Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുപ്പത് വർഷത്തിനിടെ നേപ്പാളിലെ ഏറ്റവും വലിയ വിമാനദുരന്തം; തകർന്നുവീണ വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 15 വിദേശികൾ; മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറ് കുട്ടികൾ; മൃതദേഹങ്ങൾ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ; ആരെയും തിരിച്ചറിഞ്ഞിട്ടില്ല; റൺവേയിലെത്തും മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്ന് ദൃക്‌സാക്ഷികൾ

മുപ്പത് വർഷത്തിനിടെ നേപ്പാളിലെ ഏറ്റവും വലിയ വിമാനദുരന്തം; തകർന്നുവീണ വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 15 വിദേശികൾ; മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറ് കുട്ടികൾ; മൃതദേഹങ്ങൾ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ; ആരെയും തിരിച്ചറിഞ്ഞിട്ടില്ല; റൺവേയിലെത്തും മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്ന് ദൃക്‌സാക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: നേപ്പാളിൽ ലാൻഡിങ്ങിനു തൊട്ടുമുൻപ് തകർന്നു വീണ യാത്രാ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരിൽ അഞ്ച് പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.

നേപ്പാളിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വിമാനദുരന്തമാണ് ഞായറാഴ്ച പൊഖാറയിലുണ്ടായത്. 1992ൽ പാക്കിസ്ഥാൻ ഇന്റനാഷനൽ എയർലൈൻസിന്റെ എയർബസ് എ 300 കാഠ്ണണ്ഡു വിമാനത്താവളത്തിനു സമീപം തകർന്നു വീണിരുന്നു. വിമാനത്തിലെ 167 യാത്രക്കാരും മരിച്ചു. നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണിത്. എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ വിമാനാപകടങ്ങൾ അസാധാരണമല്ല.

കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് രാവിലെ വിനോദസഞ്ചാര കേന്ദ്രമായി പൊഖാറയിലേക്ക് പറന്നുയർന്ന യതി എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

കാഠ്മണ്ഡുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ 41 സ്ത്രീകളും 27 പുരുഷന്മാരുമാണ് യാത്രക്കാരിലുണ്ടായിരുന്നത്. യാത്രക്കാരിൽ 62 മുതിർന്നവരും മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറ് കുട്ടികളുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 72 പേരിൽ നാല് ജീവനക്കാരാണ്. ഇതിൽ രണ്ടുപേർ പൈലറ്റുമാരും രണ്ടുപേർ എയർഹോസ്റ്റസുമാണ്. 15 വിദേശപൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് നേപ്പാൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 53 പേർ നേപ്പാളി പൗരന്മാരാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അഞ്ച് ഇന്ത്യക്കാർക്ക് പുറമേ നാല് റഷ്യക്കാരും രണ്ട് കൊറിയൻ പൗരന്മാരും ഓരോ ഇറാൻ, അർജന്റീന, ഓസ്‌ട്രേലിയ, ഫ്രഞ്ച് പൗരന്മാരും യാത്രക്കാരായി ഉണ്ടായിരുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണെന്നും വിമാനക്കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം വീണതിന് പിന്നാലെ തീ കത്തിപ്പടരുകയായിരുന്നു. വിമാനം മുഴുവനായി കത്തിയമർന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് അപകടമുണ്ടാവുന്നത്. പൊഖ്റയിൽ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയിൽ സേതി നദിക്കരയിലാണ് വിമാനം തകർന്നുവീണത്.

ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ തകർന്നുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നു. വീണ വിമാനത്തിൽ നിന്ന് വലിയ പുകപടലം ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. പൈലറ്റുമാരായ കമൽ കെ.സി., അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തിൽപ്പെടുന്നതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി വക്താവ് ജഗന്നാഥ് നിരൗല അറിയിച്ചു. ജനവാസകേന്ദ്രങ്ങളിൽ നിന്ന് മാറി സേതി നദീതീരത്ത് വിമാനം തകർന്ന് വീണത് ആളപായം കുറച്ചുവെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.

തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തിനു പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിൽ സേതി റിവർ വാലിയിലാണ് വിമാനം തകർന്നു വീണത്. വിമാനം പഴയ വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമത്തിനിടെയാണോ തകർന്നതെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

വിമാനത്തിന് തീപിടിച്ചതിനാൽ തുടക്കത്തിൽ ആളുകൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. 2022 മെയിൽ പൊഖാറ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന താര എയർലൈൻസ് വിമാനം തകർന്ന് വീണ് 22 പേർ മരിച്ചിരുന്നു. 16 നേപ്പാൾ പൗരന്മാരും നാലു ഇന്ത്യക്കാരും രണ്ടു ജർമൻകാരുമാണ് അന്ന് മരിച്ചത്. 2018 മാർച്ചിൽ ബംഗ്ലാദേശിന്റെ യു.എസ്-ബംഗ്ലാ വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിനു സമീപം തകർന്നുവീണ് 51 പേർ മരിച്ചു.

തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ ദൂരെയാണ് റിസോർട്ട് നഗരമായ പൊഖാറ. അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP