Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ 'ആയിഷ' പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥ

ബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ 'ആയിഷ' പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥ

എം റിജു

തീയേറ്ററിൽ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന 'ആയിഷ' എന്ന മഞ്ജു വാര്യർ ചിത്രം. കേരളത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട നടി നിലമ്പൂർ ആയിഷയുടെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രത്തിൽ പക്ഷേ, അവരുടെ കനലെരിയുന്ന നാടക ജീവിതമില്ല. മറിച്ച് അവർ നയിച്ച പ്രവാസ ജീവിതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പി ടി ഉഷയുടെ കഥ സിനിമയാവുമ്പോൾ അതിൽ ഓട്ടമത്സരം ഒഴിവാക്കിയാൽ എങ്ങനെയിരിക്കും! അത്തരം ഒരു വൈരുധ്യ സിനിമയാണ് മഞ്ജുവാര്യർ നായികയാക്കി എടുത്തതെന്ന വിമർശനങ്ങളും ഇതോടെ സൈബറിടത്തിൽ ഉയരുന്നത്. ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ ഇത് സമ്മതിക്കുന്നുണ്ട്. നിലമ്പൂർ ആയിഷയുടെ മൊത്തം ജീവിതമല്ല തങ്ങൾ എടുത്തത് എന്നും, അതിന്റെ ഒരു ഭാഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണെന്നും. അത് സമ്മതിക്കാം. അതിനുള്ള സ്വാതന്ത്ര്യം ചിത്രത്തിന്റെ നിർമ്മാതാക്കൾക്കുണ്ട്.

പക്ഷേ ചിത്രം പുറത്തിറങ്ങിയതോടെയുള്ള സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ ഉയരുന്നത് യഥാർഥ നിലമ്പുർ ആയിഷയെക്കുറിച്ചാണ്. ആയിഷ സിനിമയും മാർക്കറ്റ് ചെയ്യപ്പെടുന്നത് അങ്ങനെയാണ്. 86 വയസ്സ് പിന്നിട്ട ഈ വയോധികയായ നടി ശരിക്കും ഒരു ഇടിമുഴക്കമായിരുന്നു. കേരളത്തിലെ മാത്രമല്ല, ഏഷ്യയിൽ തന്നെ അടുക്കള വിട്ട് ആദ്യമായി അരങ്ങിലെത്തിയ മുസ്ലിം സ്ത്രീയാണ് അവർ എന്ന് ചില പഠനങ്ങളിൽ കാണുന്നുണ്ട്. ഈ ആധുനിക കാലത്തുപോലും ഒരു സ്ത്രീ ഡാൻസ് കളിച്ചാൽ പ്രശ്നമാണ് മുസ്ലിം സമുദായത്തിൽ. തലയിൽ തട്ടം വീണാൽ പോലും ഇന്നും കോലഹാലമാണ്.

 

അപ്പോൾ 50കളിൽ എന്താവും അവസ്ഥ. സ്ത്രീകൾ സ്‌കൂളിൽ പോകേണ്ട, പഠിക്കേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന കാലം. പന്ത്രണ്ടും പതിമൂന്നും വയസിൽ പെൺകുട്ടികളെ നിക്കാഹ് ചെയ്യിപ്പിക്കുന്ന കാലം. സ്ത്രീകളെ വീട്ടിലെ ജോലിക്കും പ്രസവിക്കാനും ഉള്ള യന്ത്രങ്ങളായി കണ്ടിരുന്ന കാലം. ആ കാലത്തു ആണ് നിലമ്പൂർ ആയിഷ എന്ന പെണ്ണൊരുത്തി നാടകത്തിലേക്കു വരുന്നത്. എന്തൊരു ഉറച്ച നിലപാട്. വെടിയുണ്ടകളെ വരെ അതിജീവിച്ചാണ് അവർ കലാപ്രവർത്തനം നടത്തിയത്.

സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്‌

1936ൽ നിലമ്പൂരിലെ ഒരു സമ്പന്ന കുടുംബത്തിലാണ് അയിഷയുടെ ജനനം. ബാപ്പ വലിയ മരക്കച്ചവടക്കാരനായിരുന്നു. കോവിലകം കാടുകളിൽ നിന്ന് മുറിക്കുന്ന തേക്കും മറ്റും സ്വദേശത്തും വിദേശത്തുമായി നടത്തുന്ന കച്ചവടം, തേയിലപ്പൊടിയുടെ കച്ചവടം, ചൂളക്കരിയുടെ കച്ചവടം തുടങ്ങിയ പല ബിസിനസ്സുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നിലമ്പൂർ കോവിലകം പിതാവിന് മുത്തുപ്പട്ട സ്ഥാനം നൽകി ആദരിച്ചിരുന്നു. 21ൽ ലഹളക്കാലത്ത് കോവിലകക്കാരുടെ നേരെ ആക്രമണം വരുമെന്ന് ഉറപ്പായപ്പോൾ അവരെ സംരക്ഷിക്കുന്നതിനു ആയിഷയുടെ ബാപ്പ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലിം മൈത്രിയിൽ വിശ്വസിച്ചിരുന്ന ഒരു മതേതര മനസ്സിന് ഉടമയായിരുന്നു അദ്ദേഹം.

ആയിഷയുടെ ഉമ്മയുടെ പരിചരണത്തിനായി അവരുടെ വീട്ടിൽ നാല് സ്ത്രീകൾ ഉണ്ടായിരുന്നു. അടുക്കളയിൽ മൂന്നു പേരും, കുഴമ്പ് തേപ്പിക്കാനും താളി ഉരക്കാനും മറ്റുമായി ഒരാളും. കുടുംബത്തിൽ സ്ഥിരമായി രണ്ടു തട്ടാന്മാർ പണിയെടുത്തിരുന്നു. വീട്ടാവശ്യത്തിന് സ്വർണാഭരണങ്ങൾ ഉമ്മായുടെ ഇഷ്ടത്തിനനുസരിച്ചും പുതിയ ഫാഷൻ അനുസരിച്ചും പണിയുന്നതിനായി മാത്രം. ഉമ്മയ്ക്ക് സഞ്ചരിക്കാൻ പ്രത്യേകം തയ്യാറാക്കിയ കാളവണ്ടിയുണ്ടായിരുന്നു. ബാപ്പയ്ക്ക് സ്വന്തമായി ആനകൾ ഉണ്ടായിരുന്നു. ആനയ്ക്ക് ചോറ് ഉരുളകളായി കൊടുക്കുന്നത് നോക്കിനിൽക്കുന്നത് ആയിഷക്ക് രസമായിരുന്നു.

എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ ബിസിനസുകളെല്ലാം തകർച്ചയിലായി. ബാപ്പ സാമ്പത്തികമായി തകർന്നതോടെ ആയിഷയുടെ കുടുംബത്തിന്റ ജീവിതം പ്രയാസത്തിലേക്ക് നീങ്ങി. ബാപ്പ മരിക്കുമ്പോൾ ഏഴു മക്കളിൽ ഒരാളുടെ വിവാഹം മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. ''വിശപ്പ് സഹിക്കാനാവാതെ സഹോദരൻ എന്റെ മുന്നിലിരുന്ന് കരയും. ഇത് കണ്ടിരിക്കാനാവാതെ ഉമ്മ അരിമില്ലിൽ പണിക്ക് പോയിത്തുടങ്ങി. മറ്റ് മാർഗങ്ങളില്ലാതെ ഞാനും സഹോദരങ്ങളും കശുവണ്ടി പെറുക്കാനും മറ്റും പോവും. അങ്ങനെ അഞ്ചാം ക്ലാസോടെ എന്റെ പഠനം അവസാനിച്ചു.'' നിലമ്പുർ ആയിഷ ആ കാലം ഓർക്കുന്നു. ഉന്നതങ്ങളിൽ നിന്ന് താഴോട്ട് വീണ ഒരു ഹതഭാഗ്യയാണ് അവർ.

13ാം വയസ്സിൽ വിവാഹം 14ൽ അമ്മ

പക്ഷേ തന്നിലെ കലാകാരിയെ വാർത്തെടുത്തതും ബാപ്പതന്നെയാണെന്ന് ആയിഷ ഒരു അഭിമുഖത്തിൽ പറയുന്നു. '' തികഞ്ഞ കലാസ്നേഹി കൂടിയായിരുന്നു അദ്ദേഹം. വൈകീട്ട് നാലുമണി കഴിഞ്ഞാൽ, വേലക്കാർ ഉൾപ്പടെ എല്ലാവരും ജോലി നിർത്തണം എന്നാണ് അദ്ദേഹം പറയുക. പിന്നെ ഞങ്ങളുടെ വീട്ടിൽ കലാപരിപാടികൾ ആണ്. പുറംപണിക്കായി അറുപതോളം ദലിതരായ തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു. അവർ എല്ലാം ചേർന്ന്, പിന്നെ അവരുടെ കലകൾ അവതിരിപ്പിക്കും. അടുക്കളപ്പണിക്ക് വരുന്ന മുസ്ലിം സ്ത്രീകൾ മാപ്പിളപ്പാട്ട് അടക്കമുള്ളവയും. അങ്ങനെ എല്ലാ വൈകുന്നേരവും കലകളുടെ മേളം ആയിരുന്നു ആ വീട്ടിൽ. അതുകണ്ടാണ് ഞാൻ വളർന്നത്''- നിലമ്പൂർ ആയിഷ വ്യക്തമാക്കി.

അക്കാലത്തെ രീതിയനുസരിച്ച് 13ാം വയസ്സിലായിരുന്നു നിലമ്പുർ ആയിഷയുടെ വിവാഹം. ഒരു അഭിമുഖത്തിൽ അവർ ഇങ്ങനെ പറയുന്നു. ''13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാൻ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാൽ, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി. ആളുകൾ കളിയാക്കാനും. എനിക്കു മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്. കാരണം എനിക്കു വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടുതന്നെ കല്യാണത്തിനുശേഷം വീടിനുള്ളിൽ അടിമപ്പണി ചെയ്യേണ്ടിവന്നവരായിരുന്നു അക്കാലത്തെ സ്ത്രീകൾ. ''- അവർ പറയുന്നു. അങ്ങനെ പതിനാലം വയസ്സിൽ, കളിച്ച് നടക്കേണ്ട പ്രായത്തിൽ അവർ അമ്മയുമായി. അപ്പോഴേക്കും കുടുംബം പാപ്പരുമായിരുന്നല്ലോ.

''പക്ഷേ, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നാണ് എനിക്കു തോന്നിയത്. ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. കയറിട്ട് തൂങ്ങി പിടഞ്ഞുമരിക്കാൻ നോക്കിയപ്പോൾ കയറ് വെട്ടിയറുത്തെടുത്തത് എന്റെ ജ്യേഷ്ഠനായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മരിച്ചുകാണിക്കുകയല്ല ജീവിച്ചു കാണിക്ക് എന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി. മരിച്ചുകഴിഞ്ഞാൽ കുഴിച്ചിടും, പിന്നെ യാതൊന്നും ബാക്കിയുണ്ടാവില്ല. അങ്ങനെ ജീവിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് സ്വന്തമായി ഒരു വരുമാനം വേണമെന്ന് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. ''- നിലമ്പുർ ആയിഷ പറയുന്നു.

നിലമ്പൂരിന്റെ നാടകവസന്തം

തെക്കൻ കേരളത്തിൽ കെപിഎസി തരംഗമായെങ്കിലും വടക്കൻ കേരളത്തിൽ അതുപോലെ ഒരു പുരോഗമന ആശയങ്ങൾ പറയുന്ന, ഒരു നാടക സമിതി ഉണ്ടായിരുന്നില്ല. പക്ഷേ ആ വിടവ് നികത്തിയത് നിലമ്പൂരെയും കോഴിക്കോട്ടെയും നാടക സമിതികൾ ആയിരുന്നു. 1953ൽ വെറും 16ാംമത്തെ വയസ്സിൽ നിലമ്പൂർ കലാസമിതിക്ക് വേണ്ടി ഇ കെ അയമു എഴുതിയ 'ജ്ജ് നല്ല മന്സനാകാൻ നോക്ക്' എന്ന നാടകത്തിലൂടെയാണ് നിലമ്പുർ ആയിഷ അഭിനയം രംഗത്തെത്തിയത്. ജമീല എന്ന കഥാപാത്രമായി അരങ്ങിലെത്തിയപ്പോൾ അത് ചരിത്രപരമായൊരു തുടക്കമായിരുന്നു. മുസ്ലിം പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും അവകാശമില്ലാതിരുന്നൊരു കാലത്ത് നാടകവേദിയിലേക്ക് ചുവടുവെക്കുക. അസാമാന്യമായ ധൈര്യമുള്ളവർക്ക് അതിന് കഴിയൂ.

നിലമ്പൂരിനെ സംബന്ധിച്ച് കർഷക കുടുംബങ്ങളായിരുന്നു ഇവിടെ കൂടുതലുമുണ്ടായിരുന്നത് . നാടകത്തിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പുരുഷന്മാരായിരുന്നു സ്ത്രീ വേഷം കെട്ടി അഭിനയിച്ചിരുന്നത്. നല്ല അഭിപ്രായം നേടിയ നാടകം കുറേ വേദികളിൽ കളിച്ചു. പക്ഷെ സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകൾ തന്നെ അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവും എന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം. ഒരിക്കൽ തൃശ്ശൂരിൽ നാടകം കളിച്ചപ്പോൾ ഇ എം എസും ഒളപ്പമണ്ണയും കെ പി ആർ ഗോപാലനുമെല്ലാം കാണാനെത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ ഗ്രീൻ റൂമിലെത്തിയ ഇ എം എസ് നാടകത്തെ അഭിനന്ദിച്ചു. കർഷകത്തൊഴിലാളികളടെ ജീവിതം പറയുന്ന സാമൂഹ്യ പ്രസക്തിയുള്ള നാടകമാണ് ഇതെന്നും നാടകത്തിൽ രണ്ട് സ്ത്രീകൾ കൂടി ഉണ്ടെങ്കിൽ കൂടുതൽ മികവോടെ അവതരിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതോടെ നാടകപ്രവർത്തകർ നടികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. അങ്ങിനെ അങ്ങിനെ നിലമ്പൂർ ബാലൻ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സഹോദരി ജാനകിയെ ഒരു കഥാപാത്രത്തിന് വേണ്ടി നിശ്ചയിച്ചു. മറ്റേ കഥാപാത്രത്തിന് വേണ്ടിയുള്ള അന്വേഷണം അവർ തുടർന്നു.

അക്കാലത്ത് മറ്റൊരു പ്രശ്നവും ഉണ്ടായി. ഒരു പ്രണയരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കാമുകിയുടെ തലയിൽ നിന്ന് തട്ടം അഴിഞ്ഞു വീണു. കാമുകിയായി അഭിനയിക്കുന്ന ചെറുപ്പക്കാരന്റെ ക്രോപ് ചെയ്ത തലമുടി കണ്ടതോടെ ജനം കൂകാൻ തുടങ്ങുകയും ചെയ്തു. ഈ സംഭവം അയമുവിനു വല്ലാത്ത പ്രശ്നമായി തോന്നി. എന്തായാലും ഒരു നടിയെ കണ്ടത്തണമെന്ന് അങ്ങനെയാണ് അവർ ഉറപ്പിച്ചത്.

'രക്ഷിക്കാൻ കഴിയാത്ത മതം ശിക്ഷിക്കരുത്'

താൻ നാടകത്തിലേക്ക് എത്തിയ കഥ നിലമ്പൂർ ആയിഷ ഇങ്ങനെ സ്മരിക്കുന്നു. ഒരു ദിവസം എനിക്ക് കാല് വയ്യാണ്ടിരിക്കുകയാണ്. എന്റെ ഉമ്മയുടെ ഗ്രാമഫോണിൽ കേട്ട ഒരു ഹിന്ദി പാട്ട് ഞാൻ അഭിനയിച്ച് പാടിക്കൊണ്ട് വരാന്തയിലിരിക്കുകയാണ്. അപ്പോഴാണ് കഥാപാത്രമാകാൻ യോജിച്ച നടിയെയും അന്വേഷിച്ചുകൊണ്ട് പലയിടത്തും കറങ്ങി ഇ കെ അയമുവും എന്റെ ജ്യേഷ്ഠൻ മാനു മുഹമ്മദും വീട്ടിലേക്ക് കയറിവരുന്നത്. എന്റെ പാടിക്കൊണ്ടുള്ള അഭിനയം കണ്ടപ്പോൾ എന്തുകൊണ്ട് ഇവളെ നാടകത്തിൽ അഭിനയിപ്പിച്ചുകൂടാ എന്നായി അയമുവിന്റെ ചോദ്യം. അപ്പോൾ ഉമ്മ വന്ന് അയ്യോ അതൊന്നും വേണ്ട സമുദായം ഭ്രഷ്ഠ് കൽപ്പിക്കുമെന്ന് പേടിയോടെ പറഞ്ഞു. ഇതുകേട്ടുകൊണ്ടിരുന്ന ഞാൻ ഒരു ധൈര്യത്തിന് അഭിനയിക്കാൻ തയ്യാറാണന്ന് പറയുകയായിരുന്നു. രക്ഷിക്കാൻ കഴിയാത്ത മതക്കാർ ശിക്ഷിക്കാനും മെനക്കെടേണ്ട.. ഞാൻ അഭിനയിക്കും എന്ന് പറഞ്ഞപ്പോൾ ഉമ്മയ്ക്കും സമ്മതിക്കേണ്ടിവന്നു. അഭിനയിക്കാനുള്ള താത്പര്യത്തിന് പിന്നിൽ എന്റെ ഗതികേടും ഉണ്ടായിരുന്നു. കുഞ്ഞിനെ നല്ല നിലയിൽ വളർത്തണം. അതിന് നാടകം എന്നെ സഹായിക്കുമെന്ന് തോന്നി. അങ്ങിനെ ഇ കെ അയമുവും എന്റെ ജ്യേഷ്ഠൻ മാനു മുഹമ്മദും കൂടി എന്നെ സ്റ്റേജിലേക്ക് കൈപിടിച്ചു കയറ്റി.

അപ്പോഴാണ് എന്റെ ജ്യേഷ്ഠനോടൊപ്പം നാടകത്തിലുള്ളവർ കയറിവരുന്നത്. എന്നെ കണ്ട് എന്തുകൊണ്ട് നാടകത്തിലഭിനയിച്ചൂകൂടാ എന്നു ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു വേണ്ട, നമ്മളതു ചെയ്യാൻ പാടില്ല, നമുക്കു സമൂഹം ഭ്രഷ്ട് കൽപ്പിക്കും എന്ന്. അന്നു ഞാൻ പറഞ്ഞു രക്ഷിക്കാൻ കഴിയാത്ത ഒരു മതസ്ഥരും നമ്മളെ ശിക്ഷിക്കാൻ നടക്കരുത് എന്ന്. അങ്ങനെ പറയാൻ കാരണം ഒരുപാടു പേർക്കു സഹായം ചെയ്ത ബാപ്പ മരിച്ചു ഞങ്ങൾ പാപ്പരായപ്പോൾ ആരും വന്നിരുന്നില്ല സഹായത്തിന്. നാടകത്തിലഭിനയിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ 1952-ൽ 16 വയസ്സുകാരിയായ ഞാൻ നാടകത്തിലെത്തി.''

'ഒരു അനാഘൃത പുഷ്പം വരുന്നു'

നാടകത്തിന്റെ റിഹേഴ്സൽ പത്ത് ദിവസം കൊണ്ട് പൂർത്തിയായി. വളരെ രഹസ്യമായാണ് ആയിഷ റിഹേഴ്സലിന് പോയിരുന്നത്. നാടകം അനൗൺസ് ചെയ്തപ്പോൾ മാത്രമാണ് ആളുകൾ വിവരം അറിഞ്ഞത്. നാടകം അരങ്ങേറുന്നതിന്റെ തലേ ദിവസം 'ഏറനാടിന്റെ വിരമാറിൽ നിന്നും ഒരു അനാഘൃത പുഷ്പം, ആയിഷ എന്ന പെൺകുട്ടി നാടകത്തിലേക്ക്' എന്നൊരു പത്രവാർത്ത വന്നു. ഇതോടെ ഏറനാട്ടിൽ നിന്നുള്ള പെൺകുട്ടി ആരാണന്നറിയാനുള്ള ആകാംക്ഷയിലായി എല്ലാവരും.

ഫറോക്കിലെ ലക്ഷ്മി കൊട്ടകയിൽ ആയിരുന്നു നാടകം അരങ്ങേറിയത്. ആയിഷയും കൂട്ടരും ചെല്ലുമ്പോൾ അവിടെ വൻ ജനാവലിയായിരുന്നു. റെഡ് വളണ്ടിയർമാൻ കൈകോർത്ത് പിടിച്ചാണ് എന്നെ സ്റ്റേജിലേക്ക് കയറ്റിയത്. നാടകം തകർത്തു. അക്രമിക്കാൻ വന്നവരെല്ലാം അവിടെ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചാണ് പിരിഞ്ഞുപോയത്. ഒരു കർഷക കുടംബത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുകയായിരുന്നു നാടകം. ആദ്യമായി സ്റ്റേജിൽ കയറിയതായിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞുവെന്ന് ആളുകളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായി. പിറ്റേ ദിവസം കോട്ടക്കലിൽ നാടകത്തിന് ബുക്കിങ് കിട്ടി. പിന്നെ തലശ്ശേരി. തുടർന്ന് 2500 ഓളം വേദികളിൽ ആ നാടകം ജൈത്ര യാത്ര നടത്തി.

1954-ൽ പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആറാം പാർട്ടി കോൺഗ്രസ്സിൽ നാടകം അരങ്ങേറി. ഇ.എം.എസ്സും ഇമ്പിച്ചിബാവയും മറ്റുപല നേതാക്കന്മാരും അഭിനന്ദിച്ചു. മദ്രാസിലും ബോംബെയിലും നിലമ്പൂർ യുവജന കലാസമിതി നിരവധി നാടകങ്ങൾ കളിച്ചു. 1958ൽ കലാസമിതിയുടെ ബോംബെ ടൂർ നടത്തി.

വെടിവെപ്പിനെ അതിജീവിച്ചു

പക്ഷേ നാട്ടിലെ ഇസ്ലാംമത യഥാസ്ഥികർ ആയിഷയെ വേട്ടയാടി. നടിയായതിന്റെ പേരിൽ പല പീഡനങ്ങളും അവർക്ക് സഹിക്കേണ്ടിവന്നു. മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. ചോര ചുണ്ടിലേക്ക് വീഴുമ്പോഴും ഡയലോഗ് തെറ്റിക്കാതെ അവർ അഭിനയിച്ചു. എന്തിന് സ്റ്റേജിലേക്ക് വെടിവെപ്പ് വരെയുണ്ടായി. ''മഞ്ചേരിയിൽ നാടകം അവതരിപ്പിക്കുമ്പോഴാണ് ആരോ വേദിയിലേക്ക് വെടിവെച്ചത്. എന്തോ ഒരു ശബ്ദം കേട്ടിരുന്നെങ്കിലും ഞാൻ എന്റെ ഡയലോഗ് പറഞ്ഞു തീർത്തു. കർട്ടൺ വീണ ശേഷം നോക്കുമ്പോൾ എയർ ഗണ്ണിന്റെ ചില്ല് വേദിയിൽ. പിന്നെ പുറത്തേക്കിറങ്ങാൻ ഭയമായി. പലവഴികളിലൂടെ ചുറ്റിവളഞ്ഞാണ് അന്ന് നാട്ടിലേക്ക് തിരിച്ചുപോയത്. ''- നിലമ്പൂർ ആയിഷ അനുസ്മരിക്കുന്നു.

പിന്നെയും അക്രമങ്ങൾ ഉണ്ടായി. അടിച്ചു ചെവി പൊട്ടിച്ചു. ആയിഷയുടെ ഒരു ചെവി ഇപ്പോഴും കേൾക്കില്ല. ''ഞാൻ ചെയ്ത പ്രവർത്തനത്തിന് എനിക്കു കിട്ടിയ അവാർഡായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെയിടയിൽ ജീവിക്കണമെങ്കിൽ നമുക്കു നാവ് നാല് വേണം. നമ്മൾ ഒരികക്കലും വിട്ടുകൊടുക്കുരുത്''- ആയിഷ പറയുന്നു.

നാടകം അവതരിപ്പിക്കാൻ ചില സ്ഥലങ്ങളിൽ പോകുമ്പോൾ കേരളാ നൂർജഹാൻ അഭിനയിക്കുന്നുവെന്നെല്ലാം അനൗൺസ്മെന്റ് ഉണ്ടാവും. മറ്റ് ചിലയിടങ്ങളിൽ 'മുസ്ലിം വനിത നാടകത്തിലേക്കല്ല, നരകത്തിലേക്കാണ്' എന്നെല്ലാം പറഞ്ഞ് വാഹനത്തിൽ എതിരാളികൾ അനൗൺസ്മെന്റ് നടത്തും. എല്ലാം സഹിച്ചുകൊണ്ടാണ് നാടകങ്ങളിൽ അഭിനയിക്കാൻ പോയിക്കൊണ്ടിരുന്നത്. ''പലയിടത്തു നിന്നും ഭക്ഷണം കിട്ടില്ല. വെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. എന്നാലും നാടകം കളിക്കും. ഒരിക്കൽ ഏഴോം എന്ന സ്ഥലത്ത് പോകുമ്പോൾ മുട്ടത്തെത്തിയപ്പോൾ ഒരു പുഴ കടക്കണം. അതിനായി വള്ളത്തിൽ കയറിയപ്പോഴാണ് അതിലെ ഒരു ജാഥ വന്നത്. നാടകത്തിൽ അഭിനയിക്കാൻ വന്ന മുസ്ലിം വനിതയെ കൊല്ലണം എന്നെല്ലാം പറഞ്ഞ് ആയുധങ്ങളുമേന്തി വന്നവർ ഞങ്ങളെ അക്രമിക്കാൻ വന്നു. അതിനെയെല്ലാം നേരിട്ട് ഞങ്ങൾ നാടകം കളിച്ചപ്പോൾ ജനങ്ങൾ ആവേശത്തോടെ ഞങ്ങളെ വളഞ്ഞു. വലിയ സ്വീകരണമാണ് അവിടെ പിന്നീട് ലഭിച്ചത്.''- നിലമ്പുർ ആയിഷ ഓർക്കുന്നു.

''അന്നൊക്കെ ഉറങ്ങാൻ പോലും പറ്റില്ല. എങ്കിലും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഞങ്ങൾ സ്റ്റേജിലേക്ക് കയറും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാൻ ഞങ്ങളുടെ നാടകങ്ങളും പങ്കുവഹിച്ചു എന്നറിയുന്നതിൽ വലിയ സന്തോഷം. ''അന്നും ഇന്നും താൻ ഒരു കമ്യൂണിസ്റ്റ് ആണെന്ന് പറയുന്ന ആയിഷ അഭിമാനത്തോടെ പറയും.

കെ ടി മുഹമ്മദിന്റെ ലോകം

കെ ടിയെപ്പറ്റി പറയാതെ നിലമ്പുർ ആയിഷയുടെ നാടകലോകം പൂർണ്ണമാകില്ല. ''ഞങ്ങൾ നാടകം കളിക്കുന്ന കാലത്താണ് കെ ടി മുഹമ്മദ് ഒരു ചെറുകഥ എഴുതിയത്. കണ്ണുകൾ എന്ന ആ കഥയ്ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചു. അവാർഡ് വാങ്ങാനായി ഡൽഹിയിൽ പോയ കെ ടി പനി പിടിച്ച് അവിടെ ചികിത്സയിലായി. അപ്പോഴാണ് നാടകത്തിൽ ഒരു മുസ്ലിം പെൺകുട്ടി അഭിനയിക്കുന്നു എന്ന വിവരം അദ്ദേഹം അറിയുന്നത്. അത് കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. പനി പൂർണ്ണമായി മാറാതെ ഡൽഹിയിൽ നിന്നും വന്ന കെ ടി ഉസ്മാൻ ഡോക്ടറുടെ ക്ലിനിക്കിൽ അഡ്‌മിറ്റായി. അവിടെ വെച്ച് അദ്ദേഹം ഡോക്ടറോട് എന്നെപ്പറ്റി അന്വേഷിച്ചു. അദ്ദേഹത്തിന്റെ നാടകത്തിൽ എന്നെ അഭിനയിപ്പിക്കണം എന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. ഉസ്മാൻ ഡോക്ടർ ഒ കെ പറഞ്ഞപ്പോൾ കെ ടി എന്നെ വിളിച്ചു.

മനുഷ്യമനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു കലാരൂപമാണ് നാടകമെന്നായിരുന്നു അദ്ദേഹം കണ്ടപ്പോൾ തന്നെ എന്നോട് പറഞ്ഞത്. ഓരോ സന്ദർഭത്തിനും കഥാപാത്രങ്ങളുടെ വികാരങ്ങൾക്കും അനുസരിച്ച് അഭിനേതാവിന്റെ ചലനങ്ങൾ എങ്ങിനെയായിരിക്കണമെന്നെല്ലാം എന്നെ പഠിപ്പിച്ചത് കെ ടി യാണ്. ഇത് ഭൂമിയാണ്, ഈ ദുനിയാവിൽ ഞാനൊറ്റയ്ക്കാണ്, ജ്ജ് നല്ല മന്സനാകാൻ നോക്ക്, മതിലുകൾ, ഉള്ളതുപറഞ്ഞാൽ, കരിങ്കുരങ്ങ്, കാഫിർ, തീക്കനൽ, സൃഷ്ടി.. തുടങ്ങി നിരവധി നാടകങ്ങളിൽ ഇതിനകം ഞാൻ വേഷമിട്ടുകഴിഞ്ഞു. സിനിമ നമ്മളെ കൂടുതൽ പ്രശസ്തരാക്കും. പക്ഷെ നാടകം ജനങ്ങളോട് അവരുടെ മുന്നിൽ നിന്ന് സംവദിക്കുകയാണ്. അതുകൊണ്ട് തന്നെ നാടകം എനിക്ക് ജീവിതമാണ്.

എന്നെ ഏറ്റവും സ്വാധീനിച്ച നാടകം ഇ കെ അയമുവിന്റെ മതിലുകളാണ്. ഏറെ പ്രസക്തിയുള്ള, ഇക്കാലത്തും കളിക്കാവുന്ന നാടകമാണത്. മതിലുകൾ വേർതിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണത്. ഇ കെ അയമു ക്യാൻസർ ബാധിതനായി കിടക്കുമ്പോഴാണ് ഈ നാടകം എഴുതിയത്. ഇത് പുസ്തകമാക്കിയപ്പോൾ ഞാനും നിലമ്പൂർ ബാലനും കൂടിയാണ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് പുസ്തകം നൽകിയത്. ഇത് അരങ്ങിൽ അവതരിപ്പിക്കുമ്പോൾ താനുണ്ടാവുമോ എന്നായിരുന്നു ഡോക്ടറോടുള്ള അദ്ദേഹത്തിന്റെ ദയനീയമായ ചോദ്യം. മതിലുകളിലെ ലക്ഷ്മിയമ്മ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും.''- ഒരു അഭിമുഖത്തിൽ നിലമ്പുർ ആയിഷ വ്യക്താമാക്കി.

സിനിമയിലും നിരവധി വേഷങ്ങൾ

സിനിമയിലും ചെറുതെങ്കിലും ശക്തമായ വേഷങ്ങൾ അവർ ചെയ്തു. 1961 ൽ പുറത്തിറങ്ങിയ 'കണ്ടം ബച്ച കോട്ടി'ലൂടെയാണ് സിനിമാ ലോകത്തെത്തിയത്. കുട്ടിക്കുപ്പായത്തിലെ അൽപ്പം കോമഡി കലർന്ന കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ബഹദൂറിന്റെ ഭാര്യയായിട്ടായിരുന്നു ആ സിനിമയിൽ വേഷമിട്ടത്. ഓരോയിടത്തും പോയി കുറേ നുണകളും ഏഷണികളും പറഞ്ഞ് നടക്കുന്ന ഒരു കഥാപാത്രം. സത്യൻ, പ്രേം നസീർ, മധു, അടൂർ ഭാസി തുടങ്ങിയ പ്രശസ്തരായ നടന്മാർക്കൊപ്പമെല്ലാം അഭിനയിക്കാനും നിലമ്പൂരുകാരുടെ പ്രിയപ്പെട്ട ആയിഷാത്തക്ക് ഭാഗ്യം ലഭിച്ചു.

ലൈലാ മജ്നു, കുപ്പിവള, കാത്തിരുന്ന നിക്കാഹ്, കാട്ടുപൂക്കൾ, തൊമ്മന്റെ മക്കൾ, കാവ്യമേള, തങ്കക്കുടം, പാതിരാവും പകൽവെളിച്ചവും, കാത്തിരുന്ന നിമിഷം, ചുവന്ന വിത്തുകൾ, തേൻതുള്ളി, നാലുമണി പൂക്കൾ, അന്യരുടെ ഭൂമി, മൈലാഞ്ചി, സുബൈദ, അമ്മക്കിളിക്കൂട്, ചന്ദ്രോത്സവം, മകൾക്ക്, ദൈവനാമത്തിൽ, പരദേശി, കൈയൊപ്പ്, ഷേക്സ്പിയർ എം എ മലയാളം, വിലാപങ്ങൾക്കപ്പുറം, പാസഞ്ചർ, ബാല്യകാലസഖി, പേടിത്തൊണ്ടൻ, ആലിപ്, കമ്പാർട്ട്മെന്റ്, നിക്കാഹ്, കാ ബോഡിസ്‌കേപ്പ്, ഹലോ ദുബായ്ക്കാരൻ, മട്ടാഞ്ചേരി, ഖലീഫ, കൂടെ, പന്ത്, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, മാമാങ്കം, ഉടലാഴം, ഊമക്കുയിൽ പാടുമ്പോൾ, ഓളവും തീരവും, പാലേരി മാണിക്യം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ഇപ്പോൾ മൊത്തം നൂറോളം സിനിമകൾ ആയിട്ടുണ്ടെന്നാണ് അവർ പറയുന്നത്.

പിൽക്കാലത്ത് പക്ഷേ നാടകം ഉപേക്ഷിക്കേണ്ടി വന്നു. 83 മുതൽ ഗൾഫിലേക്ക് ചേക്കേറി. അതേക്കുറിച്ച് ആയിഷാത്ത ഇങ്ങനെ പറയുന്നു. ''ശാന്താദേവി, വിജയലക്ഷ്മി, വിലാസിനി, ജാനകി തുടങ്ങി നിരവധി പേർ എനിക്കൊപ്പം അരങ്ങിലുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിഞ്ഞ നാളുകൾ. കാലം കഴിഞ്ഞപ്പോൾ പുതിയ കാലത്ത് ചില തിക്താനുഭവങ്ങൾ എനിക്കുണ്ടായി. പുതിയ ആളുകൾക്ക് പലപ്പോഴും എന്നോട് അസഹിഷ്ണുത തോന്നാൻ തുടങ്ങി. ഞാൻ കടന്നുവന്ന വഴികളെക്കുറിച്ച് അറിയാവുന്നവർ നൽകുന്ന അംഗീകാരവും കെ ടി മുഹമ്മദിന്റെ ശിക്ഷ്യയെന്ന പരിഗണന ലഭിക്കുന്നതും പലർക്കും എന്നോടുള്ള വിരോധത്തിന് കാരണമായി. നാടകങ്ങൾ കളിക്കുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ എനിക്ക് സ്വീകരണവും നൽകാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങളും അഭിനയിക്കുന്നവരല്ലേ.. എന്നിട്ട് ഇവരെ മാത്രമെന്താ ആദരിക്കുന്നത് എന്നൊക്കെ പലരും പറഞ്ഞു തുടങ്ങി. അവർ എന്നെ അവഗണിക്കാനും കുറ്റപ്പെടുത്താനും തുടങ്ങിയതോടെ മനസ്സു മടുത്തു. ഞാൻ കടന്നുവന്ന വഴികളെയാണ് ആദരിക്കുന്നത് എന്ന് തിരിച്ചറിയാൻ അവർക്കാർക്കും കഴിഞ്ഞില്ല. അതോടെ കുറേക്കാലം നാടകവേദിയിൽ നിന്നും ഞാൻ മാറി നിൽക്കുകയും ചെയ്തു. ''

ഗദ്ദാമയായി ഗൾഫിൽ

83ലാണ് ഗൾഫിലേക്ക് പോകുന്നത്. ആ അനുഭവം അവർ പറയുന്നു. '' 18 വർഷത്തോളം ഒരു ഗദ്ദാമയായി സൗദി അറേബ്യയിൽ ജീവിച്ചിട്ടുണ്ട് ഞാൻ. നിലം തുടയ്ക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. അതു നന്നായി ചെയ്തപ്പോൾ മൂന്നുമാസം കൊണ്ട് ജോലിക്കയറ്റം കിട്ടി. ഖഫീലിന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുക, അവരുടെ കാര്യങ്ങൾ നോക്കുക ഒക്കെയായിരുന്നു പിന്നീട് ജോലി. അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ മലയാളികളോട് മലയാളത്തിൽ പറയും, ഹിന്ദിക്കാരോട് മുറി ഹിന്ദി, തമിഴരോട് നന്നായി തമിഴ്, ഇംഗ്‌ളീഷുകാരോട് അതിനെക്കാൾ മുറി ഇംഗ്‌ളീഷും. ഇതൊക്കെ കണ്ടപ്പോൾ ഖഫീലിന്റെ മൂത്തമോള് അദ്ഭുതത്തിൽ ഉമ്മയോട് പറഞ്ഞു ആയിഷ ഡോക്ടറാണ് എന്ന്. ഞാൻ നടിയാണല്ലോ, ഞാൻ പിന്നെ ഡോക്ടറുടെ മാതിരിയായി.

ഇൻജക്ഷനെല്ലാം ചെയ്തുകൊടുക്കും. അങ്ങനെ വലിയ ഒരാളായി ഞാൻ അവരുടെയിടയിൽ. ഒരിക്കൽ ഞാൻ പറഞ്ഞു, എനിക്ക് ബത്ത എന്ന സ്ഥലത്തു പോകണം. എന്റെ സഹോദരന്മാർ അവിടെയുണ്ടെന്ന്. 36 കാറുണ്ട് ഖഫീലിന്. ഒരു കാറെടുത്ത് ഡ്രൈവറേയും കൂട്ടി പൊയ്‌ക്കോളാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ മലയാളികളെല്ലാം ഭയങ്കര സ്‌നേഹത്തിൽ എഴുന്നേറ്റ് നിന്നു സംസാരിച്ചു. ഖഫീലിന്റെ മകൾ എന്നെ ഫോളോ ചെയ്തിരുന്നു. അവർ വീട്ടിൽ ചെന്നിട്ട് പറഞ്ഞു ആയിഷ ഇന്ദിരാ ഗാന്ധിയാണ്, എല്ലാ മനുഷ്യരും കണ്ടപ്പോൾ തന്നെ എഴുന്നേറ്റ് നിന്നു എന്ന്. പിന്നെ ഞാൻ അവിടെ ഇന്ദിരാ ഗാന്ധിയാണ്. ഭരണമൊക്കെ പിന്നെ എന്റെ കയ്യിലായി. ഒരിക്കൽ ഞാൻ എന്റെ കാസറ്റുകൾ അവർക്ക് ഇട്ടുകൊടുത്തു. അവർ ഭയങ്കര അദ്ഭുതത്തിൽ സ്‌ക്രീനിലേക്കു നോക്കും എന്റെ മുഖത്തു നോക്കും. പിന്നേം സ്‌ക്രീനിലേക്കും എന്റെ മുഖത്തേക്കും. എന്നിട്ട് ഖഫീലിന്റെ മോള് പറഞ്ഞു, ആയിഷ ഹേമമാലിനിയാണെന്ന്. അങ്ങനെ ഞാൻ അതുമായി.

പോരാൻ നേരത്ത് എനിക്കൊരു മുത്തവ്വിയുമായി ഒന്നു സംസാരിക്കണം എന്നു ഞാൻ അവരോട് ആവശ്യപ്പെട്ടു. ഞാൻ ചെയ്തതു ശരിയോ തെറ്റോ എന്നെനിക്കറിയണം. അങ്ങനെ ഫോണിലൂടെ സംഘടിപ്പിച്ചു തന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ ഒരു കലാകാരിയാണ്. അതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഞാൻ ചെയ്യുന്നതു ശരിയാണോ? അപ്പോൾ അദ്ദേഹം പറഞ്ഞത്, നീ ചെയ്യുന്ന പ്രവർത്തനം മനുഷ്യരെ നന്നാക്കുന്നതാണെങ്കിൽ നീ ചെയ്യുന്നതാണ് ശരി എന്ന്.''- ആയിഷ പറഞ്ഞു.

ഈ അനുഭവം വികസിപ്പിച്ചാണ് ആയിഷ എന്ന സിനിമ ഉണ്ടാക്കിയത്. പക്ഷേ ആ സിനിമയിലെ വലിയൊരു പ്രശ്നം സിനിമകണ്ടാൽ തോന്നുക, കുറച്ചുകാലം മാത്രം സൗദിയിൽ ജോലിചെയ്തു, അപ്പോഴേക്കും പാർട്ടിക്കാർ അവർക്ക് വീടുണ്ടാക്കിക്കൊടുത്ത് നാട്ടിലേക്ക് കൊണ്ടുപോയി എന്നാണ്. പക്ഷേ അത് ശരിയല്ല. നീണ്ട 18 വർഷമാണ് അന്യ നാട്ടിൽ എച്ചിലും മലവും കോരി ഈ അനശ്വര കലാകാരിക്ക് ജീവിക്കേണ്ടി വന്നത്. ആരാണിതിന് ഉത്തരവാദി.

1953മുതൽ 71വരെ ചില്ലികാശ് വാങ്ങാതെയായിരുന്നു അഭിനയം. തീക്കനലിൽ അഭിനയിച്ചതിന് കെ ടി മുഹമ്മദ് നൽകിയ 30 രൂപയാണ് ആദ്യപ്രതിഫലം. പിന്നെ അവർ ഒരു പൈസയും പ്രതിഫലം വാങ്ങിയിട്ടില്ല. നീണ്ട പതിനെട്ടു കൊല്ലം ഒരു ചില്ലിക്കാശു പോലും കൂലി കൊടുക്കാതെ ഒരു പെണ്ണിനെ കൊണ്ട് ജോലിചെയ്യിക്കയല്ലേ കമ്യൂണിസ്റ്റ് പാർട്ടി ചെയ്യിച്ചത് എന്നും ഇത് ചൂഷണം അല്ലേ എന്നും ഇപ്പോൾ സോഷ്യൽ മീഡിയിൽ ചോദ്യം ഉയരുന്നുണ്ട്. പകരം മറ്റേതെങ്കിലും പ്രൊഫഷണൽ ട്രൂപ്പിന്റെ കൂടെ ആയിരുന്നെങ്കിൽ അവരുടെ കൈയിൽ പത്തുകാശുണ്ടാവുമായിരുന്നു. എന്നിട്ട് അവർക്ക് വീടുണ്ടാക്കി കൊടുത്തതിന്റെ മേനി പറയുകയാണ് സിപിഎം.

വീണ്ടും അഭിനയത്തിലേക്ക്

പതിനെട്ടുവർഷം നീണ്ട പ്രവാസ ജീവിതത്തിനുശേഷം മടങ്ങിവന്നപ്പോഴും അവർ അരങ്ങിനെ ഉപേക്ഷിച്ചില്ല. 'ഉള്ളതു പറഞ്ഞാൽ' എന്ന നാടകത്തിലൂടെ വീണ്ടും അരങ്ങിലെത്തി. എസ് എൽ പുരം സദാനന്ദൻ പുരസ്‌ക്കാരം, മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌ക്കാരം, മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം, കായലാട്ട് രവീന്ദ്രൻ പുരസ്‌ക്കാരം, എൻ സി ശേഖർ പുരസ്‌ക്കാരം എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. ആത്മകഥ ജീവിതത്തിന്റെ അരങ്ങ് എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

ഇപ്പോൾ 87വയസ്സിലേക്ക് നടന്ന് അടുക്കുന്ന ആയിഷാത്തക്ക് ഓർമ്മക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം ആയിഷ എന്ന സിനിമ കണ്ടപ്പോഴും അവർ വികാരാധീനയായി പ്രതികരിച്ചു. ''ഞാൻ മരിച്ചുപോയാലും 'ആയിഷ' ബാക്കിയാവും' എന്നാണ് അവർ പറഞ്ഞത്. ആയിഷ സിനിമ കാണാൻ, ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കലും നായിക മഞ്ജു വാര്യരും സംഗീത സംവിധായകൻ ജയചന്ദ്രനും നിലമ്പൂർ ആയിഷയ്‌ക്കൊപ്പം എത്തിയിരുന്നു. ചിത്രം കണ്ടപ്പോൾ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും താൻ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നുവെന്ന് തോന്നിയെന്നും നിലമ്പൂർ ആയിഷ പറഞ്ഞു. ''ഒരുപാട് കഷ്ടത്തിലൂടെയും ദുരിതത്തിലൂടെയുമാണ് ഇത്രയും കാലം ജീവിച്ചത്. മഞ്ജു അത് വളരെയധികം പെർഫെക്ടാക്കി തന്നുവെന്നതിൽ സന്തോഷമുണ്ട്. ഞാൻ മരിച്ചുപോയാലും ഇത് ബാക്കിയാവും''- ആരാധകരുടെ കൈയടികൾക്കിടയിൽ നിലമ്പുർ ആയിഷ പറഞ്ഞു.

നോക്കുക, ഈ ചിത്രം നിലമ്പൂർ ആയിഷ എന്ന മഹത്തായ ജീവിത്തിന്റെ പ്രധാനഭാഗങ്ങൾ ഒന്നും സ്പർശിക്കാതെയാണ് കടന്നു പോയത്. എന്നിട്ടും ഈ സിനിമക്ക് ഇത്രയും ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ സംഭവ ബഹുലമായ ആ ജീവിതം മുഴുവൻ ചിത്രീകരിച്ചാൽ എന്താവുമായിരുന്നു അവസ്ഥ.  എങ്കിലും സിനിമയുടെ അണിയറ ശിൽപ്പികളെ നമുക്ക് അഭിനന്ദിക്കാം.നിലമ്പൂർ ആയിഷ എന്ന കലാകാരിയെ ലൈം ലൈറ്റിൽ കൊണ്ടു നിർത്തിയതിന്. പുതുതലമുറ മറന്നുപോവുമായിരുന്നു ഒരു കാലകാരിയെ ഓർമ്മിപ്പിച്ചതിന്.

വാൽക്കഷ്ണം: നിലമ്പൂർ ആയിഷ ജനയുഗത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറുന്നു. ''ലൈംഗികതൊഴിലാളിയോ മറ്റോ ആയിപ്പോകുമായിരുന്ന തന്റെ ജീവിതത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയത് നാടകവും കലാപ്രവർത്തനവുമാണ്. ''-അന്നത്തെ കൊടിയ ദാരിദ്ര്യം ആ വാക്കുകളിൽ ഉണ്ട്. എന്നിട്ടും ഈ കലാകാരിയെ സംരക്ഷിക്കാൻ കോടീശ്വരന്മാരുടെ പാർട്ടി എന്ന് അറിയപ്പെടുന്ന കേരള സിപിഎമ്മിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? മറ്റൊരു രീതിയിൽ വായിച്ചാൽ മതത്തിന്റെയും പാർട്ടിയുടെയും ഇരയാണ് അവർ. അത് ആയിഷാത്ത അംഗീകരിക്കില്ലെങ്കിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP