Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശതകോടീശ്വര മന്ത്രിയുടെ 'പട്ടിണി പ്രയോഗം' ഫലിച്ചു; തിരുവനന്തപുരത്ത് ഇനി ക്രിക്കറ്റ് വരില്ല! അന്താരാഷ്ട്ര മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടു പോകാൻ തന്ത്രമൊരുക്കി ബിനീഷ് കോടിയേരിയും ജയേഷ് ജോർജ്ജും; കായിക മന്ത്രിയുടെ ആ അസാധാരണ ഇടപെടൽ 'കാര്യവട്ടത്തെ' പ്രതിസന്ധിയിലാക്കി; കോലിയും രോഹിത്തും എത്തിയിട്ടും ടിക്കറ്റ് വിൽപ്പന ഇഴയുമ്പോൾ; സഞ്ജു ഉണ്ടായിരുന്നുവെങ്കിൽ!

ശതകോടീശ്വര മന്ത്രിയുടെ 'പട്ടിണി പ്രയോഗം' ഫലിച്ചു; തിരുവനന്തപുരത്ത് ഇനി ക്രിക്കറ്റ് വരില്ല! അന്താരാഷ്ട്ര മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടു പോകാൻ തന്ത്രമൊരുക്കി ബിനീഷ് കോടിയേരിയും ജയേഷ് ജോർജ്ജും; കായിക മന്ത്രിയുടെ ആ അസാധാരണ ഇടപെടൽ 'കാര്യവട്ടത്തെ' പ്രതിസന്ധിയിലാക്കി; കോലിയും രോഹിത്തും എത്തിയിട്ടും ടിക്കറ്റ് വിൽപ്പന ഇഴയുമ്പോൾ; സഞ്ജു ഉണ്ടായിരുന്നുവെങ്കിൽ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ ഏകദിന ടീമിൽ അടുത്ത കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് സഞ്ജു സാംസണായിരുന്നു. എന്നിട്ടും ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. ട്വന്റി ട്വന്റി ലോകകപ്പിൽ സഞ്ജുവിനെ മറന്നവർ ശ്രീലങ്കയ്‌ക്കെതിരായ കുട്ടി ക്രിക്കറ്റ് ഫോർമാറ്റിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ പരിക്കേറ്റതോടെ തിരുവനന്തപുരത്തെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ കളികാണാൻ പോലും സഞ്ജു എത്തുന്നില്ല. ഈ നിരാശ ക്രിക്കറ്റ് പ്രമികൾക്കുണ്ട്. കളി ഞായറാഴ്ചയായിട്ടു പോലും ടിക്കറ്റെടുക്കാൻ ആളില്ലാ അവസ്ഥ. പട്ടിണിക്കാർ കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പരാമർശവും ഇതിന് കാരണമായി. കഷ്ടപ്പെട്ട് പണിയെടുത്ത് കളി കാണാൻ എത്തുന്നവരെ പരിഹസിച്ച മന്ത്രിയ്‌ക്കെതിരെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു പോലുമില്ല. ഇതിന് കാരണവും തിരുവനന്തപുരത്തെ ക്രിക്കറ്റ് പെരുമയെ തകർക്കാനുള്ള കൊച്ചി ലോബിയുടെ മനസ്സായിരുന്നു. ഇത് ഫലം കാണുകയാണ്.

ടിക്കറ്റെടുക്കാൻ ആളില്ലാ അവസ്ഥയും ഉയർന്ന നികുതിയുമെല്ലാം ബിസിസിഐ ശ്രദ്ധിക്കും. ഇതിനൊപ്പമാണ് 'പട്ടിണി' വിവാദം. ഈ സാഹചര്യത്തിൽ അത്തരം വേദികൾക്ക് പിന്നീട് കളി അനുവദിക്കുമ്പോൾ ബിസിസിഐ രണ്ടു തവണ ചിന്തിക്കും. ലോകകപ്പ് ക്രിക്കറ്റിൽ വേദിയാകാനുള്ള തിരുവനന്തപുരത്തിന്റെ മോഹത്തിന് തിരിച്ചടിയാണ് അതുകൊണ്ട് തന്നെ കാര്യവട്ടത്തെ ശ്രീലങ്കയുടെ വരവ്. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ കാണികൾക്ക് താൽപ്പര്യം കൂടേണ്ടതാണ്. പക്ഷേ അത് ഞായറാഴ്ച കളി വന്നിട്ടു ദൃശ്യമല്ല. സാധാരണ കാര്യവട്ടത്ത് കളി വന്നാൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ഇത്തവണ അതിനാണ് മാറ്റം വരുന്നത്. ഇതോടെ തിരുവനന്തപുരത്തിന് പകരം കൊച്ചിയിൽ ഗ്രൗണ്ടെന്ന ആഗ്രഹം വീണ്ടും കെസിഎയ്ക്ക് മുമ്പോട്ട് വയ്ക്കാനാകും. ഇതിന് വേണ്ടിയായിരുന്നു കായിക മന്ത്രി അബ്ദുറഹ്‌മാനെ ഇറക്കിയുള്ള 'പട്ടിണി പ്രയോഗം' എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

തിരുവനന്തപുരത്ത് കളിക്കാൻ സഞ്ജുവില്ലാത്തതും കായിക പ്രേമികളുടെ നിരാശയ്ക്ക് കാരണമാണ്. പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി.അബ്ദുറഹ്‌മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇന്ത്യശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തിൽ നിന്ന് 12% ആയി സർക്കാർ ഉയർത്തിയതു സംബന്ധിച്ചാണ് മന്ത്രിയുടെ വിവാദ പരാമർശം എത്തിയിരുന്നു. നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കളി കാണുന്നവരെ അപമാനിച്ച് മന്ത്രി എത്തിയത്. കോപ്ലിമെന്ററീ പാസിൽ കളികാണുന്നവർ പണം കൊടുത്തു ടിക്കറ്റെടുത്തുവരെ കളിയാക്കി എന്നതാണ് പരിഹാസം. മന്ത്രിയെ ന്യായീകരിക്കാൻ സിപിഎമ്മിന് പോലും പൂർണ്ണമായും കഴിഞ്ഞിട്ടില്ല. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വിമർശനവും ഉയർത്തിയില്ല.

പിന്നീട് പണമില്ലാത്തവർ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ട എന്ന വിവാദ പ്രസ്താവനയിൽ വിശദീകരിച്ച് കായികമന്ത്രി വി അബ്ദുറഹ്‌മാൻ രംഗത്തു വന്നിരുന്നു. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നും മന്ത്രി പ്രതികരിച്ചു. കെസിഎ ഇതിൽ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. അസോസിയേഷൻ ഉയർന്ന ടിക്കറ്റ് നിരക്കാണ്. ഈ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല. അതോടൊപ്പം തന്നെ കോടിക്കണക്കിന് രൂപ ഇവർക്ക് ഇതിൽ നിന്ന് ലാഭം ലഭിക്കുന്നുണ്ട്. കേരളത്തിലെ കായിക വികസനത്തിന് ഒരു പണം പോലും അവർ ചെലവഴിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും കെസിഎ പ്രതികരണത്തിനൊന്നും വന്നില്ല.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ക്രിക്കറ്റിലെ എറണാകുളം ലോബിയാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വേദിയെ തകർക്കാനാണ് ഗൂഢാലോചനയെന്നാണ് വിലയിരുത്തൽ. അതിനിടെ, പുതിയ വിവാദങ്ങൾ സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) കേരള ക്രിക്കറ്റ് അസോസിയേഷനോട് (കെസിഎ) വിവരങ്ങൾ ആരാഞ്ഞിരുന്നു. രാജ്യാന്തര മത്സരങ്ങൾ അനുവദിക്കുമ്പോഴെല്ലാം കേരളത്തിൽ പലവിധ പ്രശ്നങ്ങളും ഉടലെടുക്കുന്നതിൽ അതൃപ്തരാണു ബിസിസിഐ. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരമെങ്കിലും തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കെസിഎ നടത്തുന്നത്. എന്നാൽ കെ സി എയിലെ കൊച്ചി ലോബി ഇതിന് എതിരാണ്.

നിലവിൽ തിരുവനന്തപുരത്തുകാരനായ വിനോദാണ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി. ഈ പദവിയിലേക്ക് ബിനീഷ് കോടിയേരിയും കണ്ണുവയ്ക്കുന്നുണ്ട്. അടുത്ത വർഷം സെക്രട്ടറിയാകാനാണ് പദ്ധതി. ഇതിന് വേണ്ടി എറണാകുളം ലോബിക്കൊപ്പം ചേർന്ന് പല കളികളും നടത്തുന്നുണ്ട്. വിനോദ് സെക്രട്ടറിയായിരിക്കുമ്പോൾ തിരുവനന്തപുരത്ത് ലോകകപ്പ് മത്സരം എത്തുന്നതിനെ അട്ടിമറിക്കാനാണ് നികുതി കൂട്ടികളി എന്നും ആക്ഷേപമുണ്ട്. ഇതിന് വേണ്ടി വലിയ ഗൂഢാലോചന ചില കേന്ദ്രങ്ങളിൽ ഉണ്ടായെന്നാണ് സൂചന. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം ലഭിക്കാതെ വരുമോയെന്ന് ആശങ്കയുണ്ട്. ഇതു തന്നെയാണ് 'പട്ടിണി' പ്രസ്താവനയിലൂടെ സംഭവിക്കുന്നതും. പിണറായി മന്ത്രിസഭയിലെ കോടീശ്വരനാണ് കായിക മന്ത്രി അബ്ദുറഹ്‌മാൻ.

ഐപിഎൽ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താനുള്ള ആലോചനയുമുണ്ട്. ഇതിലും തിരുവനന്തപുരം ഒരു വേദിയാകാനുള്ള സാധ്യതയുണ്ട്. വനിതാ ഐപിഎലിൽ കേരളത്തിന് സ്വന്തമായി ഒരു ടീമിനെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ വിവാദങ്ങളും പ്രശ്നങ്ങളും ഇവയ്ക്കെല്ലാം തിരിച്ചടിയാണ്. ഇതിനെല്ലാം പിന്നിൽ തിരുവനന്തപുരം ലോബിയെ തകർക്കാനുള്ള ശ്രമങ്ങളാണ്. നേരത്തെ കൊച്ചിയിൽ കെ സി എ സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. ചതുപ്പു നിലത്തിൽ കുടുങ്ങി അത് പൊളിഞ്ഞു. ഇതിന് ശേഷം ദേശീയ ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ സ്റ്റേഡിയം കെസിഎ പാട്ടത്തിനെത്തി. ഐഎസ് എൽ എന്ന ഫുട്ബോൾ ലീഗിന് കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം വഴി മാറിയപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ തിരുവനന്തപുരത്ത് മാത്രമാകുന്ന അവസ്ഥയായി.

തിരുവനന്തപുരത്ത് നിരന്തര പ്രശ്നങ്ങളുണ്ടാവുകയും മത്സരം കിട്ടാതെ വരികയും ചെയ്താൽ കൊച്ചിയിൽ പുതിയ സ്റ്റേഡിയം എന്ന ആവശ്യം ചർച്ചയാക്കും. ഇതിലൂടെ കോടികളുടെ അഴിമതിയും കാട്ടാനാകും. ഇതിന് വേണ്ടിയാണ് 'പട്ടിണി' ചർച്ച സജീവമാക്കിയതെന്നാണ് സൂചന. ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതി കുറയ്ക്കില്ലെന്നു വ്യക്തമാക്കിയ കായികമന്ത്രി വി.അബ്ദു റഹിമാൻ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തയാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. അതായത് ഈ നിരക്കിൽ ടിക്കറ്റെടുക്കരുതെന്ന് ആഹ്വാനം ചെയ്യുക കൂടിയായിരുന്നു മന്ത്രി. ഇത് ഫലം കാണുകയും ചെയ്തു. അതുകൊണ്ടാണ് ടിക്കറ്റ് വിൽപ്പന മന്ദഗതിയിലായത്.

കഴിഞ്ഞ സെപ്റ്റംബറിൽ തിരുവനന്തപുരം വേദിയായ ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതിയായി കോർപറേഷനു ലഭിച്ചത് 21.75 ലക്ഷം രൂപയാണ്. ഇത്തവണ സർക്കാർ വിനോദ നികുതി കൂട്ടിയപ്പോൾ കെസിഎ ടിക്കറ്റ് നിരക്ക് 1000, 2000 ആയി കുറച്ചു. കഴിഞ്ഞ തവണ ഇത് 1500, 2750 എന്നിങ്ങനെയായിരുന്നു. ടിക്കറ്റ് വിൽപനയിലൂടെയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും ഉള്ള വരുമാനമാണ് കെസിഎക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് ഒരു പങ്കും ബിസിസിഐക്കുള്ളതല്ല. മത്സരങ്ങളുടെ ടിവി സംപ്രേഷണ വരുമാനമാണ് ബിസിസിഐക്കുള്ളത്. എങ്കിലും ടിക്കറ്റിലെ വിവാദം ബിസിസിഐ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP