Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇവരുടെ പേരും മുഖവും എപ്പോഴും ഓർത്തുവെക്കേണ്ടതുണ്ട്; എന്റെ വിജയത്തിന്റെ കാരണം ഇവരുടെ ശ്രമഫലമായിട്ടും ഉണ്ടായതാണ്'; മിന്നും സെഞ്ചുറികളുമായി 'തിരിച്ചുവരവിൽ' ആ മൂന്ന് പേർക്ക് നന്ദി അറിയിച്ച് വിരാട് കോലി

'ഇവരുടെ പേരും മുഖവും എപ്പോഴും ഓർത്തുവെക്കേണ്ടതുണ്ട്; എന്റെ വിജയത്തിന്റെ കാരണം ഇവരുടെ ശ്രമഫലമായിട്ടും ഉണ്ടായതാണ്'; മിന്നും സെഞ്ചുറികളുമായി 'തിരിച്ചുവരവിൽ' ആ മൂന്ന് പേർക്ക് നന്ദി അറിയിച്ച് വിരാട് കോലി

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം മിന്നുന്ന സെഞ്ചുറികളുമായി തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇന്ത്യയുടെ മൂന്ന് കോച്ചിങ് സ്റ്റാഫുകൾക്ക് നന്ദി അറിയിച്ചിരിക്കുയാണ് ഇന്ത്യൻ താരം വിരാട് കോലി. ബിസിസിഐ ടിവിയിലൂടെയാണ് കോലി മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുമാരുടെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചത്. രഘു, നുവാൻ, ദയ എന്നിവരുടെ പേരാണ് കോലി പ്രത്യേകം പരാമർശിച്ചത്.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ വർഷത്തെ രണ്ടാം സെഞ്ചുറിയാണ് കോലി കഴിഞ്ഞദിവസം നേടിയത്. 110 പന്തുകൾ മാത്രം നേരിട്ട കോലി 166 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സും 13 ഫോറും കോലിയുടെ ഇന്നിങ്സിലുണ്ടായിരുന്നു. കോലിയുടെ ഇന്നിങ്സിന്റെ കരുത്തിൽ 317 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇന്ത്യയുടേത്. പരമ്പരയിലെ താരവും പ്ലയർ ഓഫ് ദ മാച്ചും കോലി തന്നെയായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മൂന്ന് കോച്ചിങ് സ്റ്റാഫുകൾക്ക് താരം നന്ദി അറിയിച്ചത്. കോലിയുടെ വാക്കുകൾ... ''രഘുവിനെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കുമറിയാം. നമ്മൾ മുമ്പും അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നുവാൻ ശ്രീലങ്കക്കാരനാണ്. എന്നാലിപ്പോൾ ഇന്ത്യക്കാരനായിട്ടാണ് തോന്നാറുള്ളത്. ദയ, രണ്ട് വർഷം മുമ്പാണ് അംഗമായത്. നിലവിൽ, ടീമിന്റെ പ്രധാനഭാഗമാണ് അദ്ദേഹം.

എന്റെ അഭിപ്രായത്തിൽ ഇവർ മൂന്ന് പേരുമാണ് ഞങ്ങൾക്ക് എല്ലാദിവസവും ലോകോത്തര പരിശീലനം നൽകുന്നത്. 145- 150 കിലോമീറ്റർ പന്തെറിഞ്ഞ് തരുന്നുണ്ട് അവർ. ഈ രീതിയിലുള്ള പരിശീലനാണ് എന്നെ ഇവിടെയെത്തിച്ചത്. അവിശ്വസനീയമാണ് അവരുടെ സംഭാവന. ഇവരുടെ പേരും മുഖവും എപ്പോഴും ഓർത്തുവെക്കേണ്ടതുണ്ട്. എന്റെ വിജയത്തിന്റെ കാരണം ഇവരുടെ ശ്രമഫലമായിട്ടും ഉണ്ടായതാണ്.'' കോലി ബിസിസിഐ ടിവിയിൽ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് വിരാട് കോലി നേടിയത്. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു. അന്ന് 87 പന്തുകൾ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും ഉൾപ്പെടെ 113 റൺസ് നേടിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 110 പന്തിൽ പുത്താവാതെ 166 റൺസും കോലി നേടി. ഇതോടെ ഏകദിന കരിയറിൽ 46 സെഞ്ചുറികൾ കോലി പൂർത്തിയാക്കി. പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്ലയർ ഓഫ് ദ സീരീസ് പുരസ്‌കാരം കോലിയെ തേടിയെത്തി. അതൊടൊപ്പം ഇന്നത്തെ മത്സരത്തിലെ താരവും കോലിയായിരുന്നു.

മറ്റുചില റെക്കോർഡുകളും കോലിയെ തേടിയെത്തി. രണ്ട് നേട്ടങ്ങളിൽ കോലി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ പിന്തള്ളി. ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ കാര്യത്തിൽ സച്ചിൻ, കോലിക്ക് പിന്നിലായി. ലങ്കയ്ക്കെതിരെ പത്താം സെഞ്ചുറിയാണ് കോലി ഇന്ന് നേടിയത്. സച്ചിൻ ഒമ്പത് സെഞ്ചുറിയാണുള്ളത്. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളെന്ന റെക്കോർഡും കോലിയുടെ പേരിലായി.

സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളെന്ന റെക്കോർഡിലും കോലി സച്ചിന്റെ മുന്നിലായി. ഇന്ത്യയിൽ സച്ചിന് 20 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. ഇന്നത്തെ സെഞ്ചുറിയോടെ കോലി, സച്ചിനെ മറികടന്നു. കോലിയുടെ അക്കൗണ്ടിൽ ഇന്ത്യയിൽ മാത്രം 21 സെഞ്ചുറികൾ. കോലിക്ക് 101 ഇന്നിങ്‌സുകൾ മാത്രമാണ് ഇത്രയും സെഞ്ചുറികൾ നേടാൻ വേണ്ടിവന്നത്. സച്ചിനാവാട്ടെ 160 ഇന്നിങ്‌സുകൾ വേണ്ടിവന്നു. ഇക്കാര്യത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംലയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും രണ്ടാമതുണ്ട്. 14 സെഞ്ചുറികൾ വീതം ആംലയും പോണ്ടിംഗും സ്വന്തം നാട്ടിൽ നേടി.

മൂന്ന് സെഞ്ചുറികൾ കൂടി നേടിയാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് മുന്നിൽ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് ഇന്ത്യ അടുത്തതായി കളിക്കുക. ജനുവരി 18ന് ഹൈദരാബാദിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് രായ്പൂരിൽ നടക്കും. മൂന്നാം ഏകദിനം 24ന്് ഇൻഡോർ വേദിയാകും. ശേഷം മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലും കളിക്കും. 27ന് ആദ്യ ടി20ക്ക് റാഞ്ചി വേദിയാകും. ലഖ്നൗവിൽ 29ന് രണ്ടാം ടി20. മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP