Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സ്യത്തൊഴിലാളി സമുച്ഛയത്തിന് തറക്കല്ലിടും എന്ന് പറഞ്ഞ് കൈയടി കാത്ത് മന്ത്രി; ഒന്നും കിട്ടാതെ വന്നപ്പോൾ പകച്ച് മന്ത്രി; കല്ലിടുന്ന കാര്യം പറഞ്ഞപ്പോൾ കൈയടിക്കാത്തത് കേരളത്തിൽ ധാരാളം കല്ലുകൾ ഇതുപോലെ കിടപ്പുള്ളതു കൊണ്ടാണെന്ന് ബിഷപ്പിന്റെ വിശദീകരണവും; കെആർഎൽസിസി യോഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത്

മത്സ്യത്തൊഴിലാളി സമുച്ഛയത്തിന് തറക്കല്ലിടും എന്ന് പറഞ്ഞ് കൈയടി കാത്ത് മന്ത്രി; ഒന്നും കിട്ടാതെ വന്നപ്പോൾ പകച്ച് മന്ത്രി; കല്ലിടുന്ന കാര്യം പറഞ്ഞപ്പോൾ കൈയടിക്കാത്തത് കേരളത്തിൽ ധാരാളം കല്ലുകൾ ഇതുപോലെ കിടപ്പുള്ളതു കൊണ്ടാണെന്ന് ബിഷപ്പിന്റെ വിശദീകരണവും; കെആർഎൽസിസി യോഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാഷ്ട്രീയക്കാരുടെ 'കള്ള പ്രഖ്യാപനങ്ങൾ' ആളുകൾ തിരിച്ചറിയുകയാണ്. പ്രസംഗത്തിലെ പ്രഖ്യാപനങ്ങളുടെ ആയുസും വസ്തുതയും അവർക്ക് അറിയാം. വിഴിഞ്ഞത്തുൾപ്പെടെ പ്രഖ്യാപനങ്ങൾ പലപ്പോഴും ജലരേഖയായി. എങ്കിലും വികസനത്തിന് വേണ്ടി അവർ വിട്ടു വീഴ്ചകൾ ചെയ്യുന്നു. ഇതിനെ ദൗർബല്യമായി കാണേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയാണ് അവരിപ്പോൾ. കെആർഎൽസിസി ജനറൽ അസംബ്ലിയുടെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത് ഇതാണ്.

സജി ചെറിയാൻ മത്സ്യത്തൊഴിലാളികളുടെ കൈയടി പ്രതീക്ഷിച്ച് പ്രഖ്യാപനം നടത്തുന്നു. എന്നാൽ ആരും കൈയടിച്ചില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന് അടുത്ത മാസം തറക്കല്ലിടുമെന്നു മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു സമ്മേളനത്തിൽ. എന്നാൽ ഇതു കേട്ടിട്ടും സദസ്സിൽനിന്നു കയ്യടി ഉണ്ടായില്ല. കയ്യടിക്കാനുള്ള സമയം വേദിക്ക് മന്ത്രി നൽകി കാത്തിരിക്കുകയും ചെയ്തു. ആരും കയ്യടിക്കാതിരുന്നതിന്റെ കാരണം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിന്നീട് തന്നെ മന്ത്രിയോടു വിശദീകരിച്ചു. ''ഇതുപോലെയിട്ട ധാരാളം കല്ലുകൾ അവിടെത്തന്നെ കിടപ്പുണ്ട്. അതുകൊണ്ടാണു കയ്യടിക്കാൻ ആർക്കും തോന്നാതിരുന്നത്.''

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ യോഗത്തിൽ പറഞ്ഞു. കേരള ലത്തീൻ കത്തോലിക്കാസഭയുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കെആർഎൽസിസിയുടെ 40-ാമത് ജനറൽ അസംബ്ലി വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി കത്തി കയറിയത്. ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഈ സർക്കാരിന്റെ കാലത്ത് ഭവനങ്ങൾ നൽകുമെന്നും പറഞ്ഞു.

തിരുവനന്തപുരം മുട്ടത്തറയിൽ എട്ടേക്കറിൽ മത്സ്യത്തൊഴിലാളികൾക്കായി പണിയുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടൽ അടുത്ത മാസം 10ന് മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം അതിരൂപത നൽകിയ ഭൂമിയിലും ഭവനങ്ങൾ പണിയും. മത്സ്യബന്ധനയാനങ്ങൾക്ക് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ഉയർന്നതിനാൽ എൽപിജി ഉപയോഗിച്ചുള്ള ബോട്ടുകൾ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി എൽപിജി കിറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി വിതരണം ചെയ്യും. വിഴിഞ്ഞം പ്രശ്നം സമയബന്ധിതമായി പരിഹരിക്കുമെന്നും ലത്തീൻ കത്തോലിക്കരുമായി സർക്കാരിനുണ്ടായിരുന്ന ഊഷ്മളബന്ധം തുടർന്നും നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഫ്‌ളാറ്റ് പൂർത്തിയാക്കി ഉദ്ഘാടനം നടത്തുമ്പോൾ ലത്തീൻ ജനത മുഴുവൻ അവിടെയുണ്ടാകുമെന്നുകൂടി പറഞ്ഞാണു ബിഷപ് മന്ത്രിയെ യാത്രയാക്കിയത്. കെആർഎൽസിസി ജനറൽ അസംബ്ലിയിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്ന മന്ത്രിയെ പോകരുത് ഒരു നിമിഷം നിൽക്കണം. ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണ് ബിഷപ് തെക്കത്തെച്ചേരിൽ ലത്തീൻ കത്തോലിക്കരുടെ പരിഭവം പങ്കുവച്ചത്. കല്ലിടുന്ന കാര്യം പറഞ്ഞപ്പോൾ കൈയടിക്കാത്തത് കേരളത്തിൽ ധാരാളം കല്ലുകൾ ഇതുപോലെ കിടപ്പുള്ളതുകൊണ്ടാണെന്ന് ബിഷപ് പറഞ്ഞു.

മൂലമ്പള്ളിയിൽനിന്നും ഇറക്കിവിട്ടപ്പോൾ ഇട്ട കല്ലുകളവിടെയുണ്ട്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെ ലത്തീൻ ജനത മുഴുവൻ അവിടെയുണ്ടാകുമെന്നും അത് എപ്പോൾ സംഭവിക്കുമെന്നറിയത്തില്ലെന്നും ബിഷപ് പറഞ്ഞു. ലത്തീൻ കത്തോലിക്കർ കേരളത്തിലെ വിവിധ ജില്ലകളിലുള്ള കാര്യം കേരളത്തിലെ തഹസിൽദാർമാർക്കും ക്ലാസ് എടുക്കണമെന്നും ബിഷപ് മന്ത്രിയോട് നിർദ്ദേശിച്ചു.

അങ്ങനെ എല്ലാ അർത്ഥത്തിലും സജി ചെറിയാനെ പരിഹസിക്കുന്നതായി ഇടപെടലുകൾ. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയാണ് കെ.ആർ.എൽ.സി.സി. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാരും വികാരി ജനറൽമാരും വൈദികരുടെയും അൽമായരുടെയും പ്രതിനിധികളും സംഘടനാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നവലോക യുവജനശുശ്രൂഷ; നയങ്ങളും ആഭിമുഖ്യങ്ങളും എന്നതാണ് അസംബ്ലിയുടെ മുഖ്യചർച്ചാവിഷയം. ഇതോടൊപ്പം ആനുകാലിക വിഷയങ്ങളും സമകാലിക സാമൂഹിക രാഷ്ട്രീയസാഹചര്യങ്ങളും അസംബ്ലിയിൽ ചർച്ച ചെയ്തു.

വിവിധ സെഷനുകൾക്കും പാനൽ ചർച്ചകൾക്കും കാലടി സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. ബിജു വിൻസെന്റ്, കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിവൈഎം ലാറ്റിൻ ജനറൽ സെക്രട്ടറി ജിജോ ജോൺ, സംസ്ഥാന സിൻഡിക്കേറ്റ് അഗം ഫെബിന അലക്സ്, ജീസസ് യൂത്ത് കേരള ഫോർമേഷൻ ടീം അംഗം ഗോഡ്വിൻ ഇഗ്നേഷ്യസ് തുടങ്ങിയവർ നേതൃത്വം നല്കി. ഫ്രാൻസിസ് പാപ്പയുടെ ബഹ്റിൻ സന്ദർശനത്തിന്റെ ലോഗോ രൂപപ്പെടുത്തിയ പ്രവീൺകുമാറിനെ ആദരിച്ചു.

ഇന്നു രാവിലെ 7.30ന് വിമലഗിരി കത്തീഡ്രലിൽ 12 ലത്തീൻ രൂപതകളിലെയും മെത്രാന്മാർ കാർമികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും. യുവജനനയരേഖ, സാമൂഹ്യരാഷ്ട്രീയപ്രമേയം എന്നിവ അവതരിപ്പിച്ച് ചർച്ചകൾക്കുശേഷം അസംബ്ലി അംഗീകാരം നേടും. ലത്തീൻ കത്തോലിക്കരെ ഇനിയും പറഞ്ഞു പറ്റിക്കാമെന്നും വിഭജിച്ച് കാര്യം കാണാമെന്നും ആരും കരുതേണ്ടെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ജോബ് മൈക്കിൾ എംഎൽഎ, കെആർഎൽസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, സെക്രട്ടറി പുഷപ് ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.

കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ഫാ. പ്രസാദ് സിപ്രിയാൻ, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, ട്രഷറർ എബി കുന്നേപ്പറമ്പിൽ, വിജയപുരം രൂപതാ വികാരി ജനറൽ മോൺ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, യുവജനകമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിൻ, കെസിവൈഎം സംസ്ഥാന വൈസ്പ്രസിഡന്റ് ഡെലിൻ ഡേവിഡ് എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP