Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാനൂരിൽ അക്രമം പടരുന്നു; തിങ്കളാഴ്‌ച്ച രാത്രി ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കേറ്റത് പാനൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന്; പ്രദേശത്ത് കനത്ത ജാഗ്രതയിൽ പൊലിസ്

പാനൂരിൽ അക്രമം പടരുന്നു; തിങ്കളാഴ്‌ച്ച രാത്രി ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കേറ്റത് പാനൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന്; പ്രദേശത്ത് കനത്ത ജാഗ്രതയിൽ പൊലിസ്

മറുനാടൻ മലയാളി ബ്യൂറോ

പാനൂർ: ചെറിയൊരു ഇടവേളയ്ക്കു ശേഷം പാനൂരിൽ രാഷ്ട്രീയ അക്രമം പടരുന്നു.പാനൂരിൽ ആർ.എസ്.എസുകാരെന്ന് ആരോപിക്കുന്ന സംഘത്തിന്റെ വെട്ടേറ്റു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കോൺഗ്രസ് നേതാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്‌ച്ച പുലർച്ചെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുകാലുകൾക്കും വെട്ടേറ്റതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ നിന്നും മാറ്റിയത്. മാരകായുധം കൊണ്ടുള്ള വെട്ടും ഇരുമ്പുവടി കൊണ്ടുള്ള അടിയുമേറ്റ് കാലിന്റെ എല്ലുകൾ മുട്ടിനു താഴെ നിന്നും അറ്റിട്ടുണ്ട്.

കോൺഗ്രസ് നേതാവിനെതിരെ അക്രമം നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പാനൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന് നേരെയാണ് തിങ്കളാഴ്‌ച്ച രാത്രി അക്രമം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചു ഹാഷിം അക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു കഴിഞ്ഞ ദിവസം പന്ന്യനൂർ കുരുംബക്കാവ് ക്ഷേത്ര പരിസരത്ത് കോൺഗ്രസ് - ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹാഷിമിന് നേരെ അക്രമം നടന്നതെന്ന് കരുതുന്നു. പ്രദേശത്ത് വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പന്ന്യന്നൂർ ചിത്രവയൽ കുറുമ്പകാവ് പരിസരത്ത് ആർ എസ് എസ് പ്രവർത്തകർക്കും വീടുകൾക്കും നേരെ അക്രമം നടന്നതിനെ തുടർന്നാണ് പ്രദേശത്ത് കോൺഗ്രസ് - ആർ.എസ്.എസ് സംഘർഷം പൊട്ടി പുറപ്പെട്ടത്. കുറമ്പക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ഞായറാഴ്‌ച്ച രാത്രി അക്രമം നടന്നത്. ക്ഷേത്രോത്സവ സ്ഥലത്ത് ബോർഡ് വെച്ച സംഭവമാണ് തർക്കത്തിനിടയാക്കിയത്. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ആർ. എസ്. എസ് ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് സി.ടി.കെ അനീഷ്, മണ്ഡൽ കാര്യവഹക് അതുൽ, അടക്കം അഞ്ചുപേർക്ക് പരുക്കേറ്റത്.

അനീഷിന്റെ സഹോദരിയുൾപ്പടെ സ്ത്രീകൾക്കും അക്രമത്തിൽ പരുക്കേറ്റിരുന്നു. ഉത്സവസ്ഥലത്തിനിടെയുണ്ടായ സംഘർഷത്തിനിടെയിൽ
അനീഷിന്റെ വീടും അടിച്ചുതകർത്തതായി പരാതിയുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നൂറോളംകോൺഗ്രസ് പ്രവർത്തകർ അക്രമമഴിച്ചുവിട്ടെന്നാണ് പരുക്കേറ്റവരുടെ മൊഴി. പരുക്കേറ്റവരെ പാനൂരിലെയും തലശേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ സന്ദീപിനും അക്രമത്തിൽ പരുക്കേറ്റിരുന്നു ഇയാൾ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രീയിൽ ചികിത്സയിലാണ്.

പന്ന്യന്നൂരിൽ ആർ. എസ്. എസ് പ്രവർത്തകരുടെ അക്രമത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന സന്ദീപിനെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മാർട്ടിൻ ജോർജ് സന്ദർശിച്ചു. പന്ന്യന്നൂർ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്ന അക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ . സന്ദീപിനെ മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ദീപിനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ്. ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ നൂറുമീറ്റർ പരിധിക്കുള്ളിൽ രാഷട്രീയ പാർട്ടികളുടെ ബോർഡുകളോ ബാനറുകളോ വെക്കരുതെന്ന് വർഷങ്ങളായി ഇവിടെ ഒരു തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് ബിജെപി-ആർ.എസ്.എസ് പ്രവർത്തകർ ഇത്തവണ ബോർഡുകളും ബാനറുകളും ഇവിടെ വെച്ചതെന്നും ഡി.സി.സി പ്രസിഡണ്ട് പറഞ്ഞു.

ക്ഷേത്രത്തിന് സമീപം ഒരുക്കിയ വൈദ്യുതി ബന്ധം പോലും ആർ.എസ്.എസ് പ്രവർത്തകർ വിച്ഛേദിച്ചു. മൂന്ന് തവണയും അത് സന്ദീപിന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചെങ്കിലും അക്രമികൾ അത് വീണ്ടും വിഛേദിച്ചു. നാലാം തവണയും അത് നന്നാക്കാൻ പോകുമ്പോൾ ഇലക്ട്രീഷ്യന്റെ കാലും കൈയും വെട്ടുമെന്ന് ബിജെപി-ആർ.എസ്.എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി. ദണ്ഡയും ഇരുമ്പു വടിയുൾപ്പെടെയുള്ള മാരക ആയുധങ്ങളുപയോഗിച്ചാണ് സന്ദീപിനെ അക്രമിച്ചത്. ഇലക്ട്രീഷ്യന്റെ സഹായികൂടിയായ സന്ദീപിനെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പോയപ്പോഴാണ് അക്രമി സംഘം വളഞ്ഞിട്ട് അക്രമിച്ചതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

നേരത്തെ തന്നെ ക്ഷേത്ര പരിസരത്ത് ബിജെപി-ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമമഴിച്ച് വിടുമെന്ന സൂചനെക്കുറിച്ച് പൊലീസിന് വിവരം നൽകിയെങ്കിലും പൊലീസ് ഇതിന് തയ്യാറായില്ലെന്നും ഡി.സി.സി പ്രസിഡണ്ട് കുറ്റപ്പെടുത്തി. അബ്ദുൾ റഷീദ് വി.പി, സുധീപ് ജെയിംസ്, വി.രാധാകൃഷ്ണൻ മാസ്റ്റർ, കെ.പി സാജു,വി സി പ്രസാദ് എന്നിവരും ഡി.സി.സി പ്രസിഡണ്ടിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP