Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടപ്പുറത്തെ കണ്ണീർ കണ്ട് ഇടപെടൽ; വലിയതുറ മിനി ഫിഷിങ് ഹാർബറിനായി നാളുകൾ നീണ്ട പരിശ്രമം; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കാൻ തയ്യാർ; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകി കൃഷ്ണകുമാർ; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

കടപ്പുറത്തെ കണ്ണീർ കണ്ട് ഇടപെടൽ; വലിയതുറ മിനി ഫിഷിങ് ഹാർബറിനായി നാളുകൾ നീണ്ട പരിശ്രമം; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കാൻ തയ്യാർ; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകി കൃഷ്ണകുമാർ; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ വലിയതുറ മിനി ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കുന്നതിന് ദീർഘനാളായി അവർക്കൊപ്പം പരിശ്രമത്തിലാണ് നടനും ബിജെപി നേതാവുമായ നടൻ കൃഷ്ണകുമാർ. തലസ്ഥാന നഗരത്തോട് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട കടപ്പുറത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശ്രമം വിജയം കാണുമെന്ന പ്രതീക്ഷ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

സംസ്ഥാന സർക്കാർ സ്ഥലം കൊടുത്താൽ കേന്ദ്ര സർക്കാർ പദ്ധതിക്കായി മുഴുവൻ തുകയും മുടക്കാൻ തയ്യാറാണ്. അത്യാധുനിക രീതിയിലുള്ള കോൾഡ് സ്റ്റോറേജ്, മിനി ഹോസ്പിറ്റൽ, നല്ല ഭക്ഷണ ശാല, ഹെലിപാട് എന്നീ സൗകര്യങ്ങളോടെ 5 മിനി ഫിഷിങ് ഹാർബറുകളുടെ പണികൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നതിനോടൊപ്പം വലിയതുറയും ഉൾപെടുത്താമെന്നു കേന്ദ്രമന്ത്രി എൽ മുരുഗൻ ഉറപ്പു നൽകിയതായി കൃഷ്ണകുമാർ പറയുന്നു.

മിനി ഫിഷിങ് ഹാർബറിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെ കൃഷ്ണകുമാർ നേരിട്ടുകണ്ട് നിവേദനം നൽകി. വളരെ താല്പര്യത്തോടെ മുഖ്യമന്ത്രി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. വിഷയം പഠിച്ച ശേഷം അനുഭാവപൂർവ്വം നടപടി എടുക്കാമെന്ന് അറിയിച്ചതായും കൃഷ്ണകുമാർ തന്റെ കുറിപ്പിൽ പറയുന്നു.

2021 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ കൃഷ്ണകുമാർ ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മോദി അപ്പോൾതന്നെ രണ്ട് മന്ത്രിമാരെ സ്ഥലം സന്ദർശിക്കാൻ വിട്ടു. മുരളീധരനും പ്രഹ്ളാദ് ജോഷിയും അവിടെ നേരിട്ടെത്തി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നു. തുടർന്ന് കൃഷ്ണകുമാറും സംഘവും ഡൽഹിയിൽ പോയി കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം റുപാലയെ നേരിട്ടുകണ്ടു.

ഫിഷറീസ് മന്ത്രി സഹമന്ത്രിയായ എൽ മുരുകനെ ചുമതലയേൽപ്പിക്കുന്നു. കർണാടകയുടെ ഫിഷറീസ് മന്ത്രിയെക്കൂടി ടീമിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ അവർ നീണ്ട പരിശ്രമങ്ങളും പഠനങ്ങളും നടത്തി ഏതാണ്ട് 160 - 170 കോടി രൂപ മുടക്കി വലിയതുറയിൽ ഒരു ഫിഷറീസ് ഹാർബർ നടപ്പാക്കാമെന്ന് അറിയിച്ചിരുന്നു. പഠനങ്ങൾ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു.



കേന്ദ്രഫിഷറീസ് സഹ മന്ത്രി എൽ മുരുകൻ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് വേണ്ട കാര്യങ്ങൾ കേന്ദ്രമന്ത്രി നേരിട്ട് ധരിപ്പിച്ചു. യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. അതിൻ പ്രകാരം സംസ്ഥാന സർക്കാറുമായി കത്തിടപാടുകൾ നടന്നുകൊണ്ടിരിക്കുന്നു.

കടൽപ്പാലത്തിന് മുകളിൽ നിന്നും കട്ടമരം തള്ളിയിട്ട് ചാടിയാണ് മത്സ്യത്തൊഴിലാളികൾ നിലവിൽ മത്സ്യബന്ധനത്തിന് പോകുന്നത്. ധാരാളം പേർക്ക് പരിക്കേൽക്കുന്നു. മരിക്കുന്നു. ഇതിനൊക്കെ ശാശ്വതമായ പരിഹാരം കാണുന്നതിനാണ് ഫിഷിങ് ഹാർബർ നിർമ്മിക്കുവാനുള്ള പദ്ധതി മുന്നോട്ട് വച്ചത്. ട്രജിങ് നടത്തി ലഭിക്കുന്ന മണൽ പ്രദേശത്തെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാം.



ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂന്തുറ മുതൽ വേളി വരെയുള്ള പ്രദേശത്തുള്ളവർക്ക് മീൻ പിടിക്കാൻ കടലിലേക്ക് ഇറങ്ങുവാൻ സൗകര്യമില്ല. വിഴിഞ്ഞം തുറമുഖ പ്രദേശമായി മാറുകയാണ്. ശംഖുമുഖം കടലെടുത്തു. മത്സ്യത്തൊഴിലാളികൾക്ക് വള്ളം ഇറക്കുന്നതിനോ മീൻ പിടിച്ചുകൊണ്ടുവരുന്നതിനോ ഉള്ള സൗകര്യം ഇല്ല.

യന്ത്രബോട്ടുകളിലാണ് പോകുന്നതെങ്കിൽ തിരിച്ച് കരയിലെത്താൻ വലിയ പ്രയാസം നേരിടേണ്ടി വരുന്നു. അതുകൊണ്ട് വലിയതുറപാലത്തിൽ ചെന്ന് കടലിലേക്ക് എടുത്ത് ചാടിയാണ് അവർ മത്സ്യബന്ധനത്തിന് പോകുന്നത്. മുട്ടിടും അതിന് പിന്നാലെ എടുത്ത് ചാടും. കടലിലെ തിര നോക്കിയുള്ള ഒരു കണക്കുകൂട്ടലിലാണ് ഈ ചാട്ടം ചാടുന്നത്. പക്ഷെ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. നിരവധി പേർ ഈ പരിശ്രമത്തിനിടയിൽ മരിച്ചുപോയിട്ടുണ്ട്.



മത്സ്യത്തൊഴിലാളികൾ രണ്ട് മൂന്ന് ദിവസം കടലിൽ കഴിഞ്ഞിട്ട് തിരിച്ചുവരുമ്പോൾ അവർക്ക് മീൻ കയറ്റാൻ വഴിയില്ല. വലിയ കയറിൽ കപ്പി കെട്ടി വലിച്ചു കയറ്റുകയാണ്. അല്ലെങ്കിൽ അവർ വിഴിഞ്ഞത്തുകൊണ്ടുപോകണം.

അതിനുള്ള അധിക ചെലവ്. വലിയതുറയിലെ മത്സ്യത്തൊഴിലാളികൾ മീൻ വിഴിഞ്ഞത്തുകൊണ്ടുപോകുക എന്നത് ചെലവേറിയ കാര്യമാണ്. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഒരു ഫിഷിങ് ഹാർബർ എന്നത്. അങ്ങനെ വന്നാൽ ഈ പ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഭയമില്ലാതെ പോകാൻ കഴിയും. മീൻ പിടിച്ച് തിരികെ കരയിലേക്ക് കൊണ്ടുവരാൻ കഴിയും.

വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല ആവശ്യമായ മിനി ഫിഷിങ് ഹാർബർ തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി ഒതുങ്ങിയിട്ടു 25 വർഷങ്ങൾ കഴിഞ്ഞു. സംസ്ഥാന സർക്കാർ സ്ഥലം കൊടുത്താൽ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ട സ്ഥലം അനുവദിച്ച് നൽകിയാൽ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP