Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിൽ നിന്നും അപ്രത്യക്ഷനായ ശിഹാബ് എവിടെ? വളാഞ്ചേരിയിലോ ബന്ധുവീട്ടിലോ അതോ പാക്കിസ്ഥാനിലോ? യൂട്യൂബ് വരുമാനത്തിൽ തർക്കമുണ്ടെന്നും സൂചന; കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറിനെ കുറിച്ച് ആർക്കും ഇപ്പോൾ ഒന്നുമറിയില്ല

പഞ്ചാബിൽ നിന്നും അപ്രത്യക്ഷനായ ശിഹാബ് എവിടെ? വളാഞ്ചേരിയിലോ ബന്ധുവീട്ടിലോ അതോ പാക്കിസ്ഥാനിലോ? യൂട്യൂബ് വരുമാനത്തിൽ തർക്കമുണ്ടെന്നും സൂചന; കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറിനെ കുറിച്ച് ആർക്കും ഇപ്പോൾ ഒന്നുമറിയില്ല

ബുർഹാൻ തളങ്കര

കോട്ടയ്ക്കൽ: കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറ് പാക്കിസ്ഥാൻ യാത്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ മൂന്നുമാസമായി പഞ്ചാബിലെ വാഗ അതിർത്തിയിലെ വാഫിയ സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകളിൽ കഴിഞ്ഞു വരികയായിരുന്നു. എന്നാൽ 10 ദിവസങ്ങൾക്ക് മുമ്പ് വാഫിയ സ്‌കൂള് വിട്ട ശിഹാബ് പിന്നീട് എവിടെപ്പോയി എന്നുള്ളതിന്റെ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ശിഹാബിനെ ബന്ധപ്പെടാൻ സാധിക്കുമായിരുന്ന ഫോൺ ശിഹാബിന്റ സഹോദരൻ മനാഫ് ആണ് നിലവിൽ ഉപയോഗിച്ചു വരുന്നത്.

ശിഹാബുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും നിലവിൽ പങ്കുവെക്കാൻ സാധിക്കില്ല എന്നാണ് സഹോദരൻ പറയുന്നത്. ഇതോടെ ശിഹാബിനെ നാളിതു വരെ പിന്തുടർന്നവർ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇത്ര വലിയ രഹസ്യമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് പെരുമ്പറകെട്ടി ഹജ്ജിനു പോയത് എന്നാണ് ഇവർ ചോദിക്കുന്നത്.

ശിഹാബ് പാക്കിസ്ഥാനിലെത്തിയോ! 

ശിഹാബ് പാക്കിസ്ഥാനിൽ എത്തി 600 കിലോമീറ്റർ നടന്നുകഴിഞ്ഞുവെന്ന് പാക്കിസ്ഥാനിലെ ഒരു വ്‌ലോഗർ യൂട്യൂബ് വഴി വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ ഒന്നും പുറത്തുവന്നിട്ടില്ല.

യാത്ര അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദം നേരത്തെ ഉണ്ടായിരുന്നതിനാൽ മാധ്യമങ്ങളോ യൂട്യൂബാർ മരോ അറിയാതെ രഹസ്യമായി പാക്കിസ്ഥാനിലൂടെ നടന്നു പോകാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല . അങ്ങനെ നടന്നു പോയിരുന്നെങ്കിൽ തീർച്ചയായും ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളെങ്കിലും പുറത്തു വരുമായിരുന്നു എന്നാണ് ല ശിഹാബിന്റെ വിമർശകർ പറയുന്നത്. മാത്രമല്ല ശിഹാബ് പാക്കിസ്ഥാൻ വിസ അനുമതികൾ നേടിയെടുത്തിരുന്നെങ്കിൽ ആ വാർത്തയെങ്കിലും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും ആയിരുന്നു എന്നുള്ളതാണ് ശിഹാബ് പാക്കിസ്ഥാനിൽ എത്തിയിട്ടില്ലെന്ന് തെളിയിക്കാൻ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ.

ശിഹാബ് നാട്ടിലേക്ക് തിരിച്ചെത്തിയോ ?

ശിഹാബ് പഞ്ചാബിൽ നിന്നും അപ്രത്യക്ഷമായതോടെ പ്രചരിക്കുന്ന മറ്റൊരു കഥ ഇങ്ങനെയാണ്. ശിഹാബ് രഹസ്യമായി നാട്ടിൽ തിരിച്ചെത്തി വളാഞ്ചേരിയിലെ ഒരു കുടുംബവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണന്നും പാക്കിസ്ഥാൻ വിസ റെഡി ആയാൽ വീണ്ടും അതിർത്തിയിലേക്ക് പോയി നടത്തം തുടരുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല നിലവിൽ ശിഹാബ് ഫേസ്‌ബുക്കിൽ ജനുവരി ഒമ്പതാം തീയതി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ പോസ്റ്റ് ലൊക്കേഷൻ കോഴിക്കോടിന് അടുത്തുള്ള ഒരു പ്രദേശമാണെന്നാണ് പറയപ്പെടുന്നത്.

യൂട്യൂബ് വരുമാനവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടോ?

ശിഹാബിന്റെ യൂട്യൂബ് വരുമാനത്തിന് ശിഹാബിനെ കൂടാതെ മറ്റൊരു പങ്കാളി കൂടി ഉണ്ടെന്ന വിവരം ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് കർണാടക മംഗളൂർ സ്വദേശി ആണെന്നും പറയപ്പെടുന്നു. 2022 നവംബർ ഡിസംബർ മാസം കാഴ്ചക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ യൂട്യൂബ് വരുമാനത്തിൽ വലിയ രീതിയിൽ കുറവ് വന്നിരുന്നു . ഇത് ചൊല്ലി പങ്കാളിയും ശിഹാബും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു എന്നും ഇതേ തുടർന്ന് ശിഹാബ് തന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത് നിർത്തിവെച്ചിരുന്നതായും പറയപ്പെടുന്നു.

നടന്നുകൊണ്ടുള്ള ഹജ്ജ് എന്ന ആഗ്രഹം ആദ്യം വെളിപ്പെടുത്തിയത് ഉമ്മയോട് .

മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്, എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പടച്ച തമ്പുരാനേ മക്കവരെ നടക്കാനോ എന്നായിരുന്നു ഉമ്മ സൈനബയുടെ പ്രതികരണം. കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം സമ്മതവും നൽകി മോൻ പോയിക്കോളൂ എന്ന ഉമ്മയുടെ സമ്മതത്തോടൊപ്പം ഭാര്യ ഷബ്നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചതെന്നാണ് യാത്രയ്ക്ക് മുമ്പ് ശിഹാബ് അവകാശപ്പെട്ടത്.

യാത്രയുടെ ഒരുക്കങ്ങൾ എങ്ങനെ

യാത്രയ്ക്ക് മുമ്പുള്ള ഒൻപതു മാസം യാത്രയുടെ ആസൂത്രണത്തിൽതന്നെയായി ചിലവഴിച്ചു എന്നാണ് ശിഹാബ് പറഞ്ഞത്. വാഗാ അതിർത്തി വഴി പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ റൂട്ട് മാപ്പ് തയ്യാറാക്കി. ബെംഗളൂരുവിലുള്ള ട്രാവൽ ഏജന്റ് ഹസീബ് വഴി അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കി എന്ന് ശിഹാബ് അവകാശപ്പെട്ടിരുന്നു.

പാക്കിസ്ഥാൻ വിസയുമായി ബന്ധപ്പെട്ട് അന്ന് പറഞ്ഞത്

പാക്കിസ്ഥാനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എംപി.യുടെയും കുറുക്കോളി മൊയ്തീൻ എംഎ‍ൽഎ.യുടെയും കേന്ദ്ര മന്ത്രി മുരളീധരന്റെ സെക്രട്ടറിയുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശ്ചര്യപ്പെട്ടിരുന്നതായി ശിഹാബ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഒരു വർഷത്തേക്കാണ് സൗദി ഇറാൻ ഇറാഖ് വിസകൾക്ക് നൽകിയിരിക്കുന്ന കാലാവധി എന്നും എട്ടു മാസംകൊണ്ട് യാത്ര പൂർത്തിയാക്കാനാണ് പ്ലാൻ എന്നും 2023-ലെ ഹജ്ജിന് അപേക്ഷിക്കുമെന്നും പറഞ്ഞിരുന്നു.

ശിഹാബ് നടത്തം ആരംഭിച്ചത് ഇങ്ങനെ..

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽനിന്ന് ശിഹാബ് 2022 ജൂൺ മാസം മൂന്നാം തീയതി പുലർച്ചെയാണ് യാത്ര ആരംഭിച്ചത്.29കാരനായ ശിഹാബ് സുബ്ഹി നമസ്‌കാരത്തിനുശേഷം ( പ്രഭാത നമസ്‌കാരം) ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. അത്യാവശ്യസാധനങ്ങൾ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും ആയിരിക്കുമെന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്നും നാട്ടിൽനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ യാത്രയ്ക്ക് 280 ദിവസമടുക്കുമെന്നും 2023 ലെ ഹജ്ജ് ലക്ഷ്യം ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞാണ് യാത്ര തുടങ്ങിയത്.

ശിഹാബ് സൗദിയിൽ പ്രവാസിയായിരുന്നോ?

പ്ലസ്ടു, അക്കൗണ്ടൻസി കോഴ്സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇതിനിടയിൽ നിരവധി യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. മാപ്പിളപ്പാട്ടിൽ നിന്നും തുടങ്ങി മൊബൈൽ യൂട്യൂബ് ട്രിക്കുകളും ചാനലിലൂടെ ശിഹാബ് നൽകി വരികയായിരുന്നു . എന്നാൽ സബ്‌സ്‌ക്രൈബ് ബറുടെ എണ്ണവും കാഴ്ചക്കാരും ചാനലിന് ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് ഹജ്ജ് ചെയ്യാനായി കാൽനട യാത്രയായി പുറപ്പെട്ടത്. ഇതോടെ യൂട്യൂബ് സബ്‌സ്‌ക്രൈബർ ഒരു മില്യൺ കടന്നു ശരാശരി രണ്ട് ലക്ഷം മുതൽ 7 ലക്ഷം പേർ കാഴ്ചക്കാരായി ദിനേനെ ചാനൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ശിഹാബ് നേരിട്ട് ചലിപ്പിക്കുന്ന മൂന്ന് യൂട്യൂബ് ചാനലുകളും 9 യൂട്യൂബ് ബ്ലോഗർമാരുടെ ചാനലുകളും ശിഹാബിനോടൊപ്പം ഉണ്ടായിരുന്നു.

വിവാദം ആരംഭിച്ചത് ഇങ്ങനെ..

ഏറ്റവും പുണ്യമാക്കപ്പെട്ട രീതിയിൽ ചെയ്തു വരണ്ട കർമ്മം ആയിട്ടാണ് ഹജ്ജിനെ ഇസ്ലാം മത വിശ്വാസികൾ കാണുന്നത്. എന്നാൽ മത നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ആഘോഷമാക്കി ഹജ്ജിനെ മാറ്റിയെന്നാണ് വിമർശകർ പറയുന്നത്. ഇസ്ലാമിൽ നിഷിദ്ധമായ റോഡ് ബ്ലോക്ക് ഉൾപ്പെടെ നടത്തി യാത്ര കടന്നുപോയതോടെയാണ് വിമർശനം ആദ്യം ഉയർന്നത്. മാത്രമല്ല ഈ കാലഘട്ടത്തിൽ നടന്ന ഹജ്ജിനു പോകേണ്ട ഒരു കാര്യമില്ലെന്നും ഇത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞു മുജാഹിദ് ബാലുശ്ശേരി 'മകനെ തിരിച്ചുവരു' എന്ന് ആവശ്യപ്പെട്ടതോടെ വിവാദം കത്തിപ്പടർന്നു.

ഇതോടെ ഈ യാത്ര സുന്നി മുജാഹിദ് വിഷയമായി മാറി. മാത്രമല്ല അജ്മീറിൽ വച്ച് ദർഗപരിപാലകനെ അവഹളിച്ചു എന്ന് പറഞ്ഞ് മറ്റൊരു വിവാദം കൂടി ഉണ്ടായതോടെ സുന്നി വിഭാഗവും അകൽച്ച ആരംഭിച്ചു. എന്നാൽ ഇതൊന്നും ശിഹാബിന്റെ യൂട്യൂബ് ചാനലിലെ ബാധിച്ചിരുന്നില്ല.ഓരോ ദിവസം കഴിയുന്തോറും ശിഹാബിന്റെ സ്വീകാര്യതയും പ്രശസ്തിയും കൂടി വരികയായിരുന്നു. വാഗ അതിർത്തി വരെ ആഘോഷപൂർവ്വമാണ് ഓരോ പ്രദേശവും കടന്നുപോയത്.എന്നാൽ വാഗ അതിർത്തിയിൽ എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു . തന്റെ കൈവശമുണ്ടെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു പാക്കിസ്ഥാൻ യാത്രാ അനുമതി ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ അതുവരെ പിന്തുണച്ചിരുന്ന സുന്നി പണ്ഡിതന്മാരും കളം വിട്ടു തുടങ്ങി.

ഇതിനിടയിൽ നേരത്തെ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് തെളിവുകൾ സഹിതം ചില വിമർശകർ യൂട്യൂബ് വീഡിയോകളിലൂടെ സാമർത്ഥിച്ചപ്പോൾ യൂട്യൂബ് ഹാജി എന്ന വിളിപ്പേരും ശിഹാബിന് സ്വന്തമായി. ഇതിനിടയിൽ പാക്കിസ്ഥാൻ കോടതി ശിഹാബിന്റെ യാത്ര അനുമതി നിഷേധിച്ചതോടെ മൂന്നുമാസത്തോളം അതിർത്തിയിലെ വാഫിയ സ്‌കൂളിന്റെ ടെറസിന് മുകളിലായിരുന്ന ശിഹാബ് പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വീണു. യൂട്യൂബിൽ വീഡിയോകൾ ഒന്നും പോസ്റ്റ് ചെയ്യാതെ എല്ലാത്തിനും ദൈവത്തിനു സ്തുതി എന്നാൽ മുഖവരെയോടുകൂടി ചിത്രങ്ങൾ മാത്രമായി പോസ്റ്റുകൾ ചുരുങ്ങി. ഇതും വലിയ രീതിയിൽ വിമർശനത്തിനും പരിഹാസത്തിനും കാരണമായി മാറി.

ജനുവരി അഞ്ചാം തീയതി സ്‌കൂളിന്റെ ടെറസിൽ നിന്നും ഇറങ്ങി അപ്രത്യക്ഷനായ ശിഹാബിനെ കുറിച്ചു പിന്നീട് ഒരു വിവരവും ഇല്ലാതായി. ഇതോടെയാണ് പാക്കിസ്ഥാനിൽ ആണെന്നും ,നാട്ടിൽ ആണെന്നുള്ള പ്രചരണം ഏറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP