോടതി ജഡ്ജി കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയിൽ എത്തുന്നത്. ഇത് സത്യം കണ്ടെത്തുന്ന തരത്തിലേക്ക് മാറുകയും ചെയ്തു.

ഹൈക്കോടതി രജിസ്ട്രാറെയാണ് ജഡ്ജി കാര്യങ്ങൾ ധരിപ്പിച്ചത്. ഇതോടെ ഹൈക്കോടതിയിലെ വിജിലൻസ് സംവിധാനം അന്വേഷണം നടത്തി. പരാതിക്കാരുടെ മൊഴി എടുത്തു. ഇതോടെ അഞ്ചു ജഡ്ജിമാരുടെ പേരിൽ അഴിമതി നടത്തിയ വക്കീലിന്റെ ചിത്രം തെളിഞ്ഞു. ഇത് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മുമ്പിലുമെത്തി. ഗുരുതരമായ ആരോപണങ്ങൾ ചർച്ച ചെയ്യാനാണ് ഹൈക്കോർട്ടിന്റെ ഫുൾ കോർട്ട് ചേരുന്നത്. അഡ്വക്കേറ്റിനെതിരെ നടപടിക്ക് ബാർ കൗൺസിലിനോട് ശുപാർശ ചെയ്യാം. ഇതിനൊപ്പം കോടതി അലക്ഷ്യത്തിന് കേസുമെടുക്കാം-ഈ രണ്ട് വഴികൾക്ക് അപ്പുറം പൊലീസിനെ കൊണ്ട് അഴിമതിയിൽ അന്വേഷണം നടത്താമെന്ന സാധ്യതയും ഫുൾ കോർട്ടിന് മുമ്പിലുണ്ടായിരുന്നു. അതാണ് തീരുമാനമായതും. ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റാണ് സൈബി.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP