Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയെ ചൊറിഞ്ഞപ്പോഴേല്ലാം കിട്ടിയത് ഉരുളക്കുപ്പേരി മറുപടി; ഒടുവിൽ മതിയായെന്ന് തുറന്നു പറഞ്ഞു പാക്കിസ്ഥാൻ പ്രധാനമന്ത്രി; ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തിയതിലൂടെ ഞങ്ങൾക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണുണ്ടായത്; യുദ്ധങ്ങളിൽ നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതിയെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാന്റെ വീണ്ടുവിചാരം പട്ടിണി കടുത്തതോടെ

ഇന്ത്യയെ ചൊറിഞ്ഞപ്പോഴേല്ലാം കിട്ടിയത് ഉരുളക്കുപ്പേരി മറുപടി; ഒടുവിൽ മതിയായെന്ന് തുറന്നു പറഞ്ഞു പാക്കിസ്ഥാൻ പ്രധാനമന്ത്രി; ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തിയതിലൂടെ ഞങ്ങൾക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണുണ്ടായത്; യുദ്ധങ്ങളിൽ നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതിയെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാന്റെ വീണ്ടുവിചാരം പട്ടിണി കടുത്തതോടെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പട്ടിണിയും പരിവട്ടവുമായി വല്ലാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ ജനത. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയെ ചൊറിഞ്ഞും നിന്നവർക്ക് ഇനിയും അതിന് ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇക്കാര്യം തുറന്നു പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി രംഗത്തുവന്നു. ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന്, അൽ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു.

മേഖലയിൽ സമാധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും വളരാനാവൂ എന്ന് ഷെരീഫ് പറഞ്ഞു. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മിൽത്തല്ലി സമയം കളയണോ എന്നു നമ്മൾ തന്നെ തീരുമാനിക്കണം. മൂന്നു യുദ്ധങ്ങളാണ് പാക്കിസ്ഥാൻ ഇന്ത്യയുമായി നടത്തിയത്. കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. ഞങ്ങൾ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനും നമുക്കു കഴിയണം.

ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിൽ ഭക്ഷ്യവില കുതിച്ചുയരുകയും ഫലമായി സമ്പദ്വ്യവസ്ഥ തകരുകയുമാണ്. ഈ അവസരത്തിൽ അൽ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുമായി മുട്ടാനില്ലഎന്ന് പാക് പ്രധാനന്ത്രി വ്യക്തമാക്കിയത്.

ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി ഇനിയും വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശവും പാക് പ്രധാനമന്ത്രി ഇന്ത്യയ്ക്കായി നൽകി. ഭക്ഷ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പാക്കിസ്ഥാനിൽ ജനം ഗോതമ്പ് ലോറിക്ക് പിന്നാലെ പായുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പട്ടിണിയിലായ ജനം തട്ടിയെടുക്കുമെന്ന് പേടിച്ച് കനത്ത കാവലിലാണ് ധാന്യങ്ങൾ കയറ്റിയ ട്രക്കുകൾ കൊണ്ടുപോകുന്നത്.

്അതേസമയം ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തിയിരുന്നു. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരിൽ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സർവേയിൽ ഈ മുന്നറിയിപ്പു നൽകിയത്. അതേസമയം, ചൈനയിൽനിന്ന് ഉൽപാദനകേന്ദ്രങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നതിനാൽ ഇന്ത്യയും ബംഗ്ലാദേശുമടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടമുണ്ടാക്കുമെന്നും സർവേയിൽ അഭിപ്രായമുയർന്നു.

ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ദ്ധർ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ദ്ധർ ഈ വർഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണുന്നു. മൂന്നിലൊന്നു പേർ ഇതിനോടു യോജിച്ചില്ല. യുക്രെയ്ൻ യുദ്ധം അടക്കം സംഘർഷങ്ങൾ ആഗോള സമ്പദ്ഘടനയെ സ്വാധീനിക്കുന്നതു തുടരും. ഊർജപ്രതിസന്ധി മൂലം യൂറോപ്പിലെ വളർച്ചാ നിരക്ക് ദുർബലമായി തുടരുമെന്ന കാര്യത്തിൽ പൊതുഅഭിപ്രായമാണുള്ളത്. യുഎസിലെ വളർച്ചാ നിരക്കും ഈ വർഷം മോശമായി തുടരുമെന്ന് 91 % പേരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി സഹായം അഭ്യർത്ഥിച്ചതെന്നും വ്യക്തമാക്കിയത്.


പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ യുദ്ധ വിജയങ്ങൾ

ഇന്ത്യയോട് മുട്ടിയപ്പോഴൊക്കെ പാക്കിസ്ഥാൻ തോറ്റുപോയ അവസ്ഥയാണ് ഉണ്ടായത്. ആഭ്യന്തര സംഘർഷങ്ങളിലും പലപ്പോഴും സൈനിക ഇടപെടലുകൾ നടന്നുവെങ്കിലും പ്രധാനമായും നാല് യുദ്ധങ്ങളാണ് സ്വതന്ത്ര ഇന്ത്യ നേരിടേണ്ടി വന്നത്. വിഭജനത്തിന് പിന്നാലെ 1947ലുണ്ടായ ഇന്ത്യ പാക്ക് യുദ്ധമാണ് ആദ്യത്തേത്. പിന്നീട് 1965ലും 1971ലും 1999ലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങൾ മുഖാമുഖം വന്നു. പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളിലെല്ലാം ഇന്ത്യയാണ് വിജയിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായതിന് പിന്നാലെ സ്വതന്ത്ര പ്രദേശമായി നിലകൊണ്ട ജമ്മു കശ്മീരിനെ ആക്രമിച്ചു കീഴടക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചതാണ് യുദ്ധത്തിന് തുടക്കമിട്ടത്. 1947 ഒക്ടോബർ 22ന് ആരംഭിച്ച യുദ്ധം 1949 ജനുവരി അഞ്ചു വരെ നീണ്ടു. പാക്ക് പിന്തുണയുള്ള ഭീകരവാദികൾ ഇന്ത്യൻ അതിർത്തി കടന്ന് ബാരാമുള്ള വരെയെത്തി. ശ്രീനഗർ പിടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ ജമ്മു കശ്മീർ മഹാരാജാവായ ഹരി സിങ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ യുദ്ധം ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങൾ നേരിട്ടായി.

യുഎൻ ഇടപെടുകയും 1949 ജനുവരി ഒന്നിന് ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വരികയും ചെയ്തു. യുഎൻ കമ്മീഷൻ വെടിനിർത്തൽ കരാർ 1949 ജനുവരി അഞ്ചിന് പ്രഖ്യാപിച്ചു. തുടക്കത്തിൽ കരാർ അംഗീകരിക്കാൻ പാക്കിസ്ഥാൻ തയാറായില്ല. എന്നാൽ യുദ്ധത്തിൽ കനത്ത തിരിച്ചടി തുടർന്നതോടെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. അപ്പോഴേക്കും യുദ്ധത്തിൽ രണ്ടായിരത്തിലേറെ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി അന്ന് കശ്മീരിൽ നിന്നും പാക്കിസ്ഥാൻ സൈന്യത്തെ പൂർണമായും പിൻവലിച്ചു. ക്രമസമാധാന പരിപാലനത്തിന് മാത്രം അത്യാവശ്യം മാത്രം ഇന്ത്യൻ സൈനികർ കശ്മീരിൽ തുടരുകയും ചെയ്തു.
രത്തോളം സൈനികർക്ക് ജീവൻ നഷ്ടമായി.

1965ലാണ് ഇന്ത്യ പാക്കിസ്ഥാനെ പിന്നീട് തോൽപ്പിച്ചത്. കശ്മീർ ഇന്ത്യയുടെ നിയന്ത്രണത്തിലായത് പാക്കിസ്ഥാന് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ യുഎൻ പ്രമേയം നിലവിൽ വന്നെങ്കിലും അതിർത്തിയിൽ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം തുടർച്ചയായി. കശ്മീരികളുടെ വേഷത്തിലെത്തിയ പാക്കിസ്ഥാനി സൈനികർ കച്ചിലെ കൻജാർകോട്ട് മേഖല കീഴടക്കി. ഇതിന്റെ തുടർച്ചയായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരിട്ട് യുദ്ധം ആരംഭിച്ചു.

വീണ്ടും ഐക്യരാഷ്ട്ര സഭ ഇടപെടുകയും 1966 ജനുവരി 10ന് ഇന്ത്യയേയും പാക്കിസ്ഥാനേയും താഷ്‌കന്റ് സമാധാന കരാറിൽ ഒപ്പുവെപ്പിക്കുകയും ചെയ്തു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന പ്രദേശങ്ങളിലേക്ക് രണ്ടു വിഭാഗവും മാറണമെന്നായിരുന്നു നിർദ്ദേശം. ഇരുപക്ഷവും വിജയം അവകാശപ്പെട്ട യുദ്ധമായിരുന്ന ഇതെങ്കിലും ഇന്ത്യൻ സൈന്യം പാക്ക് സൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഏതാണ്ട് 12,000 പട്ടാളക്കാർക്ക് ഇരുപക്ഷത്തുമായി ജീവൻ നഷ്ടമായെന്ന് കണക്കാക്കപ്പെടുന്നു.

കിഴക്കൻ പാക്കിസ്ഥാനെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യ ഇടപെട്ടതോടെ അത് മൂന്നാം ഇന്ത്യ-പാക് യുദ്ധമായി മാറുകയായിരുന്നു. ഒരേസമയം കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ഇന്ത്യക്ക് പോരാടേണ്ടി വന്നു. എങ്കിലും 13 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ പാക്കിസ്ഥാന്റെ കിഴക്കൻ കമാൻഡ് കീഴടങ്ങി. യുദ്ധത്തിൽ 90,000 ലേറെ പാക്കിസ്ഥാനി സൈനികർ കൊല്ലപ്പെട്ടു.

കാർഗിൽ യുദ്ധത്തിലും ഇന്ത്യയോട് ദയനീയമായി തോൽക്കാനായിരുന്നു പാക്കിസ്ഥാന്റെ വിധി. കാർഗിൽ പോലുള്ള ഉയർന്ന മേഖലകളിൽ നിന്നും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈനികർ പിൻവാങ്ങുകയും പിന്നീട് മഞ്ഞു കാലം കഴിയുന്നതോടെ തിരിച്ചെത്തുകയുമാണ് പതിവ്. അങ്ങനെ ഇന്ത്യൻ സൈന്യം പിൻവാങ്ങിയ മേഖലകൾ പാക്ക് സൈന്യം പിടിച്ചെടുത്തതോടെയാണ് കാർഗിൽ യുദ്ധം ആരംഭിക്കുന്നത്.

പാക്കിസ്ഥാന്റെ ഓപറേഷൻ ബാദറിന് മറുപടിയായി ഇന്ത്യ ഓപറേഷൻ വിജയ് ആരംഭിച്ചു. കരസേനയെ പിന്തുണക്കാനായി വ്യോമസേന ഓപറേഷൻ സഫദ് സാഗറിന് തുടക്കമിട്ടു. വലിയ തോതിൽ വ്യോമസേന യുദ്ധ മുന്നണിയിൽ സ്വാധീനം ചെലുത്തിയ യുദ്ധം കൂടിയായിരുന്നു കാർഗിലിലേത്. പാക്ക് സൈന്യത്തിന്റെ വിതരണ ശൃംഖല തകർക്കാൻ വ്യോമാക്രമണം വഴി ഇന്ത്യക്ക് സാധിച്ചു.

കാർഗിലിലെ പാക്ക് ചതി മനസിലാക്കി 1999 മെയ് മാസത്തോടെയാണ് ഇന്ത്യ തിരിച്ചടിച്ചു തുടങ്ങുന്നത്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിന്നും ഓരോ പ്രദേശങ്ങളായി ഇന്ത്യ തിരിച്ചു പിടിച്ചു. 60 ദിവസത്തോളം നീണ്ടു കാർഗിൽ യുദ്ധം. രണ്ട് ലക്ഷത്തോളം സൈനികരാണ് ഓപറേഷൻ വിജയുടെ ഭാഗമായി പാക്കിസ്ഥാൻ സൈന്യത്തിനെതിരെയും ഭീകരർക്കെതിരെയും പോരാടിയത്. 1999 ജൂലൈ 26ന് കാർഗിൽ യുദ്ധം അവസാനിച്ചു. ജൂലൈ 26 പിന്നീടുള്ള വർഷങ്ങളിൽ കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നു. കാർഗിലിൽ ഇന്ത്യയുടെ 527 പട്ടാളക്കാർക്ക് ജീവഹാനി സംഭവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP