Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ടു കെട്ടുന്നത് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും ഉൾപ്പെടെ മലപ്പുറത്തെ 126 പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത്; ചില സർവേ നമ്പറിൽ വ്യത്യാസം; നടപടികൾ തുടരുമ്പോൾ

കണ്ടു കെട്ടുന്നത് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും ഉൾപ്പെടെ മലപ്പുറത്തെ 126 പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത്; ചില സർവേ നമ്പറിൽ വ്യത്യാസം; നടപടികൾ തുടരുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിലെ 126 പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ 23-നു പി.എഫ്.ഐ. നടത്തിയ ഹർത്താൽ അക്രമങ്ങളോടനുബന്ധിച്ച് പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണു നടപടി. ജപ്തി നടപ്പാക്കി 23-നു റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ഉൾപ്പെടെയുള്ള പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം സ്വത്ത് വകകളുണ്ട്. ഇന്നലെ രാത്രിയും തുടർന്ന ജപ്തി നടപടികൾ ഇന്ന് പൂർത്തിയാക്കും. നേതാക്കളുടെ വീട്, ഭൂമി എന്നിവയ്ക്ക് പുറമെ മഞ്ചേരി, തിരുനാവായ, വളാഞ്ചേരി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപനങ്ങളും കണ്ടുകെട്ടുന്നുണ്ട്.

തിരൂർ താലൂക്കിൽ 40 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി. ഏറനാട് -10, നിലമ്പൂർ- 12, പെരിന്തൽമണ്ണ - 14, പൊന്നാനി - നാല്, തിരൂരങ്ങാടി - 10, കൊണ്ടോട്ടി - മൂന്ന് സ്വത്ത് വകകൾ എന്നിങ്ങനെ ഇന്നലെ ജപ്തി ചെയ്തു. ചില സ്വത്ത് വകകളുടെ സർവേ നമ്പറിൽ വ്യത്യാസമുണ്ട്. ഇതടക്കം പരിഹരിച്ചാവും ഇന്നത്തെ ജപ്തി നടപടികൾ പുരോഗമിക്കുക. പി.എഫ്.ഐ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും കണ്ടുകെട്ടിയതിൽ ഉൾപ്പെടും.അതേ സമയം ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണു നടപടി ആരംഭിച്ചത്.

മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ നടന്നത്. താഴേ പറയുന്ന ഇടങ്ങളിൽ ഇതിനോടകം കണ്ടുകെട്ടൽ നടപടി ആരംഭിച്ചിട്ടുണ്ട്.

1) പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ പരിധിയിൽ അമരമ്പലം വില്ലേജ് കരുളായി വില്ലേജ്
2) നിലമ്പൂർ പി എസ് പരിധിയിൽ നിലമ്പൂർ വില്ലേജ് മമ്പാട് വില്ലേജ്
3) എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ എടവണ്ണ വില്ലേജ്
4) പൊന്നാനി
5) പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിക്കുന്ന് വില്ലേജ്
6) കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടക്കൽ വില്ലേജ്
7)വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ എടയൂർ വില്ലേജ് കാട്ടിപ്പരുത്തി വില്ലേജ്
8) തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിരൂർ മുനിസിപ്പാലിറ്റി തിരുനാവായ വില്ലേജ് തിരൂർ വില്ലേജ്
9) പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടിക്കാട് വില്ലേജ്
10) വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ വേങ്ങര വില്ലേജ്
11) കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂർക്കനാട് വില്ലേജ് പുഴക്കാട്ടിരി വില്ലേജ്
12) മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ വലമ്പൂർ വില്ലേജ്
13) തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിരൂരങ്ങാടി വില്ലേജ് കണ്ണമംഗലം വില്ലേജ്
14) മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ മലപ്പുറം വില്ലേജ് മേൽമുറി വില്ലേജ്.
15)മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിയിലെ വിവിധ ഇടങ്ങൾ


കരുനാഗപ്പള്ളിയിൽ പി.എഫ്.ഐ. നേതാവ് അബ്ദുൾ സത്താറിന്റെ 18 സെന്റ് സ്ഥലവും വീടുമാണു തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ, പൊലീസ് കാവലോടെ കണ്ടുകെട്ടിയത്. ജപ്തിസമയത്ത് സത്താറിന്റെ ബന്ധുക്കൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യും. പി.എഫ്.ഐയെ കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെ, അബ്ദുൾ സത്താറിനെ കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂവാറിൽ പി.എഫ്.ഐ. പ്രവർത്തകൻ എലിത്തോപ്പ് കോയവീട്ടിൽ ഫസലുദീന്റെ മൂന്ന് സെന്റ് ഭൂമി ജപ്തിചെയ്തു. ഇന്നലെ രാവിലെയെത്തിയ ഉദ്യോഗസ്ഥസംഘം അരമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി. ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി. ബസ് തകർത്ത കേസിൽ ഫസലുദ്ദീൻ അറസ്റ്റിലായിരുന്നു.
കണ്ണൂർ ജില്ലയിൽ എട്ടുപേരുടെ സ്വത്തുക്കളാണു കണ്ടുകെട്ടാനുള്ളത്. കണ്ണൂർ താലൂക്കിൽ രണ്ടിടത്തു ജപ്തി പൂർത്തിയായി. മാവിലായിലെ നൗഷാദിന്റെ അഞ്ച് സെന്റ്, കടമ്പൂർ സ്വദേശി കെ.വി. നൗഷാദിന്റെ രണ്ടര സെന്റ് വീതം കണ്ടുകെട്ടി.

്എറണാകുളം ജില്ലയിൽ ആലുവയിൽ പി.എഫ്.ഐ. പരിശീലനകേന്ദ്രമായിരുന്ന പെരിയാർവാലി കാമ്പസ് സ്ഥിതി ചെയ്യുന്ന 68 സെന്റ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞുണിക്കര കരിമ്പായിൽ അബ്ദുൾ ലത്തീഫിന്റെ മൂന്ന് സെന്റ്്, ഉളിയന്നൂർ കണ്ണംകുളത്ത് പി.എ. മുഹമ്മദിന്റെ അഞ്ച് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കൽ മൻസൂറിന്റെ മൂന്ന് സെന്റ്് വസ്തുക്കൾ ജപ്തിചെയ്തു. പെരിയാർ വാലി കാമ്പസ് എൻ.ഐ.എ. സെപ്റ്റംബർ 29-നു നടത്തിയ റെയ്ഡിൽ പൂട്ടി മുദ്രവച്ചിരുന്നു. പി.എഫ്.ഐയുടെ ആരംഭകാലത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണിത്. പിന്നീട് പെരിയാർവാലി കാമ്പസ് എന്ന പേരിൽ ചാരിറ്റി സംഘടനയായി.

തൃശൂരിൽ കുന്നംകുളത്ത് പി.എഫ്.ഐ. നേതാക്കളായ പഴുന്നാന സ്വദേശി അസീസ്, കേച്ചേരി ചിറനെല്ലൂർ പട്ടിക്കര സ്വദേശി മുസ്തഫ, പെരുമ്പിലാവിൽ താമസിക്കുന്ന ചിറനെല്ലൂർ സ്വദേശി ഉസ്മാൻ, പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ, വടുതല ഉള്ളിശ്ശേരി സ്വദേശി റഫീഖ് തുടങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പത്തനംതിട്ടയിൽ ആനപ്പാറ സ്വദേശികളായ സാദിഖ്, നിസാർ, കോന്നി കുമ്മണ്ണൂർ സ്വദേശി സബീർ എന്നിവരുടെ സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. ജില്ലയിൽ ഏഴുപേരിൽനിന്നായി 5.2 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടാനാണു കലക്ടറുടെ ഉത്തരവ്. ശേഷിച്ചത് ഇന്ന് പൂർത്തിയാകും.

ഇടുക്കിയിൽ തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലെ ആറിടങ്ങളിലായിരുന്നു ജപ്തി. പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശേരി തുണ്ടിയിൽ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂർ വില്ലേജിൽ ചെലവ് നൈനുകുന്നേൽ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.5192 ഹെക്ടർ), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജിൽ മഠത്തിൽ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.

കോട്ടയത്ത് ഹർത്താൽ ആക്രമണക്കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഈരാറ്റുപേട്ട, നടയ്ക്കൽ സ്വദേശികളായ മാങ്കുഴയ്ക്കൽ മുജീബ്, പുതുപ്പറമ്പിൽ ഷെഫീഖ്, വെള്ളൂർപ്പറമ്പിൽ റഷീദ്, മുണ്ടക്കയം വേലനിലം സ്വദേശി പി.പി. ഹാരീസ്, ചങ്ങനാശേരി പെരുന്ന ആളായിൽ സാജിദ് എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. പാലക്കാട് ആലത്തൂർ വില്ലേജിലെ പള്ളിപ്പറമ്പിൽ ബാവയുടെ വീടും അഞ്ചേകാൽ സെന്റ് സ്ഥലവും കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പുന്നപ്പാടം മദ്രസയ്ക്കു സമീപം കാജാ ഹുസൈന്റെ 60 സെന്റ് കൃഷിഭൂമിയുമാണ് റവന്യൂ വിഭാഗം കണ്ടുകെട്ടിയത്. പി.എഫ്.ഐ. പുതുനഗരം ഡിവിഷൻ പ്രസിഡന്റായിരുന്ന ബാവ എലപ്പുള്ളി സഞ്ജിത്ത് വധകേസിലെ മുഖ്യ സൂത്രധാരനായിരുന്നു. ഇപ്പോൾ ഈ കേസിൽ ജയിലിലാണ്. കാജാഹുസൈൻ പ്രവർത്തകനാണ്.പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫിന്റെ സ്വത്തും കണ്ടുകെട്ടി. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. ജില്ലയിൽ പട്ടാമ്പിയിൽ അഞ്ചു പേരുടെ സ്ഥലങ്ങൾ ഉൾപ്പെടെ ആകെ 16 പി.എഫ്.ഐ. നേതാക്കളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.

കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലായി 23 പി.എഫ്.ഐ. നേതാക്കൾക്കു ജപ്തി നോട്ടീസ് നൽകി. വയനാട്ടിൽ 14 പേരുടെ സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി. എടവക, മാനന്തവാടി, വെള്ളമുണ്ട, പൊരുന്നനൂർ, അഞ്ചുകുന്ന്, നല്ലൂർനാട്, മുട്ടിൽ സൗത്ത്, നെന്മേനി, കുപ്പാടിത്തറ എന്നിവിടങ്ങളിലായിരുന്നു നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP