Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ അർബൻ നിധി തട്ടിപ്പ്: മുഖ്യപ്രതി ആന്റണിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പൊലിസ് നീക്കം തുടങ്ങി; കേസിലെ മൂന്നാം പ്രതി ഷൗക്കത്തലി പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചത് 80 കോടി രൂപയുടെ അടയ്ക്ക; ഉന്നത പൊലീസ് സംഘം അന്വേഷ പുരോഗതി വിലയിരുത്തി

കണ്ണൂർ അർബൻ നിധി തട്ടിപ്പ്: മുഖ്യപ്രതി ആന്റണിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പൊലിസ് നീക്കം തുടങ്ങി; കേസിലെ മൂന്നാം പ്രതി ഷൗക്കത്തലി പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചത് 80 കോടി രൂപയുടെ അടയ്ക്ക; ഉന്നത പൊലീസ് സംഘം അന്വേഷ പുരോഗതി വിലയിരുത്തി

അനീഷ് കുമാർ

തലശേരി: കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. തന്നെ പൊലിസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ആന്റണി നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

ഒളിവിൽ കഴിയവെയാണ് ആന്റണി സണ്ണി മുൻകൂർ ജാമ്യ ഹരജി നൽകിയത്. നിക്ഷേപകരുടെ പണം വഴി മാറ്റി വിട്ടു തട്ടിപ്പു നടത്തി പ്രതികൾ സമാന്തര സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പബ്‌ളിക് പ്രൊസിക്യൂട്ടർ കെ അജിത് കുമാർ വാദിച്ചു. പ്രധാന പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അതു കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചു കൊണ്ടാണ് കോടതി ആന്റണിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയത്.

ഇതിനിടെ ഒളിവിൽ കഴിയവെ മുൻകൂർ ജാമ്യ ഹരജി നൽകിയ ആന്റണി ക്കായി പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ അർബൻ നിധി ക്ക് സമാന്തരമായി തുടങ്ങിയ എനി ടൈം മണിയിൽ നിന്നും ആന്റണി 17 കോടി രൂപ വകമാറ്റിയതാണ് കമ്പിനി പൊളിയാൻ കാരണമെന്ന് ഡയറക്ടർമാരായ ഷൗക്കത്തലിയും ഗഫൂറും പൊലിസിന് മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അസി. മാനേജർ ജീന മുഖേനയാണ് സാമ്പത്തിക ഇടപാടുകൾ ഭൂരിഭാഗവും നടന്നതെന്നാണ് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ പൊലീസ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിൽ റിമാൻഡിലുള്ള അർബൻ നിധി ഡയറക്ടർമാരായ കെ എം ഗഫൂർ, മേലേടത്ത് ഷൗക്കത്തലി, അസി. ജനറൽ മാനേജർ സി വി ജീന എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക.

കേസിന്റെ അന്വേഷണ പുരോഗതി കഴിഞ്ഞ ദിവസം ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. നിലവിലുള്ള പ്രത്യേകസംഘം തന്നെ കേസന്വേഷണം തുടരാനും തീരുമാനിച്ചു. അർബൻ നിധിയുടെയും എനി ടൈം മണിയുടെയും ബാങ്ക് അക്കൗണ്ടുകളും മറ്റ് രേഖകളും പിടിച്ചെടുത്ത ഫയലുകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങും. പ്രധാന പ്രതിയായ സ്ഥാപന ഡയറക്ടർ ആന്റണി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുണ്ട്. തട്ടിപ്പ് സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ ലഭിച്ച പരാതികളുടെ എണ്ണം 520 കടന്നിട്ടുണ്ട്.

അതേസമയം അർബൻ നിധി തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കമ്പനി ഡയറക്ടറുമായ മലപ്പുറം ചങ്ങരംകുളം മേലാട് ഷൗക്കത്തലി പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചത് 80 കോടി രൂപയുടെ അടയ്ക്കയാണെന്നും കണ്ടെത്തി. കേരളത്തിൽനിന്നുള്ള അടയ്ക്ക ഗുജറാത്ത് തുറമുഖം വഴിയാണ് കയറ്റിയയച്ചത്. കയറ്റുമതി ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർ കത്ത് നൽകിയത്.

അർബൻ നിധിയുടെയും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയുടെയും ഏഴ് ഡയറക്ടർമാരെയും പ്രതിചേർക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. കൂടാതെ എനി ടൈം മണിയിലെ 150 ജീവനക്കാരെയും ചോദ്യംചെയ്യും. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 60 കേസുകൾ രജിസ്റ്റർചെയ്തു. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർചെയ്ത 10 കേസുകളിൽ ബുധനാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചക്കരക്കൽ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ആന്റണിയും ഷൗക്കത്തലിയുമാണ് ഗൂഢാലോചന ആസൂത്രണം ചെയ്തത്.

രണ്ടുപേരും ചേർന്ന് അർബൻ നിധിയിലെ നിക്ഷേപകരുടെ പണം എനി ടൈം മണിയിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരുവർഷംമുൻപ് തന്നെ അർബൻ നിധി നഷ്ടത്തിലായിരുന്നു. എന്നാൽ എട്ടുമാസം മുൻപുതന്നെ ആന്റണി കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. ലോറിഡ്രൈവറിൽനിന്ന് ആന്റണി നടന്നുകയറിയത് കമ്പനി ഡയറക്ടർ സ്ഥാനത്തേക്ക് ലോറി തൊഴിലാളിയും ഉടമയുമായിരുന്നു എറണാകുളം സ്വദേശിയായ ആന്റണി. ഇയാൾ എനി ടൈം മണിയുടെ ഡയറക്ടറായത് യാദൃച്ഛികം. കോവിഡ് കാലത്ത് പണി കുറഞ്ഞതോടെയാണ് ഷൗക്കത്തലിയുമായി പരിചയപ്പെട്ടത്. ഷൗക്കത്തലിയുടെ അടയ്ക്ക കയറ്റുമതി ബിസിനസിലാണ് ആദ്യം പങ്കാളിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP