Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ വച്ചായിരുന്നു മദ്യത്തിൽ വിഷം കലർത്തിയത്... കീടനാശിനിയുടെ ബോട്ടിൽ ഇവിടെ നിന്നും കണ്ടെത്തി; തെളിവെടുപ്പിന് എത്തിച്ചപ്പോഴും സുധീഷിന് കൂസലില്ല; കയ്യിൽ പിടിച്ചപ്പോൾ സുധീഷ് പൊലീസിനോട് കയർത്ത് സംസാരിച്ചു; അന്വേഷണ ഘട്ടത്തിൽ പൊലീസിനെ പലകുറി വട്ടം കറക്കിയ പ്രതിയുടെ 'ജോർജ്ജുകുട്ടി' കളി തുടരുന്നു

ഇവിടെ വച്ചായിരുന്നു മദ്യത്തിൽ വിഷം കലർത്തിയത്... കീടനാശിനിയുടെ ബോട്ടിൽ ഇവിടെ നിന്നും കണ്ടെത്തി; തെളിവെടുപ്പിന് എത്തിച്ചപ്പോഴും സുധീഷിന് കൂസലില്ല; കയ്യിൽ പിടിച്ചപ്പോൾ സുധീഷ് പൊലീസിനോട് കയർത്ത് സംസാരിച്ചു; അന്വേഷണ ഘട്ടത്തിൽ പൊലീസിനെ പലകുറി വട്ടം കറക്കിയ പ്രതിയുടെ 'ജോർജ്ജുകുട്ടി' കളി തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലിയിൽ കീടനാശിനി കലർത്തിയ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അടിമാലി സ്വദേശി സുധീഷിനെ താമസ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണം വഴിതെറ്റിക്കാൻ പ്രതി പല തവണ ശ്രമിച്ചുവെന്ന് പൊലീസ്. ദൃശ്യം മോഡലിലാണ് പ്രതി തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചതെന്ന് ഇടുക്കി എസ്‌പി, വി യു കുര്യാക്കോസ് പറഞ്ഞു.

സുധീഷ് താമസിച്ചിരുന്ന വീടിന് സമീപമുള്ള ഷെഡിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ വച്ചായിരുന്നു മദ്യത്തിൽ വിഷം കലർത്തിയത് . കീടനാശിനിയുടെ ബോട്ടിൽ ഇവിടെ നിന്നും കണ്ടെത്തി. ഇവിടെ വച്ചാണ് താൻ മരണമടഞ്ഞ മാതൃ സഹോദരൻ കുഞ്ഞുമോൻ ഉൾപ്പെടെ ഉള്ളവർക്ക് മദ്യം നൽകിയതെന്നും സുധീഷ് പൊലീസിനോട് വെളിപ്പെടുത്തി.

തെളിവെടുപ്പിനായി കൊണ്ടുവരുന്ന അവസരത്തിൽ കയ്യിൽ പിടിച്ചപ്പോൾ സുധീഷ് പൊലീസിനോട് കയർത്ത് സംസാരിക്കുകയുണ്ടായി. തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു നിന്നു. തെളിവെടുപ്പിന് ശേഷം പ്രതി സുധീഷിനെ കോടതിയിൽ ഹാജരാക്കി.

സുധീഷ് പലതവണ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു, വട്ടം കറക്കി. ഇത് പൊലീസിന് ആദ്യഘട്ടത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും ഒടുവിൽ തെളിവ് നശിപ്പിക്കാനുള്ള നീക്കം തന്നെയാണ് പൊലീസിനെ സഹായിച്ചതെന്ന് എസ്‌പി പറയുന്നു. മദ്യക്കുപ്പി കത്തിച്ച് തെളിവ് നശിപ്പിക്കാനാണ് പ്രതി ശ്രമിച്ചത്.

പൊലീസ് പലതവണ ചോദ്യം ചെയ്തിട്ടും വഴിയിൽ നിന്ന് വീണു കിട്ടിയ മദ്യക്കുപ്പി എന്നായിരുന്നു സുധീഷിന്റെ മൊഴി. മനോജിനെ കൊല്ലാനുള്ള ശ്രമത്തിനിടയിൽ അപ്രതീക്ഷിതമായി അമ്മാവനായ കുഞ്ഞുമോനും അനിൽകുമാറും വന്ന് മദ്യം എടുത്ത് കഴിച്ചപ്പോൾ കുഞ്ഞുമോനെ മാത്രം രക്ഷപ്പെടുത്താൻ സുധീഷ് ശ്രമിച്ചിരുന്നു. ഇതും പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയെ പൂട്ടാനായത്.

മദ്യം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ടവർ സുധീഷിനെ സംശയമില്ലെന്ന് പറഞ്ഞത് സുധീഷിന് ആദ്യ ഘട്ടത്തിൽ സഹായകമായി. എന്നാൽ അമ്മാവനായ കുഞ്ഞുമോൻ (40) മരിച്ചതോടെ ഇയാളെ പൊലീസ് വീണ്ടും വരുത്തി ചോദ്യം ചെയ്തതോടെയാണ് കേസിൽ സത്യം പുറത്തുവന്നത്.

മദ്യം വഴിയിൽ നിന്ന് കിട്ടിയതാണെന്ന് സുധീഷ് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. പിന്നാലെ മദ്യകുപ്പി കത്തിച്ച് കളഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്.

ഏലത്തിൽ തളിക്കുന്ന കീടനാശിനിയാണ് സുധീഷ് മദ്യത്തിൽ കലർത്തിയത്. സിറിഞ്ച് ഉപയോഗിച്ചാണ് മദ്യകുപ്പിയിൽ കീടനാശിനി തളിച്ചതെന്ന് ഇയാൾ ആദ്യം പറഞ്ഞതെങ്കിലും സംഭവം ഇങ്ങനെയല്ലെന്ന് തെളിയുകയായിരുന്നു.

സുഹൃത്ത് മനോജുമായി ഒന്നിച്ച് സുധീഷ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ഇതിൽ ഉണ്ടായ സാമ്പത്തിക ഇടപാടിലെ തർക്കം കാരണം മനോജറിയാതെ സുധീഷ് ഇയാളെ കൊല്ലാൻ മദ്യത്തിൽ വിഷംകലർത്തുകയായിരുന്നു. മദ്യം കിട്ടിയതായി ചിത്രം സഹിതം മനോജിന് സുധീഷ് വാട്സാപ്പ് സന്ദേശമയച്ചു.

ഇതോടെ മനോജ് എത്തി മദ്യം കഴിച്ചെങ്കിലും സ്വാദ് വ്യത്യാസം കാരണം തുപ്പിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് കുഞ്ഞുമോനും അനുകുമാറും വീട്ടിലെത്തിയത്. വെള്ളംചേർക്കാതെ കുഞ്ഞുമോൻ മദ്യം കഴിച്ചു. ഉടനെ അസ്വസ്ഥതയുണ്ടായി. വൈകാതെ അനുകുമാറിനും അസ്വസ്ഥത തോന്നി. ഇതിനിടെ സുധീഷ് കുഞ്ഞുമോനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ മനോജും അനുകുമാറും ചികിത്സ തേടുകയായിരുന്നു.

വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവി എത്തിയതോടെ എല്ലാം പൊളിഞ്ഞു.

മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. ഇതും സംശയത്തിന് ഇടയായി.

സംഭവം നടന്ന ജനുവരി എട്ട് മുതൽ സുധീഷ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മനോജിനെ കൊലപ്പെടുത്താൻ തയ്യാറാക്കിയ പദ്ധതിയിൽ അമ്മാവനായ കുഞ്ഞുമോൻ യാദൃശ്ചികമായി ഉൾപ്പെടുകയായിരുന്നു.

ജനുവരി ഏഴിന് അടിമാലി ബിവറേജിൽനിന്ന് മദ്യം വാങ്ങി. രാത്രി മദ്യത്തിൽ ഏലത്തിന് അടിക്കുന്ന വിഷം കലർത്തി. ഞായറാഴ്ച രാവിലെ ഇയാൾ മനോജിനെ ഫോണിൽ വിളിച്ച്, വഴിയിൽക്കിടന്ന് ഒരു കുപ്പി മദ്യം കിട്ടിയതായി അറിയിച്ചു. എന്നാൽ അമ്മാവനും മറ്റൊരു സുഹൃത്തും അവിചാരിതമായി ഇയാൾക്കൊപ്പമെത്തുകയായിരുന്നു. കുഞ്ഞുമോൻ വെള്ളം ചേർക്കാതെയാണ് മദ്യം കഴിച്ചത്. സുധീഷ് കഴിക്കാതെ തന്ത്രപൂർവം ഒഴിവായി.

അമ്മാവൻ കഴിച്ചത് വിഷമദ്യമാണെന്ന് അറിയാവുന്ന സുധീഷ്, അമ്മാവന് മാത്രം അപ്പോൾത്തന്നെ ഉപ്പുവെള്ളം കലക്കികൊടുത്തു. കുപ്പിയുടെ അടപ്പിൽ കണ്ട ദ്വാരത്തെക്കുറിച്ച് സുധീഷ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കുപ്പിയിലെ ദ്വാരത്തിന്റെ വലുപ്പം തുടക്കത്തിൽത്തന്നെ പൊലീസിന് സംശയം വർധിപ്പിച്ചു.

സാമ്പിൾമദ്യം ചെറിയ കുപ്പിയിലാക്കി പൊലീസിനെ ഏൽപ്പിച്ചതും മദ്യക്കുപ്പി കത്തിക്കാൻ ശ്രമിച്ചതും സ്ഥിരം മദ്യപാനിയായിട്ടും അന്ന് മദ്യം കഴിക്കാതിരുന്നതും സുധീഷാണ് പ്രതിയെന്ന് ഉറപ്പിക്കാൻ ഇടയാക്കി. ഫോൺ സംഭാഷണങ്ങളും മറ്റും പരിശോധിച്ചതിൽനിന്നു സുധീഷാണ് കൃത്യം നടത്തിയതെന്നും മനസ്സിലായി.

മനോജും സുധീഷും ചേർന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നു. ഇതിനിടെ മനോജ് തന്നെ വഞ്ചിച്ചതായി സുധീഷ് കണ്ടെത്തി. ഈ വിവരം മനോജിനോട് പറഞ്ഞതുമില്ല. ഇയാളെ വക വരുത്താനായി പദ്ധതി തയ്യാറാക്കി. ഇതിനായി നടത്തിയ നാടകത്തിലാണ് അമ്മാവൻ അകപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP