Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറു കോടിയുടെ ഇൻഷറൻസ് തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപസാദൃശ്യമുള്ളയാളെ കൊന്ന് കാറലിട്ട കത്തിച്ചത് ഭാര്യയുടെയും മരുമകന്റെയും സഹായത്തോടെ: പത്ത് ദിവസത്തിനുള്ളിൽ പരേതനെ മുംബൈയിൽ നിന്നും പൊക്കി തെലങ്കാനാ പൊലീസ്: അറസ്റ്റിലായത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ

ആറു കോടിയുടെ ഇൻഷറൻസ് തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപസാദൃശ്യമുള്ളയാളെ കൊന്ന് കാറലിട്ട കത്തിച്ചത് ഭാര്യയുടെയും മരുമകന്റെയും സഹായത്തോടെ: പത്ത് ദിവസത്തിനുള്ളിൽ പരേതനെ മുംബൈയിൽ നിന്നും പൊക്കി തെലങ്കാനാ പൊലീസ്: അറസ്റ്റിലായത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലങ്കാനയിലും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. സ്വന്തം മരണം തെളിയിച്ച് ആറു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രൂപസാദൃശ്യമുള്ളയാളെ കൊന്ന് കാറലിട്ട കത്തിച്ചയാളെ പത്താം ദിവസം തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് ചെയ്ത അതേ മാതൃകയിലാണ് തെലങ്കാനയിലെ കൊലപാതകവും. സുകുമാര കുറിപ്പ് കൊലപാതകം നടത്തി 39 വർഷങ്ങൾക്കിപ്പുറവും പിടികിട്ടാ പുള്ളിയായി തുടരുകയാണെങ്കിൽ തെലങ്കാനയിലെ സുകുമാര കുറുപ്പിനെ പത്താം ദിവസം തന്നെ മുംബൈയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

ആറു കോടി രൂപയുടെ ഇൻഷുറൻസ് തട്ടാൻ തന്നോട് രൂപ സാദൃശ്യമുള്ളയാളെ വണ്ടിയിലിട്ട് കത്തിച്ച തെലങ്കാനയിലെ സെക്രട്ടേറിയറ്റ് ജീവനക്കാരനാണ് അറസ്റ്റിലായത്. അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ ധർമേന്ദ്ര നായിക് (48) ആണ് കൊലപാതകം നടത്തി 10-ാം ദിവസം കുടുങ്ങിയത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ നാലു പതിറ്റാണ്ടായിട്ടും ഉത്തരം കിട്ടാത്ത സമസ്യയ്ക്ക് തെലങ്കാന പൊലീസ് മൊബൈൽ കോളുകൾ നിരീക്ഷിച്ച് നാലാം ദിവസം തന്നെ ഉത്തരം കണ്ടെത്തി.

മരണം ഉറപ്പാക്കാൻ കാറ് കത്തിച്ച് ധർമ
കുറുപ്പ് മോഡൽ അതേപടി ആവർത്തിക്കു ആയിരുന്നു ധർമ. ധർമയുടെ കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് അതുവഴി പോയ പാൽക്കാരനാണ് പൊലീസിൽ അറിയിച്ചത്. ജനുവരി 9ന് രാവിലെ മേഡക് ജില്ലയിലെ വെങ്കട്പുരിലെ വഴിയോരത്താണ് കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. കാർ കത്തിയ വിവരമറിഞ്ഞ പൊലീസ് ഉടൻ സ്ഥലത്തെത്തി കാർ പരിശോധിച്ചു. റോഡിൽ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്കു വീണ് കാറിനു തീപിടിച്ചതാണെന്ന് വിലയിരുത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കാറുടമയായ എം.ധർമ നായികിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അറിയച്ചതു പ്രകാരം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാം തീയതി വാങ്ങിയ കാറിൽ ഭാര്യ നീലയോടൊപ്പം അഞ്ചിന് വെങ്കട്പുരിലേക്ക് പോയ ധർമ ലീവ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംസ്‌കാരവും നടത്തി.

തെളിവായി പെട്രോൾ കുപ്പി
കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ഒരു പെട്രോൾ കുപ്പി ലഭിച്ചതാണ് പൊലീസുകാരിൽ ആദ്യം സംശയം ഉണർത്തിയത്. ഒപ്പം ധർമയുടെ വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്നു ലഭിച്ചതു പൊലീസിന്റെ സംശയം കൂട്ടി. പിറ്റേ ദിവസം, ധർമയോടു സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയിൽ കണ്ടത് സംശയം വർധിപ്പിച്ചു. ഇതോടെ, പൊലീസ് ധർമയുടെ ബന്ധുക്കളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു. ധർമയുടെ പേരിൽ പുതുതായി ചേർന്ന ആറ് കോടിയിലേറെ രൂപയുടെ പോളിസികൾ ഉണ്ടെന്ന് ഇൻഷുറൻസ് കമ്പനി നൽകിയ വിവരം നിർണായകമായി. ഇതോടെ ഇൻഷുറൻസ് തട്ടാനുള്ള അടവാണോ എന്ന് പൊലീസിനു സംശയമായി. സംഭവം പുറത്ത് പറഞ്ഞില്ലെങ്കിലും പൊലീസ് ഇവരുടെ കുടുംബത്തെ നിരീക്ഷിച്ചു.

സംസ്‌കാരം കഴിഞ്ഞ് രണ്ടാം ദിവസം അയാളുടെ ഭാര്യ നീലയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. പഞ്ചായത്ത് ഓഫിസിൽ നിന്ന് ധർമയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങി ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതോടെ, മരിച്ചത് ആരാണെങ്കിലും കൊന്നത് ധർമയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അജ്ഞാത ഫോൺ കോൾ ട്രാക്ക് ചെയ്ത പൊലീസ് സംഘം പുണെയിൽ എത്തിയപ്പോൾ മുന്നിൽ നിൽക്കുന്നു യഥാർഥ ധർമ. ഇതോടെ കള്ളം വെളിച്ചത്താനുകയും ചെയ്തു.

ഇൻഷുറൻസ് തട്ടാൻ ഗൂഢാലോചന നടത്തി കുടുംബം
ധർമ ഒറ്റയ്ക്കായിരുന്നില്ല. കുടുംബവുമായി ചേർന്നാണ് സ്വന്തം കൊലപാതകം ആസൂത്രണം ചെയ്തത്. ഭാര്യയും മരുമകനും അടക്കമുള്ളവർ ധർമയുടെ കൊലപാതക പദ്ധതിക്ക് കൂട്ടു നിന്നു. ഇൻഷുറൻസ് തുക തട്ടി എടുക്കുക എന്നതായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഓൺലൈൻ വ്യാപാരത്തിലൂടെ രണ്ട് കോടി രൂപയുടെ നഷ്ടം ഇയാൾക്ക് സംഭവിച്ചിരുന്നു. ഇതോടെയാണ് സുകുമാര കുറുപ്പ് മോഡലിൽ കൊലയ്ക്ക് പദ്ധതി ഇട്ടത്. ആദ്യം ഇയാൾ ആറു കോടിയുടെ ഇൻഷുറൻസ് എടുത്തു.

ഇതിനു ശേഷം ഒരു വർഷത്തോളമായി കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നു. ഏതാനും മാസം മുൻപ് അൻജയ്യ എന്നൊരാളെ ഇരയായി കണ്ടെത്തുകയും ചെയ്തു. എന്നാൽ, കൊലപാതകം നടത്താനായി നിശ്ചയിച്ച ദിവസം അൻജയ്യ മദ്യപിച്ചിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. മദ്യപിച്ച് അപടകമുണ്ടായാൽ ഇൻഷുറൻസ് ലഭിക്കില്ലെന്നു ഭയന്നായിരുന്നു ഇത്. തുടർന്നാണ് നിസാബാമാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധർമ കണ്ടെത്തുന്നത്.

മരുമകൻ ശ്രീനിവാസിനൊപ്പം അയാളെ കാറിൽക്കയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിക്കുകയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധർമയുടെ ഭാര്യ നീല, മരുമകൻ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരെയും അറസ്റ്റ് ചെയ്തതായി എസ്‌പി രോഹിണി പ്രിയദർശിനി പറഞ്ഞു.

ദുൽഖറിന്റെ 'കുറുപ്പ് മോഡൽ' എന്ന് തെലുങ്ക് മാധ്യമങ്ങൾ

ദുൽഖർ സൽമാൻ നായകനായ മലയാള സിനിമ 'കുറുപ്പ്' മാതൃകയാക്കിയ കൊലപാതകം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകവുമായി ഈ കുറ്റകൃത്യത്തിനുള്ള സാദൃശ്യവും മാധ്യമങ്ങൾ അക്കമിട്ടു നിരത്തുന്നു. കുറുപ്പ് സിനിമയുടെ തെലുങ്ക് പതിപ്പ് 2021 നവംബറിലാണ് പുറത്തിറങ്ങിയത്.

39 വർഷം മുൻപ് 1984 ജനുവരി 22ന് 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് നടത്തിയ ആസൂത്രിത കൊലപാതകം. ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും േചർന്നു സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ടു കത്തിച്ച് വഴിയിൽ ഉപേക്ഷിച്ചു.

കൊല്ലപ്പെട്ടതു സുകുമാരക്കുറപ്പ് എന്നായിരുന്നു ആദ്യ ധാരണ. കൊല്ലപ്പെട്ടത് ആലപ്പുഴ സ്വദേശി ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ.ചാക്കോയെന്നു പിന്നീട് പൊലീസ് കണ്ടെത്തി. സുകുമാരക്കുറുപ്പ് ഒഴികെ മറ്റെല്ലാ പ്രതികളെയും പിടികൂടി. മുഖ്യസൂത്രധാരൻ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP