Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഞ്ചാവ് വിൽപ്പനയിലെ സാമ്പത്തിക തർക്കത്തിലുണ്ടായ പക; വീട്ടിൽ കരുതിയ മദ്യത്തിൽ കലർത്തിയത് ഏലത്തിന് അടിക്കുന്ന കീടനാശിനി; മദ്യക്കുപ്പിയുടെ അടപ്പ് തുറന്ന് വിഷം കലർത്തി; സൂചി കൊണ്ട് തുളയിട്ടത് തെറ്റിദ്ധരിപ്പിക്കാൻ; അമ്മാവൻ മരിച്ചിട്ടും ആദ്യ മൊഴിയിൽ ഉറച്ചുനിന്നു; അടിമാലി വിഷമദ്യ കേസിൽ പ്രതിയെ കുരുക്കിയത് ഇടുക്കി എസ് പി യുടെ ചോദ്യം ചെയ്യൽ

കഞ്ചാവ് വിൽപ്പനയിലെ സാമ്പത്തിക തർക്കത്തിലുണ്ടായ പക; വീട്ടിൽ കരുതിയ മദ്യത്തിൽ കലർത്തിയത് ഏലത്തിന് അടിക്കുന്ന കീടനാശിനി; മദ്യക്കുപ്പിയുടെ അടപ്പ് തുറന്ന് വിഷം കലർത്തി; സൂചി കൊണ്ട് തുളയിട്ടത് തെറ്റിദ്ധരിപ്പിക്കാൻ; അമ്മാവൻ മരിച്ചിട്ടും ആദ്യ മൊഴിയിൽ ഉറച്ചുനിന്നു; അടിമാലി വിഷമദ്യ കേസിൽ പ്രതിയെ കുരുക്കിയത് ഇടുക്കി എസ് പി യുടെ ചോദ്യം ചെയ്യൽ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയതെന്നു പറഞ്ഞ് നൽകിയ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വഴിയിൽ കിടന്നുകിട്ടിയ മദ്യം കഴിച്ച മൂന്നു പേർ ഗുരുതരാവസ്ഥയിൽ എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ അന്വേഷണ സംഘത്തിന് മദ്യത്തിന്റെ ബോട്ടിലിൽ സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്.

ഒടുവിൽ ഇടുക്കി പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റവാളി തന്നെ എല്ലാം സമ്മതിക്കുകയായിരുന്നു. മദ്യം വഴിയിൽ കിടന്ന് കിട്ടിയതായിരുന്നില്ല. കൊലപാതകം നടത്താനായി സുധീഷ് കരുതിക്കൂട്ടി വിഷം കലർത്തിയതാണെന്ന്. മദ്യം കഴിച്ച് മരിച്ച കുഞ്ഞുമോന്റെ സഹോദരി പുത്രനാണ് കേസിൽ അറസ്റ്റിലായ അടിമാലി കീരിത്തോട് സ്വദേശി സുധീഷ്.

മദ്യം കഴിച്ചവരിൽ കീരിത്തോട് സ്വദേശി മനോജിനെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും മരണമടഞ്ഞ കുഞ്ഞുമോനും അയൽവാസി അനുവും മനോജിൽ നിന്നും മദ്യം വാങ്ങി കഴിക്കുകയായിരുന്നെന്നും സുധീഷ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് സാമ്പത്തിക തർക്കങ്ങൾ ഇരുവരും തമ്മിൽ ഉണ്ടായിരുന്നെന്നും ഇതുമൂലം ഉണ്ടായ
വൈരാഗ്യമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് സുധീഷിന്റെ വെളിപ്പെടുത്തൽ. ഇടുക്കി പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സുധീഷ് കുറ്റം സമ്മതിച്ചത്.

വീട്ടിൽ കരുതിയിരുന്ന മദ്യത്തിൽ അടിമാലിയിൽ നിന്നും വാങ്ങിയ ഏലത്തിന് അടിക്കുന്ന കീടനാശിനിയാണ് സുധീഷ് കലക്കിയത്. കുപ്പിയുടെ അടപ്പ് തുറന്നാണ് കീടനാശിനി മദ്യക്കുപ്പിയിൽ ഒഴിച്ചത്. ഇതിനു ശേഷം സിറിഞ്ചു വഴി വിഷം ഉള്ളിൽ കലർത്തി എന്ന് തെറ്റിദ്ധാരണ പരത്താൻ പാതി ഉരുകിയ പ്ലാസ്റ്റിക് കുപ്പിയിൽ സൂചി കൊണ്ട് തുളയിട്ട ശേഷം മെഴുകുകൊണ്ട് അടയ്ക്കുകയായിരുന്നെന്നുമാണ് ഇയാളുടെ വിവരണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

മനോജിനെ മാത്രമാണ് സുധീഷ് വീട്ടിലേക്ക് ക്ഷണിച്ചത്. മറ്റു രണ്ടുപേരും തൽസമയം വീട്ടിൽ എത്തിയവരാണ്. ഇതോടെ സുധീഷിന്റെ പദ്ധതികൾ പാളി. മരണമടഞ്ഞ കുഞ്ഞുമോന്റെ സഹോദരി പുത്രനാണ് സുധീഷ്. കുഞ്ഞുമോൻ മദ്യം കഴിച്ച ഉടനെ സുധീഷ് കുഞ്ഞുമോന് ഉപ്പ് കലക്കിയ വെള്ളം ഉൾപ്പെടെ നൽകിയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിക്കാനും സുധീഷ് നേതൃത്വം നൽകി. ചികത്സയ്ക്ക് സഹായകമാവട്ടെ എന്നു കരുതി കഴിച്ച മദ്യവും സുധീഷ് ആശുപത്രി ജീവനക്കാർക്ക് കൈമാറിയിരുന്നു.

ജനുവരി എട്ടാം തിയതി രാവിലെയാണ് അടിമാലി അഫ്‌സരകുന്നിൽ നിന്നും വീണ് കിട്ടിയെന്ന് പറഞ്ഞ് സുധീഷ് ഇവർക്ക് വിഷം കലർത്തിയ മദ്യം നൽകിയത്. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് ഇത് കുടിക്കുകയും പിന്നീട് അവശനിലയിലാകുകയും ചെയ്യുകയായിരുന്നു. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെയാണ് കുഞ്ഞുമോൻ മരിച്ചത്. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

മനോജിനെ കൊലപ്പെടുത്താൻ ഒരുക്കിയ കെണിയിൽ അമ്മാവൻ അകപ്പെട്ടിട്ടും ആദ്യം നൽകിയ മൊഴിയിൽ തന്നെ സുധീഷ് ഉറച്ചു നിൽക്കുകയായിരുന്നു. സംഭവത്തിന് ശേഷം പൊലീസ് തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പങ്കിനെക്കുറിച്ച് ഒരു സൂചന പോലും സുധീഷ് നൽകിയിരുന്നില്ല. വ്യാഴാഴ്ച പുലർച്ചെ അമ്മാവൻ കുഞ്ഞുമോൻ മരണപ്പെട്ടിട്ടും മദ്യം വഴിയിൽക്കിടന്ന് കിട്ടിയ തെന്ന നിലപാടിൽ സുധീഷ് ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇടുക്കി എസ് പി യുടെ ഭാഗത്തു നിന്നും ഉണ്ടായ നിർണ്ണായക ഇടപെടലിലാണ് സുധീഷ് അടിപതറിയത്. തുടർന്ന് കൊലയുടെ ആസൂത്രണത്തെക്കുറിച്ചും കാര്യ-കാരണങ്ങളെക്കുറിച്ചുമെല്ലാം പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP