Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മിക്കാൻ കണ്ണൂരിൽ കണ്ടെത്തിയ ഭൂമി പാട്ടത്തിന് നൽകുന്നു; 45 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത് റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി; തീരുമാനം വിവാദമായതോടെ വിമർശനവുമായി സിപിഐ; കടുത്ത എതിർപ്പുമായി കെ.സുധാകരൻ എം പി; സമരത്തിനൊരുങ്ങി യുവജന സംഘടനകൾ

സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മിക്കാൻ കണ്ണൂരിൽ കണ്ടെത്തിയ ഭൂമി പാട്ടത്തിന് നൽകുന്നു; 45 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത് റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി; തീരുമാനം വിവാദമായതോടെ വിമർശനവുമായി സിപിഐ; കടുത്ത എതിർപ്പുമായി കെ.സുധാകരൻ എം പി; സമരത്തിനൊരുങ്ങി യുവജന സംഘടനകൾ

അനീഷ് കുമാർ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവെ സ്റ്റേഷൻ നിർമ്മിക്കാൻ കണ്ടത്തിയ കണ്ണൂരിലെ ഭൂമി 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനമെടുത്തത് രാഷ്ട്രീയ വിവാദമായി മാറുന്നു. റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റെയിൽവേ ലാന്റ് ഡെവലപ്മെന്റ് അഥോറിറ്റി പാട്ടത്തിന് നൽകുന്നത്.

കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപത്തെ റെയിൽവേ ഭൂമിയും പൊലീസിന്റെ ഭൂമിയുമാണ് കെ റെയിൽ വരുമ്പോൾ കണ്ണൂരിലെ സ്റ്റേഷൻ നിർമ്മിക്കാനായി ഉപയോഗിക്കുക. കെ റെയിൽ ഡിപിആറിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെയിൽവേ ലാന്റ് ഡെവലപ്മെന്റ് അഥോറിറ്റി വഴി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരസരത്തെ ഭൂമിയിൽ നിന്ന് പാട്ടത്തിന് നൽകാനായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉൾപ്പെട്ടിട്ടുണ്ട്.

ഭൂമി 45 വർഷത്തേക്ക് 26.3 കോടി രൂപയ്ക്കാണ് പാട്ടത്തിന് നൽകുന്നത്. ഈ ഭൂമി പാട്ടത്തിന് നൽകിയാൽ നിലവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ കെ റെയിൽ സ്റ്റേഷൻ എന്ന പദ്ധതി ഉപേക്ഷിക്കേണ്ടി വരും. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിങ് സമുച്ചയം ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായും കിഴക്ക് വശത്തെ 2.26 ഏക്കർ ഭൂമി റെയിൽവേ കോളനി നിർമ്മാണത്തിനായും നേരത്തെ പാട്ടത്തിന് നൽകിയിരുന്നു. ടെക്സ് വർത്ത് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിനെതിരെ കണ്ണൂരിലെ എംപി കൂടിയായ കെ.സുധാകരൻ രംഗത്തുവന്നിട്ടുണ്ട്.

കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ ഭൂമി സ്വകാര്യ ഗ്രൂപ്പിന് ഉൾപ്പെടെ വിട്ട് നൽകിയ റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അഥോറിറ്റിയുടെ നടപടി ഒരു വലിയ അഴിമതിയുടെ തുടർച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു.
പൊതുമുതലുകൾ ഓരോന്നായി സ്വകാര്യ കമ്പനിക്കൾക്ക് ബിജെപി സർക്കാർ വിറ്റുതുലയ്ക്കുകയാണ്. റെയിൽവെ സ്റ്റേഷന്റെ നവീകരണത്തിനും നഗര വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഈ നടപടി റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അഥോറിറ്റി തിരുത്തിയെ മതിയാകു. റെയിൽവെ ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ പുതിയ പ്ലാറ്റ് ഫോം നിർമ്മാണം സാധ്യമാകാതെ വരും. ധനസമ്പദനത്തിന് വേണ്ടി ബിജെപിയുടെ ഉന്നത നേതാക്കൾ ഇടനിലക്കാരായി നിന്നാണ് റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും 45 വർഷത്തെ പാട്ടത്തിന് വിട്ട് നൽകിയത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കല്ലാതെ സ്വകാര്യവ്യക്തികളുടെ വികസനത്തിനായി റെയിൽവെ ഭൂമിയിൽ കാലുകുത്താനോ ഒരിഞ്ച് നിർമ്മാണ പ്രവർത്തനം നടത്താനോ കണ്ണൂർ ജനത അനുവദിക്കില്ല.

റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അഥോറിറ്റി റെയിൽവെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ഏകപക്ഷീയമാണ് തീരുമാനം എടുത്തത്. ഇത് തികച്ചും നിർഭാഗ്യകരമാണ്. ഭൂമി കൈമാറ്റവുമായി മുന്നോട്ട് പോകാനാണ് റെയിൽവെയുടെ തീരുമാനമെങ്കിൽ അതിനെ കണ്ണൂരിലെ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും.കൂടാതെ ഭൂമി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രാലയത്തെ സമീപിക്കുകയും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂർ നഗരത്തിന്റെ വികസനത്തെ ഈ ഭൂമി കൈമാറ്റം മുരടിപ്പിക്കും.റോഡ് വീതികൂട്ടുന്നതിനും കോർപ്പറേഷന്റെ മറ്റുവികസന പ്രവർത്തനങ്ങൾക്കെല്ലാം തിരിച്ചടിയാണ് ഈ നടപടി. നഗരവികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കണ്ണൂർ കോപ്പറേഷൻ സംസ്ഥാന സർക്കാരും റെയിവെ അധികൃതരുമായി സംസാരിച്ച് ധാരണയിലെത്തിയതാണ്.അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതായുള്ള വാർത്തവരുന്നത്.

കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഭൂമിയാണ് സ്വകാര്യവ്യക്തികൾക്ക് ലാഭമുണ്ടാക്കാൻ ദീർഘകാലത്തേക്ക് തീറെഴുതിയത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മൗനം സംശയാസ്പദമാണ്. ബിജെപിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് തടസ്സം നിൽക്കാത്ത നിലപാടാണ് സിപിഎം എന്നും കേരളത്തിൽ സ്വീകരിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് ബിജെപിയും എടുത്തിട്ടില്ല. അത്തരമൊരു പരസ്പര ധാരണയുടെ പുറത്താണ് ഈ പോക്കെങ്കിൽ നിങ്ങൾ ഇരുവരെയും ജനം തെരുവുകളിൽ ചോദ്യം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ഭൂമി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകുന്നതിലൂടെ കണ്ണൂർ നഗരത്തിന്റെയും റെയിൽവെയുടെയും വികസനത്തിന് പ്രതികൂലമായി ബാധിക്കുന്ന റെയിൽവെ ലാന്റ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ തീരുമാനം തെറ്റാണെന്നും നടപടി പിൻവലിക്കാനുള്ള തീരുമാനം ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പറഞ്ഞു. നിലവിൽ കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കെന്ന പ്രധാന പ്രശ്‌നത്തിന് പരിഹാരമെന്നത് റോഡ് വീതി കൂട്ടുകയെന്നതാണ്.

പക്ഷെ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗം 4.93 ഏക്കറിൽ ഷോപ്പിങ്ങ് സെന്റർ ഉയരുന്നതോടെ റോഡ് വീതി കൂട്ടുകയെന്നത് ബുദ്ധിമുട്ടാകും. മാത്രമല്ല റെയിൽവെയുടെ വികസനത്തിനാവശ്യമായ ഏക്കറ് കണക്കിന് ഭൂമി സ്വകാര്യകമ്പനിക്ക് വാണിജ്യാവശ്യത്തിന് നൽകുന്നതിലൂടെ കണ്ണൂർ റെയിൽവെ വികസനത്തിനും സാരമായി ബാധിക്കും. ഇത് കൂടാതെ റെയിവെയുടെ പരിസരത്ത് 15 സെന്റോളം സ്വന്തമായി ഭൂമിയുള്ളവർക്ക് അവിടെ വീട് വെക്കാൻ അനുമതി നിഷേധിക്കുന്ന റെയിൽവേ അധികൃതർ, വാണിജ്യ കണ്ണോടെ റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്കാർക്ക് നൽകുന്നത് പിൻവലിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP