Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒട്ടേറെ മഹാരഥന്മാർ നയിച്ചിട്ടുള്ള അഭിഭാഷക അസോസിയേഷന്റെ സാരഥി സംശയങ്ങൾക്ക് അതീതനായിരിക്കണം; ആരോപണവിധേയൻ തൽസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് അഭിഭാഷക സംഘടനകളും; ഹൈക്കോടതി അഴിമതിയിൽ അഭിഭാഷകന്റെ മൊഴി എടുക്കും; അഡ്വ സൈബി ജോസ് കിടങ്ങൂർ കുടുങ്ങുമോ?

ഒട്ടേറെ മഹാരഥന്മാർ നയിച്ചിട്ടുള്ള അഭിഭാഷക അസോസിയേഷന്റെ സാരഥി സംശയങ്ങൾക്ക് അതീതനായിരിക്കണം; ആരോപണവിധേയൻ തൽസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് അഭിഭാഷക സംഘടനകളും; ഹൈക്കോടതി അഴിമതിയിൽ അഭിഭാഷകന്റെ മൊഴി എടുക്കും; അഡ്വ സൈബി ജോസ് കിടങ്ങൂർ കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതി ജഡ്ജിയ്‌ക്കെന്ന പേരിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷകനിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുക്കും. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റായ സൈബി ജോസ് കിടങ്ങൂരിന് മൊഴിയെടുക്കുന്നതിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകും. അതിനിടെ അന്വേഷണം അട്ടിമറിക്കാനും നീക്കം സജീവമാണ്. ഈ വാർത്ത ആഴ്ചകൾക്ക് മുമ്പ് മറുനാടനാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും പല പത്രങ്ങളും അഭിഭാഷകന്റെ പേരു പോലും വയ്ക്കാതെയാണ് വാർത്ത നൽകുന്നത്. അതിനിടെ അഭിഭാഷക സംഘടനകൾ തന്നെ അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരെ രംഗത്തു വന്നു.

ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാനിർമ്മാതാവിന് മുൻകൂർജാമ്യത്തിനായി, കേസ് പരിഗണിച്ച ജഡ്ജിക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം. സിനിമാ നിർമ്മാതാവിന്റെയും അഭിഭാഷകന്റെ രണ്ട് ജൂനിയർ അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തും. ഇവരുടെ മൊഴി അനുകൂലമാക്കാൻ അഡ്വക്കേറ്റ് അസോസിയേഷൻ നേതാവ് ശ്രമിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ നോട്ടീസ് നൽകി തുടങ്ങുമെന്ന് സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകും.

ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാറുമായി കമീഷണർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. അഭിഭാഷകനെതിരെ ഉയർന്ന പരാതി അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാറാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ രജിസ്ട്രാർ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആരോപണം പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് പൊലീസിന് കൈമാറിയത്. പൊലീസ് അന്വേഷണത്തിൽ ആരോപണത്തിൽ വാസ്തവമുണ്ടെന്ന് ബോധ്യപ്പെട്ടാൽ കേസെടുക്കും.

കഴിഞ്ഞ നവംബറിൽ ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുസമയത്ത് അഭിഭാഷകനെതിരെ ഇതേ ആരോപണം ഉയർന്നിരുന്നു. മാസങ്ങൾക്കുമുമ്പാണ് സിനിമാനിർമ്മാതാവ് പ്രതിയായ ബലാത്സംഗക്കേസ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെയാണ് കൈക്കൂലി ആരോപണം ഉയർന്നത്. കേസ് പരിഗണിച്ച ജഡ്ജിയുടെ ശ്രദ്ധയിലും ഇതെത്തി. വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ആരോപണം കോടതിക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഫുൾ കോർട്ട് ചേർന്നാണ് പൊലീസ് അന്വേഷണത്തിന് തീരുമാനിച്ചത്.

്അതിനിടെ അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി എം നാസർ ആവശ്യപ്പെട്ടു. കേസിൽ അനുകൂല വിധിക്കുവേണ്ടി ജഡ്ജിനു നൽകാനെന്ന പേരിൽ അഭിഭാഷകൻ പണം വാങ്ങിയെന്ന ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേൽപിക്കുന്നതാണ്. ഹൈക്കോടതി ഫുൾ കോർട്ടാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയതെന്നും ആരോപണം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിന് എതിരെയാണെന്നുള്ളതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഒട്ടേറെ മഹാരഥന്മാർ നയിച്ചിട്ടുള്ള അഭിഭാഷക അസോസിയേഷന്റെ സാരഥി സംശയങ്ങൾക്ക് അതീതനായിരിക്കണം. ഇത്ര ഗുരുതര ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ആരോപണവിധേയൻ തൽസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അഡ്വ. സി എം നാസർ പ്രസ്താവനയിൽ പറഞ്ഞു. ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് അഭിഭാഷകൻ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിലെ വസ്തുതകൾ പുറത്തുകൊണ്ടു വരാൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (എഐഎൽയു)സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.

നിയമ രംഗത്ത് പ്രവർത്തിക്കുന്ന ന്യായാധിപന്മാർക്കും അഭിഭാഷകർക്കും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും സ്വതന്ത്രവും നിർഭയവും അഴിമതി രഹിതമായും നീതി നിർവ്വഹണം നടത്തുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യതയുണ്ട്. സംശയത്തിനതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാർ യോഗം ചേർന്നാണ് ഈ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഈ വാർത്തയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്.

അഭിഭാഷക സമൂഹം പൊതുവിൽ ഉയർന്ന തൊഴിൽപരമായ മര്യാദകളും മൂല്യങ്ങളും പാലിക്കേണ്ടവരാണ്. ഇത്തരമൊരു ആരോപണം പ്രത്യക്ഷത്തിൽ അഭിഭാഷക സമൂഹത്തിനാകെ അവമതിപ്പ് സൃഷ്ടിക്കാൻ ഇടയാക്കുമെന്നതിനാൽ നിജസ്ഥിതി പുറത്ത് വരണം. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാർഹമാണെന്നും സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP