Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റൺസൊഴുക്കുന്ന പിച്ചൊരുക്കി പേരുദോഷം മാറ്റി താരമായത് ക്യൂറേറ്റർ ബിജു! കാശു കൊടുത്ത് കളികാണാനെത്തിയവർ കുറഞ്ഞപ്പോൾ പ്ലക്കാർഡും നാമമാത്രമായി; അപ്പോഴും സഞ്ജുവിനോട് ബിസിസിഐ കാട്ടിയ ക്രൂരത ചർച്ചയാക്കി തിരുവനന്തപുരം; നിരാശ കച്ചവടക്കാർക്കും; കോലിയും ഗില്ലും കാര്യവട്ടത്ത് തകർത്തടിച്ചപ്പോൾ

റൺസൊഴുക്കുന്ന പിച്ചൊരുക്കി പേരുദോഷം മാറ്റി താരമായത് ക്യൂറേറ്റർ ബിജു! കാശു കൊടുത്ത് കളികാണാനെത്തിയവർ കുറഞ്ഞപ്പോൾ പ്ലക്കാർഡും നാമമാത്രമായി; അപ്പോഴും സഞ്ജുവിനോട് ബിസിസിഐ കാട്ടിയ ക്രൂരത ചർച്ചയാക്കി തിരുവനന്തപുരം; നിരാശ കച്ചവടക്കാർക്കും; കോലിയും ഗില്ലും കാര്യവട്ടത്ത് തകർത്തടിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നല്ല സ്പോർട്ടിങ് വിക്കറ്റായിരുന്നു കാര്യവട്ടത്തേത്. സെപ്റ്റംബറിലെ ട്വന്റി ട്വന്റിയിൽ വിക്കറ്റുകൾ തുരുതാ വീണു. ഇന്ത്യയ്ക്ക് ആ മത്സരത്തിൽ എടുക്കാനായത് 106 റൺസ്. ദക്ഷിണാഫ്രിക്ക 17-ാം ഓവറിൽ വിജയം നേടി. തീർത്തും നിരാശയാണ് കാണികൾക്ക് ആ മത്സരം നൽകിയത്. എല്ലാ പഴിയും ക്യൂറേറ്റർക്കുമായി. എന്നാൽ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യൻ ഏകദിന വിദയം ആ പേരുദോഷം മാറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 390 റൺസെന്ന കൂറ്റൻ സ്‌കോർ നേടുന്നു. വിരാട് കോലിയുടെ പുറത്താകാതെയുള്ള 166 റൺസ്. ഇതിനൊപ്പം ഗില്ലിന്റെ 116 റൺസും. വമ്പൻ സ്‌കോറിന്റെ സമ്മർദ്ദമാണ് ശ്രീലങ്കയെ 73 റൺസിൽ ഒതുക്കിയത്. അങ്ങനെ പ്രതിഷേധിച്ച് കാണികൾ വിട്ടു നിന്ന മത്സരത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിച്ചൊരുക്കിയ ബിജുവും താരമാകുന്നു. കാണികൾക്ക് ആവേശം കൊള്ളാനുള്ളതെല്ലാം പിച്ചിൽ ബിജുവെന്ന ക്യൂറേറ്റർ സൂക്ഷിച്ചിരുന്നുവെന്നതാണ് വസ്തുത.

ബോളർമാരെ പിന്തുണയ്ക്കുന്ന പതിവിനു വിട നൽകി ഇത്തവണ ബാറ്റർമാരെ കനിഞ്ഞനുഗ്രഹിച്ച കാര്യവട്ടത്തെ പിച്ചിൽ, കോലിയുടെയും ഗില്ലിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ ശ്രീലങ്കയെ തച്ചുതകർക്കുകയായിരുന്നു. കളത്തിലിറങ്ങിയവരെല്ലാം തകർത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയത്. 110 പന്തുകൾ നേരിട്ട കോലി 13 ഫോറും എട്ടു സിക്സും സഹിതമാണ് 166 റൺസെടുത്തത്. ഇതോടെ, ഹോംഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമായി കോലി മാറി. സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. ഗില്ലാകട്ടെ, 97 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതമാണ് 116 റൺസെടുത്തത്. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറിയാണ് ഗില്ലിന്റേത്. പിന്നാലെ കോലിയും കൂറ്റൻ സെഞ്ച്വറിയുമായി താരമായി. ഇതിനെല്ലാം സാക്ഷിയായത് ഒഴിഞ്ഞ കസേരകളും.

ഗ്രൗണ്ടിൽ കാശെടുത്ത് ടിക്കറ്റെടുത്തവർ കുറവായിരുന്നു. അതുകൊണ്ട് തന്നെ പ്ല്ക്കാർഡുകളും കുറവ്. അപ്പോഴും സഞ്ജുവിന് വേണ്ടി പ്ല്ക്കാർഡുകൾ എത്തി. സഞ്ജുവിനോട് ബിസിസിഐ കാട്ടുന്ന അനീതിയും ചർച്ചയായി. കളിക്കിടെ രണ്ട് ശ്രീലങ്കൻ താരങ്ങൾക്ക് പരിക്കേറ്റു. അപ്പോൾ കളിക്കാരെ ഗ്രൗണ്ടിൽ നിന്ന് കൊണ്ടു പോകാനായി സ്ട്രെച്ചർ പോലും അതിവേഗം എത്തിക്കാൻ സംഘാടകർക്കായില്ല. ആകെ ആശയക്കുഴപ്പം ഗ്രൗണ്ടിൽ ദൃശ്യമായിരുന്നു. സ്ട്രക്ച്ചറുമായി എത്തുന്നവരുടെ ഫിറ്റ്നസ് കണ്ടും കളി കണ്ടവർ ഞെട്ടി. അതിവേഗ മെഡിക്കൽ ഇടപെടലിന് വേണ്ടത് കാര്യവട്ടത്തുണ്ടായിരുന്നോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. ഇതിനൊപ്പമാണ് കാണികളുടെ കുറവും. കെസിഎയ്ക്ക് ടിക്കറ്റ് വിൽപ്പനയിലൂടെ ഒന്നും കിട്ടിയില്ലെന്നതാണ് വസ്തുത. കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പട്ടിണിക്കാർ കളി കാണാൻ വേണ്ടെന്ന പ്രസ്താവന കളി നടക്കുമ്പോൾ ഗാലറിയിലും ചർച്ചയായി.

സെപ്റ്റംബറിലെ ട്വന്റി ട്വന്റിക്ക് പ്രവേശന കവാടത്തിൽ തന്നെ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ഉണ്ടായിരുന്നു. ഇത്തവണ അത്തരത്തിലൊന്നുമില്ല. അകത്ത് കളി നടക്കുമ്പോൾ പുറത്തും ശാന്തം. ജേഴ്സി വിൽപ്പനയ്ക്കെത്തിയവർക്കും ആഗ്രഹിച്ച കച്ചവടമില്ല. സ്റ്റേഡിയത്തിനുള്ളിൽ ഭക്ഷണത്തിന് കരാറെടുത്തവർക്കും നഷ്ടം. അവസാനം ഐസ്‌ക്രീമുകളും മറ്റും വിലകുറച്ചു കൊടുക്കേണ്ട അവസ്ഥ. ഹാർദിക് പാണ്ഡ്യ, ഉംറാൻ മാലിക്ക് എന്നിവർക്കു പകരം സൂര്യകുമാർ യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് അവസരം നൽകിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഉംറാൻ മാലിക്കിന്റെ തീപാറും പന്തുകളും ഹാർദിന്റെ കൂറ്റനടികളും അതുകൊണ്ട് തന്നെ കളി കാണാനെത്തിയവർക്ക് മിസ്സായി. സൂര്യകുമാർ യാദവിനായിരുന്നു കൂടുതൽ കൈയടി. സെഞ്ച്വറി നേടിയ കോലിയേക്കാൾ കൈയടി സൂര്യകുമാർ ബാറ്റ് ചെയ്യാനെത്തിയപ്പോൾ കിട്ടി.

ശ്രേയസ് അയ്യർ പുറത്തായപ്പോൾ സൂര്യകുമാറിന് വേണ്ടി ആർപ്പുവിളികളെത്തി. എന്നാൽ ബാറ്റ് ചെയ്യാനെത്തിയത് കെ എൽ രാഹുലും. രാഹുലിന്റെ ക്യാച്ച് ശ്രീലങ്കൻ താരം വിട്ടപ്പോൾ നിരാശരായി കാണികൾ. പിന്നീട് രാഹുൽ പുറത്തായി സൂര്യകുമാർ എത്തി. സൂര്യകുമാർ നൽകിയ അവസരവും ശ്രീലങ്ക വിട്ടു. അപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു സ്റ്റേഡിയത്തിൽ. സൂര്യകുമാറിന് ഇന്ത്യൻ ക്രിക്കറ്റിൽ കിട്ടുന്ന താരപരിവേഷത്തിന് തെളിവായി സ്റ്റേഡിയത്തിൽ എത്തിയവരുടെ പ്രകടനം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥ ഒടുവിൽ സംഭവിച്ചു.

ഇന്ത്യയുടെ പരമ്പര നേട്ടത്തോടെ ഫലം അപ്രസക്തമായി മാറിയെങ്കിലും, തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനം ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡുമായി ഇന്ത്യ ശ്രീലങ്കയെ വീഴ്‌ത്തിയത് 317 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 390 റൺസ്. ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ വെറും 73 റൺസിന് അവസാനിച്ചു. 168 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്. സെഞ്ചറി നേടിയ വിരാട് കോലിയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. റൺ അടിസ്ഥാനത്തിൽ രാജ്യാന്തര ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2008 ജൂലൈ ഒന്നിന് അയർലൻഡിനെതിരെ ന്യൂസീലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പിന്നിലായത്. ഇതിനു മുൻപ് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം ബെർമുഡയ്‌ക്കെതിരെയാണ്. 2007 മാർച്ച് 19ന് നടന്ന മത്സരത്തിൽ ജയിച്ചത് 257 റൺസിന്.

10 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് ഷമി ആറു പന്തിൽ 20 റൺസ് വഴങ്ങിയും കുൽദീപ് യാദവ് അഞ്ച് ഓവറിൽ 16 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഇന്ത്യ ഉയർത്തിയ 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. അതിൽ 27 പന്തിൽ നാലു ഫോറുകൾ സഹിതം 19 റൺസെടുത്ത ഓപ്പണർ നുവാനിന്ദു ഫെർണാണ്ടോ ടോപ് സ്‌കോററായി. രണ്ടക്കം കണ്ട രണ്ടാമൻ 19 പന്തിൽ രണ്ടു പോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്ന കസൂൻ രജിത. മൂന്നാമൻ 26 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ഷനക.

ഓപ്പണർ ആവിഷ്‌ക ഫെർണാണ്ടോ (നാലു പന്തിൽ ഒന്ന്), കുശാൻ മെൻഡിസ് (ഏഴു പന്തിൽ നാല്), ചാരിത് അസാലങ്ക (നാലു പന്തിൽ ഒന്ന്), വാനിന്ദു ഹസരംഗ (ഏഴു പന്തിൽ ഒന്ന്), ചാമിക കരുണരത്‌നെ (ആറു പന്തിൽ ഒന്ന്), ദുനിത് വെല്ലാലഗെ (13 പന്തിൽ മൂന്ന്), ലഹിരു കുമാര (19 പന്തിൽ 9) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഫീൽഡിങ്ങിനിടെ പരുക്കേറ്റ ആഷെൻ ഭണ്ഡാര ബാറ്റിങ്ങിന് ഇറങ്ങിയില്ല. ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 42), ശ്രേയസ് അയ്യർ (32 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ആരാധകരുടെ കയ്യടികൾക്കിടെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നാലു പന്തിൽ നാലു റൺസെടുത്ത് പുറത്തായി. കെ.എൽ.രാഹുൽ ആറു പന്തിൽ ഏഴു റൺസെടുത്തു. അക്ഷർ പട്ടേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ടും ഇവരുടെ വകയാണ്. മൂന്നാം വിക്കറ്റിൽ 110 പന്തിൽ നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 131 റൺസ്. ഗിൽ പുറത്തായ ശേഷം ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വീണ്ടും സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് കോലി ഇന്ത്യയെ 350 കടത്തിയത്. നാലാം വിക്കറ്റിൽ 71 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 108 റൺസ്. ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്സിൽ ഒരു അർധസെഞ്ചറി കൂട്ടുകെട്ട് കൂടിയുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ - ശുഭ്മൻ ഗിൽ സഖ്യം 92 പന്തിൽ അടിച്ചുകൂട്ടിയത് 95 റൺസാണ്. ശ്രീലങ്കൻ നിരയിൽ കസൂൻ രജിത 10 ഓവറിൽ 81 റൺസ് വഴങ്ങിയും ലഹിരു കുമാര 10 ഓവറിൽ 87 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ചാമിക കരുണരത്‌നെ എട്ട് ഓവറിൽ 58 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP