Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിനെ കൊന്നയാളെ വെടിവെച്ചുകൊന്നുവെന്ന് പരസ്യമായി പറഞ്ഞ നേതാവ്; ദാവൂദിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയ കേസിലെ പ്രതി; ബാബറി മസ്ജിദ് തകർച്ചക്ക് പിന്നിലെ സൂത്രധാരന്മാരിൽ ഒരാൾ; ഗുസ്തി താരത്തിന്റെ മുഖത്തിടിച്ചത് പരസ്യമായി; ഇപ്പോൾ ലൈംഗികാരോപണത്തിലും; ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ഒരു ചെറിയ മീനല്ല

സുഹൃത്തിനെ കൊന്നയാളെ വെടിവെച്ചുകൊന്നുവെന്ന് പരസ്യമായി പറഞ്ഞ നേതാവ്; ദാവൂദിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയ കേസിലെ പ്രതി; ബാബറി മസ്ജിദ് തകർച്ചക്ക് പിന്നിലെ സൂത്രധാരന്മാരിൽ ഒരാൾ; ഗുസ്തി താരത്തിന്റെ മുഖത്തിടിച്ചത് പരസ്യമായി; ഇപ്പോൾ ലൈംഗികാരോപണത്തിലും; ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ഒരു ചെറിയ മീനല്ല

എം റിജു

ന്യുഡൽഹി: താൻ ഒരാളെ വെടിവെച്ചുകൊന്നുവെന്ന് ഒരു നേതാവ് ഒരു അഭിമുഖത്തിനിടെ പറയുകയും അത് അതേമട്ടിൽ സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്താലുള്ള പുലിവാൽ എന്തായിരിക്കും. പക്ഷേ ബ്രിജ് ഭൂഷൺ ശരൺ സിങ് എന്ന യുപിയിലെ നേതാവിന് അതൊന്നും പുത്തിരിയല്ല. അയാളുടെ ഹീറോയിസത്തിലെ ഒരു പൊൻതൂവൽ കൂടിയായി അനുയായികൾ അത് പാടിപ്പുകഴ്‌ത്തി. പത്തുവർഷം മുമ്പാണ്, തന്റെ കൂട്ടാളി രവീന്ദർ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരിയെ വധിച്ചതായും അദ്ദേഹം ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടത്. അതിന്റെ പേരിൽ എന്തോ ഒരു കേസ് ഉണ്ടായെങ്കിലും അതും തേഞ്ഞുമാഞ്ഞു.

അല്ലെങ്കിലും കേസും കൂട്ടവും ഒന്നും പുതുമയുള്ളതല്ല ഇദ്ദേഹത്തിന്. 90കളിൽ ഇതിലും വലിയ ടാഡ കേസ് ആണ് ഉണ്ടായത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ സുഭാഷ് സിങ് താക്കൂർ, ജയേന്ദ്ര താക്കൂർ എന്ന ഭായ് താക്കൂർ, പരേഷ് ദേശായി, ശ്യാം കിഷോർ ഗരികപ്പട്ടി എന്നിവർക്ക് അഭയം നൽകിയതിന് ടാഡ കേസാണ് ബ്രിജ് ഭൂഷന്റെ മേൽ ചുമത്തപ്പെട്ടത്. ദാവൂദുമായി സംസാരിക്കാൻ തന്റെ ലാൻഡ് ഫോൺ അവർക്ക് നൽകിയെന്നും ആരോപണമുണ്ടായിരുന്നു. പക്ഷേ കേസ് കോടതിയിൽ ആവിയായി. ബ്രിജ് ഭൂഷൺ കുറ്റവിമുക്തനാക്കപ്പെട്ടു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ, പറയുന്നു, അയോധ്യയിലും ഗോണ്ടയിലും നാല് കേസുകൾ തീർപ്പാക്കാനുണ്ടെന്ന്. കൊള്ളയടിക്കൽ, കൊലപാതകശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്. ഈ മനുഷ്യന്റെ പേരിലാണ് ഇന്ന് ഇന്ത്യൻ കായിക ലോകത്ത് വിവാദങ്ങൾ കത്തുന്നത്. 2011 മുതൽ ഗുസ്തി ഫെഡറേഷൻ തലവനാണ് ഇദ്ദേഹം. വർഷങ്ങളായി ഇയാൾ വനിതാ ഗുസ്തി താരങ്ങളെ ചൂഷണം ചെയ്യുന്നതായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. രൂക്ഷമായ ആരോപണങ്ങൾ ഉയരുമ്പോഴും പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കാരണം ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അത്ര എളുപ്പത്തിലൊന്നും ബിജെപിക്ക് ഒഴിവാക്കാൻ കഴിയില്ല.

ബാബറി പൊളിക്കലിലുടെ വളർന്നു

2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റാണ് ബ്രിജ് ഭൂഷൺ. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയാണ്. യുപിയിലെ ഗോണ്ട, കൈസർഗഞ്ച്, ബൽറാംപൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ആറ് തവണ എംപിയായിരുന്നു ഇയാൾ. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലക്കാരനായ ഇദ്ദേഹം ചെറുപ്പത്തിൽ ഗുസ്തിക്കാരനായിരുന്നു. ഗോദയിലുടെ സ്‌കൂൾ- കോളജ് തലത്തിലൊക്കെ വിജയം കൊയ്തു. 1980 കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വളർന്നത്. അടിക്കടി വെട്ടിന് വെട്ട് എന്നതായിരുന്നു, ഇദ്ദേഹത്തിന്റെ ശൈലിയെന്ന് ഇന്ത്യാടുഡെ എഴുതുന്നു. എന്തിനുംപോന്ന ഒരു സംഘത്തെ പ്രദേശത്ത് വളർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ സമയത്തും, അദ്വാനിയുടെ രഥയാത്രയുടെ സമയത്തുമൊക്കെ, തീപ്പൊരി പ്രസംഗത്തിലുടെയും കൈയൂക്കിലൂടെയും ഇയാൾ വളർന്നു. പശുരാഷ്ട്രീയവും രാമജന്മഭൂമിയും മുൻനിർത്തിയുള്ള തീവ്ര പ്രസംഗങ്ങൾ ആയിരുന്നു, ബ്രിജ് ഭൂഷന്റെ രാഷ്ട്രീയ ആയുധം.

ഈ 'ഹിന്ദുത്വ പ്രതിച്ഛായ' അദ്ദേഹത്തിന് വോട്ട് നേടിക്കൊടുത്ത്. 1991-ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ് പത്താം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 92ൽ ബാബറി മസ്ജിദ് തകർത്തപ്പോൾ ജയ്ശ്രീറാം വിളിച്ച് ആർത്തിരമ്പിയ ആൾക്കൂട്ടത്തിൽ ഒരു വിഭാഗത്തിന്റെ നേതൃത്വം ബ്രിജ് ഭൂഷണിന്റെ കൈയിൽ അയിരുന്നു. പിന്നീട് 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ ഇയാൾ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടക്ക് ബിജെപിയുമായി തെറ്റുകയും ചെയ്തു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ സീറ്റിൽ കൈസർഗഞ്ചിൽ നിന്നാണ് ഇയാൾ മത്സരിച്ചത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നു. തുടർന്ന് 2014 ലും 2019 ലും ബിജെപി ടിക്കറ്റിൽ മത്സരിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ബാബരി തകർത്ത കേസിലെ പ്രതിപ്പട്ടികയിൽ ഇടം പിടിച്ചയാളാണ് ബ്രിജ് ഭൂഷൺ . പിന്നീട് ഇയാളെ കോടതി കുറ്റവിമുക്തനാക്കി. 2020 ൽ കോടതി കുറ്റവിമുക്തനാക്കിയ ബിജെപി നേതാവ് എൽകെ അദ്വാനി ഉൾപ്പെടെയുള്ള 40 നേതാക്കളുടെ പട്ടികയിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ പേരുമുണ്ടായിരുന്നു. 2011 മുതലാണ് ഇദ്ദേഹം ദേശീയ ഗുസ്തി ഫെഡറേഷനിൽ എത്തുന്നത്. അന്നുമുതൽ അവിടുത്തെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത രാജാവാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയടക്കം അടുത്ത സുഹൃത്താണ്, ഇയാൾ. അതുകൊണ്ടുതന്നെ പുറത്താക്കുക അത്ര എളുപ്പമല്ല. ഭാര്യ കേത്കി ദേവി സിങ് ഗോണ്ട ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റും, മകൻ പ്രതീക് ഭൂഷൺ സിങ് നിലവിൽ ഗോണ്ട സദർ സീറ്റിൽനിന്നുള്ള എംഎൽഎയുമാണ്.

'പീഡനങ്ങൾ തെളിയിച്ചാൽ അത്മഹത്യ ചെയ്യും'

ലൈംഗിക പീഡനംവരെയുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഇയാൾക്കെതിരെ ഉയരുന്നത്. പക്ഷേ ബ്രിജ് ഭൂഷണിന്റെ ചരിത്രം നോക്കിയാൽ അറിയാം എന്നും വിവാദത്തിലുടെയാണ് ഇയാൾ കടുന്നുപോയിട്ടുള്ളത്. താക്കറെയുടെ എംഎൻഎസ് ബിജെപിയുമായി കൂടുതൽ അടുക്കുന്ന സമയത്ത് അയോധ്യയിൽ പ്രവേശിച്ചാൽ രാജ് താക്കറെയെ പാഠം പഠിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇപ്പോൾ ലൈംഗിക ആരോപണം മുതൽ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് ഫെഡറേഷൻ തലവനെതിരെ കായികതാരങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പൊതുവേദിയിൽ വച്ച് കായികതാരത്തിന്റെ മുഖത്തടിക്കുന്ന ഫെഡറേഷൻ തലവന്റെ വീഡിയോകൾ ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതിനൊപ്പം ഫെഡറേഷന്റെ പ്രവർത്തനത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം താരങ്ങളുയർത്തി. കായികതാരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളിൽ വരെ ഫെഡറേഷൻ കൈകടത്തുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ 66കാരൻ ഇത്തരം ആരോപണങ്ങൾ നിഷേധിച്ചക്കയാണ്. 'ലൈംഗിക പീഡന ആരോപണങ്ങളെല്ലാം തെറ്റാണ്, അവ ശരിയാണെന്ന് കണ്ടെത്തിയാൽ ഞാൻ ആത്മഹത്യ ചെയ്യും. ഞാൻ ഗുസ്തിക്കാരുമായി സംസാരിക്കാൻ ശ്രമിച്ചു, ബജ്‌റംഗ് പുനിയ ഉൾപ്പെടെ, പക്ഷേ അതിന് കഴിഞ്ഞില്ല.' എന്നായിരുന്നു തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കവേ ബ്രിജ് ഭൂഷൺ പറഞ്ഞത്.



അതിനിടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കായിക മന്ത്രാലയം ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടിരിക്കയാണ്. ഫെഡറേഷൻ പിരിച്ചുവിടുകയും, ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് താരങ്ങൾ അറിയിച്ചു. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നും സമരത്തിന് പിന്തുണ ലഭിക്കുന്നുവെന്നും പ്രതിഷേധക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതിനിടെ ഈ മാസം 22 ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ ബ്രിജ് ഭൂഷൺ രാജി അറിയിച്ചേക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. പക്ഷേ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് കായികതാരങ്ങളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP