Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്ദേഭാരത് നേടിയെടുക്കാൻ പ്രതിപക്ഷവുമായി ചേർന്ന് സമ്മർദ്ദം ചെലുത്തി മുഖ്യമന്ത്രി; വന്ദേഭാരതിനെ തള്ളിപ്പറഞ്ഞ് ദേശാഭിമാനി; മംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് നേടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് തുരങ്കം വയ്ക്കുന്നു; പിണറായിക്കും പാർട്ടി പത്രത്തിനും വെവ്വേറെ ലൈനോ?

വന്ദേഭാരത് നേടിയെടുക്കാൻ പ്രതിപക്ഷവുമായി ചേർന്ന് സമ്മർദ്ദം ചെലുത്തി മുഖ്യമന്ത്രി; വന്ദേഭാരതിനെ തള്ളിപ്പറഞ്ഞ് ദേശാഭിമാനി; മംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക്  വന്ദേഭാരത് നേടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് തുരങ്കം വയ്ക്കുന്നു; പിണറായിക്കും പാർട്ടി പത്രത്തിനും വെവ്വേറെ ലൈനോ?

സായ് കിരൺ

തിരുവനന്തപുരം: വിമാനത്തിലേതുപോലെ യാത്രാസുഖമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തിയ വന്ദേഭാരത് ട്രെയിനുകൾ കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉറപ്പ് നൽകിയിരിക്കെ, കേരളത്തിന് വന്ദേഭാരത്, ടിൽട്ടിങ് ട്രെയിനുകൾ അനുവദിക്കില്ലെന്ന് ദേശാഭിമാനി. തിരുവനന്തപുരം- മംഗളൂരു പാതയിൽ 160 കിലോമീറ്റർ വേഗതയാക്കാനുള്ള പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസും ബിജെപി കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്നത് കളവാണെന്നാണ് വാർത്ത. വന്ദേഭാരത് അനുവദിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കോ കണ്ണൂരിലേക്കോ വന്ദേഭാരത് വരുമെന്ന പ്രചാരണം വാർത്ത തള്ളുകയാണ്. ടിൽട്ടിങ് ട്രെയിൻ എന്നൊരു നിർദ്ദേശം തന്നെയില്ലെന്നാണ് വാർത്തയിലുള്ളത്. എന്നാൽ, 160കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിൻ കേരളത്തിന് കേന്ദ്രബ്ജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

വന്ദേഭാരതിനായി മുഖ്യമന്ത്രി ഇടപെട്ട് പ്രതിപക്ഷവുമായി ചേർന്ന് പോരാടുമ്പോഴാണ് അതിനെതിരേ ദേശാഭിമാനി വാർത്ത. മംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് കേന്ദ്രം വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കണം. നല്ലരീതിയിലുള്ള യാത്രാസൗകര്യമുണ്ടായാലേ വികസന കുതിപ്പുണ്ടാവൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് വന്ദേഭാരത് അനുവദിക്കണമെന്ന് യു.ഡി.എഫ് എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞു. 160കിലോമീറ്റർ വേഗത്തിലോടുന്ന വന്ദേഭാരത് സിൽവർ ലൈനിന് ബദലാവും. വെറുതേ 2ലക്ഷം കോടി ചെലവിടേണ്ട. വന്ദേഭാരത് ഓടിക്കാൻ നിലവിലെ ട്രാക്കിലെ വളവുകൾ റെയിൽവേ നിവർത്തും. ഇല്ലെങ്കിൽ സംസ്ഥാനം പണം മുടക്കണം- സതീശൻ പറഞ്ഞു. വന്ദേഭാരതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ചെന്നൈ-കന്യാകുമാരി വന്ദേഭാരത് വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്.

സിൽവർലൈനിനെ പുകഴ്‌ത്താനാണ് ദേശാഭിമാനി വന്ദേഭാരതിനെ തള്ളിപ്പറയുന്നത്. വളവുകൾ നിവർത്താതെ വന്ദേഭാരതിന് ഓടാനാവില്ലെന്നാണ് വാർത്തയിൽ. എന്നാൽ വളവുകൾ നിവർത്താനുള്ള പണി റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ വന്ദേഭാരതിന് വഴിയൊരുക്കാൻ തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർമംഗളൂരു പാതകളുടെ വേഗം കൂട്ടും. 130കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കാവുന്ന തരത്തിലാണിത്. നിലവിൽ എറണാകുളം-ഷൊർണൂർ 80കി.മി, ഷൊർണൂർ-മംഗലാപുരം 110കി.മിയാണ് ശരാശരി വേഗത. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ നിർമ്മിക്കും. ചെന്നൈയിലും കപൂർത്തലയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളിൽ 44ട്രെയിനുകൾ നിർമ്മാണത്തിലാണ്. പ്രതിമാസം എട്ട് ട്രെയിനുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകൾ വരുന്നത്. ഏറ്റവും തിരക്കേറിയ ചെന്നൈ, ബംഗളുരു, മംഗളുരു റൂട്ടുകളാണ് പരിഗണനയിൽ. ദക്ഷിണറെയിൽവേയും ഈ ശുപാർശ നൽകിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേയുമായി ബന്ധമില്ലാതെ, സ്റ്റാൻഡേർഡ് ഗേജിൽ സിൽവർലൈൻ നിർമ്മിക്കുന്നത് അനാവശ്യമാണെന്നും നിലവിലെ റെയിൽവേ ലൈൻ ശക്തിപ്പെടുത്തി അതിലൂടെ ടിൽട്ടിങ് ട്രെയിൻ ഓടിക്കുകയാണ് വേണ്ടതെന്ന് സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന അലോക് കുമാർ വർമ്മ വ്യക്തമാക്കി. റെയിൽവേയിലെ റിട്ട. ചീഫ് എൻജിനിയറാണദ്ദേഹം. നിലവിലെ റെയിൽവേ ലൈനിലൂടെ ഈ ട്രെയിൻ ഓടിക്കാം. ആറുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താനാവും. ഭൂമിയേറ്റെടുക്കേണ്ടി വരില്ല. ചെലവ് 25,000കോടിയിൽ കൂടില്ല. നിലവിലെ ലൈൻ ശക്തിപ്പെടുത്തുകയും സിഗ്‌നലിങ് സംവിധാനം നവീകരിക്കുകയും ചെയ്താൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗം ഉറപ്പാക്കാനാവും. ടിൽട്ടിങ് ട്രെയിനാണ് കേരളത്തിന് അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിങ് ട്രെയിൻ കേരളത്തിന് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP