Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിതുരയിൽ കുട്ടിയാനയുടെ ജഡത്തിനരികിൽ രണ്ടു ദിവസത്തോളം കാവൽ നിന്ന് അമ്മയാന; തട്ടിവിളിച്ചുണർത്താൻ ശ്രമം; കാഴ്ചക്കാർക്ക് നൊമ്പരമായി ആനക്കൂട്ടം; വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം പോസ്റ്റുമോർട്ടത്തിനായി മാറ്റി

വിതുരയിൽ കുട്ടിയാനയുടെ ജഡത്തിനരികിൽ രണ്ടു ദിവസത്തോളം കാവൽ നിന്ന് അമ്മയാന; തട്ടിവിളിച്ചുണർത്താൻ ശ്രമം; കാഴ്ചക്കാർക്ക് നൊമ്പരമായി ആനക്കൂട്ടം; വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം പോസ്റ്റുമോർട്ടത്തിനായി മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

വിതുര: വിതുര മരുക്കുംകാലയിൽ കുട്ടിയാനയുടെ ജഡത്തിനരികിൽ അമ്മയാനയും കാട്ടാനക്കൂട്ടവും കാവൽ നിന്നത് രണ്ടു രാത്രി. കുട്ടിയാനയുടെ ജഡം തട്ടിത്തട്ടി താഴേക്കു കൊണ്ടുവന്ന് ജനവാസകേന്ദ്രത്തിൽനിന്നു മാറ്റാനും ആ അമ്മയാന ശ്രദ്ധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തിങ്കളാഴ്ച രാവിലെ മാത്രമാണ് അമ്മയാന കുട്ടിയാനയുടെ അടുത്ത് നിന്ന് മാറാൻ തയ്യാറായത്.

ഈ സമയത്തിനുള്ളിൽ മുരിക്കുംകാലയിൽ നിന്ന് വേങ്ങയിലേക്ക് കുട്ടിയാനയുടെ മൃതദേഹം അമ്മയാന എത്തിച്ചിരുന്നു. മൃതദേഹം വനംവകുപ്പ് പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം പൂർത്തിയായ മുറയ്ക്ക് സംസ്‌കരിക്കും.



പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയിൽ തുടർന്നതോടെ നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കുട്ടിയാനയുടെ അടുത്തേക്ക് അടുപ്പിക്കാത്ത അമ്മയാന മൃതദേഹത്തിന് സമീപത്ത് ഏറെ നേരം നിന്നത് കണ്ട് നിന്നവരിൽ വേദനയായി. കുട്ടിയാനയുടെ മൃതദേഹം അമ്മയാന തട്ടി മുന്നോട്ട് കൊണ്ട് പോവുന്ന നിലയിലാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയുടെ മൃതദേഹം എടുക്കാനായി ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ അമ്മയാന തയ്യാറായിരുന്നില്ല.

വിതുര പഞ്ചായത്തിലെ തലത്തൂതക്കാവ് മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ചരിഞ്ഞ ആനക്കുട്ടിക്കു ചുറ്റുംനിന്ന അമ്മയാനയെയും ആനക്കൂട്ടത്തെയും ആദ്യം കണ്ടത്. മുരിക്കുംകാലയിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് ആനക്കുട്ടിയുടെ ജഡം അമ്മയാന തട്ടിനീക്കിക്കൊണ്ടു പോയത്. ആളനക്കം കേൾക്കുമ്പോൾ അനങ്ങാതെനിന്ന് കാലുകൾകൊണ്ട് തന്റെ പൊന്നോമനയ്ക്ക് കവചമൊരുക്കാനായിരുന്നു ശ്രമം. ചുറ്റും കൂടിയവർ ബഹളമുണ്ടാക്കിയെങ്കിലും കുട്ടിയാനയെ വിട്ട് കാടുകയറാതെ കൂട്ടുകാർക്കൊപ്പം മറ്റാർക്കും കാണാൻ കഴിയാത്തവിധം മറഞ്ഞുനിൽക്കാനും ശ്രദ്ധിച്ചു.



ആനയിറങ്ങുന്ന സ്ഥലമായതിനാൽ വിറകു കൂട്ടിയിട്ട് തീ കത്തിക്കാൻ പോയ മുരിക്കുംകാല വിജയൻകാണിയുടെ ഭാര്യ ഗൗരിക്കുട്ടിയാണ് വീടിരിക്കുന്ന സ്ഥലത്തുനിന്ന് 150 മീറ്റർ മാറി വഴിയിൽ നടക്കുന്ന ആനക്കൂട്ടത്തെ കണ്ടത്. പ്രദേശത്തെ സ്ഥിരംകാഴ്ചയായതിനാൽ ഇവർ പതിവുപോലെ ബഹളമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ, സൂക്ഷിച്ചു നോക്കിയപ്പോൾ നടുവിലായി കുട്ടിയാനയുടെ ജഡം കണ്ടു. ഉടൻതന്നെ നാട്ടുകാരെയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഇതിനിടെയിൽ ആനക്കൂട്ടം കുട്ടിയാനയുടെ ജഡം വനത്തിലൂടെ താഴ്ന്നസ്ഥലത്തേക്കു കൊണ്ടുപോയി.

നാട്ടുകാരും വനപാലകരും രാത്രി മുഴുവൻ സ്ഥലത്ത് തമ്പടിച്ചെങ്കിലും ആനക്കൂട്ടം മാറാതെനിന്നതോടെ അടുത്തേക്കു പോകാൻ കഴിഞ്ഞില്ല. വനംവകുപ്പ് പരുത്തിപ്പള്ളി റെയ്ഞ്ചിലെ ആർ.ആർ. ടീമും പൊലീസും സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആർ.ആർ. ടീം മയക്കുവെടി വയ്ക്കാൻ തയ്യാറായെങ്കിലും ആനക്കൂട്ടം അക്രമാസക്തരാകാൻ സാധ്യതയുള്ളതിനാൽ ജില്ലാ വനംവകുപ്പ് ഓഫീസർ ഒഴിവാക്കാൻ നിർദ്ദേശം നൽകി. വേങ്ങത്താരയിലെ താഴ്ന്നസ്ഥലത്തായിരുന്നു ഞായറാഴ്ച രാവിലെമുതൽ തള്ളയാനയും ആനക്കൂട്ടവും നിന്നത്. രാത്രി വൈകിയും ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

കഴിഞ്ഞ കുറേ ആഴ്ചകളായി ആനപ്പേടിയിലാണ് ഊരുകളിലെ ജീവിതം. മുരിക്കുംകാല, തലത്തൂതക്കാവ്, ആറ്റുമൺപുറം തുടങ്ങിയ ഊരുകളിൽ പലയിടത്തും ആനകളെ ഒറ്റയ്ക്കും കൂട്ടമായും കാണുന്നതു പതിവാണ്. ടാപ്പിങ്ങിനു പോയവരെയും സ്‌കൂളിലേക്കു പോയ വിദ്യാർത്ഥികളെയും വഴിയിൽനിന്ന ആനക്കൂട്ടം ആക്രമിച്ചത് ഒരാഴ്ച മുമ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP