Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനയ്ക്കും കടുവയ്ക്കും ഒപ്പം ഇത് പാമ്പുകളുടെയും സമയം! നാട്ടിൽ വിഷപ്പാമ്പുകളുടെയും എണ്ണം കൂടുന്നു; ചപ്പുചവറുകളും മാളങ്ങളും ഉള്ള സ്ഥലങ്ങളിൽ ശ്രദ്ധ വേണമെന്നു മുന്നറിയിപ്പ്; കേരളത്തിൽ സാധാരണ കണ്ടുവരുന്നത് അഞ്ചിനം വിഷപാമ്പുകളെ; മൂർഖൻ കടിച്ചാൽ സാരമായി ബാധിക്കുക നാഡീവ്യൂഹത്തെ; ഭയപ്പെടേണ്ട പാമ്പു വർഗ്ഗങ്ങളെ കുറിച്ച് അറിയാം..

ആനയ്ക്കും കടുവയ്ക്കും ഒപ്പം ഇത് പാമ്പുകളുടെയും സമയം! നാട്ടിൽ വിഷപ്പാമ്പുകളുടെയും എണ്ണം കൂടുന്നു; ചപ്പുചവറുകളും മാളങ്ങളും ഉള്ള സ്ഥലങ്ങളിൽ ശ്രദ്ധ വേണമെന്നു മുന്നറിയിപ്പ്; കേരളത്തിൽ സാധാരണ കണ്ടുവരുന്നത് അഞ്ചിനം വിഷപാമ്പുകളെ; മൂർഖൻ കടിച്ചാൽ സാരമായി ബാധിക്കുക നാഡീവ്യൂഹത്തെ; ഭയപ്പെടേണ്ട പാമ്പു വർഗ്ഗങ്ങളെ കുറിച്ച് അറിയാം..

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: കേരളത്തിൽ അങ്ങോളമിങ്ങോളം വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കയാണ്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെല്ലാം ആനയുടെയും കടുവയുടെയും ശല്യം അനഭവപ്പെടുന്നുണ്ട്. ഇതിനിടെയാണ് നാട്ടിലേക്ക് വിഷപാമ്പുകളും വ്യാപകമായി എത്തുന്നത്. കാടിനോടു അടുത്തു കിടക്കുന്ന പ്രദേശങ്ങൾ വിഷപാമ്പുകളുടെയും എണ്ണവും കൂടി വരികയാണ്.

വ്യാഴാഴ്ച രാത്രിയിൽ കല്ലാർ സെക്ഷൻ വനംവകുപ്പ് ഓഫിസ് പരിധിയിൽ മാത്രം പിടികൂടിയത് 3 മൂർഖൻ പാമ്പുകളെയാണ്. വസ്ത്ര വ്യാപാര ശാലയിൽ കയറിയ പാമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപേ തിരികെ മടങ്ങി. തൂക്കുപാലം അമ്പതേക്കറിൽ ഒരു വീടിനുള്ളിൽ പാമ്പ് കയറിയെന്ന് വിവരം ലഭിച്ചതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കട്ടപ്പന സ്വദേശിയായ പാമ്പുപിടുത്തക്കാരൻ ഷുക്കൂറിനെയും കൂട്ടിഎത്തിയത്.

വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് പുഷ്പകണ്ടം ചെന്നാപ്പാറയിൽ വീടിന്റെ തിട്ടയിൽ മൂർഖൻ പാമ്പ് ഇരിക്കുന്ന വിവരം വീട്ടുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. അമ്പതേക്കറിലെ പാമ്പിനെ പിടികൂടി ചാക്കിനുള്ളിലാക്കി പുഷ്പകണ്ടം ചെന്നാപ്പാറയിൽ എത്തി. ഇതിനിടെ പാമ്പ് മാളത്തിൽ ഒളിച്ചു. തിട്ട പൊളിച്ചുമാറ്റി തിരച്ചിൽ നടത്തിയപ്പോൾ 2 മൂർഖൻ പാമ്പുകളെയാണ് കണ്ടെത്തിയത്. രണ്ടിനെയും പിടികൂടി ചാക്കിൽ കയറ്റിയപ്പോഴാണ് വീണ്ടും നെടുങ്കണ്ടത്ത് നിന്നും വസ്ത്ര വ്യാപാര ശാലയിൽ പാമ്പ് കയറിയെന്ന വിവരം ലഭിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നതിന് മുൻപേ കയറിയ വാതിലിലൂടെ തന്നെ മൂർഖൻ മടങ്ങി.

കേരള തമിഴ്‌നാട് അതിർത്തി പ്രദേശത്ത് നിന്നും മൂർഖൻ പാമ്പുകൾ എത്തുന്നത് ഇപ്പോഴത്തെ കഠിന തണുപ്പും കാലാവസ്ഥ വ്യതിയാനവും കാരണമെന്നാണ് വനംവകുപ്പ് നിഗമനം. ചപ്പുചവറുകൾ, മാളങ്ങളും ഉള്ള സ്ഥലങ്ങളിൽ ശ്രദ്ധ വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേരളത്തിലെ വിഷപാമ്പുകളെ അറിയാം.

ഇന്ത്യയിൽ 275 ഇനം പാമ്പുകളാണുള്ളതെന്നും ഇതിൽ 42 ഇനങ്ങൾക്ക് മാത്രമേ വിഷമുള്ളൂവെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ വിഷചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ജോസഫ് കെ. ജോസഫ് പറയുന്നത് ഇവയിൽ തന്നെ കേരളത്തിൽ സൂക്ഷിക്കേണ്ടത് അഞ്ചിനം വിഷപാമ്പുകളെ ആണെന്നാണ്.

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന പാമ്പിനം മൂർഖനാണ്. ഉത്രയും മരിച്ചതും മൂർഖൻ പാമ്പിന്റെ കടിയേറ്റാണ്. കടിച്ചാൽ നാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. കണ്ണിന്റെ പോള അടഞ്ഞുപോകുന്ന അനുഭവമുണ്ടാകും. രണ്ടായിക്കാണും. വെള്ളമിറക്കാൻ പ്രയാസം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്. ശ്വാസം നിലച്ചുപോകാം. രുചിയറിയാൻ പറ്റില്ല. കടിച്ചഭാഗത്ത് നല്ല വേദനയുണ്ടാകും. നീരുവരാം, പോള വരാം.

വളവളപ്പ എന്നും ശംഖുവരയൻ എന്നുമുള്ള പേരുകളിൽ അറിയപ്പെടുന്ന പാമ്പുകളെയും സൂക്ഷിക്കേണ്ടതുണ്ട്. ഈ പാമ്പുകടിയും നാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. കടിച്ച പാടുപോലും കാണണമെന്നില്ല. വേദന കുറവായിരിക്കും. സാധാരണ നിലത്ത് കിടന്നുറങ്ങുന്നവരെയാണ് ഇത് കടിക്കുന്നത്. അബോധാവസ്ഥയിലാകാൻ സാധ്യത. വയറുവേദന ഉണ്ടാകും.

രക്താണലിയാണ് മറ്റൊരു പ്രധാന വിഷപാമ്പ്. ഏറ്റവും വിഷമുള്ള പാമ്പാണിത്. വലുതായിരിക്കും. രക്തസ്രാവം ഉണ്ടാകും. അണലി കടിച്ചാൽ രക്തം കട്ടപിടിക്കില്ല. വൃക്കയെയാണ് കൂടുതൽ ബാധിക്കുന്നത്. അണലി കടിച്ചാൽ രക്തം വലിച്ചുകളയരുത്. അത് രക്തസ്രാവം കൂട്ടും. കടിയേറ്റയാൾ ഓടാതിരിക്കാനും മദ്യം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ചുരുട്ട എന്ന പാമ്പിനെ പൊതുവേ മലയോരപ്രദേശങ്ങളിൽ കാണുന്നത്. അണലിയുടെ കൂട്ടത്തിൽപ്പെട്ട പാമ്പാണിത്. പൊതുവേ ചെറുതായിരിക്കും. കണ്ണിന്റെയും മൂക്കിന്റെയും ഇടയിൽ ചെറിയ കുഴിയുണ്ടാകും. പ്രധാനമായും വൃക്കയെയാണ് ബാധിക്കുന്നത്. രാജവെമ്പലയാണ് പാമ്പുകളിലെ രാജാവായി അറിയപ്പെടുന്നത്. പൊതുവേ ഉൾക്കാടുകളിലും തണുപ്പുള്ള പ്രദേശങ്ങളിലുമാണ് ഈ പാമ്പിനെ കാണാറുള്ളത്. വലുതായതിനാൽ ശ്രദ്ധയിൽപ്പെടുന്നതുകൊണ്ട് കടിയേൽക്കുന്നത് വിരളമാണ്.

വിഷപ്പാമ്പുകൾ നിറം, സ്വഭാവ വിശേഷങ്ങൾ, വിഷവീര്യം എന്നിവകൊണ്ട് വ്യത്യസ്ഥരാണ് മിക്കതും സാധുക്കളാണ്. ആങ്ങോട്ടാക്രമിച്ചാൽ കൂടി ഉപദ്രവിക്കാത്തവരാണധികവും. ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ? അത്രതന്നെ മനുഷ്യനെ സ്വന്തം ശത്രുവായിട്ടാണ് പാമ്പ് കരുതുന്നത്. അതിനാൽ അവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനാണ് സർപ്പം ആഗ്രഹിക്കുന്നത്.

പാമ്പിന് വായുവിലൂടെ വരുന്ന ശബ്ദവീചികൾ ശ്രവിക്കാനാവില്ല. അതിനാൽ നടന്നുപോവുമ്പോൾ സംസാരിക്കുന്നത് കേൾക്കാനാവില്ല. പ്രതലത്തിലൂടെ വരുന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ അറിയാനാവും. പാദരക്ഷകൾ ഉപയോഗിച്ച് നടക്കുകയാണെങ്കിൽ ആ ശബ്ദം പെട്ടെന്ന് അറിയാനും ശത്രുസാന്നിദ്ധ്യം മനസ്സിലാക്കി പാമ്പിന് ഓടിമറയാനും ആവുന്നു. തന്മൂലം പാദരക്ഷയില്ലാതെ രാത്രികാലങ്ങളിൽ പുറത്ത് നടക്കാതിരിക്കുക. വിശേഷിച്ചും പാമ്പിന്റെ ശല്യമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നയാളിനെ സാധാരണയായി പാമ്പ് കുത്താറില്ല. കാരണം, നിശ്ചലദൃശ്യങ്ങൾ പാമ്പിൻ നേത്രങ്ങളിൽ വ്യക്തമല്ല.

മൂർഖൻ, അണലി, ശംഖുവരയൻ, കടൽപാമ്പുകൾ എന്നിവയാണ് ഇന്ത്യയിൽ കാണുന്ന പ്രധാനവിഷപ്പാമ്പുകൾ. മൂർഖനെ എല്ലാവർക്കുമറിയാം. ഇന്ത്യയിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഒരുപാമ്പാണത്. എടുത്തുപിടിച്ച പത്തിയാണ് മൂർഖന്റെ പ്രത്യേകത. പത്തിയുടെ പിന്നിൽ '?!്'ആകൃതിയിലുള്ള ഒരു ചിഹ്നമുണ്ട്. അതാണ് മൂർഖൻപാമ്പിന്റെ അടയാളം. എല്ലാ പാമ്പുകൾക്കും പത്തിയില്ല. എന്നാൽ പാമ്പ് എന്ന ശബ്ദം പോലും പത്തിയുടെ ആകൃതിയുമായി ചേർത്താണ് നമ്മുടെ ബോധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാവാം പത്തിയുള്ള പാമ്പിനെ ആണായും മറ്റുള്ളവയെ പെണ്ണായും സങ്കൽപിച്ചിരിക്കുന്നത്. മൂർഖന് നാലര അടി മുതൽ ആറടി വരെ നീളമുണ്ടാകും. ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഉയർത്തി നിൽക്കാനാവുന്നു. യഥാർത്ഥത്തിൽ പത്തി ഒരായുധമോ അടയാളമോ രാജചിഹ്നമോ അല്ല. അത് ഒരു പ്രതിരോധ തന്ത്രമാണ്. ശത്രുവിനെ അകറ്റാനുള്ള മാർഗ്ഗം. ഭയക്കുമ്പോഴാണ് മൂർഖൻ പത്തിവിടർത്തുന്നത്.

ലോകമെമ്പാടുമുള്ള ജനതയുടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഉഗ്രവിഷമുള്ള പാമ്പാണ് മൂർഖൻ. ഇതിന്റെ വിഷം ന്യൂറോടോക്‌സിൻ ആണ്. വിഷം നാഡികളെ സ്വാധീനിക്കുന്നു. വിവിപാരസ് ആണ്. മുട്ടയിടുന്നു. ജൂൺ മുതൽ ഓഗസ്റ്റ്‌വരെയുള്ള കാലമാണ് പ്രജനനകാലം. ഇക്കാലത്ത് 1030 മുട്ടകളിടും. ഇവയ്ക്ക് സ്വന്തമായി മാളമില്ല. അതിനാൽ മരപ്പൊത്തുകൾ, എലിമടകൾ, ചിതൽപ്പുറ്റുകൾ എന്നിവിടങ്ങളിൽ ഇവ മുട്ടകളിടുന്നു. പാമ്പ് മുട്ടയ്ക്ക് അടയിരിക്കുന്നു. 60 ദിവസമാണ് അടയിരിപ്പുകാലം. മുട്ടപൊട്ടി കുഞ്ഞുങ്ങൾ പുറത്ത് വരുന്നു. മൂർഖന്റെ കുഞ്ഞുങ്ങൾക്കും വിഷഗ്രന്ഥികളും വിഷപ്പല്ലുകളുമുണ്ട്.

നാജാ നാജയാണ് സാധാരണ കണ്ടുവരുന്ന ഇന്ത്യൻ മൂർഖൻ. മൂന്നുതരം മൂർഖനുകളെയാണ് വ്യക്തമായി പഠിച്ചിട്ടുള്ളത്. ആകെ ആറ് ജാതി മൂർഖനുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. സാധാരണ കാണപ്പെടുന്നതാണ് പത്തിക്ക് പുറകിൽ ഇരട്ട കണ്ണടയാളമുള്ള മൂർഖൻ. രണ്ടാമത്തേത് ഒറ്റ കണ്ണടയടയാളമുള്ളതാണ്. അടുത്തയിനത്തിന് കണ്ണടചിഹ്നമേയുണ്ടാവില്ല. കേരളത്തിൽ കാണുന്ന ഒരിനമാണ് കരിമൂർഖൻ. മൂർഖൻ പാമ്പുകൾ രാത്രിയും പകളും ആക്ടീവാണ്. ദക്ഷിണ കിഴക്കനേഷ്യൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം മൂർഖൻ ശത്രുവിന്റെ കണ്ണിനെ ലക്ഷ്യമാക്കി ഒരു സിറിഞ്ചിൽ നിന്നെന്നോണം വിഷം ചീറ്റുന്നു. സ്പിറ്റിങ് കോമ്പ്ര എന്നാണതിന് പേര്.

ഇന്ത്യയിൽ കാണുന്ന ഏറ്റവും വിഷമേറിയ പാമ്പാണ് രാജമൂർഖൻ അഥവാ രാജവെമ്പാല. കിങ് കോമ്പ്രാ എന്ന് ഇംഗ്ലീഷിൽ പറയും. മൂർഖന്റെ രാജാവേന്നാവും പേരു കേട്ടാൽ തോന്നുക. എന്നാൽ കാര്യം തെറ്റി. ഇത് മൂർഖൻ കുലത്തിൽ പോലുമുള്ളതല്ല. പത്തിയുണ്ട് എന്ന ബന്ധം മാത്രമാണ് മൂർഖനും രാജമൂർഖനും തമ്മിലുള്ളത്. പത്തിയുള്ളതു കൊണ്ടാവാം പേരുകളിലെ സമാനത വന്നത്. ഇന്ത്യയിൽ നമ്മുടെ കിഴക്കൻ കാടുകളിലും തണുപ്പുള്ള ഹിമാലയ പാർശ്വങ്ങളിലും കാണുന്നു. കൂടാതെ ആന്റമാൻ ദ്വീപുകളിലെ കാടുകളിലും ഉണ്ട്. ഈ പാമ്പ് കടിച്ചാലുടനെ മരണമാണ്.

നമ്മുടെ വീട്ടുവളപ്പിലും കിണറ്റിനരികിലും കുളിമുറിയിലുമൊക്കെ സാധാരണ കാണുന്ന ഒരു വിഷപ്പാമ്പാണ് ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ. ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. ബംഗാരസ് സീരുലസ് എന്നും ബംഗാരസ് ഫേഷ്യാറ്റസ് എന്ന രണ്ടിനം. രണ്ടാമത്തേത് വടക്കേ ഇന്ത്യയിൽ മാത്രം കാണുന്നു. ശംഖുവരയൻ, മോതിരവളയൻ, കെട്ടുവരിയൻ എന്നിങ്ങനെ പേരുകൾ. തല ചെറുതാണ്. ഏതാണ്ട് വൃത്താകൃതി. തലമുതൽ വാൽവരെ നീലകറുപ്പ് നിറമുള്ള ശരീരത്തിൽ വെള്ള വളയങ്ങൾ ഉണ്ടാവും. ഒന്നര മീറ്റർ നീളം വരും. വിഷം ന്യൂറോടോക്‌സിക് ആണ്. മൂർഖന്റെ വിഷത്തിന്റെ നാലിരട്ടി ശക്തിയുണ്ട്. എന്നാൽ മൂർഖന്റെ പത്തിരട്ടി ശക്തിയുണ്ടെന്ന് ചില ശാസ്ത്രഗ്രന്ഥകാരന്മാർ വാദിക്കുന്നു. ഏതായാലും ഏഷ്യയിലെ പാമ്പുകളിൽ ഏറെ വിഷശക്തിയുള്ളത് ഇതിനാണ്. നിശാചാരിയാണ് പാമ്പുകളെ ആഹാരമാക്കുന്നു. പ്രജനനകാലത്ത് 1015 മുട്ടകൾ ഇടാം.

ഏറെ അപകടകാരികളായ വിഷപ്പാമ്പുകളാണ് കടൽപാമ്പുകൾ. ഉഷ്ണമേഖല സമശീതോഷ്ണ മേഖലകളിലെ കടലുകളിൽ ഇവ കാണപ്പെടുന്നു. കടൽ പാമ്പുകൾ സാധാരണ കടിക്കാറില്ല. അപൂർവ്വമായിട്ടേ കടിക്കാറുള്ളൂ. അതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും കടലിൽ നീന്തുന്നവരും കടൽപാമ്പുകളെ ഭയക്കേണ്ടതില്ല. 20 തരം കടൽപാമ്പുകൾ നമ്മുടെ കടലിലുണ്ട്. ഇവയുടെ ജീവിതത്തിന്റെ മുഴുവൻ ഘട്ടവും കടലിൽ തന്നെ. തുഴപോലുള്ള വാലുകൾ നീന്താൻ സഹായിക്കുന്നു. ഇവയുടെ ആഹാരം ചെറിയ മത്സ്യമാണ്. എൻഹൈഡ്രിനയും ഹൈഡ്രോഫിസ്സും ആണ് സാധാരണ കടൽപാമ്പുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP