Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ ഒഴുക്കൻ മറുപടി; മദ്യം കഴിച്ച് ആദ്യം അവശതയിലായ അമ്മാവനെ രക്ഷിക്കാൻ കാട്ടിയ വെപ്രാളവും ഉപ്പുവെള്ളം നൽകലും പാളി; ഇത് സുധീഷിനെ കുടുക്കിയ കഥ; അടിമാലിയെ ഞെട്ടിച്ച് മദ്യ ചതി!

അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ ഒഴുക്കൻ മറുപടി; മദ്യം കഴിച്ച് ആദ്യം അവശതയിലായ അമ്മാവനെ രക്ഷിക്കാൻ കാട്ടിയ വെപ്രാളവും ഉപ്പുവെള്ളം നൽകലും പാളി; ഇത് സുധീഷിനെ കുടുക്കിയ കഥ; അടിമാലിയെ ഞെട്ടിച്ച് മദ്യ ചതി!

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയതെങ്കിലും മരിച്ചത് മാതൃസഹോദരൻ കുഞ്ഞുമോൻ. വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു. അതിന് കാരണം നിർണ്ണായകമായ ചോദ്യമായിരുന്നു. സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്.

ഇതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവി എത്തിയതോടെ എല്ലാം പൊളിഞ്ഞു.

മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. ഇതും സംശയത്തിന് ഇടയായി. സംഭവം നടന്ന ജനുവരി എട്ട് മുതൽ സുധീഷ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മനോജിനെ കൊലപ്പെടുത്താൻ തയ്യാറാക്കിയ പദ്ധതിയിൽ അമ്മാവനായ കുഞ്ഞുമോൻ യാദൃശ്ചികമായി ഉൾപ്പെടുകയായിരുന്നു. മനോജുമായി സുധീഷിന് മുൻ വൈരമുണ്ട്. ഇവർ തമ്മിൽ പലപ്പോഴും കൂട്ടായി കഞ്ചാവ് കച്ചവടം ചെയ്തിട്ടുണ്ട്. ഇതിന്റെ വീതത്തെച്ചൊല്ലി വാക്കേറ്റം ഉണ്ടായി. ഈ വൈരത്തിലാണ് കൊല്ലാൻ തീരുമാനിച്ചത്.

ജനുവരി ഏഴിന് അടിമാലി ബിവറേജിൽനിന്ന് മദ്യം വാങ്ങി. രാത്രി മദ്യത്തിൽ ഏലത്തിന് അടിക്കുന്ന വിഷം കലർത്തി. ഞായറാഴ്ച രാവിലെ ഇയാൾ മനോജിനെ ഫോണിൽ വിളിച്ച്, വഴിയിൽക്കിടന്ന് ഒരു കുപ്പി മദ്യം കിട്ടിയതായി അറിയിച്ചു. എന്നാൽ അമ്മാവനും മറ്റൊരു സുഹൃത്തും അവിചാരിതമായി ഇയാൾക്കൊപ്പമെത്തുകയായിരുന്നു. കുഞ്ഞുമോൻ വെള്ളം ചേർക്കാതെയാണ് മദ്യം കഴിച്ചത്. സുധീഷ് കഴിക്കാതെ തന്ത്രപൂർവം ഒഴിവായി. അമ്മാവൻ കഴിച്ചത് വിഷമദ്യമാണെന്ന് അറിയാവുന്ന സുധീഷ്, അമ്മാവന് മാത്രം അപ്പോൾത്തന്നെ ഉപ്പുവെള്ളം കലക്കികൊടുത്തു. കുപ്പിയുടെ അടപ്പിൽ കണ്ട ദ്വാരത്തെക്കുറിച്ച് സുധീഷ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കുപ്പിയിലെ ദ്വാരത്തിന്റെ വലുപ്പം തുടക്കത്തിൽത്തന്നെ പൊലീസിന് സംശയം വർധിപ്പിച്ചു.

സാമ്പിൾമദ്യം ചെറിയ കുപ്പിയിലാക്കി പൊലീസിനെ ഏൽപ്പിച്ചതും മദ്യക്കുപ്പി കത്തിക്കാൻ ശ്രമിച്ചതും സ്ഥിരം മദ്യപാനിയായിട്ടും അന്ന് മദ്യം കഴിക്കാതിരുന്നതും സുധീഷാണ് പ്രതിയെന്ന് ഉറപ്പിക്കാൻ ഇടയാക്കി. ഫോൺ സംഭാഷണങ്ങളും മറ്റും പരിശോധിച്ചതിൽനിന്നു സുധീഷാണ് കൃത്യം നടത്തിയതെന്നും മനസ്സിലായി. മനോജും സുധീഷും ചേർന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നു. ഇതിനിടെ മനോജ് തന്നെ വഞ്ചിച്ചതായി സുധീഷ് കണ്ടെത്തി. ഈ വിവരം മനോജിനോട് പറഞ്ഞതുമില്ല. ഇയാളെ വക വരുത്താനായി പദ്ധതി തയ്യാറാക്കി. ഇതിനായി നടത്തിയ നാടകത്തിലാണ് അമ്മാവൻ അകപ്പെട്ടത്.സംഭവം ഇങ്ങനെ: തനിക്ക് വഴിയിൽ കിടന്ന് മദ്യം കിട്ടിയെന്നും മദ്യപിക്കാൻ വരാനും ആവശ്യപ്പെട്ട് വാട്ട്സാപ്പിൽ മനോജിന് ചിത്രം സഹിതം സുധീഷ് സന്ദേശമയച്ചു.

ഈ സമയം അപ്സരകുന്നിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ മനോജുണ്ടായിരുന്നു. ഉടനെ സുധീഷിന്റെ വീട്ടിലെത്തി. മനോജിന് ഗ്ലാസിലാക്കി സുധീഷ് മദ്യം നൽകി. എന്നാൽ കഴിച്ച ഉടനെ രുചി വ്യത്യാസം തോന്നിയ മനോജ് തുപ്പിക്കളഞ്ഞു, പിന്നീട് മദ്യം കഴിച്ചതുമില്ല. ഈ സമയത്താണ് കുഞ്ഞുമോനും അനുകുമാറും വീട്ടിലെത്തുന്നത്. മദ്യം ഇരിക്കുന്നത് കണ്ട കുഞ്ഞുമോൻ വെള്ളം ചേർക്കാതെ കഴിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് അനിൽ മദ്യം വെള്ളം ചേർത്തെങ്കിലും അരുചി തോന്നിയതിനാൽ അധികം കഴിച്ചില്ല. കുഞ്ഞുമോൻ മദ്യം കഴിച്ചതോടെ അബദ്ധം മനസ്സിലാക്കിയ സുധീഷ് ഇയാളെ ഉപ്പ് വെള്ളം കലക്കി കുടിപ്പിക്കാൻ ശ്രമിക്കുകയും, ആശുപത്രിയിലെത്തിക്കാൻ തിടുക്കം കാട്ടി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.

മനുവിനായി ഒരുക്കിയ കെണിയിൽ ഇരുവരും പെടുകയായിരുന്നു. പിന്നാലെ , കുഞ്ഞുമോൻ ഛർദ്ദിച്ച് അവശ നിലയിലായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർത്ത് സുധീഷ് മദ്യക്കുപ്പി കത്തിച്ചു. അധികം വൈകാതെ മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജിലെത്തി പൊലീസ് മദ്യം കഴിച്ചവരുടെ മൊഴി എടുത്തെങ്കിലും സുധീഷിനെ സംശയമില്ലെന്നാണ് ഇവർ മൊഴി നൽകിയത്. തുടർന്ന് സുധീഷിനെ വിട്ടയച്ചു. എന്നാൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു . കുഞ്ഞുമോൻ മരിച്ചതോടെ പൊലീസ് വീണ്ടും സുധീഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP