Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജി എസ് ടിയിൽ ഐസക്കിനെ പൊളിച്ച ബാലഗോപാലിനെ മന്ത്രിയാക്കിയത് വെറുതെയല്ല; കേരളത്തെ കടക്കെണിയിൽ മുക്കിയ മാതൃകയുമായി ബാലഗോപാൽ മുമ്പോട്ട് പോകില്ല; കിഫ്ബി പദ്ധതികളൊന്നും ശുപാർശ ചെയ്യേണ്ടതില്ലെന്ന് എംഎൽഎമാർക്ക് കത്തയച്ച് ധനമന്ത്രി; ഐസക്കിന്റെ കിഫ്ബിക്ക് അകാല ചരമമോ?

ജി എസ് ടിയിൽ ഐസക്കിനെ പൊളിച്ച ബാലഗോപാലിനെ മന്ത്രിയാക്കിയത് വെറുതെയല്ല; കേരളത്തെ കടക്കെണിയിൽ മുക്കിയ മാതൃകയുമായി ബാലഗോപാൽ മുമ്പോട്ട് പോകില്ല; കിഫ്ബി പദ്ധതികളൊന്നും ശുപാർശ ചെയ്യേണ്ടതില്ലെന്ന് എംഎൽഎമാർക്ക് കത്തയച്ച് ധനമന്ത്രി; ഐസക്കിന്റെ കിഫ്ബിക്ക് അകാല ചരമമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ കിഫ്ബിയോടുള്ള താൽപ്പര്യം പിണറായി സർക്കാരിന് കുറയുന്നു. സർക്കാരിനെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളി വിട്ടതിൽ കിഫ്ബി മോഡലിനും പങ്കുണ്ടെന്ന വിലയിരുത്തലുകൾ സജീവമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന ബജറ്റിൽ ഇക്കുറി കിഫ്ബിക്ക് റോളുണ്ടാകില്ല. കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാർശ ചെയ്യേണ്ടതില്ലെന്ന് എംഎൽഎമാർക്ക് അയച്ച കത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർദ്ദേശിച്ചു. തോമസ് ഐസക്കിന്റെ പദ്ധതികളോട് എന്നും വിയോജിച്ചിരുന്ന നേതാവാണ് ബാലഗോപാൽ. അതുകൊണ്ട് തന്നെ കിഫ്ബിയെ ബാലഗോപാൽ മറക്കുമെന്ന വിലയിരുത്തലുകൾ സജീവമായിരുന്നു. അത് ശരിവയ്ക്കും വിധമാണ് പുതിയ തീരുമാനം.

കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇത് വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമായി. നിലവിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ പോലും കിഫ്ബി പാടുപെടുകയാണ്. ആരംഭിക്കാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ കിഫ്ബി പദ്ധതികൾക്ക് വേഗം പോരെന്ന പരാതിയും സജീവമാണ്. ഈ സാഹചര്യം മുതലെടുത്താണ് തോമസ് ഐസക്കിന്റെ പദ്ധതിയോട് ബാലഗോപാൽ മുഖം തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പു വഴി ഇനി റോഡ് പണികൾ നടത്തും.

കെഎൻ ബാലഗോപാൽ സാമ്പത്തിക വിദഗ്ധനൊന്നുമല്ല. പക്ഷേ സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകൾ അറിയാവുന്ന സാമ്പത്തിക വിദഗ്ധനാണ്. കേരളം ജിഎസ്ടിയെ പിന്തുണച്ചത് തോമസ് ഐസകിന്റെ വാക്കു കേട്ടാണ്. എന്നാൽ ബാലഗോപാലിന് മറ്റൊരു ചിന്തയാണുണ്ടായിരുന്നത്. ജി എസ് ടി നടപ്പിലായി വർഷങ്ങൾ കഴിഞ്ഞപ്പോൾ ബാലഗോപാലാണ് ശരിയെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിനുള്ള അംഗീകാരമായിരുന്നു ബാലഗോപാലിനുള്ള ധനമന്ത്രി സ്ഥാനം. വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ ഇനി ധനമന്ത്രി. എം. കോം, എൽ എൽ എം ബിരുദധാരിയാണ് ബാലഗോപാൽ.

ഇപ്പോൾ കിഫ്ബിയേയും മറക്കാനാണ് ബാലഗോപാലിന്റെ തീരുമാനം. ഇനി കിഫ്ബിയെക്കൊണ്ടു നടപ്പാക്കാവുന്ന പുതിയ പദ്ധതികളൊന്നും ശുപാർശ ചെയ്യേണ്ടതില്ലെന്നാണ് ധനമന്ത്രി നേരിട്ട് എംഎൽഎമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കിഫ്ബിക്കു പുറമേയുള്ള 20 പദ്ധതികൾ മുൻഗണനാ ക്രമം നോക്കി ശുപാർശ ചെയ്യാം. പുതിയതും ഇതുവരെ ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികൾ ഈ പട്ടികയിൽ ഉൾക്കൊള്ളിക്കാമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.

ഏറ്റവും കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്: 449 എണ്ണം. 142 പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികൾ ജലവിഭവ വകുപ്പിനു കീഴിലുമുണ്ട്. 202122ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സർക്കാരിന്റെ കടമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന തുകയിൽ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.

5 വർഷം കണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ വർഷം രൂപംകൊണ്ട കിഫ്ബിയുടെ ലക്ഷ്യം. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31,508 കോടി രൂപയാണ്. ഇതിൽ 19,220 കോടി രൂപ പൊതു വിപണിയിൽ നിന്നു വായ്പയെടുത്തും ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ടിറക്കിയുമാണ് നേടിയത്. ഇതിനു പുറമേ മോട്ടർ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റർ പെട്രോൾ / ഡീസലിന് ഒരു രൂപ വീതവും സർക്കാർ പിരിച്ചെടുത്തു നൽകി. ഈയിനത്തിൽ കിട്ടിയത് 14,919 കോടി രൂപ.

കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളിൽ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തിൽ 22,192 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവിട്ടു. 687 കോടി രൂപ വായ്പകൾ തിരിച്ചടയ്ക്കാൻ വിനിയോഗിച്ചു. ആ കണക്ക് തന്നെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തലിാണ് കിഫ്ബി വേണ്ടെന്ന് പതിയ സർക്കാർ തന്നെ വയ്ക്കുന്നത്. പിണറായി വിജയൻ രണ്ടാം മന്ത്രിസഭയിലേക്ക്

പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തന്റെ പിൻഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ തട്ടുന്നത്. തോമസ് ഐസക് തന്റെ പിൻഗാമിയി കണ്ട വ്യക്തിയെ ധനവകുപ്പിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് സാരം. ജി എസ് ടിയിലെ ഐസക്കിന്റെ വിമർശകന് അതിന്റെ ഗുണവും ലഭിക്കുന്നു. അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ജി എസ് ടി ഗുരുതരമായ ഭീഷണിയുയർത്തുന്നു എന്ന് വാദിച്ച ബാലാഗോപാൽ ഐസകിന്റെ പിൻഗാമിയായി. ഇതിന് പിന്നിലും ഐസക്കിന്റെ ആശയങ്ങളോടുള്ള പിണറായിയുടെ താൽപ്പര്യക്കുറവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP